Top

ഞാനെന്തു കൊണ്ട് ആം ആദ്മിക്കാരനായി - പ്രൊഫ. കമല്‍ മിത്ര ചെനോയ്

ഞാനെന്തു കൊണ്ട് ആം ആദ്മിക്കാരനായി - പ്രൊഫ. കമല്‍ മിത്ര ചെനോയ്

ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയില്‍ (ജെ എന്‍ യു) പഠിച്ചിറങ്ങിയ പല തലമുറകളില്‍പ്പെട്ട, നിരവധി യുവ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ക്കും പ്രൊഫ. കമല്‍ മിത്ര ചെനോയ് ഒരു പ്രചോദനവും, സുഹൃത്തും, സഹയാത്രികനുമായിരുന്നു. അവരുടെ ചെലവുകള്‍ക്ക് സ്വന്തം കീശയില്‍നിന്നും പണം നല്‍കുന്ന, വാതിലുകള്‍ എപ്പോളും തുറന്നിട്ട പ്രൊഫസറെക്കുറിച്ച് സ്നേഹംനിറഞ്ഞ കഥകള്‍ മാത്രമാണു അവര്‍ക്ക് പറയാനുള്ളത്. cafila.org-ല്‍ പ്രസിദ്ധീകരിച്ച ഈ ലേഖനത്തില്‍ താനെന്തിന് ആം ആദ്മി പാര്‍ടിയില്‍ (ആപ്) ചേര്‍ന്നു എന്നു പ്രൊഫ. ചെനോയ് വ്യക്തമാക്കുന്നു. ഇടതുപക്ഷം കയ്യാളിയിരുന്നു എന്നു കരുതുന്ന ഒരു ഇടം എങ്ങനെ ആപിന്റേതായി മാറുന്നു എന്നതിനെക്കുറിച്ച് സംവാദങ്ങളുയര്‍ത്താന്‍ ഇത് ഇടയാക്കും എന്നു കരുതാം. സി.പി.ഐയുടെ ദേശീയ കൌണ്‍സില്‍ അംഗം കൂടിയായിരുന്നു പ്രൊഫ. ചെനോയ്.ഡല്‍ഹി സര്‍വ്വകലാശാലയിലെ കിരോരിമാല്‍ കോളേജില്‍ സാമ്പത്തികശാസ്ത്ര വിദ്യാര്‍ത്ഥിയായിരിക്കെ,1969-ല്‍ വിദ്യാര്‍ത്ഥി യൂണിയന്റെ നിര്‍വ്വഹണ സമിതി അംഗമായി തെരഞ്ഞെടുക്കപ്പെട്ടപ്പോളാണ് ഞാന്‍ ആദ്യമായി രാഷ്ട്രീയത്തെപ്പറ്റി ബോധവാനാകുന്നത്. അതേവര്‍ഷംതന്നെ ഡല്‍ഹി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയന്റെ പരമ്മോന്നത സമിതിയിലേക്കും ഞാന്‍ മത്സരിച്ചു. അവ്ദേഷ് സിന്‍ഹ (പിന്നീട് ആദരണീയനായ ഒരു ഐ എ എസ് ഉദ്യോഗസ്ഥനായി), രബീന്ദ്ര റെയ് (ഇപ്പോള്‍ ഡല്‍ഹി സര്‍വ്വകലാശാലയില്‍ സോഷ്യോളജി അദ്ധ്യാപകന്‍) തുടങ്ങിയ നക്സല്‍ അനുഭാവികളായ വിദ്യാര്‍ത്ഥി നേതാക്കള്‍ തിളങ്ങി നില്‍ക്കുന്ന കാലമായിരുന്നു