TopTop
Begin typing your search above and press return to search.

മഞ്ഞുകാല യാത്രകളേ, ഈ ജീവിതം എന്നെ സന്തോഷിപ്പിക്കുന്നു

മഞ്ഞുകാല യാത്രകളേ, ഈ ജീവിതം എന്നെ സന്തോഷിപ്പിക്കുന്നു

സൈറ മുഹമ്മദ്
ഒരോയാത്ര കഴിഞ്ഞുവരുമ്പോഴും മനോഹരമായ ഒരു സ്വപ്നത്തില്‍ നിന്നുണര്‍ന്നതുപോലെ ഒരു തോന്നലാണ് എനിക്ക്. യാത്രക്കൊരുങ്ങുമ്പോഴൊക്കെ എന്തൊക്കെ കാഴ്ചകളാവും എന്നെ കാത്തിരിക്കുന്നത് ആലോചിച്ചു നോക്കാറുണ്ട്. അറിയാത്ത ലോകത്തേക്കൊരു പറക്കല്‍. ഇതു വരെ കാണാത്ത ആകാശം, മരങ്ങള്‍, ആളുകള്‍. ചിലപ്പോള്‍ ആഗ്രഹിച്ചു കാണാന്‍ കാത്തിരുന്ന കാഴ്ച്ചകള്‍, ചിലപ്പോള്‍ വിചാരിച്ചതൊന്നുമാവില്ല കാത്തിരിക്കുന്നത്. മറ്റു ചിലപ്പോള്‍ ഓര്‍ത്തിരിക്കാത്ത ഒരു നേരത്ത് മറ്റുള്ളവര്‍ കാണാന്‍ കൊതിച്ച കാഴ്ച്ചകളാവാം ഒരു കൈവീശലോടെ അല്ലെങ്കില്‍ ഒരു നറുപുഞ്ചിരിയിലൂടെ മുന്നില്‍ വന്ന് നമ്മെ അത്ഭുതപ്പെടുത്തുന്നത്.
കുറച്ചു ദിവസത്തേക്ക് യാത്രകളൊന്നുമില്ല എന്ന് മനസില്‍ വിചാരിച്ച സമയത്താണ് സെമസ്റ്റര്‍ പരീക്ഷ കഴിഞ്ഞു മകന്‍ എത്തിയത്. വന്ന അന്നു തൊട്ട് ഒരു ചെറുയാത്ര പോവാമെന്ന് പറഞ്ഞു പിറകില്‍ നടന്നു തുടങ്ങിയതായിരുന്നു. എവിടെ പോവണമെന്ന് പറഞ്ഞും തര്‍ക്കിച്ചും അവന്റെ അവധി തീരാറായി തുടങ്ങിയിരുന്നു. ഒരിക്കല്‍ സംസാരത്തിനിടെ ഗുണ്ടല്‍പേട്ടിലെ പൂപ്പാടങ്ങളെ കുറിച്ച് ഒരു ചങ്ങാതി പറഞ്ഞ ദിവസം മനസില്‍ ഉറപ്പിച്ചു വെച്ച ഒരു യാത്രയുണ്ടായിരുന്നു. പൂത്തുലഞ്ഞു നില്‍ക്കുന്ന ഗുണ്ടല്‍പേട്ടിലെ സൂര്യകാന്തി പാടങ്ങളിലേക്കൊരു യാത്ര. പിന്നീട് മറന്നു പോയ യാത്രയായിരുന്നു അത്. ബാംഗ്ലൂര്‍ യാത്രകളില്‍ ഗുണ്ടല്‍പേട്ട വഴി കടന്നുപോവുമ്പോഴെല്ലാം റോഡിനിരുവശവും പൂത്തു നില്‍ക്കുന്ന ആയിരം സൂര്യകാന്തി പൂക്കളുടെ മഞ്ഞ നിറത്തിലേക്ക് നോക്കിയിരിക്കുമ്പോള്‍ എന്റെ മനസ്സിലും സന്തോഷത്തിന്റെ പൂക്കടല്‍ അലയടിക്കാറുണ്ട്. അപ്പോഴെല്ലാം പൂത്തുനില്‍ക്കുന്ന സൂര്യകാന്തി പൂക്കള്‍ക്കിടയിലൂടെ, ഉലയുന്ന പട്ടുപാവാട ഒതുക്കി പിടിച്ച് കാറ്റിനൊപ്പം ഓടുന്ന, ദൂരെയായി കണ്ട ഏറുമാടത്തിന്റെ ഇടക്കിടെ പൊട്ടിയ കൈവരിയില്‍ തൂങ്ങി മുകളില്‍ കയറിയിരുന്ന് കൂട്ടുകാരിക്കൊപ്പം കഥകള്‍ മെനയുന്ന ഒരു പാവാടക്കാരിയെ കുറിച്ചുള്ള