TopTop
Begin typing your search above and press return to search.

സൂര്യനേക്കാള്‍ പൊള്ളിക്കുന്ന ചില മഴക്കാലങ്ങള്‍

സൂര്യനേക്കാള്‍ പൊള്ളിക്കുന്ന ചില മഴക്കാലങ്ങള്‍

ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി ഒമ്പത് മെയ്‌ മാസം, ഒരു വൈകുന്നേരം. പെരിങ്ങീല്‍ ദേശത്തെ കുട്ടികള്‍ ആയ ഞങ്ങള്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. സ്ത്രീകള്‍ വിറകൊക്കെ പെറുക്കി കൂട്ടുകയാണ്. ആണുങ്ങള്‍ മറ്റു പണികള്‍ ചെയ്യുന്നു. പെട്ടെന്നാണ് കണ്ടത്തില്‍ കുറച്ചു ദൂരെയായി ഗുണ്ട് പൊട്ടുന്നത് പോലെ വലിയ ശബ്ദം കേട്ടത്. ഇടി വീണതാണ്. കൊടുങ്കാറ്റിന്റെ വരവാണ്. എല്ലാവരും ഓടി വീടിന്റെ ഉള്ളില്‍ കയറി. ചെറിയ ഓടിട്ട വീട് ആണ്. വൈകുന്നേരം തുടങ്ങി അര്‍ദ്ധരാത്രിക്കപ്പുറം നീണ്ട മഴ വീടിന്റെ ഓടു മുഴുവന്‍ പാറിപ്പിച്ചു. ഞങ്ങളെല്ലാവരും നിന്നിരുന്ന ഒരു കുഞ്ഞു സ്ഥലത്തിനുമപ്പുറത്ത് എല്ലായിടങ്ങളിലും ഓടു പാറി. എല്ലാവരും ഗുരുവായൂരപ്പനേയും പറശ്ശിനിക്കടവ് മുത്തപ്പനെയും വിളിച്ചു കരഞ്ഞു. കുട്ടികള്‍ക്ക് മരണവും ജീവിതവും തമ്മില്‍ നേര്‍ത്ത ഒരു അതിര്‍വരമ്പ് മാത്രമേ ഉള്ളു എന്ന് തിരിച്ചറിവുണ്ടായി. അവര്‍ ഭയം അടക്കിപ്പിടിച്ച് വലിയവരെ കെട്ടിപ്പിടിച്ചു നിന്നു. പെരിങ്ങീല്‍ എന്ന ഞങ്ങളുടെ ദേശത്ത് അങ്ങനെ പ്രളയം വന്നു.

പ്രളയം വന്നാല്‍ ചളിയുടെ കൂനയില്‍ കെട്ടി ഉണ്ടാക്കിയ വീടിന്റെ മുറ്റത്ത് വരെ വെള്ളം കേറും. നാല് വശവും വെള്ളത്താല്‍ ചുറ്റപ്പെട്ട പെരിങ്ങീലില്‍ പിന്നെ പുഴ ഏതാ വയല്‍ ഏതാ എന്ന് തിരിച്ചറിയാന്‍ പറ്റാതെ കണ്ണെത്താ ദൂരത്തോളം വെള്ളം ആയിരിക്കും. പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിക്കുന്ന പെരിങ്ങീലില്‍ പൈപ്പ് ഒക്കെ പൊട്ടിയിട്ടുണ്ടാകും. ചോറ് വയ്ക്കേണ്ട വെള്ളത്തിനായി രാവിലെ പെരിങ്ങീലിലെ സ്ത്രീകള്‍ കുടവും കയറ്റി വെച്ചു കണ്ണെത്താ ദൂരത്തുള്ള വെള്ളത്തിലൂടെ തോണി തുഴഞ്ഞു കൊട്ടക്കീല്‍ എന്ന അക്കരെക്കടവിലേക്ക് പോകും. പിന്നെ അവിടെ തീയ്യരുടെ വീടുകളില്‍ കാത്തു നിന്ന് വെള്ളവും എടുത്തു തിരിച്ചു വരും. ഓടു പാറിയ വീടിനു താഴെ ചോറ് വെച്ചു ഞങ്ങള്‍ക്ക് തരും.