അത്. ദിലീപ് സൈമനായിരുന്നു ആ കാലത്തെക്കുറിച്ച് പിന്നീട് എഴുതിയ മറ്റൊരു താരം. ഞാനും ഇടതുപക്ഷക്കാരനായി, പക്ഷേ സായുധകലാപത്തിനോട് യോജിച്ചില്ല. ഈ ഘട്ടത്തില്‍ ഞാന്‍ മുഖ്യധാര ഇടതുപാര്‍ടികളെ നിരീക്ഷിക്കുകയും മാര്‍ക്സിസ്റ്റ് കൃതികള്‍ക്കൊപ്പം ഇടതു കക്ഷികളുടെ ചില ലഘുലേഖകളും വായിക്കാനും തുടങ്ങി.എന്നാല്‍ 1972-ല്‍ ഞാന്‍ ജെ എന്‍ യൂവില്‍ ചേരുന്ന സമയത്ത് കൂടുതല്‍ വിശാലവും ആഴത്തിലുള്ളതുമായൊരു സംവാദം ഉരുണ്ടുകൂടാന്‍ തുടങ്ങിയിരുന്നു. ഇന്ത്യയിലെ ദേശീയതാ, ഭാഷാ പ്രശ്നത്തെക്കുറിച്ച് ചിന്തോദ്ദീപകമായ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്ന പ്രകാശ് കാരാട്ട് അവിടെ ഏറെ ആദരിക്കപ്പെട്ടിരുന്ന വിദ്യാര്‍ത്ഥി നേതാവും, സൈദ്ധാന്തികനും ആയിരുന്നു. 1973-ല്‍ എസ് എഫ് ഐയും, എ ഐ എസ് എഫും (ഞാനന്ന് അതിന്റെ യൂണിറ്റ് സെക്രട്ടറിയാണ്) 1964-ലെ കമ്മ്യൂണിസ്റ്റ് പാര്‍ടി പിളര്‍പ്പിനുശേഷം ആദ്യമായി സഖ്യമുണ്ടാക്കി. പുരോഗമന ജനാധിപത്യ മുന്നണി എന്നാണ് ഞങ്ങളതിനെ വിളിച്ചത്. ഞങ്ങളെ പിന്തിരിപ്പന്‍മാരെന്ന് ആക്ഷേപിച്ച, തീക്ഷ്ണമായ സൈദ്ധാന്തിക ഗ്രാഹ്യമുണ്ടായിരുന്ന ട്രോട്സ്കിയിസ്റ്റ് ജൈറസ് ബാനര്‍ജി, മാര്‍ക്സിസ്റ്റ് പാഠങ്ങളില്‍നിന്നും സാഹിത്യം, തത്വചിന്ത, സാമൂഹ്യശാസ്ത്രം എന്നിവയില്‍നിന്നുമുള്ള ഉദ്ധരണികളുമായി ഞങ്ങളെ ആക്രമിച്ചിരുന്നു. ഇതുമൂലം ഞങ്ങളും കൃത്യമായി വായിക്കാന്‍ തുടങ്ങി.

ജെ എന്‍ യു നിരവധി സ്വതന്ത്ര ചിന്തകരെയും സൃഷ്ടിച്ചു. ഇവരില്‍പ്പെട്ട അനന്ത് കുമാര്‍ എന്ന സോഷ്യലിസ്റ്റ് പ്രവര്‍ത്തകന്‍ എസ് എഫ് ഐ - എ ഐ എസ് എഫ് മുന്നണി ഭിന്നിച്ചപ്പോള്‍ ജെ എന്‍ യു വിദ്യാര്‍ത്ഥി യൂണിയന്റെ പ്രസിഡന്റുമായി. ഇതെന്നെ ഒരിയ്ക്കലും മറക്കാത്തൊരു പാഠം പഠിപ്പിച്ചു. ഒഴിവാക്കാന്‍ കഴിയാനാകാത്തത്ര പങ്കുവഹിക്കുന്ന സാമൂഹ്യ മുന്നേറ്റങ്ങളടക്കമുള്ള സമാന പുരോഗമന ശക്തികളുടെ ഐക്യം കാത്തുസൂക്ഷിക്കേണ്ടത് ആവശ്യമാണ് എന്നായിരുന്നു അത്.