സ്വപ്നത്തില്‍ ഞാന്‍ മയങ്ങി പോവാറുണ്ട്. പിന്നെ കുടുംബ സുഹൃത്തിന്റെ ഗൂഡലൂരിലെ ചായത്തോട്ടത്തിനു നടുവില്‍ എന്നെ മോഹിപ്പിച്ച മനോഹരമായ ഒരു കുഞ്ഞു വീടുമുണ്ടായിരുന്നു മനസ്സില്‍. വിദേശത്തുള്ള അവര്‍, ഫോണ്‍ ചെയ്യുമ്പോഴെല്ലാം ഇടക്ക് പോയി താമസിച്ചോളൂ എന്ന് പറയാറുണ്ടെങ്കിലും ഇതു വരെ പോവാന്‍ കഴിഞ്ഞിരുന്നില്ല. ആ വീട്ടില്‍ താമസിച്ച് ഗുണ്ടല്‍പേട്ടയും ഗോപാലസ്വാമി ബെട്ടയുമൊക്കെ പോവാമെന്ന് പറഞ്ഞപ്പോള്‍ മകനു സന്തോഷമായി. അനിയത്തിയും മകനും കൂടെ വരാമെന്ന് പറഞ്ഞപ്പോള്‍ യാത്ര തീരുമാനമായി.
അവിചാരിതമായി വന്ന വിരുന്നുകാര്‍ കാരണം പുറപ്പെടാന്‍ വൈകിയതിനാല്‍ ഗൂഡലൂരില്‍ എത്തുമ്പോള്‍ നേരം നന്നെ ഇരുട്ടിയിരുന്നു. താക്കോലുമായി കാത്തു നിന്നിരുന്ന കെയര്‍ടേക്കറുടെ കൂടെ കണ്ട പത്തുവയസുകാരിയുടെ കവിളില്‍ ഒന്നു തൊട്ടപ്പോള്‍ അവള്‍ക്ക് നാണമായി. ഈയിടെയായി കാട്ടാന ശല്യമുണ്ട്, കാര്‍ ഷെഡ്ഡില്‍ കയറ്റിയിടേണ്ടി വരുമെന്ന് അയാള്‍ മകനോട് പറയുന്നത് കേട്ടപ്പോള്‍ ആ സുന്ദരികുട്ടിയേയും കൂട്ടി പുലരി മഞ്ഞിലൂടെ ഒരു നടത്തം സ്വപ്നം കണ്ടത് മായ്ച്ചു കളയേണ്ടി വന്നു. ഗേറ്റ് പൂട്ടി പോവാന്‍ നേരം, ശബ്ദം കേട്ടാല്‍ വാതില്‍ തുറക്കരുത്, ടെറസില്‍ കയറി നിന്ന് നോക്കിയാല്‍ മതി എന്നൊക്കെ പറഞ്ഞ് ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ നടന്നു നീങ്ങുന്ന അയാളെ നോക്കി നില്‍ക്കുമ്പോള്‍ എനിക്കുള്ളില്‍ ചെറിയ ഒരു പരിഭ്രമം ഉണ്ടായിരുന്നു. ഉറക്കം വരാതെ ആനയുടെ ചവിട്ടടി ചെവിയോര്‍ത്ത് കിടക്കുമ്പോള്‍ രാത്രിക്ക് ഇത്ര ശബ്ദമുണ്ടെന്ന് ഞാനാദ്യമായി അറിയുകയായിരുന്നു. ഏതോ പക്ഷിയുടെ ചിറകടി ശബ്ദവും നീട്ടി കരയുന്ന, പേരറിയാത്ത തിരിച്ചറിയാനാവാത്ത, ഏതൊക്കെയോ ജന്തുക്കളുടെ കരച്ചിലും കേട്ട് നേര്‍ത്ത നിലാവില്‍ കുളിച്ചു നില്‍ക്കുന്ന ചായത്തോട്ടത്തിലേക്ക് നോക്കി എപ്പോഴോ മയങ്ങി പോയപ്പോഴാണ് മകന്‍ വന്ന് തട്ടി വിളിച്ചത്. പുറത്ത് നിന്ന് എന്തോ ശബ്ദം കേള്‍ക്കുന്നുണ്ട്, ടെറസില്‍ പോയി നോക്കാമെന്നവന്‍ പറഞ്ഞപ്പോള്‍ എനിക്കൊട്ടും സമ്മതമില്ലായിരുന്നു. എന്റെ പേടി കണ്ടപ്പോള്‍ അവനു ചിരി വന്നു. മക്കള്‍ രണ്ടും പോയപ്പോള്‍ എനിക്കും അനിയത്തിക്കും അവരുടെ കൂടെ പോകുകയല്ലാതെ രക്ഷയില്ലായിരുന്നു.