മഴക്കാലം ആയാല്‍ പിന്നെ പെരിങ്ങീലില്‍ നിന്ന് സ്കൂളില്‍ പോവുക എന്നത് ഒരു സാഹസം ആണ്. പെരിങ്ങീലില്‍ ഉള്ളവര്‍ക്ക് കൊട്ടില എന്ന സ്ഥലത്തെ സ്കൂളിലാണ് പോകേണ്ടത്. ഏകദേശം ഒരു ഒന്ന് ഒന്നര കിലോമീറ്റരുകളോളം നടക്കണം പെരിങ്ങീലില്‍ നിന്ന് കൊട്ടിലയിലെക്ക്. അത് മഴ തീര്‍ന്ന വരമ്പത്തെ ചളിയിലൂടെ വേണം പോകാന്‍. വരമ്പ് എന്ന് പറഞ്ഞാല്‍ കൈപ്പാട്ടിലെ ചതുപ്പ് നിറഞ്ഞ ചളി തന്നെ ആയിരിക്കും ഏകദേശം വരമ്പത്തും. ചെരുപ്പൊക്കെ ഊരി കയ്യില്‍ പിടിച്ചിട്ടാണ് നടപ്പ്. പെണ്‍കുട്ടികള്‍ ഉടുപ്പോക്കെ ഊരി കയ്യില്‍ പിടിച്ചു പെറ്റിക്കോട്ട് മാത്രം ഇട്ടു നടക്കും. ചളി തെറിക്കാതിരിക്കാനാണ് ഇത്. ഏകദേശം കൊട്ടില എത്താറാകുമ്പോള്‍ ഉടുപ്പ് ധരിച്ച് സ്കൂളിലേക്ക് പോകും. അങ്ങനെ പ്രളയവും കൊടുങ്കാറ്റും കൈപ്പാട്ടിലെയും വരമ്പത്തെ ചളിയും പൈപ്പ് പൊട്ടലും വെള്ളത്തിനു തീയ്യരുടെ വീടുകളിലേക്ക് ഉള്ള പോക്കും രോഗങ്ങളും ഒക്കെ ചേര്‍ന്ന് മഴക്കാലം ആകെ ഒരു കലാപ കാലം ആയിരിക്കും. അങ്ങനെയുള്ള പെരിങ്ങീലില്‍ ഉള്ളവരോട് "മഴയുടെ നനുത്ത ഓര്‍മകള്‍", "രാത്രി മഴ ചുമ്മാതെ മിന്നിയും കേണും", "പ്രണയമണി തൂവല്‍ കൊഴിയും പവിഴമഴ", "മഴയുള്ള രാത്രിയില്‍ മനസ്സിന്റെ തൂവലാല്‍" ,"മഴ നിലാവിന്റെ ഓര്‍മ്മകള്‍" എന്നൊക്കെ പറഞ്ഞാല്‍ ചെലപ്പോ അവര് "വെറുതെ വെറുപ്പിക്കല്ലേ..." എന്ന് പറഞ്ഞേക്കാം.

ജലവുമായി ബന്ധപ്പെട്ടാണ് ഞങ്ങളുടെ പെരിങ്ങീല്‍ ദേശത്തെ ദളിത്‌ സ്ത്രീജീവിതത്തിന്റെ മുക്കാല്‍ പങ്കും മുന്നോട്ടു പോകുന്നത്. രാവിലെ ഏഴു മണിക്ക് മുമ്പേ സ്ത്രീകള്‍ ചെമ്മീന്‍ "തപ്പാന്‍" വേണ്ടി പുഴയിലെ ഉപ്പു വെള്ളത്തില്‍ ഇറങ്ങും. വളരെ ശ്രമകരമായ ജോലി ആണത്. ചെറിയ ഒരു കൂട വായില്‍ കടിച്ചു പിടിച്ചു കൊണ്ട് സ്ത്രീകള്‍ വെള്ളത്തില്‍ ഇറങ്ങി നിക്കും. മണിക്കൂറുകളോളം അങ്ങനെ ഉപ്പു വെള്ളത്തില്‍ നിക്കണം. എന്നിട്ട് കൈ പുഴയിലെ ചളിയില്‍ കുത്തി ചെളി വാരി എറിയണം. അപ്പോള്‍ ചെമ്മീനോ മീനോ ഉണ്ടെങ്കില്‍ മുന്നോട്ടു പോകാന്‍ പറ്റാതെ ആ ചെളിയില്‍ കുടുങ്ങിക്കിടക്കും. ചെമ്മീന്‍, ചൂട്ടാച്ചി തുടങ്ങിയ മീനുകളെ ഇങ്ങനെ കൂരയില്‍ പിടിച്ചിടും. ചിലപ്പോള്‍ പുഴ ഞണ്ടും പിടിക്കും. പുഴ ഞണ്ട് കൈ കൊണ്ട് പിടിക്കണമെങ്കില്‍ നല്ല വൈദഗ്ധ്യം വേണം. അല്ലെങ്കില്‍ ഞണ്ട് കടിക്കും. ഉച്ചക്കത്തെ ചോറിനു കറി വെക്കാനാണ് സ്ത്രീകള്‍ തപ്പാന്‍ പോവുക. ചിലപ്പോള്‍ രാവിലെ പുറപ്പെടും. ചിലപ്പോള്‍ രാത്രിയിലെ കറിക്കായി ഊണ് കഴിഞ്ഞും പുറപ്പെടും. വാതം, കൈകാല്‍ കടച്ചില്‍, ഗുഹ്യ രോഗങ്ങ ള്‍ എന്നിവയൊക്കെ ഉണ്ടാകും. മണിക്കൂറുകളോളം ഉപ്പു വെള്ളത്തില്‍ ഇങ്ങനെ ഇരുന്നു തപ്പുന്നത് കൊണ്ട് മറ്റു ബുദ്ധിമുട്ടുകള്‍ വേറെയും.

