TopTop
Begin typing your search above and press return to search.

സഖാവേ, അതൊരു ഓലപ്പടക്കമാണ്!

സഖാവേ, അതൊരു ഓലപ്പടക്കമാണ്!

സാജു കൊമ്പന്‍കഴിഞ്ഞ ദിവസം (ജനുവരി 18) തിരുവനന്തപുരം ശാസ്തമംഗലത്തെ ഒരു പച്ചക്കറിക്കടയില്‍ അല്പം 'വിലകൂടിയ' പച്ചക്കറികള്‍ വാങ്ങാന്‍ വന്നതായിരുന്നു. പെട്ടെന്നാണ് ജംഗ്ഷനിലെ ആലിന്‍ ചുവട്ടില്‍ നിന്ന് ഒരു സ്ഫോടന ശബ്ദം. ഞാനൊന്നു ഞെട്ടി. അപ്പോള്‍ കടക്കാരന്‍ പറഞ്ഞു, “സഖാവേ, അതൊരു ഓലപ്പടക്കമാ... സമരത്തിന്‍റെയാ...” അതുകേട്ടപ്പോള്‍ അറിയാതെ ഞാനൊന്നു ചിരിച്ചു പോയി. “എന്താ... സഖാവെ ചിരിക്കുന്നെ?” അയാള്‍ക്കത്ര ഇഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു. ശ്രമപ്പെട്ട് ചിരിയടക്കി ഞാനവിടുന്നു പതുക്കെ വലിഞ്ഞു.സത്യം പറഞ്ഞാല്‍ സമരത്തോടുള്ള പുച്ഛം കൊണ്ടല്ല ഞാന്‍ ചിരിച്ചത്. ജനുവരി 15-നു സമരം ഉദ്ഘാടനം ചെയ്ത് കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പ്രസംഗം ഓര്‍മ വന്നതാണ് ചിരിക്ക് കാരണം. കോടിയേരി പറഞ്ഞതിതാണ്, “എല്ലാ സമരങ്ങളും വിജയിക്കണമെന്നില്ല. ചില സമരങ്ങള്‍ അമര്‍ന്നു കത്തും. ചിലവ ആളിക്കത്തും. അമര്‍ന്നു കത്തുന്ന സമരങ്ങള്‍ പിന്നീട് വലിയ സ്ഫോടനമാകും. ആ സ്ഫോടനത്തില്‍ യുപിഎ ഗവണ്‍മെന്‍റും ഉമ്മന്‍ ചാണ്ടി ഗവണ്‍മെന്‍റും തകര്‍ന്നു വീഴും”. കോടിയേരി പറഞ്ഞ ആ സ്ഫോടനമായിരിക്കും ഇവിടെ ശാസ്തമംഗലത്ത് കേട്ടത്.നാട്ടില്‍ പണ്ട് ചില നിഷ്പക്ഷമതികള്‍ പറയുമായിരുന്നു. “ഇടതുപക്ഷക്കാര്‍ പ്രതിപക്ഷത്തിരിക്കുന്നതാ നല്ലത്. സമരം ചെയ്ത് ഭരണക്കാരെ നേരെ നടത്താന്‍ അവര്‍ക്കേ പറ്റൂളൂ.” ഇനി അങ്ങനെയൊരു വര്‍ത്തമാനം നാട്ടില്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല. കാരണം ഇടതുപക്ഷം നടത്തുന്ന ഓരോ സമരവും പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. അനധികൃതമായി സ്വകാര്യ വ്യക്തികള്‍ കൈവശം വെച്ചിരിക്കുന്ന മിച്ചഭൂമി പിടിച്ചടക്കല്‍ സമരം, പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ല എന്നു പറഞ്ഞ് ഇടതു സര്‍ക്കാര്‍ ജീവനക്കാരുടെ സമരം, സെക്രട്ടറിയേറ്റ് ഉപരോധം അടക്കം കേരളം ഇത് വരെ ദര്‍ശിച്ചിട്ടില്ലാത്ത സമര മുറകള്‍ പരീക്ഷിച്ച സോളാര്‍ സമരം, ഇപ്പോഴിതാ ഗ്യാസ് വില വര്‍ദ്ധനവ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ടുള്ള അനിശ്ചിതകാല നിരാഹാര സമരം.