മാന്‍ കൂട്ടമായിരുന്നു മുറ്റത്ത്. എങ്കിലും ചായതോട്ടത്തിന്റെ ചെരിവില്‍ ഉള്ള വീടിന്റെ ടെറസില്‍ നില്‍ക്കുന്നത് ഒട്ടും സുരക്ഷിതമല്ല എന്നെനിക്ക് തോന്നി. പുലിക്കും കരടിക്കുമെല്ലാം ഒറ്റ ചാട്ടത്തിന് കയറാവുന്ന ഉയരമേ ഉള്ളു എന്ന് മകന്‍ പറയുകയും കൂടി ചെയ്തപ്പോള്‍ ആദ്യം എനിക്ക് പേടി തോന്നിയെങ്കിലും ഡിസംബറിന്റെ തണുപ്പില്‍ നിലാവില്‍ പുതഞ്ഞു കിടക്കുന്ന വിശാലമായ ചായതോട്ടവും അതിന്റെ മണവും ശ്വസിച്ച് ആകാശത്തു കണ്ട അമ്പിളിക്കീറിലേക്ക് നോക്കി നിന്നപ്പോള്‍ കുറച്ചു നേരത്തേക്കെങ്കിലും ഞാനെല്ലാം മറന്നു പോയിരുന്നു.
അടുത്ത ദിവസം പുലര്‍ച്ചക്ക് ഗുണ്ടല്‍പേട്ടയിലേക്ക് പുറപ്പെടുന്നതിനു മുന്‍പ്, തിരിച്ചെത്താന്‍ വൈകുമെന്ന് കെയര്‍ടേക്കറോട് പറയാന്‍ പോയ മകന്‍, തിരിച്ചു വരുമ്പോള്‍ മുഖത്ത് കണ്ട കുസൃതി ചിരി കണ്ടപ്പോഴേ എന്നെ കളിയാക്കാന്‍ ഉള്ള എന്തോ കിട്ടിയിട്ടുണ്ടെന്ന് എനിക്ക് മനസിലായിരുന്നു. പൂപ്പാടത്ത് പൂക്കളില്ലായിരുന്നു. സീസണ്‍ കഴിഞ്ഞു പോയിരുന്നു. എന്റെ സ്വപ്നത്തെ കുറിച്ചറിയാവുന്ന അവന്‍ അതോര്‍ത്ത് ചിരിച്ചതായിരുന്നു. വഴിയെല്ലാം കോടമൂടി കാഴ്ചകളെല്ലാം മറച്ചിരുന്നു. റോഡിനിരുവശവുമുള്ള ചായത്തോട്ടങ്ങളില്‍ വെളിച്ചം വീണു തുടങ്ങുന്നതേ ഉള്ളു. സ്റ്റീരിയോയില്‍ നിന്നൊഴുകുന്ന ജല്‍ത്തേഹെ ജിസ്‌കേലിയേ കേട്ട് നിശബ്ദയായി പുറത്തേക്ക് നോക്കിയിരിക്കുമ്പോള്‍ ആ യാത്ര ഒരിക്കലും അവസാനിക്കാതിരുന്നെങ്കില്‍ എന്നു തോന്നി. മുതുമല സാങ്ച്ച്വറിയും കഴിഞ്ഞ് ബന്ദിപൂര്‍ സാംങ്ച്വറിയിലേക്ക് കാര്‍ കടന്നപ്പോള്‍ ചെക്ക് പോസ്റ്റില്‍ കണ്ട വനം വകുപ്പുദ്യോഗസ്ഥന്‍ ഗോപാല്‍സ്വാമി ബെട്ടയിലേക്കുള്ള വഴി വിശദമായി പറഞ്ഞു തന്നിരുന്നു.