നല്ല വെള്ളം എന്നത് പെരിങ്ങീലില്‍ ഉള്ളവര്‍ക്ക് അമൂല്യം ആണ്. ഒരു തുള്ളി നല്ല വെള്ളം പോലും പെരിങ്ങീലിലെ സ്ത്രീകള്‍ വെറുതെ കളയില്ല. കാരണം അവര്‍ക്ക് നല്ല വെള്ളം കിട്ടാത്തതിന്റെ ബുദ്ധിമുട്ട് നന്നായിട്ടറിയാം. പെരിങ്ങീലി ല്‍ നല്ല വെള്ളം കിട്ടുക പൈപ്പിലൂടെയാണ്.

ഉച്ചയൂണ് കഴിഞ്ഞു പൈപ്പ് വെള്ളത്തിനു കാത്തിരിക്കുമ്പോള്‍ അത് പെരിങ്ങീലിലെ സ്ത്രീകളുടെ യോഗം ആയി മാറും. അവര്‍ പല കാര്യങ്ങള്‍ സംസാരിക്കും. പഴയ ചരിത്രം പറയും. രാഷ്ട്രീയം പറയും. വാല്‍ നക്ഷത്രങ്ങളെ പോലെ വല്ലപ്പോഴും പെരിങ്ങീലിലേക്ക് വന്നു പോകുന്ന രാഷ്ട്രീയക്കാരെ കളിയാക്കും. കുടുംബ യോഗം, ജനകീയാസൂത്രണം എന്നൊക്കെ പറഞ്ഞു വല്ലാപോഴും അവിടെ എത്തുന്ന കമ്മ്യൂണിസ്റ്കാരുടെ ഉള്ളിലെ ജാതിയെക്കുറിച്ച് സംസാരിക്കും. തങ്ങളുടെ ദേശത്ത് തന്നെ ജീവിച്ച് ജോലി ചെയ്യുന്ന ആണുങ്ങളെ കുറിച്ചു കുറ്റവും സ്നേഹവും കൂട്ടി സംസാരിക്കും. വെള്ളത്തിന്‌ കാത്തിരിക്കുമ്പോ കോളേജില്‍ പോകുന്ന പെണ്‍കുട്ടികള്‍ കോളേജിലെ വിശേഷങ്ങള്‍ പറയും. ദേശത്ത് നിന്നും ഗവണ്മെന്റ് ജോലി കിട്ടി പോയ ആണുങ്ങളെ കൊണ്ട് അവര്‍ക്ക് ഒരു ഉപകാരവുമുണ്ടായിട്ടില്ല എന്ന് പറയും. ദേശത്തെ നക്സല്‍ ആയ കൃഷ്ണന്‍ അവസാനം മദ്യപാനി ആയി അവസാനിച്ചതിനെ കുറിച്ച് പറയും.

