UPDATES

കേരളം

ഞാനെന്തുകൊണ്ട് \’ഇപ്പോള്‍\’ ആം ആദ്മിയില്‍ ചേരുന്നില്ല – സി.ആര്‍ നീലകണ്ഠന്‍

സി.ആര്‍ നീലകണ്ഠന്‍ 
 
ആരെന്തൊക്കെ പറഞ്ഞാലും കേരളത്തില്‍ ആം ആദ്മി പാര്‍ട്ടി വളരുക തന്നെയാണെന്ന് ഉറപ്പിച്ചു പറയാം. പല പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന, നാടു ഭരിക്കുന്ന കക്ഷികളെ പുറന്തള്ളിക്കൊണ്ട്, കോണ്‍ഗ്രസിനേയും ബി.ജെ.പിയേയും തകര്‍ത്തുകൊണ്ട് ഡല്‍ഹിയില്‍ ഇവര്‍ നേടിയ വിജയവും തുടര്‍ന്ന് കുറച്ച് മാസത്തിനകം തന്നെ തങ്ങള്‍ പ്രഖ്യാപിച്ച ചില പ്രധാന വാഗ്ദാനങ്ങെളെങ്കിലും നടപ്പിലാക്കാന്‍ അവര്‍ ശ്രമിക്കുന്നതായും നാമെല്ലാം കാണുന്നുണ്ട്. ഇതിലൂടെ ചില പുതിയ സാധ്യതകള്‍ തുറന്നു കിട്ടിയിരിക്കുന്നു. ഇവര്‍ മുന്നോട്ടുവയ്ക്കുന്ന ചില പ്രധാന സമീപനങ്ങള്‍ – ജലം ലഭ്യമാക്കലും വൈദ്യുതി വില കുറയ്ക്കലും മാത്രമല്ല, ജനാധിപത്യത്തില്‍ ‘ചിലര്‍ കൂടുതല്‍ തുല്യരാകുന്ന’ (ഓര്‍വലിനെ ഓര്‍ക്കാം) അവസ്ഥ ഒഴിവാക്കി, വി.ഐ.പി സസ്‌കാരം ഉപേക്ഷിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഒരു കേന്ദ്ര നേതൃത്വത്തില്‍ നിന്നുകൊണ്ട് പറയുന്നതെല്ലാം താഴെത്തട്ടിലുള്ള അണികള്‍ (എണ്ണയിട്ട യന്ത്രം പോലെ) പ്രവര്‍ത്തിക്കുന്ന ഒന്നല്ല ആം ആദ്മി പാര്‍ട്ടി. തീര്‍ത്തും ജനാധിപത്യപരമായ ഒരു ഘടനയും വമ്പന്‍ നേതാക്കളെ ഉയര്‍ത്തിക്കാട്ടാതിരിക്കലുമെല്ലാം അതിന്റെ രീതിയാണ്. സംഘാടനത്തില്‍ തീര്‍ച്ചയായും ഇതൊരു വ്യത്യസ്ത പരീക്ഷണം തന്നെയാണ്. ഒരു രാഷ്ട്രീയ കക്ഷിയെന്ന രീതിയിലാണ് അതിന്റെ രജിസ്‌ട്രേഷന്‍ എങ്കിലും ഘടനയില്‍ അതൊരു ജനകീയ പ്രസ്ഥാനമാണ്. അഴിമതിക്കെതിരായി നടന്നു വരുന്ന സമരത്തിന്റെ ഭാഗമായി രൂപം കൊണ്ട പ്രസ്ഥാനം. 
 
