TopTop
Begin typing your search above and press return to search.

വധൂവരന്‍മാരുടെ ശ്രദ്ധയ്ക്ക് അഥവാ കമ്പോള നിലവാരം

വധൂവരന്‍മാരുടെ ശ്രദ്ധയ്ക്ക് അഥവാ കമ്പോള നിലവാരം

സ്‌കൂള്‍ മുതല്‍ ഇങ്ങോട്ട് കൂടെ പഠിച്ച കൂട്ടുകാരികളൊക്കെ നാട്ടുനടപ്പനുസരിച്ച് തങ്ങളുടെ ജീവിതത്തിലെ പവിത്രവും സുന്ദരവുമായ മുഹൂര്‍ത്തങ്ങള്‍, ലാലേട്ടന്‍ പറഞ്ഞു തരുന്ന പ്രകാരം ആചാര, ആഘോഷങ്ങളോട് കൂടി നടത്തി തുടങ്ങിയിരിക്കുന്നു. രാവിലെ ചായക്കൊപ്പം കിട്ടുന്ന ഫേസ്ക്ക്ബുക്ക് നോട്ടിഫിക്കേഷനുകളില്‍ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ചെയ്ഞ്ചും കല്യാണ ആല്‍ബങ്ങളും അല്ലാത്തവ കണ്ടുപിടിക്കാന്‍ തന്നെ പ്രയാസമായി തുടങ്ങി.

ഇതൊക്കെ കണ്ടു ഭ്രാന്ത് പിടിച്ചിരിക്കുന്ന എന്നിലെ അവിവാഹിതയായ യുവതിക്ക് കിട്ടിയ ക്വൊട്ടേഷന്‍ ആണെങ്കിലോ, പുരനിറഞ്ഞു നില്ക്കുന്ന വളഞ്ഞാങ്ങളക്ക് കല്യാണം ആലോചിക്കല്‍! അവധിയുടെ തുടക്കത്തില്‍ മലയാളം പത്രങ്ങളോട് ഉണ്ടാകുന്ന യൂഷ്വല്‍ പ്രേമത്തിന്റെ പുറത്ത് എന്റെ ബ്രോക്കര്‍ പണി ഭാരത് മാട്രിമോണിയില്‍ നിന്നും ഞായറാഴ്ച്ചകളിലെ മാതൃഭൂമി, മനോരമ പത്രങ്ങളിലേക്ക് കേന്ദ്രീകരിപ്പിച്ചു.

അപരിചിതരോട് മിണ്ടരുതെങ്കിലും അപ്പനും അമ്മയും കാണിച്ചു തരുന്ന അപരിചിതനെയോ അപരിചിതയെയോ വിവാഹം കഴിക്കുന്നതില്‍ തെറ്റില്ല എന്നാണല്ലോ ശാസ്ത്രം! അനുയോജ്യമായ ജീവിത പങ്കാളിക്കായി ഒരു വമ്പിച്ച നിരതന്നെയുണ്ട്. എല്ലാവരും 'വെളുത്ത' സുന്ദരിമാരും സല്‍സ്വഭാവികളും. മുസ്‌ലിം സുന്ദരി, വണിക, വൈശ്യ സുന്ദരി, നായര്‍ സുന്ദരി, പെന്തകോസ്തു സുന്ദരി നേഴ്‌സ്, എസ് സി സുന്ദരി, ക്രിസ്ത്യന്‍ സുന്ദരി! ഇടയില്‍ ബംബര്‍ ഓഫര്‍ പോലെ 'അതീവ സുന്ദരി'കളും ഒളിച്ചിരിപ്പുണ്ട്. കാര്യം എല്ലാവരും സുന്ദരിമാരാണെങ്കിലും ജാതി - ഉപജാതി ലേബലുകള്‍ വിട്ടുകളിക്കുന്നവരല്ല. എത്ര തപ്പിയിട്ടും ഒരു സുന്ദരനെ പോലും കാണാനായില്ല. സൗന്ദര്യം വരന്മാര്‍ക്ക് ആവശ്യമേ അല്ലെന്ന് അപ്പോഴാണ് പിടികിട്ടിയത്. അതോ ലേബല്‍ വേണ്ടാത്തവിധം എല്ലാവരുമങ്ങ് സുന്ദരന്മാരായി പോയതാണോ! ഏഴിലും എട്ടിലും ചൊവ്വയും ശനിയും ഉള്ളവരും, ഒന്നും രണ്ടും മൂന്നും ചെറുതും വലുതുമായ പാപങ്ങള്‍ പേറുന്നവരും ഒക്കെ പരസ്പരം തിരച്ചിലിലാണ്. കൂട്ടത്തില്‍ 'ഹിന്ദുവില്‍ ഏതുമാകാം, ക്രിസ്ത്യാനിയില്‍ ഏതുമാകാം' എന്നൊക്കെ പറയുന്ന ചെറു പുരോഗമനക്കാരും ഉണ്ട്.