പൈപ്പിന്റെ അടുത്ത് വെള്ളത്തിനു കാത്തിരിക്കുമ്പോഴായിരിക്കും കൃഷി ഭൂമിയുടെ ഉടമകള്‍ വന്ന്‍ എണ്‍പത് വയസ്സിനു മുകളിലുള്ള മീനാക്ഷിയെ പേര് വിളിച്ചു ഇങ്ങനെ പറയുന്നത് . "മീനാച്ചി... (മീനാക്ഷി അല്ല മീനാച്ചി) പെണ്ണുങ്ങളെയും കൂട്ടി മൂര്‍ച്ചക്ക് ഇറങ്ങണം...". പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ക്ക് അത് കേക്കുമ്പോ കലിയിളകും. അവര്‍ സ്വകാര്യമായി ചോദിക്കും "അവനൊക്കെ അവന്റെ അമ്മയെയും അമ്മൂമ്മയെയും പേരായിരിക്കുവോ വിളിക്കുന്നത്?" അപ്പൊ മറ്റു പെണ്ണുങ്ങള്‍ പറയും. “നീ ക്ഷമി, അവര്‍ക്ക് വിവരം ഇല്ലെങ്കില്‍ വിവരമുള്ള നമ്മളല്ലേ ക്ഷമിക്കേണ്ടത്? കോളേജില്‍ പോയ നീ അത് വിട്ടു കള". അപ്പൊ അവര്‍ മറുപടി പറയും. കോളേജിലും ഇതന്നെ അവസ്ഥ. "പൊലയാടിച്ചി... പൊലയാടി മോന്‍.... പൊല വെട്ടുവന്‍ എന്നാ കോളേജിലെ തെറികള്‍. കോളേജിലെ തമ്പുരാക്കന്മാരുടെ വായീന്നു ഞങ്ങള്‍ പലപ്പോഴും കേട്ടിട്ടുണ്ട്..." അപ്പൊ മറ്റുള്ളവര്‍ പറയും. "നല്ല ബെസ്റ്റ് കോളേജ്... ഇങ്ങനെയുള്ള കോളെജി പോന്ന നിന്നെയൊക്കെ സമ്മതിക്കണം."

ചിലപ്പോള്‍ സ്ത്രീകള്‍ കൊട്ടക്കീലേക്ക് തോണിയില്‍ വെള്ളത്തിനു പോകും. പണ്ടൊക്കെ പട്ടുവത്തെക്ക് പണിക്ക് പോകുമ്പോ ള്‍ കലവും എടുത്തിട്ടു തന്നെ പോകും. കാലണ തോണിക്കാരന് കൊടുത്തു അവര്‍ തോണിയില്‍ വെള്ളം കടത്തും. ചിലപ്പോള്‍ വെള്ളം കിട്ടിയില്ലെങ്കി ല്‍ സ്ത്രീകള്‍ കലവും ആയി കൊട്ടിലയിലേക്ക് ഒരു ഒന്നൊന്നര കിലോമീറ്റര്‍ നടക്കും. കൊട്ടിലയിലെ പൈപ്പില്‍ നിന്നോ കിണറുകളില്‍ നിന്നോ വെള്ളം കടത്തി തിരിച്ചു നടക്കും. ഇടയ്ക്കു വെള്ളം ഇറക്കി വെച്ചു വിശ്രമിക്കും. അപ്പോഴും അവര്‍ നൂറായിരം കഥകള്‍ പറയും. വായിച്ച മംഗളത്തിലെ നോവലുകള്‍ അടക്കം. എല്ലാവരും പരസ്പരം കലം എടുത്തു തലയില്‍ വെക്കാന്‍ സഹായിക്കും. കാലത്തിലെ വെള്ളത്തിനു മുകളില്‍ ഒരു വാഴയില കീറി ഇട്ടിട്ടുണ്ടാകും. അവസാനം വെള്ളം തലയില്‍ വെക്കുന്ന ആള്‍ ഒറ്റയ്ക്ക് തന്നെ വെക്കണം. അവസാനത്തെ ആള്‍ എന്നും ഒറ്റക്കാണല്ലോ.