ബന്ദിപൂരിന്റെ തണല്‍ തണുപ്പിലലിഞ്ഞ് മിഴിച്ചു നില്‍ക്കുന്ന മാന്‍കൂട്ടങ്ങളുടേയും പീലി വിടര്‍ത്തിയ മയില്‍കൂട്ടങ്ങളുടേയും കടന്ന് പതുക്കെ നീങ്ങുന്ന ഞങ്ങളുടെ വാഹനത്തെ മറികടന്ന്, പുറത്തേക്കൊഴുകുന്ന ഒരു ഡപ്പാം കൂത്തിന്റെ ബഹളത്തില്‍ കൂവി വിളിച്ച് കുറേ യുവാക്കള്‍ ഞങ്ങളെ കടന്നു പോയി. വനയാത്രയില്‍ പാലിക്കേണ്ട കുറേ മര്യാദകളുണ്ട്. ഒരിക്കലും കാടിന്റെ നിശബ്ദതയെ അലസോരപ്പെടുത്തരുത്. വനയാത്രകള്‍ പതുക്കെ മൂളുന്ന ഒരു ഈരടി പോലെ, ഗസല്‍ കേള്‍ക്കുന്ന അനുഭൂതി പോലെയായിരിക്കണം. യോ യോ സംഗീതംപോലെ ബഹളമയമാവരുത്.
കളിഹോധന ഹള്ളിയില്‍ ആദ്യം കാണുന്ന ആര്‍ച്ചു വഴി തിരിഞ്ഞാല്‍ ഗോപാലസ്വാമി ബെട്ടയില്‍ എത്തുമെന്ന് ചെക്ക് പോസ്റ്റില്‍ നിന്ന് പറഞ്ഞിരുന്നു. വൈക്കോലും കരിമ്പുമായി നീങ്ങുന്ന കാളവണ്ടികളേയും പീടിക തിണ്ണയില്‍ അലസമായിരുന്ന് സംസാരിക്കുന്ന ആളുകളേയും കടന്ന് പൂപ്പാടങ്ങളുടെ നാട്ടിലേക്ക് ചെല്ലുമ്പോള്‍ ഒഴിഞ്ഞ ഏറുമാടങ്ങളും വിത്തിടാന്‍ ഒരുക്കിയ പൂപ്പാടങ്ങളുമാണ് എന്നെ എതിരേറ്റത്. ചെറിയ ഒരു സങ്കടം തോന്നി എന്നതാണു സത്യം. ഗുണ്ടല്‍പേട്ടിലേക്ക് നിലമ്പൂരില്‍ നിന്ന് നാലുമണിക്കൂര്‍ ഡ്രൈവേ ഉള്ളൂ, എപ്പോള്‍ വേണമെങ്കിലും വരാവുന്ന ദൂരം എന്നൊക്കെ പറഞ്ഞ് മകന്‍ എന്നെ ആശ്വസിപ്പിച്ചു. ദൂരെയായി കണ്ട ഗോപാലസ്വാമി മലയുടെ കാഴ്ച്ച ആ സങ്കടങ്ങളെല്ലാം മായ്ച്ചുകളഞ്ഞു. ധാരാളം വന്യ ജീവികളുള്ള ബന്ദിപൂര്‍ സാങ്ച്വറിയുടെ ഹൃദയഭാഗത്താണ് ഗോപാല സാമി ബെട്ട. പ്രവേശന കവാടത്തില്‍ വനം ഉദ്യോഗസ്ഥരുടെ കര്‍ശന പരിശോധനയുണ്ട്. ഞങ്ങള്‍ ചെല്ലുമ്പോള്‍ മദ്യകുപ്പികളുമായി ബാംഗ്ലൂരില്‍ നിന്നു വന്ന ഒരു കൂട്ടം യുവാക്കളുമായി തര്‍ക്കത്തിലായിരുന്നു അവര്‍. പ്ലാസ്റ്റിക്ക് കുപ്പികളോ മദ്യമോ ഭക്ഷണ സാധനങ്ങളോ അകത്തേക്ക് കൊണ്ടുപോവാനാവില്ല. വനത്തിനുള്ളില്‍ ട്രെക്കിങ്ങോ പാര്‍ട്ടികളോ അനുവദിക്കുന്നതല്ല. രാവിലെ എട്ടര മണി തൊട്ട് വൈകുന്നേരം നാലുമണി വരെ മാത്രമേ പ്രവേശനമുള്ളു. ഒന്നരമണിക്കൂറിനുള്ളില്‍ തിരിച്ചു പോരണം.