അഴിമതി കൊണ്ട് പൊറുതിമുട്ടുകയും എന്നാല്‍ എല്ലാ കക്ഷികളും സ്വന്തം ആളുകള്‍ നടത്തുന്ന അഴിമതിയെ മറച്ചുപിടിച്ചു കൊണ്ട് മറ്റുള്ളവരെല്ലാം അഴിമതിക്കാരാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഓരോ ദിവസവും അഴിമതിയുടെ അളവ് പല മടങ്ങായി ഉയരുന്നു. അവയെ പറ്റി അന്വേഷിക്കാന്‍ ഫലപ്രദവും സ്വതന്ത്രവുമായ ഒരു സംവിധാനം വേണെന്ന ആവശ്യം സര്‍വകക്ഷി സമവായത്തോടെ നിരാകരിക്കപ്പെടുന്നു. ഇത്രയേറെ അഴിമതികള്‍ നടന്നിട്ടും ഒരു നേതാവു പോലും നിയമത്തിന്റെ മുന്നില്‍ കുറ്റക്കാരനാകാതിരിക്കുകയും (തന്ത്രപരമായി രക്ഷപെടുകയും) ചെയ്യുന്നതു കണ്ടുമടുത്ത ജനങ്ങളാണെല്ലോ യാതൊരു വിധ പ്രതിഫലവും പ്രതീക്ഷിക്കാതെ ഡല്‍ഹിയിലെ തെരുവുകളിലേക്കൊഴുകിയെത്തി അഴിമതി വിരുദ്ധ പോരാട്ടത്തില്‍ പങ്കെടുത്തത്. എന്തായാലും ആ പോരാട്ടം തെരഞ്ഞെടുപ്പു വേദിയിലേക്ക് വ്യാപിക്കുമ്പോള്‍ തന്നെ പലരും സംശയദൃഷ്ടിയോടെയാണ് കണ്ടത്. കക്ഷിരാഷ്ട്രീയത്തില്‍ ഇടപെട്ടിട്ട് മുഖം മോശമാക്കാതെ രക്ഷപെട്ടവര്‍ വളരെ ചുരുക്കം മാത്രം. എന്തായാലും സംഘടിതവും, ധനം കൊണ്ടും ആള്‍ബലം കൊണ്ടും അധികാരം കൊണ്ടും സുശക്തവുമായ രണ്ടു കക്ഷികളെ പിന്തള്ളി ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ ഭരണത്തിലെത്തി. അധികാരമേറ്റ ശേഷം അവര്‍ ചില പ്രധാന വാഗ്ദാനങ്ങള്‍ നടപ്പാക്കാനും തുടങ്ങി. മന്ത്രിമാരുടെ വീട്, വാഹനം, അകമ്പടി തുടങ്ങിയവയില്‍ ചില മാറ്റങ്ങള്‍ വരുത്തി. പ്രതിദിനം 667 ലിറ്റര്‍ ജലം ഒരു കുടുംബത്തിന് സൗജന്യമായി നല്‍കി. വൈദ്യുതി വില കുറച്ചു. അഴിമതിക്കാരെ പിടിക്കാന്‍ ജനകീയ സംവിധാനങ്ങള്‍ രൂപപ്പെടുത്താന്‍ തുടങ്ങി… തുടക്കം നന്നായി. 
 