കഴിഞ്ഞ മുപ്പത്തിലേറെ വര്‍ഷമായി ഞാന്‍ സാമൂഹ്യ മുന്നേറ്റങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നു. മേധ പട്കര്‍, അലോക് അഗര്‍വാള്‍, ചിത്രരൂപ പാലിത്, നന്ദിത ഹക്സര്‍, ജീന്‍ ഡ്രെസ്, അരുണ റോയ്, നിഖില്‍ ദേ തുടങ്ങി അവയുടെ നിരവധി നേതാക്കളില്‍നിന്നും ഞാന്‍ വിലപ്പെട്ട പാഠങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്തു. ഇതും സി പി ഐയിലെ പ്രവര്‍ത്തനാനുഭവവും എന്റെ മുന്നോട്ടുപോക്കിനും പല യാഥാര്‍ത്ഥ്യങ്ങള്‍ക്കും നേരെ കണ്ണുതുറക്കാനും സഹായിച്ചു. സാമൂഹ്യ മുന്നേറ്റങ്ങളും, പുതിയ രാഷ്ട്രീയ രൂപങ്ങളും, ഇടതുപക്ഷവും തമ്മിലുള്ള ഭിന്നിപ്പിന്റെ അപകടത്തെക്കുറിച്ചും ഞാന്‍ ബോധവാനായി.ഇടതുപക്ഷത്തുനിന്നും നമ്മില്‍ ചിലര്‍ ഈ മുന്നേറ്റങ്ങളുമൊത്ത് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പല പ്രദേശങ്ങളിലും സാമൂഹ്യ രാഷ്ട്രീയ മുന്നേറ്റങ്ങളുടെ വ്യാപകമായ ഐക്യദാര്‍ഡ്യം ഉണ്ടാകേണ്ടതുണ്ട്. ഉദാഹരണത്തിന് കാശ്മീര്‍.സാമ്പത്തിക ശാസ്ത്രത്തിന് പുറമെ ഒരാള്‍ സാമൂഹ്യ ശാസ്ത്രത്തിന്റെയും,തത്വചിന്തയുടെയും പ്രധാന ഘടകങ്ങളെക്കുറിച്ച് പഠിക്കേണ്ടതുണ്ടെന്ന്‍ എന്റെ സാമ്പത്തികശാസ്ത്ര അദ്ധ്യാപകനും സി പി ഐയുടെ മുന്‍ കേന്ദ്ര സമിതി അംഗവുമായിരുന്ന അരുണ്‍ ബോസ് ആവര്‍ത്തിച്ചു പറയുമായിരുന്നു. ഞാന്‍ ആ പാഠം ഒരിയ്ക്കലും മറന്നതുമില്ല. പക്ഷേ ലോകവും ഇന്ത്യയും അന്നത്തേതിനെക്കാള്‍ മാറി. ദേശീയ സ്വാതന്ത്ര്യ പോരാട്ടങ്ങളുടെ ശക്തികേന്ദ്രമായിരുന്ന സോവിയറ്റ് യൂണിയന്‍ തകര്‍ന്നു. പ്രധാനമായും സ്വന്തം പ്രശ്നങ്ങളില്‍ ഊന്നേണ്ടിവന്ന ചൈനക്ക് മറ്റ് മുന്നേറ്റങ്ങള്‍ക്ക് പിന്തുണ നല്‍കാനുള്ള രാഷ്ട്രീയോര്‍ജ്ജം ഇല്ലാതായിരിക്കുന്നു.