ഹിമവാദ് ഗോപാലസ്വാമി ബെട്ട എന്നാണീ ക്ഷേത്രത്തിന്റെ മുഴുവന്‍ പേര്. വര്‍ഷം മുഴുവന്‍ മൂടല്‍മഞ്ഞില്‍ പൊതിഞ്ഞു കിടക്കുന്നതിനാലാണ് ഈ പേരു വന്നത്. ഏഡി 1315-ല്‍ ചോള രാജാവായ ബല്ലാല നിര്‍മിച്ചതാണീ ക്ഷേത്രം. പിന്നീട് മൈസൂരിലെ വോഡയാര്‍ രാജാക്കന്‍മാരുടെ സംരക്ഷണയിലായിരുന്നു. കര്‍ണാടകയിലെ ചാമരാജ്‌നഗര്‍ ജില്ലയിലെ ഈ ക്ഷേത്രം 1450 മീറ്റര്‍ ഉയരത്തില്‍ ആണ് സ്ഥിതി ചെയ്യുന്നത്. ബന്ദിപൂരിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വത ശിഖരമാണിത്.
പ്രാഭാതത്തിലെ ഇളം തണുപ്പില്‍ വളഞ്ഞു പുളഞ്ഞ വഴിയിലൂടെ ഞങ്ങളുടെ വാഹനം കയറുമ്പോള്‍ യാതൊരു ധൃതിയുമില്ലാതെ ഞങ്ങളെ ഒട്ടും ഗൗനിക്കാതെ റോഡ് മുറിച്ചു കടന്ന കാട്ടുപോത്തിന്‍ കൂട്ടത്തെ നോക്കി ഈ സ്ഥലം പറഞ്ഞു തന്ന മമ്മയുടെ കൂട്ടുകാരന് നന്ദി പറയൂ എന്ന് മകന്‍ പറയുന്നുണ്ടായിരുന്നു. വഴിയിലൊന്നും വാഹനം നിര്‍ത്തി ഇറങ്ങരുത് എന്ന് പറഞ്ഞിരുന്നു. എങ്കിലും ദൂരെ താഴെയായി കണ്ട ഗ്രാമക്കാഴ്ചകള്‍ ക്യാമറയില്‍ പകര്‍ത്താന്‍ മകന്‍ കാര്‍ നിര്‍ത്തിയ സമയം അല്‍പ്പദൂരം വനമ്പാതയിലൂടെ നടക്കാമെന്നോര്‍ത്തെങ്കിലും വഴിയില്‍ കണ്ട ആനപ്പിണ്ടി കണ്ട് ഞാന്‍ പിന്മാറി.
ഗോപാലസ്വാമിബേട്ട എന്ന കാനനക്ഷേത്രത്തിലാണ് വഴി അവസാനിക്കുന്നത്. ശ്രീകൃഷ്ണനാണ് പ്രതിഷ്ഠ. കുട്ടികളില്ലാത്തവര്‍ ഇവിടെ വന്നു പ്രാര്‍ഥിച്ചാല്‍ സന്താന സൗഭാഗ്യമുണ്ടാവുമെന്ന് അവിടെ വെച്ചു പരിചയപ്പെട്ട കന്നട ദമ്പതികള്‍ പറഞ്ഞു. കണ്ണിനും മനസിനും ഉന്മേഷം തരുന്ന കാഴ്ച്ചകളാണ് ചുറ്റും. കുറച്ചു ദൂരേയായി അടച്ചിട്ടൊരു ട്രാവലേഴ്‌സ് ബംഗ്ലാവുണ്ട്. ഇപ്പോള്‍ അവിടേക്ക് പ്രവേശനമില്ല. ചുറ്റുമുള്ള കാഴ്ചകള്‍ ഓടി നടന്ന് ക്യാമറയില്‍ പകര്‍ത്തുന്ന അനിയത്തിയേയും മക്കളേയും വിട്ട് തീര്‍ഥാടകരുടെ തിരക്കോ ബഹളങ്ങളോ ഇല്ലാത്ത, കാടുകളുടെ വിജനതയിലെ ആ ക്ഷേത്രമുറ്റത്തിലൂടെ, കിളികളുടെ ശ്രുതിമീട്ടലും കാതോര്‍ത്ത് നടക്കുമ്പോള്‍ ഭക്തിയും ധ്യാനവും പ്രണയവുമെല്ലാം ഒന്നാവുന്ന പോലെ. ശാന്തതയാണു തേടുന്നതെങ്കില്‍ ഇതിലും നല്ലൊരിടമില്ലെന്ന് തോന്നി. അവിടെ സ്വന്തം നിഴലിനു പോലും മോഹിപ്പിക്കുന്ന, മയക്കുന്ന ഒരു സൗമ്യതയുണ്ട്. അനുവദിച്ച ഒന്നരമണിക്കൂറും കഴിഞ്ഞ് തിരിച്ചിറങ്ങുമ്പോള്‍ ആഹ്ലാദത്തിന്റെ ശലഭച്ചിറകിലേറി എന്റെ മനസ്സും പറന്നു നടക്കുകയായിരുന്നു.
