TopTop
Begin typing your search above and press return to search.

ഞാന്‍ ടി.പിയുടെ ഭാര്യയാണ്; ഞരമ്പുകളിലോടുന്നത് കമ്യൂണിസ്റ്റ് രക്തവും - കെ കെ രമ

ഞാന്‍ ടി.പിയുടെ ഭാര്യയാണ്; ഞരമ്പുകളിലോടുന്നത് കമ്യൂണിസ്റ്റ് രക്തവും - കെ കെ രമ

ബുധനാഴ്ചയാണ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ വിധി പറയുന്നത്. രമയ്ക്ക് പോലീസ് സംരക്ഷണം നല്കാന്‍ കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശം നല്കിയിരുന്നു. ടി.പി വാദക്കേസില്‍ വിധി എന്തായാലും അവസാനം വരെ പോരാടുമെന്നാണ് രമ പറയുന്നത്. അഴിമുഖം പ്രതിനിധി സഫിയ ഓ സി കഴിഞ്ഞ ദിവസം രമയെ കണ്ടപ്പോള്‍.


വൈകുന്നേരമാണ് കെ കെ രമ കാണാമെന്ന് പറഞ്ഞത്. ജോലി കഴിഞ്ഞ് എത്തുമ്പോള്‍ ആറ് മണിയാകും. കണ്ണൂക്കര കഴിഞ്ഞ് ഒഞ്ചിയം സഹകരണ ബാങ്കിന്‍റെ അടുത്തെത്തിയപ്പോള്‍ മേധാ പട്കര്‍ക്ക് സ്വാഗതം എന്നെഴുതിയ ബോര്‍ഡ് കണ്ടു. ഈ അടുത്താണ് മേധാ പട്ക്കര്‍ രമയെ സന്ദര്‍ശിക്കാന്‍ ഒഞ്ചിയത്ത് എത്തിയത്. ഞങ്ങളുടെ കാര്‍ ടി പി ചന്ദ്രശേഖരന്റെ വീട്ടിനടുത്തെത്തിയപ്പോള്‍ ഒരു പോലീസ് ജീപ്പ് അവിടെ കിടക്കുന്നുണ്ട്. അവര്‍ കാറിനകത്തേക്ക് സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു. അടുത്തിടെ കെ കെ രമയ്ക്ക് വന്ന ഭീഷണിക്കത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പോലീസിനെ നിയോഗിച്ചിരിക്കുകയാണ്. ടി പിയുടെ വീട്ടില്‍ അദ്ദേഹത്തിന്‍റെ അമ്മയും അടുത്ത വീട്ടിലെ ഒരു സ്ത്രീയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപരിചിതരായ ഞങ്ങളെ കണ്ടതുകൊണ്ടോ എന്തോ എന്നറിയില്ല വല്ലാത്തൊരു പേടി ആ അമ്മയുടെ മുഖത്തുണ്ടായിരുന്നു. രമ പറഞ്ഞിട്ടു വന്നതാണെന്ന് പറഞ്ഞപ്പോള്‍ എന്തോ അവര്‍ക്ക് സമാധാനമായതുപോലെ തോന്നി. “രമയെ വിളിച്ചിനാ... ഓളേടെ എത്തി?” വടകരയില്‍ നിന്ന് ബസില്‍ കേറിയിട്ടുണ്ടെന്ന് ഞങ്ങളുടെ കൂടെ വന്ന നാദാപുരം കല്ലാച്ചി കോടതിയിലെ അഡ്വക്കേറ്റ് എം സിജു പറഞ്ഞു. അത് കേട്ടപ്പോള്‍ എന്തോ സമാധാനമായത് പോലെ അവര്‍ അകത്തേക്ക് പോയി കിടന്നു. “ ടി പി കൊല്ലപ്പെട്ടതിന് ശേഷം അമ്മ ഇങ്ങനെയാ. രമ വരുന്നവരെ അമ്മയ്ക്ക് ഇരിപ്പുറക്കില്ല.” കൂട്ടിരിക്കുന്ന സ്ത്രീ പറഞ്ഞു.


ഇതിനിടയില്‍ രണ്ട് പോലീസുകാര്‍ വീടിന്നടുത്തേക്ക് നടന്നു വന്നു. ഞങ്ങളെയും ഞങ്ങള്‍ വന്ന കാറുമൊക്കെ നോക്കീട്ട് അവരങ്ങു പോയി.