 
ആം ആദ്മി ഇഫക്ട്
ഈ നേട്ടങ്ങളെ കുറിച്ച് പറയുമ്പോഴും ആം ആദ്മി പാര്‍ട്ടിക്കെതിരെ ഒട്ടേറെ വിമര്‍ശനങ്ങും സംശയങ്ങളും ഉന്നയിക്കപ്പെടുന്നുണ്ട്. ഇടതു, വലതു കോണുകളില്‍ നിന്നും ഇതുയരുന്നുണ്ട്. ഇതു കേവലം സോപ്പുകുമിള പോലെയുള്ള താത്കാലിക പ്രതിഭാസം മാത്രമാണെന്ന ‘ആശ്വാസ’മാണ് പല വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികളും പ്രകടിപ്പിക്കുന്നത്. ഇങ്ങനെയൊക്കെ പറഞ്ഞു തുടങ്ങിയ പലരും (ജെ.പി പ്രസ്ഥാനമടക്കം) ഒടുവില്‍ ദുരന്തകഥാപാത്രങ്ങളായല്ലോ. ഭാവി പ്രവചനങ്ങള്‍ അസാധ്യമായതിനാല്‍ തല്‍കാലം ഇവരുടെ ‘ആശ്വാസം’ ശരിയെന്നു തന്നെ സമ്മതിക്കുക. എങ്കിലും ഈ കുറഞ്ഞ കാലത്തിനിടയില്‍ ഇവരുടെ വളര്‍ച്ച മറ്റു രാഷ്ട്രീയ കക്ഷികളിലും ജനങ്ങളിലുമുണ്ടാക്കിയ ചലനങ്ങള്‍ ആര്‍ക്കാണ് നിഷേധിക്കാനാകുക? ഓടിപ്പിടിച്ച് ഒരു ലോക്പാല്‍ (അത് ജനലോക്പാലിനൊപ്പമല്ലെങ്കിലും) പാസാക്കാന്‍ സര്‍വകക്ഷികളും (യാദവരെ ഒഴിവാക്കിയാല്‍) ചേര്‍ന്നു തീരുമാനിച്ച് നടപ്പാക്കിയത് ഡല്‍ഹി നിയമസഭയിലെ ആം ആദ്മി പാര്‍ട്ടിയുടെ മുന്നേറ്റം കൊണ്ടാണെന്ന് വ്യക്തം. മറ്റെല്ലാ രാഷ്ട്രീയ കക്ഷികളിലും ഇതിന്റെ ചലനങ്ങള്‍ ഉണ്ടായിട്ടുണ്ട്. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് വി.എം സുധീരനെപ്പോലൊരാളുടെ പേര് നിര്‍ദേശിക്കപ്പെടുന്നതും അതിന് പിന്തുണ കിട്ടുന്നതും ഈയൊരറ്റ സാഹചര്യം കൊണ്ടല്ലേ? ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത ഇല്ലാതായ യു.ഡി.എഫിന്റെ സമ്പൂര്‍ണ പതനം ഒഴിവാക്കാന്‍ ഇതു സഹായിക്കുമെന്ന് കേന്ദ്ര കോണ്‍ഗ്രസ് നേതൃത്വം ചിന്തിക്കുന്നത്രേ. നാളെ പിണറായി വിജയന് സ്വീകാര്യത കുറവാണെന്ന് തോന്നിയാല്‍ സി.പി.എം തന്നെ തോമസ് ഐസക്കിനെ പോലെ ജനകീയ മുഖമുളള ഒരാളെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിക്കൂടെന്നില്ല. ഇതൊന്നും ചെറിയ മാറ്റമല്ല. കുമാരനാശാന്‍ പറയുന്നത് പോലെ സഹസ്രാബ്ദങ്ങള്‍ നിലനിന്നുകൊണ്ട് യാത്രക്കാരുടെ കാലുകളില്‍ തട്ടുന്ന രൂക്ഷ ശിലയേക്കാള്‍ മേന്മയേറിയതാണ് ഒരു മേഘജ്യോതിസിന്റെ ക്ഷണിക ജീവിതം. ഏതായാലും രാഷ്ട്രീയം ഇനി തീര്‍ത്തും പഴയതു പോലെയാകില്ല. നാളെ ആം ആദ്മി പാര്‍ട്ടി ഇല്ലാതായെന്നു വയ്ക്കുക. എങ്കിലും സമൂഹത്തെ ഇത്രയും മുന്നോട്ടെത്തിക്കാന്‍ അവര്‍ക്കായല്ലോ. എം.എന്‍ വിജയന്‍ മാഷ് പറഞ്ഞതു പോലെ ‘വണ്ടി ഓടിയെത്തിയ ശേഷം അതിലെ ഇന്ധനം എവിടെപ്പോയെന്ന് ചോദിക്കുന്നതു’ ശരിയോ? ഈ വണ്ടി ഇനി മറ്റാരെങ്കിലും മുന്നോട്ടു കൊണ്ടുപോകുമെന്ന് കരുതുക. 
 