'നായര്‍ സുന്ദരി, 25/163, തിരുവോണം, അല്പ്പം ദോഷവും ചേരും (ഉപ്പ് പാകത്തിന്), വരന്റെ ജോലി, വിദ്യാഭ്യാസം, ജില്ല, സാമ്പത്തികം പ്രശ്‌നമല്ല. ജാതക ചേര്‍ച്ച മാത്രം മതി... മുസ്ലിം യുവാവ് വിദേശം, വധുവിന്റെ ജില്ല, വിദ്യാഭ്യാസം പ്രശ്‌നമല്ല. കൊണ്ടുപോകും!' (എങ്ങോട്ട്?). ഇതൊന്നും അല്ലെങ്കില്‍ പിന്നെ എന്താ ശരിക്കും പ്രശ്‌നം? ജാതകം ചേര്‍ന്നാല്‍ വരനോ വധുവിനോ തല ഇല്ലെങ്കില്‍ പോലും പ്രശ്‌നമല്ലല്ലോ.

'ക്രിസ്ത്യന്‍ സുന്ദരി, നേഴ്‌സ്, പുരാതന സമ്പന്ന കുടുംബത്തിലെ ഏകമകള്‍. ക്രിസ്ത്യാനിയില്‍ ഏതും സ്വീകാര്യം.വിദ്യാഭ്യാസം, ജില്ല കാര്യമാക്കുന്നില്ല'. ഇവിടെ അധ്യാപികമാര്‍ക്കും നേഴ്‌സുംമാര്‍ക്കും പ്രത്യേക പരിഗണനയുണ്ട്. കുറച്ച് ശിക്ഷണവും പരിചരണവും ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്! പഴയതാവും തോറും കുടുംബ മഹിമയും കൂടും എന്നത് പറയേണ്ടല്ലോ!

അതിനിടക്കാണ് മര്യാദക്കൊന്നു മൂത്രം ഒഴിക്കാന്‍ പോലും സമയം ഇല്ലാതെ വരുന്നവര്‍ക്കും കല്യാണം കഴിച്ചേ പറ്റൂ എന്ന വാശി! കണ്ടില്ലേ ,'30/ 175 മാര്‍ത്തോമാ യുവാവ്, കുവൈറ്റില്‍ ജോലി, ഫെബ്രുവരി ആദ്യവാരം നാട്ടിലെത്തുന്നു. കല്യാണം ഉടനെ വേണം'