ചിലപ്പോള്‍ സ്ത്രീകള്‍ തെങ്ങോല കീറി വെള്ളത്തിലിട്ട് ചീയുന്നത് വരെ കാത്തിരുന്ന്, അത് മെടഞ്ഞു വീടിനു കൂര മേയുകയോ വിക്കുകയോ ചെയ്യും. തെങ്ങോല കൊത്തിക്കീറി കെട്ടുകള്‍ ആക്കി കൈപ്പാട്ടിലെ വെള്ളത്തില്‍ പൂഴ്ത്തി വെക്കും. കുറച്ചു കാലം കഴിഞ്ഞു തിരിച്ചെടുത്തു മെടയുകയാണ് ചെയ്യുക. ചിലപ്പോള്‍ അവര്‍ പായ മെടഞ്ഞു വിക്കും. പട്ടുവത്ത് കുംഭം പതിനാറിന് ഉത്സവം ആയാല്‍ അവിടെ പായ വിറ്റിട്ട് കിട്ടുന്ന പൈസ കൊണ്ട് എന്റെ അച്ചമ്മ മീനാക്ഷി ഞങ്ങള്‍ക്ക് കളിക്കാനുള്ളതൊക്കെ വാങ്ങിച്ചു തരും. പായ മേടയുക എന്നത് വളരെ വൈദഗ്ധ്യം വേണ്ട ഒരു ജോലി ആണ്, വളരെ താളാത്മകം ആണത്. ‘പുലിയൂല്‍’ എന്ന ദേശത്ത് ചെന്നാണ് പെരിങ്ങീലിലെ സ്ത്രീകള്‍ പായ മേടയാനുള്ള ഓല കൊത്തിക്കൊണ്ട് വരിക. മുള്ള് നിറഞ്ഞ ഓല കൊത്തുക എന്നത് വളരെ ശ്രമകരമായ ജോലി ആണ്. പിന്നെ ഓല മുറ്റത്തിട്ടു ഉണക്കും. നന്നായി ഉണങ്ങിക്കഴിഞ്ഞാല്‍ കത്തി കൊണ്ട്, ഓലയുടെ രണ്ടു ഭാഗവും യോജിപ്പിച്ച അതിന്റെ വശത്ത് നീട്ടി ഒരു കീറല്‍ ആണ്. ഓലയുടെ മുള്ള് കളയുന്നത് അങ്ങനെ ആണ്. ഞങ്ങളൊക്കെ ആ മുള്ള് കളയാന്‍ ശ്രമിച്ചിട്ടുണ്ട്. കൈ നല്ലോണം കീറി പറിഞ്ഞിട്ടുമുണ്ട്. മുള്ള് കളഞ്ഞാല്‍ പിന്നെ ഓല ഒരു ചക്രത്തിന്റെ രൂപത്തി വട്ടത്തില്‍ ആക്കി വെക്കും. ഓല നിവരാന്‍ ആണ്. അത് പിന്നെയും ദിവസങ്ങളോളം അങ്ങനെ വെക്കും. പിന്നെ ഓരോ ഓലയും മൂന്നായി കീറും. അതിനു ശേഷം ആണ് പായ മെടയാന്‍ ആവുക. വളരെ ധ്യാനാത്മകം ആയ ജോലി ആണ്. ഞാനൊക്കെ ഒരു പാട് കാലം അച്ചമ്മ പായ മേടയുന്നത് നോക്കി നിന്നിട്ടുണ്ട്. ഇപ്പോഴും അതൊന്നും പഠിച്ചെടുക്കാന്‍ പറ്റിയിട്ടില്ല. രാവിലെ ചായക്ക്‌ മുമ്പ് ഓല മെടയുമ്പോഴാണ് അച്ചമ്മ കഥകള്‍ പറയുന്ന മറ്റൊരു സമയം.