നേരത്തെ, പരാജയപ്പെട്ട സമരങ്ങളെയും വാദിച്ചു വിജയമാക്കിയിരുന്ന ഇടതുപക്ഷം ഇപ്പോള്‍ അത്ര ആത്മവിശ്വാസം പ്രകടിപ്പിക്കുന്നില്ല. കാരണം സോളാര്‍ സമരം തന്നെ. പല ഘട്ടങ്ങളിലായി മുന്നേറിയ സോളാര്‍ സമരം സന്ധ്യ എന്ന വീട്ടമ്മയുടെ ശകാരത്തിന് മുന്‍പിലാണ് പതറിപ്പോയത്. സന്ധ്യ രംഗപ്രവേശനം ചെയ്യുന്നതിന് മുന്‍പുതന്നെ നാട്ടുകാര്‍ ചോദിക്കാന്‍ തുടങ്ങിയിരുന്നു, ഈ സമരം എങ്ങോട്ടേക്കാണിവര്‍ കൊണ്ട് പോകുന്നതെന്ന്. വാള്‍സ്ട്രീറ്റ് മോഡല്‍ സമരമെന്നൊക്കെ വിഷേശേഷിക്കപ്പെട്ട സെക്രട്ടേറിയേറ്റ് ഉപരോധത്തിന് അപ്രതീക്ഷമായ അവസാനമായിരുന്നു. അതിനു ശേഷം ജനസമ്പര്‍ക്ക പരിപാടി തടയലും മുഖ്യമന്ത്രിയെ ബഹിഷ്ക്കരിക്കലുമൊക്കെ ചടങ്ങുകളായി മാറി. ഇതിനിടയില്‍ മുഖ്യമന്ത്രിയുടെ വസതി ഉപരോധിക്കുന്നതിലെ ജനാധിപത്യ വിരുദ്ധതയും ചര്‍ച്ചാവിഷയമായി. ഒടുവില്‍ സമരം നിയമസഭയില്‍ തുടരുമെന്ന് പറഞ്ഞാണ് ആ സമരവും ഉപേക്ഷിച്ചത്. ഭരണവും സമരവും എന്ന പഴയ തന്ത്രം.ആദ്യമൊക്കെ ഇന്ധനവില വര്‍ദ്ധിപ്പിക്കുന്നു എന്നു കേള്‍ക്കുമ്പോള്‍ ഹര്‍ത്താലും പണിമുടക്കും പ്രഖ്യാപിക്കുന്നവരാണ് ഇടതുപക്ഷം. ഇപ്പോള്‍ വില വര്‍ദ്ധനവ് നിത്യസംഭവമായതിനാല്‍ അങ്ങനെ സമരം ചെയ്യാന്‍ പറ്റാതായി. അങ്ങിനെയാണ് ഗ്യാസ് വില വര്‍ദ്ധിപ്പിച്ചപ്പോള്‍ അന്നു ചില പ്രകടന പ്രതിഷേധങ്ങളില്‍ ഒതുക്കി സമരത്തിന് ഒരു തിയ്യതി കുറിച്ചത്. ജനുവരി 15. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍റെ ഫേസ്ബുക്ക് പേജിലെ അഭ്യര്‍ഥനയില്‍ പറയുന്നതു പോലെ, “ജനങ്ങള്‍ ഇന്ന് ഏറ്റവും കൂടുതല്‍ പ്രയാസം അനുഭവിക്കുന്നത് വിലക്കയറ്റം മൂലമാണ്. എല്ലാ മേഖലയിലും കുതിച്ചുയരുന്ന വിലക്കയറ്റം തടയണമെന്നാവശ്യപ്പെട്ട് സിപിഐ എം സഹന സമരം തുടങ്ങുകയാണ്. ഒരേ സമയം 1400 കേന്ദ്രത്തില്‍ നടക്കുന്ന നിരാഹാര സമരം കേരളത്തിന്റെ പോരാട്ട ചരിത്രത്തിലെ പുതിയ അനുഭവമാകും.
ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് സി പി ഐ എം നേതൃത്വം നല്‍കുന്ന സമര രംഗത്തേക്ക് പതിനായിരങ്ങളാണ് ഒഴുകിയെത്തുക. പാചകവാതക വില വീണ്ടും വര്‍ധിപ്പിക്കാന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുന്നു. നിത്യോപയോഗ സാധനങ്ങളുടെയും പച്ചക്കറികളുടെയും തീവില അടുക്കളകളില്‍ രോഷം തിളപ്പിക്കുകയാണ്.
ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങള്‍ കാണാന്‍ പോലും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തായാറാകുന്നില്ല. ദ്രോഹം തുടരുകയും ചെയ്യുന്നു. ജനങ്ങള്‍ക്ക് മുന്നില്‍ സമരമല്ലാതെ മാര്‍ഗമില്ല.ജനുവരി 15നു ആരംഭിച്ച സമരം ജനുവരി 18 -ന് അവസാനിച്ചു. കുറ്റം പറയരുതല്ലോ, മോശമല്ലാത്ത ജനശ്രദ്ധ സമരത്തിന് കിട്ടുകയും ചെയ്തിരുന്നു. എന്നാല്‍ ഉപരോധ സമരത്തിന് സംഭവിച്ചതുപോലെ തങ്ങള്‍ ആവശ്യപ്പെട്ടതില്‍ പാതി സര്‍ക്കാര്‍ അംഗീകരിച്ചു എന്നു പറഞ്ഞ് സിപിഐ എം നിരാഹാര സമരവും അവസാനിപ്പിക്കുകയായിരുന്നു. പിണറായി വിജയന്‍ കണ്ണൂരില്‍ വാര്‍ത്താ സമ്മേളനം നടത്തിയാണ് സമരം അവസാനിപ്പിക്കുന്ന കാര്യം പ്രഖ്യാപിച്ചത്.