ബാരാചുക്കി വെള്ളചാട്ടം സന്ദര്‍ശിക്കാനായിരുന്നു അടുത്ത പ്ലാനെങ്കിലും സ്ഥലത്തെ കുറിച്ചോ വഴിയെ കുറിച്ചോ ഒരു ഐഡിയയുമുണ്ടായിരുന്നില്ല. ഒരു രൂപരേഖയുമില്ലാതെ ഇങ്ങിനെയൊരു യാത്ര ആദ്യമായിരുന്നു. മോഹന്‍ലാല്‍ ഒരു സിനിമയില്‍ പറഞ്ഞ പോലെ ചോദിച്ചു ചോദിച്ചു പോവാമെന്നായി മകന്‍. ജി പി എസ് നോക്കിയായിരുന്നു യാത്ര എങ്കിലും ചെക്ക്പോസ്റ്റില്‍ ഒന്നന്വേഷിക്കാമെന്ന എന്റെ നിര്‍ബന്ധത്തില്‍ അവിടെ ചോദിച്ചപ്പോള്‍ ചാമരാജനഗറില്‍ പോയി കൊല്ലഗല്‍ ചെന്നാല്‍ മതി, അവിടെ ചോദിച്ചാല്‍ പറഞ്ഞു തരും എന്നു പറഞ്ഞു. അതിനിടയില്‍ ഡീസലടിക്കുന്ന കാര്യം എല്ലാവരും മറന്നിരുന്നു. പിന്നീട് പെട്രോള്‍ പമ്പ് തിരഞ്ഞായി യാത്ര. അവസാനം ഒരു ഓട്ടോക്കാരന്റെ സഹായത്താല്‍ ഡീസലടിച്ച് , ചാമരാജ നഗറും പിന്നിട്ട് ജി പി എസിലെ നീണ്ടു കിടക്കുന്ന റോഡ് നോക്കിയപ്പോള്‍ മകനു സംശയമായിരുന്നു. മറവിക്കാരിയായ മമ്മ ഇല്ലാത്ത ഒരു വെള്ളച്ചാട്ടത്തിന്റെ പേരും പറഞ്ഞു കൊണ്ടുപോവുകയാണോ എന്ന്.
ചോളവും കരിമ്പും പച്ചക്കറികളും കൃഷിചെയ്യുന്ന വിശാലമായ പാടത്തിനു നടുവിലൂടെ നീണ്ടു പോവുന്ന പാതയിലൂടെ പായുന്ന കാറില്‍ പിറകിലേക്ക് ചാരി പുറത്തെ കാഴ്ച്ചയിലേക്ക് കണ്ണോടിച്ചിരിക്കുമ്പോള്‍ ഒരു മല പോലും കാണുന്നില്ലല്ലോ എന്നെനിക്ക് വേവലാതി തുടങ്ങിയിരുന്നു. ഞാന്‍ കണ്ട വെള്ളച്ചാട്ടങ്ങളെല്ലാം മലമുകളില്‍ നിന്നുള്ളതായിരുന്നു. ചിലപ്പോള്‍ ഈ വെള്ളചാട്ടം ഭൂനിരപ്പില്‍ നിന്ന് താഴോട്ട് ചാടുന്നതാണെങ്കിലോ എന്ന് മകന്‍ കളിയാക്കി. എങ്കിലും എല്ലാവരും നല്ല ഉത്സാഹത്തിലായിരുന്നു. കൊല്ലഗില്‍ എത്തിയപ്പോള്‍ ആര്‍ക്കും ഇങ്ങിനെയൊരു വെള്ളച്ചാട്ടം തന്നെ അറിയില്ല. ജി പി എസ് ഞങ്ങളെ ആകെ കണ്‍ഫ്യുഷനിലും ആക്കിയിരുന്നു. അവസാനം ഒരു പോലീസുകാരനാണ് വഴി പറഞ്ഞു തന്നത്.