"Financially sound ezhava parents, invites proposals from civil service professionals/doctors/engineers for their daughter doing M.tech having slight papam. Chowa in 8th house along with vyazham. So there is no chowa dosham" ഇത് കണ്ടപ്പോള്‍ തോന്നിയത് ആ ചൊവ്വയും വ്യാഴവും കൂടി വീട്ടിലെങ്ങാനും ഇരുന്നോട്ടെ നമ്മളെന്തിനാ ഇടപെടാന്‍ പോകുന്നത് എന്നാണ്! ഒരുതരത്തില്‍ നോക്കിയാല്‍ ചിരിപ്പിക്കുന്ന വൈരുദ്ധ്യമാണ് ഈ ഹൈ ക്ലാസ്സ് പരസ്യത്തില്‍ കാണുന്നത്. പ്രസ്തുത വരന്മാരെല്ലാം ഉന്നത വിദ്യാഭ്യാസം ലഭിച്ചവരും അനാചാരങ്ങള്‍ക്കും അപരിഷ്‌കൃത ചിന്തകള്ക്കും എതിരായി ചിന്തിക്കേണ്ടവരും ആണെന്നാണല്ലോ പൊതു ധാരണ. ഇതിനെ തകിടം മറിച്ചുകൊണ്ട് ചൊവ്വയും വ്യാഴവും പാപവും ജീവിതം നിര്‍ണയിക്കുന്ന ഡോക്ടര്‍മാരേയും മറ്റും തേടുകയാണ് ഈ പരസ്യം. കല്യാണമാര്‍ക്കറ്റില്‍ പ്രശ്‌നമേതും ഇല്ലാതെ ഈ വൈരുദ്ധ്യങ്ങള്‍ ഒരുമിച്ച് നില്‍ക്കുന്നത് എന്തുകൊണ്ടാണ്?

'35, കാഴ്ച്ചയില്‍ നല്ല ഭംഗിയും സ്വന്തമായി വീടും ബാങ്ക് ബാലന്‍സും ഉള്ള സമ്പന്ന. വരന്റെ പുനര്‍വിവാഹം, ജോലി, സാമ്പത്തികം, പ്രായം, ബാദ്ധ്യതകള്‍ പ്രശ്‌നമല്ല. കുട്ടികള്‍ ഉള്ളതും സ്വീകാര്യം. സാമ്പത്തികമായി സഹായിക്കും'. സ്വന്തമായി ജീവിക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഉള്ള ഒരു സ്ത്രീയെ ഒറ്റയ്ക്ക് ജീവിക്കാന്‍ നമ്മുടെ സമൂഹം അനുവദിക്കില്ലെന്നത് തെളിയിക്കുന്ന പരസ്യങ്ങളാണ് ഇതുപോലെയുള്ളവ. വിദ്യാഭ്യാസവും തൊഴിലും ജീവിക്കാനുള്ള കഴിവും ഉണ്ടെങ്കില്‍ പോലും ഇവരില്‍ പലരും സമൂഹത്തിന്റെ സമ്മര്‍ദം താങ്ങാനാവാതെ ആണ്‍തുണക്കു വേണ്ടി ഒത്തുതീര്‍പ്പിന് തയ്യാറാവുകയായിരിക്കുമോ?

മിശ്രവിവാഹിതരായ മാതാപിതാക്കളാകട്ടെ തങ്ങളില്‍ ഉന്നത ജാതിയില്‍പ്പെട്ടയാളുടെ സമുദായത്തില്‍ നിന്ന് മക്കള്‍ക്ക് വിവാഹമാലോചിക്കുന്നു. അളവിലും തൂക്കത്തിലും കുറവ് വരരുതല്ലോ! വൈകല്യമുള്ളവരോടുള്ള (കുട്ടികള്‍ ഉണ്ടാവാത്തവരോടും) മലയാളിയുടെ നിര്‍ദയമായ സമീപനം വിവാഹ പരസ്യങ്ങളിലും വളരെയധികം പ്രകടമാണ്. വൈകല്യമുള്ളവരെ വിവാഹം ചെയ്യാന്‍ ഒരുപടി കൂടുതല്‍ കാഴ്ചപ്പണം വേണ്ടിവരും. കണ്ടീഷന്‍ മോശമായതും മാനുഫാക്ചറിംഗ് ഡിഫെക്റ്റ് ഉള്ളതുമായ വസ്തുകള്‍ വില്പനക്കാരന് നഷ്ടം ഉണ്ടാക്കുമെന്നല്ലേ മാര്‍ക്കറ്റ് തത്വം!