കുറച്ചു കഴിഞ്ഞപ്പോള്‍ അമ്മ വീണ്ടും പുറത്തു വന്നു. “രമ ഏടെ എത്തി..?” ഇരുട്ടുംതോറും ആ അമ്മയ്ക്ക് പേടിയാകുന്നുണ്ടായിരുന്നു. “കണ്ണൂക്കര എത്തി”. സമാധാനിപ്പിക്കാന്‍ ഒരു കളവ് പറഞ്ഞു. കുറച്ചു സമയം ഞങ്ങളോടൊപ്പം ഉമ്മറത്തിരുന്ന അവര്‍, പെട്ടെന്നു ഒന്നും പറയാതെ മുറ്റത്തേക്കിറങ്ങി. കൂടെ നില്‍ക്കുന്ന സ്ത്രീ എങ്ങോട്ടാ പോകുന്നേന്ന് ചോദിച്ച് പിന്നാലെ പോയി. ഒന്നും മിണ്ടാതെ വീടിനോട് ചേര്‍ന്നുള്ള ടി പി സ്മാരകത്തിലെ ലൈറ്റിട്ട് അവര്‍ തിരിച്ചു നടന്നു. “എന്നോട് പറഞ്ഞാ പോരേ... ഞാനിടില്ലേ ലൈറ്റ്?” എന്നു പറഞ്ഞ് അവര്‍ അമ്മയുടെ കൈ പിടിച്ച് അകത്തേക്ക് കൊണ്ടുപോയി.


കുറച്ചു കഴിഞ്ഞപ്പോള്‍ രമ എത്തി. സ്വതസിദ്ധമായ ചിരി ആ മുഖത്തുണ്ടായിരുന്നു. “ സോറി കേട്ടാ. കൊറേ നേരമായല്ലേ വന്നിട്ട്..?”തുടര്‍ന്നു സിജുവുമായി ടി പി കേസിന്‍റെ കാര്യങ്ങള്‍ സംസാരിച്ചു. ടി പി കേസില്‍ രമയ്ക്ക് വേണ്ടി ഹാജരാകുന്ന അഡ്വ. കുമാരന്‍ കുട്ടിയുടെ ടീമില്‍ സിജു ഉണ്ട്. ടി പിയെ വധിക്കുന്നത് വരെ സജീവ സി പി ഐ എം പ്രവര്‍ത്തകനായിരുന്നു സിജു. നേരത്തെ എസ് എഫ് ഐ നാദാപുരം ഏരിയ സെക്രട്ടറിയും തലശേരി ബ്രണ്ണന്‍ കോളേജ് യൂണിയന്‍ ചെയര്‍മാനുമൊക്കെയായിരുന്നു. ടി പി കുടുംബസഹായ ഫണ്ട് പിരിക്കാന്‍ നേതൃത്വം കൊടുത്തു എന്ന കാരണം പറഞ്ഞ് സി പി ഐ എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ടു.

സ്വീകരണ മുറിയില്‍ ഞങ്ങളോടു ഇരിക്കാന്‍ പറഞ്ഞ് അവര്‍ അന്ന് വന്ന ചില കത്തുകള്‍ എടുത്തുനോക്കി. ഞങ്ങള്‍ക്ക് ചോദ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. കുറച്ചു സംസാരിച്ച് പിരിയുക, അത്രമാത്രമേ ഉദ്ദേശമുണ്ടായിരുന്നുള്ളൂ. വന്നുകൊണ്ടിരിക്കുന്ന ഭീഷണികത്തുകളെ കുറിച്ചായിരുന്നു അവര്‍ പറഞ്ഞു തുടങ്ങിയത്.

ഇന്നിപ്പോള്‍ ഞാന്‍ വായിച്ചു വെച്ചതും ഒരു ഭീഷണിക്കത്താണ്. അവരിപ്പോള്‍ വളരെ മോശമായ ഭാഷയൊക്കെ ഉപയോഗിച്ച് സംബോധന ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. എന്നെ മാനസികമായി തളര്‍ത്തുകയാണ് ലക്ഷ്യം. ഞാന്‍ ടി പിയുടെ ഭാര്യയല്ലേ. കമ്യൂണിസ്റ്റ്കാരനായ അച്ഛനെ കണ്ടാണ് ഞാന്‍ വളര്‍ന്നത്. എന്‍റെ ഞരമ്പുകളിലോടുന്നത് കമ്യൂണിസ്റ്റ് രക്തമാണ്. തീയില്‍ കുരുത്തത് വെയിലത്ത് വാടില്ലെന്ന് പറയാറില്ലേ?