ഈയിടെ ഒരു സിനിമ നിരൂപണം ചെയ്തതിനു ശേഷം എനിക്ക് കിട്ടിയ ഒരു കമന്റ് ആയിരുന്നു “ഇയാള് കക്കൂസില്‍ പോലും ജാതി കാണും എന്ന്”. പെരിങ്ങീല്‍ ദേശത്തെ കക്കൂസിന്റെ കാര്യം തമാശ ആണ്. എന്റെ ഓര്‍മ ശരിയാണെങ്കില്‍ തൊണ്ണൂറുകളുടെ പകുതി വരെ പെരിങ്ങീല്‍ ദേശത്ത് കക്കൂസ് ഉണ്ടായിരുന്നില്ല. (ഗാന്ധിയന്‍ ഗ്രാമ സ്വരാജിനും ഇടതു പക്ഷത്തിനും വലതു പക്ഷത്തിനും ഒക്കെ നന്ദി). അന്ന് ആള്‍ക്കാര്‍ക്ക് വെളിക്കിരിക്കണം എങ്കില്‍ കണ്ടം തന്നെ ശരണം. കുട്ടികള്‍ വീടിന്റെ തൊട്ടടുത്തുള്ള പുഴക്കരക്ക് ആണ് വെളിക്കിരിക്കാന്‍ പോവുക. ആണുങ്ങള്‍ രാവിലെ ഒരു ചായയും കുടിച്ച് ഒരു പൊകയും വിട്ടു ഒരു അര കിലോമീറ്റര്‍ അപ്പുറത്തുള്ള മുതലാളിമാരുടെ തെങ്ങിന്‍ തോപ്പിലേക്ക് വെച്ചു പിടിക്കും. ഒ.വി വിജയന്‍റെ പ്രജാപതിക്ക്‌ തൂറാന്‍ മുട്ടുന്നത് പോലെ അല്ല പെരിങ്ങീലിലെ തൂറാന്‍ മുട്ടല്‍. സ്ത്രീകളുടെ കാര്യം വേറെ ആണ്. രാവിലെ വെളിക്കിരിക്കാന്‍ ഈ ആണുങ്ങള്‍ പോയിക്കഴിഞ്ഞാല്‍ മാത്രമേ നടക്കു. അപ്പോഴേക്കും ഒന്‍പതു മണി ആകും. തെങ്ങിന്‍ തോപ്പിന്റെ അവിടെയൊക്കെ ആള്‍ക്കാര്‍ ഉണ്ടാകും. അഥവാ രാവിലെ പോയാല്‍ അവരുടെ വീട്ടു/മറ്റു ജോലികളുടെ ഒരു മണിക്കൂര്‍ എങ്കിലും നഷ്ടമാകും. അത് കൊണ്ട് പെരിങ്ങീലെ സ്ത്രീകള്‍ മുഴുവന്‍ കാര്യം സാധിക്കാന്‍ രാത്രിയില്‍ ആണ് പോവുക. എല്ലാവരും വെള്ളത്തിനു പോകുന്നത് പോലെ കൂട്ടമായി രാത്രി ടോര്‍ച്ചും ഒക്കെ എടുത്തു വെളിക്കിരിക്കാന്‍ പോകും. അപ്പോഴും അവര്‍ പലതും സംസാരിക്കും. പെരിങ്ങീലെ ചില പെണ്‍കുട്ടികളൊക്കെ വളരെ ഗംഭീരമായി “ചൊറിച്ചു മല്ലല്‍”പറയും. വെളിക്കിരിക്കാന്‍ പോകുമ്പോള്‍ ആണ് ഈ ചൊറിച്ചു മല്ലലുകള്‍ പറയുക. ഇടതു പക്ഷത്തിന്റെയും വലതു പക്ഷത്തിന്റെയും, അവര്‍ വിഭാവനം ചെയ്തിട്ടും യാഥാര്‍ത്ഥ്യം ആക്കാത്ത വികസനത്തെ ഒക്കെ അവര്‍ കളിയാക്കും. ഇപ്പോള്‍ ആണെങ്കില്‍ “ആപ്പിനെ” ഒക്കെ അവര്‍ ചെലപ്പോ “കോപ്പ്” ആക്കി മാറ്റിയേനെ. പെരിങ്ങീലിലെ സ്ത്രീകള്‍ ആപ്പിനെ സ്വീകരിച്ച സാറ ടീച്ചര്‍ക്കൊക്കെ നല്ല നമസ്കാരം പറഞ്ഞു തൂറിയേനെ.