ജാതി, സാമ്പത്തികം, സൗന്ദര്യം, ജാതക പൊരുത്തം ഇവയെല്ലാം പാകത്തിനുണ്ടെങ്കില്‍ 'മറ്റൊന്നും പ്രശ്‌നമല്ല'ത്തവരാണ് ഒട്ടുമിക്കതും. പരിചയം, മാനസിക അടുപ്പം, പരസ്പരം അംഗീകരിക്കാനുള്ള സന്നദ്ധത, സാഹചര്യങ്ങളെക്കുറിച്ചുള്ള അറിവ്, താത്പര്യങ്ങള്‍ ഇവയൊന്നും ഒരു പൊടിക്കുപോലും മാനണ്ഡങ്ങളാകുന്നില്ല. ജാതിയും സാമ്പത്തികവും നിറവും പൊക്കവും ഒക്കെ അളന്നു തൂക്കി, കൂട്ടുകള്‍ പാകത്തിന് ചേര്‍ത്ത് കറി വെക്കും പോലെയോ സൗകര്യങ്ങള്‍ ഉറപ്പുവരുത്തി വീട് വാങ്ങും പോലെയോ സുന്ദരീ, സുന്ദരന്മാര്‍ പരസ്പരം കച്ചവടത്തില്‍ ഏര്‍പ്പെടുന്നു.

സക്കറിയ പരിചയപ്പെടുത്തിയ ആശാ മാത്യുവിന്റേതു പോലുള്ള ആശങ്കകള്‍ ഇതുപോലെ യാഥാസ്ഥിതിക വിവാഹങ്ങളിലേക്ക് എത്തിപ്പെടുന്ന ഏതു സുന്ദരനും സുന്ദരിക്കും ഉണ്ടാകാവുന്നതല്ലേയുള്ളൂ? ' ...ഇംഗ്ലീഷ് സാഹിത്യം വരെ എനിക്ക് അയാളെ അറിയാം. സൗമനസ്യവും മൃദുത്വവും അറിയാം. അതിന് അപ്പുറത്ത് എന്താണുള്ളത്? അയാളുടെ വീട്ടില്‍ പുസ്തകങ്ങള്‍ ഉണ്ടോ? അതോ പഴയ ഇംഗ്ലീഷ് പാഠപുസ്തകങ്ങളെ ഉള്ളോ? അവിടെ ജനല്‍ തുറന്നിട്ട് കിടക്കാന്‍ സാധിക്കുമോ? ദോശക്കുള്ള ചമ്മന്തിക്ക് അവര്‍ കടുക് പൊട്ടിക്കുമോ?എനിക്ക് അതാണിഷ്ടം... എന്റെ വല്യപ്പച്ചന്‍ മരങ്ങാട്ടുപള്ളിയില്‍ നിന്ന് എന്നെന്നേക്കുമായി കുടിയേറി പാര്‍ത്തതുപോലെ എന്നെന്നേക്കുമായി കുടിയേറി പാര്‍ക്കാന്‍ പോവുകയാണ്. അവിടുത്തെ പറ്റി എനിക്ക് എന്തറിയാം? അവിടെ എന്തൊക്കെയാണ് ഉള്ളത്? അവര്‍ക്ക് പശുക്കളോടും ആടുകളോടും സ്‌നേഹമുണ്ടോ? അവര്‍ക്ക് സ്ത്രീകളോട് സ്‌നേഹവും കൂറും ഉണ്ടോ? അവര്‍ ഞാലിപ്പൂവന്‍ പഴം തിന്നുന്നവരാണോ? ജോലിക്കാരോട് സ്‌നേഹമായി പെരുമാറുന്നവരാണോ?... പട്ടിയെ ആട്ടി ഓടിക്കുന്നവരും പൂച്ചയെ തൊഴിക്കുന്നവരും ആണോ? യാചകരെ പരിഹസിക്കുന്നവരാണോ? വൃത്തിയുള്ള അടിവസ്ത്രങ്ങള്‍ ധരിക്കുന്നവരാണോ?... ജനലുകളും വാതിലുകളും തുറന്നിടുന്നവരാണോ? അവരുടെ പറമ്പിലെ കൃഷികള്‍ എന്തൊക്കെയാണ്? എത്ര മണിക്കാണ് അവര്‍ ഉറങ്ങുന്നത്? എത്ര മണിക്കാണ് എണീല്‍ക്കുന്നത്? കക്കൂസുകള്‍ വൃത്തിയുള്ളതാണോ?' (മന:ശാസ്ത്രജ്ഞനോട് ചോദിക്കാം - സക്കറിയയുടെ കഥകള്‍)