ഗുണ്ടല്‍ പേട്ടില്‍ നിന്ന് 150 കിലോമീറ്റര്‍ പോവണം ബാരാചുക്ക വെള്ളചാട്ടത്തിനരികിലെത്താന്‍. അവിടെ പ്രവേശന ഫീസായി കാശൊന്നും ഈടാക്കുന്നില്ല. വിശപ്പും ദാഹവും കൊണ്ട് തളര്‍ന്നിരുന്നെങ്കിലും കാറില്‍ നിന്നിറങ്ങിയപ്പോള്‍ കണ്ട വെള്ളച്ചാട്ടത്തിന്റെ മനോഹര ദൃശ്യം എന്നെ അമ്പരപ്പിച്ചു. ഇത്രയും മനോഹരമായ ഒരു വെള്ളച്ചാട്ടം ഞാന്‍ ഹോളിവുഡ് സിനിമയിലേ കണ്ടിട്ടുള്ളു. പ്രകൃതിസ്‌നേഹിയായ ഒരു ചിത്രകാരന്റെ അതിരു വിട്ട ഭാവന എന്നൊക്കെ ഞാന്‍ വായിച്ചിട്ടേ ഉള്ളു. എല്ലാവരും കയ്യിലുള്ള മൊബൈലില്‍ ആ ദൃശ്യം പകര്‍ത്തുന്ന തിരക്കിലായിരുന്നു. വെള്ളച്ചാട്ടത്തിന്റെ പരിസരപ്രദേശങ്ങളിലൊരിടത്തും കടകളോ ഹോട്ടലോ ഇല്ല.
കര്‍ണാടകയിലെ മാണ്ഡ്യജില്ലയുടേയും ചാമരാജനഗര ജില്ലയുടേയും അതിര്‍ത്തിയിലായി സ്ഥിതിചെയ്യുന്ന ഗഗനചുക്കിയെന്നും ഭാരാചുക്കിയെന്നും അറിയപ്പെടുന്ന രണ്ടു വെള്ളച്ചാട്ടങ്ങള്‍ ചേര്‍ന്നതാണ് ശിവസമുദ്ര വെള്ളച്ചാട്ടം. ശിവനസമുദ്ര എന്ന കന്നടവാക്കിന് ശിവന്റെ സമുദ്രം എന്നാണര്‍ത്ഥം. ശിവന്റെ തിരുജഡയില്‍ നിന്നും വരുന്ന തീര്‍ത്ഥമായാണ് കാവേരിനദിയെ അവിടുത്തെ ജനങ്ങള്‍ കണ്ടുവരുന്നത്. ശിവസമുദ്ര തടങ്ങളില്‍ വച്ച് കവേരി നദി പ്രസിദ്ധങ്ങളായ ഗഗന്‍ ചുക്കി, ബാരാ ചുക്കി വെള്ളചാട്ടങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് 320 അടി താഴേയ്ക്ക് പതിക്കുന്നു. ഈ നദി പടിഞ്ഞാറോട്ടൊഴുകാതെ കിഴക്കോട്ട് ആണ് ഒഴുകുന്നത് എന്നൊരു പ്രത്യേകതയുമുണ്ട്. ഏഷ്യയിലെ തന്നെ ആദ്യത്തെ സംരംഭമായ ഹൈഡ്രോ ഇലക്ട്രിക് പവര്‍ സ്‌റ്റേഷന്‍ സ്ഥിതിചെയ്യുന്നത് ഇവിടെയാണ്.
മലയിടുക്കിന്റെ ഒരു ഭാഗത്തിന് ചാടിക്കടക്കാവുന്ന വീതിയേ ഉള്ളൂ. ഗോട്‌സ് ലീപ്പ് എന്നറിയപ്പെടുന്ന ഇതിനെ നാട്ടുകാര്‍ മേക്കേഡാടു എന്നാണു വിളിക്കുന്നത്. കന്നടയില്‍ ആട് ചാടുന്നത് എന്നാണത്രേ ഇതിനര്‍ഥം. വെള്ളച്ചാട്ടത്തിന്റെ അടിവശം വരെ കോണ്‍ക്രീറ്റ് പടികള്‍ നിര്‍മ്മിച്ചിട്ടുണ്ട്. അവിടെ ഇറങ്ങിച്ചെന്ന് കുളിക്കാനും നീന്താനുമെല്ലാം സൗകര്യമുണ്ട്.