പെരിങ്ങീല്‍ ദേശത്ത് എനിക്ക് മൂന്നു കുഞ്ഞമ്മമാര്‍ ആണ് ഉണ്ടായിരുന്നത്. അച്ചന്റെ അനിയത്തിമാര്‍. നളിനി കുഞ്ഞമ്മ, കമല കുഞ്ഞമ്മ, ഓമനക്കുഞ്ഞമ്മ. അച്ഛന്‍ ആയിരുന്നു പെരിങ്ങീലില്‍ നിന്ന് ആദ്യമായി എസ് എസ് എസ് എല്‍ സി പാസായ ആള്‍. ഫസ്റ്റ് ക്ലാസ് കിട്ടി. മുന്നൂറ്റി എണ്‍പതോ തോന്നൂറോ മറ്റോ ആയിരുന്നു മാര്‍ക്ക്‌. മുപ്പതു കൊല്ലത്തിനു ശേഷം എനിക്കും അത്രയേ കിട്ടിയിരുന്നുള്ളു. അച്ചനു ശേഷം ദേശത്ത് നിന്ന് എസ് എസ് എല്‍ സി പാസായ ചുരുക്കം ചില ആളുകളില്‍ ഒരാള്‍ ആയിരുന്നു നളിനി കുഞ്ഞമ്മ. അവര്‍ സെക്കന്‍റ് ഗ്രൂപ്പ്‌ എടുത്തു പഠിച്ചു. എല്ലാവരെയും പോലെ നളിനി കുഞ്ഞമ്മയും പ്രീ ഡിഗ്രി തോറ്റു. പിന്നെ നളിനി കുഞ്ഞമ്മയും കമലക്കുഞ്ഞമ്മയും ഓമന കുഞ്ഞമ്മയും ഒക്കെ ടൈപ്പും ഷോര്‍ട്ട് ഹാന്‍റും പഠിക്കാന്‍ പോയി. അവര്‍ പെട്ടെന്ന് പഠിച്ചെടുത്തു. പി എസ് സി പരീക്ഷകള്‍ ഒക്കെ എഴുതിയെങ്കിലും ഒന്നും കിട്ടിയില്ല. അവര്‍ കൈപ്പാട്ടില്‍ മൂര്‍ച്ചക്ക് പോയി, കട്ട പൊളിക്കാന്‍ പോയി, ആശുപത്രിയില്‍ തൂപ്പ് പണിക്ക് പോയി, ടൈപ്പ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിപ്പിക്കാന്‍ പോയി, ടെലിഫോണ്‍ ബൂത്തില്‍ ഇരിക്കാന്‍ പോയി, നാടന്‍ പണിക്കു പോയി, അങ്ങനെ ഒക്കെ അവരുടെ ജീവിതം മുന്നോട്ടു പോയി. പെരിങ്ങീലിലേക്ക് ആരും കല്യാണം ആലോചിച്ചു വരാത്തത് കൊണ്ട് അവര്‍ മുപ്പത്തി അഞ്ചു, നാല്പതു വയസ്സ് വരെ കല്യാണം കഴിക്കാതെ ഇങ്ങനെ ജോലി ചെയ്തു കൊണ്ടേ ഇരുന്നു. അവസാനം നളിനി കുഞ്ഞമ്മക്ക് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റില്‍ ടൈപ്പിസ്റ്റ് ആയി ജോലി കിട്ടി. അവര്‍ തിരുവനന്തപുരത്ത് ഒരു വീട് വാടകക്കെടുത്തു. അതിന്റെ ഇടയില്‍ ഒരു സ്കൂള്‍ അദ്ധ്യാപകന്‍ അവരെ കല്യാണം കഴിച്ചു. അവരുടെ നാല്പതാമത്തെ വയസ്സിലോ മറ്റോ ആണത്. ഞാനും തിരുവനന്തപുരത്ത് പഠിക്കുന്ന രണ്ടായിരം കാലഘട്ടങ്ങളില്‍ അവരുടെ കൂടെ താമസിച്ചു. എന്റെ അച്ഛനും തിരുവനന്തപുരത്ത് ജോലി ചെയ്യുന്നത് കൊണ്ട് കൂടെ ഉണ്ടായിരുന്നു. അവര്‍ ഞങ്ങള്‍ക്കുള്ള ഭക്ഷണം ഉണ്ടാക്കി തന്നിട്ട് ജോലിക്ക് പോകും. കുറച്ചു കാലം കഴിഞ്ഞു അവര്‍ കാസര്‍ഗോട്ടേക്ക് ട്രാന്‍സ്ഫര്‍ ആയി. അവര്‍ വീട്ടിലേക്ക് പൈസ കൊടുത്തു കൊണ്ടിരുന്നു. കൂടെ താമസിക്കുമെങ്കിലും ഞാനും നളിനി കുഞ്ഞമ്മയും പല കാര്യങ്ങള്‍ക്കും വഴക്കിടുമായിരുന്നു. വളരെ ശക്തമായി തന്നെ.

കാലം ഒരുപാട് കഴിഞ്ഞു. കമല കുഞ്ഞമ്മയെ ഒരാള്‍ കല്യാണം കഴിച്ചു. ഒരു നാടന്‍ പണിക്കാരന്‍. ദളിത്‌ ക്രിസ്ത്യാനി. നളിനി കുഞ്ഞമ്മയുടെ കുട്ടികള്‍ വലുതായി. ഓമനക്കുഞ്ഞമ്മക്ക് നാല്പത്തി അഞ്ചു വയസ്സ് കഴിഞ്ഞെങ്കിലും വിവാഹം ഒന്നും ആയില്ല. ഓമന കുഞ്ഞമ്മക്ക് പയ്യന്നൂരിലെ ആശുപത്രിയില്‍ തൂപ്പ് ജോലി കിട്ടി. ഗവന്മേന്റ്റ് ശമ്പളം. ചെറുതായി പെരിങ്ങീല്‍ ജീവിതം/കുടുംബം പച്ച പിടിച്ചു. പെരിങ്ങീലിന് ഒന്നും തിരിച്ചു നല്‍കാന്‍ കഴിഞ്ഞില്ലെങ്കിലും പെരിങ്ങീല്‍ എന്ന വേര് എന്നെ പിടിച്ചു വലിക്കുന്നത് കൊണ്ട് അവിടത്തേക്ക് കൊല്ലത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം പോകും. അച്ചച്ചനോടും അച്ഛമ്മയോടും ഗണേശേട്ടനോടും ഒക്കെ നന്നായി വഴക്കിടും. തിരിച്ചു പോകുമ്പോ ഒരു അഞ്ഞൂറ് രൂപ അച്ചമ്മക്ക് കൊടുക്കും. “ഓ... എന്റെ മോന്‍ നന്നായി കണ്ടാ മതി” എന്ന് അച്ചമ്മ പറയും.