ഈ ആശങ്കകളെ നവ വിവാഹിതര്‍ ഓരോരുത്തരും എങ്ങനെ നേരിടുന്നു എന്ന് ആര്‍ക്കറിയാം! പരിചയവും അടുപ്പവും ഒക്കെ ഉണ്ടെങ്കില്‍ തന്നെ സംഗതി കൈയ്യില്‍ നില്കാന്‍ ബുദ്ധിമുട്ടാണ്.

നാനാത്വത്തിലും ഒരേകത്വം ഉണ്ട്. മതമേതായാലും ജാതിയേതായാലും സാമ്പത്തികാവസ്ഥ എന്തായാലും, വധു വെളുത്ത് മെലിഞ്ഞ സുന്ദരിയും സാമ്പത്തിക ഭദ്രത ഉള്ളവളും ആയേ തീരു. 'സാമ്പത്തിക ഭദ്രത, സ്വന്തം വീട്, ബാങ്ക് ബാലന്‍സ്' ഇവയൊക്കെ പ്രോഡക്റ്റ് സ്വീകരിക്കാന്‍ വേണ്ട കണ്ടിഷന്‍സ് ആണ്. ഇതിലൂടെ പരോക്ഷമായി സ്ത്രീധനത്തിന്റെ വിപണിവില വിളിച്ച് പറയുകയാണ് വിവാഹ പരസ്യങ്ങള്‍. മേല്‍പ്പറഞ്ഞ പ്രോഡക്റ്റ് ഫീച്ചേഴ്‌സ് ഇല്ലാത്തവരൊന്നും അങ്ങനെ ചുളുവില്‍ വധുവാകേണ്ട!

തൊട്ടടുത്ത പേജിലെ അങ്ങാടിനിലവാര സൂചികയില്‍ നിന്ന് വൈവാഹിക പക്തിക്ക് കാര്യമായ വ്യത്യാസമൊന്നുമില്ല. സൂചികയില്‍ നിലവാരം കുറഞ്ഞതും കൂടിയതും ആയ വസ്തുകളെ പോലെ തരാതരം വ്യത്യാസങ്ങളോടുകൂടി നിരത്തിവെക്കപെട്ട വധൂവരന്മാര്‍. വിവാഹപരസ്യങ്ങള്‍ പോലെ മനുഷ്യനെ പല കള്ളികളിലായി വിഭജിച്ച് പ്രദര്‍ശിപ്പിക്കപെടുന്ന മറ്റൊരിടം കാണുകയില്ല.

ഇത്രയും ഒക്കെ ആയ സ്ഥിതിക്ക്, അങ്ങാടി നിലവാരം കുറഞ്ഞാലും വേണ്ടില്ല എനിക്കും ഒരു വരനെ ആവശ്യമുണ്ട്:

മാനദണ്ഡങ്ങള്‍ :

മനുഷ്യനില്‍ ഏതും, ചൊവ്വ, വെള്ളി, വ്യാഴം ദോഷങ്ങള്‍ ഉള്ളവന്‍, കുറഞ്ഞത് 3/4 പാപങ്ങള്‍ ചെയ്തവന്‍, പുരാതന കുടുംബം (പുരാവസ്തു വകുപ്പ് അംഗീകരിച്ചത്), എങ്ങും കൊണ്ടുപോകില്ല, ബാദ്ധ്യതകള്‍ (ആവശ്യത്തിന്).


Next Story

Related Stories