ഞാന്‍ മൂന്നുതവണ ജെ എന്‍ യു അദ്ധ്യാപക സംഘടനയുടെ അദ്ധ്യക്ഷനാവുകയും നിരവധി മനുഷ്യാവകാശ സംഘടനകളോടോത്ത് പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. 1984-ലെ സിഖ് വിരുദ്ധ കലാപകാലത്ത് പത്രക്കാരനായ ഒരു സുഹൃത്തിന്റെ സഹായത്തോടെ നവംബര്‍ 1-നടക്കം ഞാന്‍ പലയിടത്തും സഞ്ചരിച്ചു. മദ്ധ്യവര്‍ഗക്കാര്‍ താമസിക്കുന്ന പ്രദേശങ്ങളിലടക്കം ആക്രമികളില്‍നിന്നുമല്ല, മറിച്ച് സായുധരാണ് എന്നു പ്രചരിപ്പിക്കപ്പെട്ട സിഖുകാരില്‍ നിന്നും രക്ഷക്കായാണ് ആളുകള്‍ കാവല്‍നിന്നത് എന്നതെന്നെ ഞെട്ടിച്ചുകളഞ്ഞു. കുടിവെള്ളത്തില്‍ വിഷം കലാക്കിയെന്ന കിംവദന്തി കാട്ടുതീപോലെ പ്രചരിച്ചു. അന്നത്തെ ഭീതമായ അനുഭവത്തിനുശേഷം എന്റെ സാധ്യമായ എല്ലാ കഴിവുകളും ഉപയോഗിച്ച് വര്‍ഗീയതയ്ക്ക്, വിശിഷ്യാ ഹിന്ദു വര്‍ഗീയതയ്ക്ക് എതിരായി പോരാടുമെന്ന് ഞാന്‍ പ്രതിജ്ഞയെടുത്തു. 1984-നു ശേഷം ഞാന്‍ മറ്റ് പലര്‍ക്കുമൊത്ത് ഹാഷിംപുര, മാളിയാന, മീററ്റ്, അയോധ്യ(1882, 93), മൂന്നുതവണ ഗുജറാത്ത്, എന്നിവിടങ്ങളെല്ലാം വസ്തുതാശേഖരണ ദൌത്യവുമായി പോയി; ഇപ്പോള്‍ രണ്ടു തവണ മുസഫര്‍നഗറിലും.ഈ പോരാട്ടം തുടരുകയാണ്. സാമൂഹ്യമുന്നേറ്റങ്ങളുമായി കണ്ണിചേര്‍ന്ന ഒരു രാഷ്ട്രീയ കക്ഷിയെ പിന്തുണക്കാനാണ് ഞാന്‍ ആപില്‍ ചേരുന്നത്. കഴിഞ്ഞ 40 വര്‍ഷമായി കമ്മ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമായ, പിന്നീട് അതിന്റെ ദേശീയ സമിതി അംഗം കൂടിയായ എന്നെ സംബന്ധിച്ച് ഇത് തീര്‍ത്തും വിഷമമേറിയ ഒരു തീരുമാനമാണ്. അതുകൊണ്ടുതന്നെ, സാമൂഹ്യ മുന്നേറ്റങ്ങളുടെയും ഇടതുപക്ഷത്തെയും അനുഭവങ്ങളുടെ ആകെത്തുകയും, ശോഭന്‍ലാല്‍ ദത്താ ഗുപ്ത, സുദീപ്തോ കവിരാജ്, രാജീവ് ഭാര്‍ഗവ്, റൊമീല ഥാപ്പര്‍, അമിത് ഭാദുരി, ജയതി ഘോഷ്, സോയാ ഹസന്‍, അച്ചിന്‍ വിനായക്, പ്രഫുല്‍ ബിദ്വായ്, സീമ മുസ്തഫ, ദീപക് നയ്യാര്‍, ഘന്‍ശ്യാം ഷാ തുടങ്ങി നിരവധി പണ്ഡിതരായ ആളുകളുമാണ് എന്നെ രൂപപ്പെടുത്തിയത്.ഇന്ത്യന്‍ മതേതരത്വത്തെ സംബന്ധിച്ച് നിര്‍ണ്ണായകമായോരു ദശയാണിത്. ആപിന് പ്രത്യയശാസ്ത്രമില്ലെന്ന് പറയുന്നതു തീര്‍ത്തും ബാലിശമാണ്. ഗ്രാംഷി ആവര്‍ത്തിച്ച് പറഞ്ഞപോലെ എല്ലാ ആളുകളും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ബുദ്ധിജീവികളാണ്. പരമ്പരാഗത പ്രത്യയശാസ്ത്രങ്ങളെയും കുത്തകാധികാരത്തെയും സാധൂകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന പരമ്പരാഗത ബുദ്ധിജീവികളുണ്ട്. അവരുടെ എതിരാളികളായ മാറ്റത്തിനും, ഒരു വിപ്ലവത്തിനുവേണ്ടിപ്പോലും അവശ്യം വേണ്ടുന്ന ജനകീയ സംസ്കാരത്തിലും മുന്നേറ്റത്തിലും വേരുറപ്പിച്ച മൌലിക ബുദ്ധിജീവികളും ഉണ്ട്. ഇതാണ് ഗ്രാംഷി ചൂണ്ടിക്കാണിച്ച പ്രധാന വ്യത്യാസം.