ഒരിക്കല്‍ അങ്ങനെ മലപ്പുറത്ത് ജോലി ചെയ്തോണ്ടിരിക്കുമ്പോള്‍ ഒരു അര്‍ദ്ധ രാത്രിയില്‍ എനിക്ക് അനിയന്റെ ഒരു ഫോണ്‍ വന്നു. “നളിനിക്കുഞ്ഞമ്മ മരിച്ചു”. ഞാന്‍ ഏറ്റവും അധികം സ്നേഹിച്ച മനുഷ്യരില്‍ ഒരാള്‍ ആയിരുന്നു നളിനിക്കുഞ്ഞമ്മ. ഏറ്റവും കൂടുതല്‍ വഴക്ക് കൂടിയ ആളും. നെഞ്ചു തകര്‍ന്നു പോയി. “എങ്ങനെ?” “ആത്മഹത്യ ആണ്... തീ കൊളുത്തി...”. ജീവിതത്തില്‍ വലിയ ആഘാതങ്ങള്‍ ഉണ്ടാകുമ്പോള്‍ കരയാതിരിക്കുക എന്ന സ്വഭാവം കൂട്ടിപ്പിടിച്ചു അങ്ങനെ മിണ്ടാതെ നിന്നു. പിറ്റേ ദിവസം ഒരു കാറില്‍ കണ്ണൂരേക്ക് യാത്ര തിരിച്ചു. കാര്‍ തലശ്ശേരി ഭാഗത്തെത്തിയപ്പോള്‍ മണിക്കൂറുകള്‍ നീണ്ട ഗതാഗത കുരുക്ക്. അവസാനം അര്‍ദ്ധരാത്രി ആയപ്പോള്‍ നാട്ടില്‍ എത്തി. ദഹിപ്പിക്കുന്നതിന് മുമ്പ് നളിനിക്കുഞ്ഞമ്മയുടെ മുഖം മാത്രം കണ്ടു. നളിനിക്കുഞ്ഞമ്മ പോയി. നാട്ടില്‍ പണി എടുത്ത, ചെറുപ്പത്തില്‍ മിഡി ഉടുത്ത, എന്നെ കുളിപ്പിച്ച, എനിക്ക് സിനിമക്കഥ പറഞ്ഞു തന്ന, എനിക്ക് ചോറ് വെളമ്പിത്തന്ന, ടെലിഫോണ്‍ ബൂത്തില്‍ പണി എടുത്ത, ടൈപ്പിസ്റ്റ് ആയ, രണ്ടു കുട്ടികളെ വളര്‍ത്തിയെടുത്ത നളിനിക്കുഞ്ഞമ്മ പോയി. അവര്‍ എന്തിന് ആത്മഹത്യ ചെയ്തു എന്ന് ഇന്നും ഞാന്‍ ചോദിച്ചിട്ടില്ല. എന്റെ അച്ചമ്മ ആകെ തകര്‍ന്നു. പക്ഷെ ഏഴോ എട്ടോ വര്‍ഷങ്ങള്‍ക്കു ശേഷം, അവര്‍ ഇപ്പോഴും ജീവിക്കുന്നുണ്ട്. അവര്‍ക്കെത്ര വയസ്സായി എന്നറിയില്ല. എങ്ങനെ ഇത്രയധികം ശക്തി അച്ഛമ്മക്ക് എന്ന് അത്ഭുതപ്പെട്ടു പോയിട്ടുണ്ട്. പിന്നെ കുറെക്കാലം കഴിഞ്ഞു നളിനിക്കുഞ്ഞമ്മയുടെ ഭര്‍ത്താവും മരിച്ചു. അവരുടെ കുട്ടികള്‍ക്ക് ആരും ഇല്ലാതായപ്പോള്‍ ഓമന ക്കുഞ്ഞമ്മ അവരുടെ കാര്യങ്ങള്‍ നോക്കി നടത്താന്‍ തുടങ്ങി. കാലം അങ്ങനെ മുന്നോട്ടു പോയി. ചിലരുടെ ജീവിതങ്ങള്‍ സൂര്യനേക്കാള്‍ ചൂടുള്ള മഴക്കാലങ്ങള്‍ ആയി മുന്നോട്ടു പോയിക്കൊണ്ടേ ഇരിക്കുന്നു.


Next Story

Related Stories