ഞാന്‍ കുട്ടിക്കാലം മുതലേ കണ്ടു തുടങ്ങിയത് കമ്യൂണിസ്റ്റ് രാഷ്ട്രീയമായിരുന്നു. അച്ഛന്‍ സജീവ പ്രവര്‍ത്തകന്‍. ചേച്ചി എസ് എഫ് ഐയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവം. സ്കൂളില്‍ പഠിക്കുമ്പോഴോന്നും വലിയ രാഷ്ട്രീയ ആഭിമുഖ്യമൊന്നും എനിക്കുണ്ടായിരുന്നില്ല. കലാ പ്രവര്‍ത്തനങ്ങളിലൊക്കെ താത്പര്യമുള്ള കുട്ടി. എങ്കിലും അപ്പോഴും പെണ്‍കുട്ടികള്‍ സമൂഹത്തില്‍ മുന്നിട്ടിറങ്ങണം എന്നൊക്കെയുള്ള ചിന്ത എന്റെയുള്ളില്‍ ഉണ്ടായിരുന്നു. ഗുരുവായൂരപ്പന്‍ കോളേജില്‍ എത്തിയപ്പോഴാണ് സജീവ എസ് എഫ് ഐ രാഷ്ട്രീയത്തില്‍ എത്തിയത്. അത് വളര്‍ന്ന് സംസ്ഥാന നേതൃത്വം വരെയെത്തി.

ചന്ദ്രേട്ടനെ കല്യാണം കഴിച്ചതിന് ശേഷം ഞാന്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്ന് മാറി നിന്നു. പൂര്‍ണ്ണമായും അല്ല. പ്രാദേശികമായി മഹിളാ പ്രവര്‍ത്തനത്തിലൊക്കെ ഉണ്ടായിരുന്നു. യാഥാര്‍ഥത്തില്‍ ചന്ദ്രേട്ടന്‍റേ കൂടെയുള്ള ജീവിതം ഓരോ നിമിഷവും ഞാന്‍ ആസ്വദിക്കുകയായിരുന്നു. അതിനു വേണ്ടിയാണ് ഞാന്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറി നിന്നത്. അത് എന്‍റെ മാത്രം തീരുമാനമായിരുന്നു. വീടും കുടുംബവും നോക്കി തിരക്കുകളില്ലാത്ത സന്തോഷകരമായ ഒരു ജീവിതം. അതെന്‍റെ സ്വാര്‍ഥതയും കൂടിയായിരുന്നു.


തിരക്ക് പിടിച്ച രാഷ്ട്രീയ ജീവിതത്തിനിടയിലും കുടുംബത്തിന്‍റെ എല്ലാ ഉത്തരവാദിത്തങ്ങളും ചന്ദ്രേട്ടന്‍ അറിഞ്ഞ് ചെയ്തിരുന്നു. ചന്ദ്രേട്ടന്‍റേ ടൈം മാനേജ്മെന്‍റ് എന്നെ അത്ഭുതപ്പെടുത്താറുണ്ട്. നീ ഒരു സാധാരണ പെണ്ണ് മാത്രമാകരുതെന്ന് എപ്പോഴും പറയുമായിരുന്നു. എനിക്കറിയില്ല, ഞാന്‍ എങ്ങനെയാണ് അത് നിങ്ങളോട് പറയുക എന്ന്‍. അത്രയധികം ഞാന്‍ അദ്ദേഹമൊത്തുള്ള ജീവിതത്തില്‍ സന്തോഷവതിയായിരുന്നു. അത്രയേറെ നല്ല മനുഷ്യനായിരുന്നു ചന്ദ്രേട്ടന്‍. ഇങ്ങനെയുള്ള മനുഷ്യനെ അവരെന്തിനാണ് ഇല്ലായ്മ ചെയ്തതെന്ന് എത്ര ആലോചിച്ചിട്ടും എനിക്കു ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല.