"സബ്സിഡി പാചകവാതക സിലിണ്ടറുകളുടെ എണ്ണം ഒമ്പതില്‍നിന്ന് 12 ആക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ഈ ആവശ്യമുന്നയിച്ച് സിപിഐ എം നടത്തി വരുന്ന നിരാഹാര സമരം അവസാനിപ്പിക്കുയാണ്. രാജ്യമെങ്ങുനിന്നും ഉയര്‍ന്ന് വന്ന ജനകീയ പ്രതിഷേധങ്ങള്‍ തന്നെയാണ് തെറ്റു തിരുത്തുവാന്‍ കേന്ദ്ര സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കിയത്. സിലിണ്ടറുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനാവില്ലെന്ന് നിലപാടെടുത്തിരുന്ന കേന്ദ്ര മന്ത്രി വീരപ്പമൊയ്ലിക്ക് തന്നെ അവസാനം ജനങ്ങളുടെ ആവശ്യം അംഗീകരിക്കേണ്ടി വന്നു. എന്നാല്‍ വിലക്കയറ്റം, സബ്സിഡിക്ക് ആധാര്‍ നിര്‍ബന്ധം തുടങ്ങിയ ആവശ്യങ്ങളില്‍ ഇനിയും യുക്തമായ തീരുമാനം വരേണ്ടതുണ്ട്. പാചക വാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ചത്തില്‍ വ്യാപകമായി അസംതൃപ്തിയുണ്ടായിരുന്നു. അതാണ് 1400 കേന്ദ്രങ്ങളിലായി നടന്ന നിരാഹാര സമരത്തെ ജനകീയമാക്കിയത്”.കേന്ദ്ര മന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണത്തിനു പിന്നാലെ ഓടുന്നതിനിടയില്‍ രാത്രി ഒന്പതു മണിക്കുള്ള ചാനലുകളുടെ പോസ്റ്റ്മോര്‍ട്ടം ചര്‍ച്ചയില്‍ സമരം പരാജയമോ വിജയമോ എന്ന ഇഴ കീറി പരിശോധന ഉണ്ടാവില്ല എന്ന കാര്യത്തില്‍ സിപിഐ എമ്മിന് ആശ്വസിക്കാം.പിന്‍കുറിപ്പ്: എന്തായാലും ഇനി ഒരു കാര്യമേ ഇനി അറിയാനുള്ളൂ. ജനങ്ങള്‍ക്കിഷ്ടപ്പെട്ടത് ഏത് നാടകമാണെന്നതാണത്. എഐസിസി സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി കളിച്ച നാടകമോ അതോ 1400 കേന്ദ്രങ്ങളില്‍ സിപിഐ എം നടത്തിയ തെരുവ് നാടകമോ?Next Story

Related Stories