ഒരു കക്ഷിയും തികവുറ്റതും ദോഷങ്ങളില്ലാത്തതുമല്ല. പൊതു ഭൂമികയിലേക്കും ദേശീയ രാഷ്ട്രീയത്തിലേക്കും പുതിയ ജനകീയാശയങ്ങളും ചിന്തകളും കൊണ്ടുവന്നതിന്റെ പേരില്‍, പ്രത്യേകിച്ചും കഴിഞ്ഞ കാലങ്ങളില്‍, ഇടതുപക്ഷത്തിന് ചില നേട്ടങ്ങള്‍ അവകാശപ്പെടാം. പക്ഷേ ഇപ്പോള്‍ സാഹചര്യം തീര്‍ത്തും ദുഷ്ക്കരമാണ്, പ്രത്യേകിച്ചും വന്‍കിട ബൂര്‍ഷ്വാസിയിലെ വലിയൊരു വിഭാഗം നരേന്ദ്ര മോദിയെയും ആര്‍ എസ് എസിനെയും സജീവമായി പിന്താങ്ങുന്ന ഘട്ടത്തില്‍. മദ്ധ്യവര്‍ഗവും മോദി പ്രചാരണത്തില്‍ വലിയൊരാളവോളം സ്വാധീനിക്കപ്പെട്ടിരിക്കുന്നു. മോദിയുടെ കോട്ടയെന്ന് കരുതുന്ന അഹമ്മദാബാദടക്കമുള്ള നഗരങ്ങളിലുള്ള ആപിന്റെ അംഗത്വവും, ഡല്‍ഹിയിലെ മുന്നേറ്റവും നോക്കിയാല്‍ ഇപ്പോള്‍ ഇടതുപക്ഷം ചെയ്യുന്നതുപോലെ ആപിനെ എഴുതിത്തള്ളുന്നത് അതിന്റെ പ്രസക്തി മനസ്സിലാക്കാതെ പോവുകയായിരിക്കും.എന്നെ രൂപപ്പെടുത്തിയ പാര്‍ടിയില്‍നിന്നും, ഇത്തരമൊരു നീക്കത്തെ അധികാരത്തിനുവേണ്ടിയുള്ള അവസരവാദപരമായ നീക്കമായി കണ്ടേക്കാവുന്ന, നൂറു കണക്കിനു സഖാക്കളില്‍ന്നിന്നും വിട്ടുപോകണോ എന്ന ഒരു തീരുമാനമാണ് എനിക്കെടുക്കേണ്ടിയിരുന്നത്. എനിക്കു തെറ്റുകള്‍ പറ്റാന്‍ എല്ലാ സാധ്യതയുമുണ്ട്. പക്ഷേ ഒരിയ്ക്കലും എന്തുവിലകൊടുത്തും അധികാരസ്ഥാനങ്ങളിലെത്തുക അതിലൊന്നാകില്ല. എല്ലാ മതേതര ശക്തികള്‍ക്കും ഞാന്‍ ഭാവുകങ്ങള്‍ നേരുന്നു. ഞാന്‍ എന്നും ഇടതുപക്ഷമായിരിക്കും, എന്റെ പ്രത്യയശാസ്ത്രത്തിനും മാറ്റമില്ല. കുറച്ചു ലോക്സഭാ സീറ്റുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയാല്‍ ഏതെങ്കിലും ജനകീയ മുന്നണി മുസഫര്‍നഗറിനെയോ, ഷാംലിയെയോ ഓര്‍ക്കുമോ എന്നാണ് ചോദ്യം. ഇത് ഭീതിദമായ ഒരു പിഴയും മുസഫര്‍നഗര്‍ സംഭവിക്കാന്‍ അനുവദിച്ച എസ് പി (സമാജ് വാദി പാര്‍ടി) ഭരണസംവിധാനത്തിന് നല്‍കുന്ന സൌജന്യവും ആയിരിക്കും. ഒടുവില്‍ ഈ ചോദ്യത്തിനുള്ള എന്റെ ഉത്തരമാണ് എന്റെ തീരുമാനത്തെ രൂപപ്പെടുത്തിയത്.

Next Story

Related Stories