എല്ലാ പ്രായക്കാരോടും ചന്ദ്രേട്ടന്‍ ഇടപെടുന്നത് കാണുമ്പോള്‍ ഞാന്‍ ചോദിക്കാറുണ്ട് എങ്ങനെയാ ചന്ദ്രേട്ടന് കുട്ടികളോടും പ്രായമായവരോടും ഒരുപോലെ കമ്യൂണികേറ്റ് ചെയ്യാന്‍ കഴിയുന്നതെന്ന്. നാട്ടില്‍ കല്യാണമോ മരണമോ എന്തുണ്ടായാലും ആദ്യാവസാനക്കാരനായി ചന്ദ്രേട്ടന്‍ അവിടെ ഉണ്ടാവും. അവസാനം എല്ലാ കഴിഞ്ഞു തളര്‍ന്ന് ഒരു വരവുണ്ട്. ഞാനൊരിക്കലും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിന് എതിരല്ല. പലപ്പോഴും രാത്രി വൈകിയാണ് വരാറ്. അതെനിക്ക് മനസിലാക്കാന്‍ കഴിഞ്ഞത് ഞാനും കമ്യൂണിസ്റ്റ് പശ്ചാത്തലത്തില്‍ നിന്ന് വന്നത് കൊണ്ടായിരിക്കാം.


(സംസാരിച്ചിരിക്കുന്നതിനിടയില്‍ നേരത്തെ മടപ്പള്ളി കോളേജില്‍ പഠിച്ച എസ് എഫ് ഐ നേതാവ് ഷാജിയും കുടുംബവും രമയെ കാണാനെത്തി. ഉപ്പയും ഉമ്മയും ഭാര്യയും കുട്ടികളുമൊത്താണ് വന്നിരിക്കുന്നത്. ഷാജി ഗല്‍ഫിലാണ്. അടുത്ത ദിവസം തിരിച്ചു പോവുകയാണ്. ആ ഉമ്മ രമയെ ചേര്‍ത്ത് പിടിച്ചു. രമയോട് ഇനിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചാണ് ഷാജി പോയത്)

ചന്ദ്രേട്ടന്‍ ആദ്യമൊക്കെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് കൊണ്ട് തന്നെ തിരുത്താന്‍ ശ്രമിച്ചിരുന്നു ഒരുപാട്. പിന്നീട് തീരെ നിവൃത്തിയില്ലാതെ വന്നപ്പോഴാണ് ആര്‍ എം പി രൂപീകരിക്കുന്നത്. ആദ്യം എനിക്ക് കടുത്ത എതിര്‍പ്പായിരുന്നു. സി പി ഐ എം പോലുള്ള പ്രസ്ഥാനത്തില്‍ നിന്ന് പുറത്തു വന്നിട്ട് അതിനെ എതിര്‍ത്താല്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് എനിക്കുറപ്പായിരുന്നു. ജീവഹാനി തന്നെ സംഭവിക്കുമെന്ന് ഞാന്‍ ഭയന്നിരുന്നു. പിന്നീട് ആര്‍ എം പിയെ ഇവിടത്തെ ജനങ്ങള്‍ അംഗീകരിച്ചപ്പോള്‍ എന്തുകൊണ്ടും ഇങ്ങനെയൊരു പ്രസ്ഥാനം അനിവാര്യമാണെന്ന് എനിക്ക് തോന്നി. എന്നാലും അന്നും ഞാന്‍ സജീവമായി ആര്‍ എം പിയില്‍ പ്രവര്‍ത്തിച്ചിരുന്നില്ല.

കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ തിരിച്ചുപിടിച്ചുകൊണ്ട് ഒരു ജനകീയ രാഷ്ട്രീയ പ്രസ്ഥാനമാക്കി ഇതിനെ മാറ്റുക എന്നതായിരുന്നു ആര്‍ എം പിയുടെ ലക്ഷ്യം. അങ്ങനെയൊരു വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടോടെയായിരുന്നു ചന്ദ്രേട്ടന്‍ സി പി ഐ എമ്മില്‍ നിന്ന് ഇറങ്ങിപ്പോന്നത്. ഇപ്പോള്‍ ആം ആദ്മി ഉണ്ടായതുപോലെ വൈകാരികമായി പെട്ടെന്നുണ്ടാകേണ്ട ഒന്നല്ല ഒരു ബദല്‍ രാഷ്ട്രീയ പ്രസ്ഥാനം. കൃത്യമായ നയപരിപാടികളോടെ ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ച് പതുക്കെ വളരേണ്ടതാണ് അത്. അത് സംഭവിക്കുക തന്നെ ചെയ്യും. തിരഞ്ഞെടുപ്പ് ഞങ്ങളുടെ ലക്ഷ്യമല്ല. ആശയ പ്രചരണത്തിനുള്ള മാധ്യമം മാത്രമാണ്. ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കുന്നിടത്തെല്ലാം ആര്‍ എം പി മത്സരിക്കും. ഇക്കാര്യങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്തു തീരുമാനിക്കും.

കണ്ണൂരിലാണ് സി പി ഐ എം ഏറ്റവും സ്ഥാപനവത്ക്കരിക്കപ്പെട്ടിരിക്കുന്നത്. അവിടുന്നാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ നമ്മളുമൊത്ത് പ്രവര്‍ത്തിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചു വന്നിരിക്കുന്നത്. പ്രത്യക്ഷത്തില്‍ വരാന്‍ ഇപ്പോള്‍ ചിലര്‍ക്ക് മടിയുണ്ട്. സി പി എമ്മിനെ അതിനകത്ത് നിന്ന് തിരുത്താം എന്ന പ്രതീക്ഷ പലര്‍ക്കും നഷ്ടപ്പെട്ടിരിക്കുന്നു.

ടിപി ആഗ്രഹിക്കുന്നത് ഞാനീ പ്രസ്ഥാനവുമായി മുന്‍പോട്ടു പോകണമെന്നാണ്. അങ്ങനെയല്ലെങ്കില്‍ ഞാന്‍ ടി പിയുടെ ഭാര്യ എന്നു പറഞ്ഞ് ജീവിച്ചിരിക്കുന്നതില്‍ എന്തു പ്രസക്തിയാണുള്ളത്. ടി പിയുടെ മരണത്തിന് ശേഷവും ആര്‍ എം പിയുമായി എനിക്ക് മുന്‍പോട്ടുപോകാനുള്ള ധൈര്യം ലഭിച്ചത് ടി പി നല്കിയ ഊര്‍ജത്താലാണ്. ചന്ദ്രേട്ടന്‍ ഇല്ലാതായതാണ് എനിക്ക് സംഭവിച്ച ഏറ്റവും വലിയ ദുരന്തം. ഇതില്‍ കൂടുതല്‍ എനിക്കൊന്നും സംഭവിക്കാനില്ല. അതുകൊണ്ടു എനിക്ക് എന്തു സംഭവിച്ചാലും പ്രസ്ഥാനവുമായി മുന്‍പോട്ടു പോകും.

കേസിന്‍റെ വിധിയെയാണ് പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. എന്തു ശിക്ഷകിട്ടും., എല്ലാ പ്രതികളെയും ശിക്ഷിക്കുമോ എന്നൊന്നും അറിയില്ല. അതെന്തായാലും നേരിടാനുള്ള കരുത്ത് എനിക്കിപ്പോഴുണ്ട്. അവസാന ശ്വാസം വരെയും നിയമ പോരാട്ടവുമായി മുന്‍പോട്ടു പോകും.

യാത്ര പറഞ്ഞിറങ്ങുമ്പോള്‍ രമ പറഞ്ഞു. "സ്വന്തമായൊരു വീട് ടി പിയുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. വലിയ വീടൊന്നും വേണ്ടന്നു പറയുമായിരുന്നു. പക്ഷേ എല്ലാവര്ക്കും വന്ന് മീറ്റിംഗ് കൂടാനും മറ്റും സൌകര്യം വേണമെന്നു നിര്‍ബന്ധമായിരുന്നു. ദൂരെ നിന്നുള്ളവര്‍ നമ്മുടെ നാട്ടില്‍ വന്നിട്ട് ഹോട്ടലില്‍ മുറിയെടുക്കേണ്ടി വരരുത് എന്നൊക്കെ പറയുമായിരുന്നു..."


Next Story

Related Stories