പടികളിറങ്ങി താഴെ ചെന്നപ്പോള്‍ അധികം സഞ്ചാരികളുണ്ടായിരുന്നില്ല. പുഴയോര കാടുകള്‍ക്കരികെ മുളകു പുരട്ടിയ പൈനാപ്പിളും തണ്ണിമത്തനും മുളകുബജിയും വില്‍ക്കുന്ന രണ്ടോ മൂന്നോ സ്ത്രീകളും കുറച്ചു യുവമിഥുനങ്ങളും. പക്ഷികളുടെ ഗാനാലാപനങ്ങള്‍ക്ക് മീതെ അലറിവിളിച്ച് ഊക്കോടെ പാറയില്‍ വന്നിടിക്കുന്ന നദി വളരെ ഉയരത്തിലേയ്ക്ക് പൊങ്ങി മഴവില്ലു വിരിയിക്കുന്ന കാഴ്ച എത്ര കണ്ടാലും മതിയാവില്ല. നല്ല വഴുക്കലുള്ള പാറകല്ലുകള്‍ക്കിടയില്‍ തണുത്ത വെള്ളത്തില്‍ ആവോളം മുങ്ങി കയറുമ്പോള്‍ വിശപ്പും ദാഹവും കൊണ്ട് തളര്‍ന്നിരുന്നു.
320 അടി താഴ്ചയുള്ള വെള്ളചാട്ടത്തിന്റെ അടിയില്‍ നിന്നും എത്ര കയറിയിട്ടും കയറിയിട്ടും തീരാത്ത പടികളിലേക്ക് നോക്കിയപ്പോള്‍ ആകാശത്തോളം ഉയരത്തിലേക്കാണ് ഈ പടികള്‍ ചവിട്ടികയറേണ്ടതെന്ന് തോന്നി പോയി. നേരം വൈകുന്നേരമായി തുടങ്ങിയിരുന്നു. വഴിയില്‍ ഭക്ഷണം കഴിച്ച് ചെക്ക് പോസ്റ്റ് അടയ്ക്കുന്നതിനു മുന്‍പ് ഞങ്ങളെ കാത്തിരിക്കുന്ന ഗൂഡലൂരിലെ സ്വപ്നവീട്ടില്‍ എത്താനുള്ള തിരക്കിലായിരുന്നു ഞങ്ങള്‍.
അടുത്ത ദിവസം ഉറക്കമുണര്‍ന്നത് വന്നദിവസം കണ്ട സുന്ദരികുട്ടിയുടെ പാദസരകിലുക്കം കേട്ടാണ്. ചായക്കുള്ള പാലുമായി വന്നതായിരുന്നു അവള്‍. എല്ലാവരും തലേദിവസത്തെ ക്ഷീണത്തില്‍ നല്ല ഉറക്കമായിരുന്നു. നടക്കാന്‍ പോവാമെന്ന് പറയേണ്ട താമസം തുള്ളിച്ചാടി എന്നേയും കൂട്ടി മുറ്റത്തേക്കിറങ്ങി അവള്‍. ആനയുണ്ടാവുമോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്ന് തലയാട്ടിയ അവളുടെ പിറകില്‍ നടക്കുമ്പോള്‍ നേരം പുലരുന്നതേ ഉണ്ടായിരുന്നുള്ളു. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന തേയിലത്തോട്ടത്തിന്റെ പച്ചപ്പിലൂടെ വാ തോരാതെ സംസാരിക്കുന്ന ആ മിടുക്കിയുടെ പിറകെ നടക്കുമ്പോള്‍ കോടമഞ്ഞു വന്നു ഞങ്ങളെ പൊതിഞ്ഞു. നടത്തം കഴിഞ്ഞു തിരിച്ചെത്തുമ്പോള്‍ നേരം നന്നായി പുലര്‍ന്നിരുന്നു.
പ്രഭാത ഭക്ഷണവും കഴിച്ച് ' നാ ജാനേ ക്യോം ഹോതാ യേ സിന്ദഗീ കീ സാത്... അചാനക് യേ മന്‍ കിസീകേ ജാനേ കേ ബാദ്' എന്ന് ലതാ മങ്കേഷക്കര്‍ പാടുന്നത് കേട്ട് ഇളം വെയിലില്‍ പുറത്തിരിക്കുമ്പോള്‍ തിരിച്ചു പോവാനേ തോന്നിയില്ല. മൂന്നു ദിവസത്തെ യാത്രക്കു ശേഷം തിരിച്ചു ചുരമിറങ്ങുമ്പോള്‍ ഇത്രയും മനോഹരമായ ഒരു സമ്മാനം എനിക്കായി കരുതി വെച്ചതിന് ഞാന്‍ ദൈവത്തിനു നന്ദി പറയുകയായിരുന്നു.
Next Story

Related Stories