ആം ആദ്മി പാര്‍ട്ടിക്കെതിരെ ‘പ്രത്യയശാസ്ത്ര വിമര്‍ശനം’ ഉന്നയിക്കുകയാണ് വ്യവസ്ഥാപിത ഇടതുപക്ഷം, പ്രത്യേകിച്ച് സി.പി.എം നേതൃത്വം. കേവല സദാചാരവാദം അരാഷ്ട്രീയമാണെന്നും സമഗ്രമായ ഒരു പ്രഖ്യാപിത നയം ഇവര്‍ക്കില്ലെന്നും അതെ്‌ലാം കൊണ്ടുതന്നെ ഇവര്‍ വലതുപക്ഷത്തിന് ബദലാണെന്നും ഇടതുപക്ഷ ധര്‍മം മറ്റൊന്നാണെന്നുമാണ് പ്രധാന ഇടതുവിമര്‍ശനങ്ങള്‍. പരമ്പരാഗത ഇടതുപക്ഷ യുക്തി വച്ച് ഇതു ശരിയാണ്. (അണികളില്‍ കുറെപ്പേരെ പിടിച്ചു നിര്‍ത്താന്‍ കഴിയുന്ന ‘പ്രതിക്രിയാവാദികള്‍’ എന്ന വിശദീകരണം പോലെ) എന്നാല്‍ ഈ യുക്തിയുടെ യാന്ത്രികത ഒന്നു പരിശോധിക്കേണ്ടതുണ്ട്. വ്യക്തിഗത സദാചാരമെന്നത് അരാഷ്ട്രീയതയാണോ? വ്യക്തി ജീവിതവും പൊതുജീവിതവും തമ്മില്‍ യാതൊരു ബന്ധവുമില്ലേ? സി.പി.എം അതിന്റെ പ്ലീനത്തില്‍ നടത്തിയ പ്രഖ്യാപനങ്ങളില്‍ വ്യക്തിജീവിതത്തിനു മേല്‍ കൊണ്ടുവരേണ്ട നിരവധി നിയന്ത്രണങ്ങളെ കുറിച്ച് പറയുന്നതെന്തിന്? മഹാത്മാ ഗാന്ധിയെ രാഷ്ട്രീയമായി എതിര്‍ത്തു കൊണ്ടിരിക്കുമ്പോഴും വ്യക്തിഗതമായ ഒരു ഗാന്ധിയന്‍ ജീവിത ശൈലി സ്വീകരിച്ചവരായിരുന്നില്ലേ ഇന്ത്യയിലെ ആദ്യകാല കമ്യൂണിസ്റ്റ് നേതാക്കളെല്ലാം? ‘കട്ടന്‍ ചായയും പരിപ്പുവടയും’ കഴിച്ചിരുന്ന കാലം പോയെന്നു പറയുന്ന, സാന്റിയാഗോ മാര്‍ട്ടിനും ചാക്ക് രാധാകൃഷ്ണനും ഫാരിസ് അബൂബക്കര്‍ക്കും കിര്‍മാണി മനോജിനും വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയുടെ ‘ഉന്നതര്‍’ ഉണ്ടായതെങ്ങനെ? അഴിമതിക്കെതിരായ പോരാട്ടം കേവലം സദാചാരപരമാണോ? ജീവിതശൈലിയുടെ മേല്‍ കമ്പോളം നടത്തുന്ന അധിനിവേശത്തെ ചെറുക്കാതെ നവലിബറല്‍ നയങ്ങളെ ചെറുക്കാനാകുമോ? ഇതിന്റെയെല്ലാം വൈരുദ്ധ്യാത്മകത പഠിക്കപ്പെടണം. അഴിമതി കോര്‍പറേറ്റ് മൂലധനത്തിന്റെ പാതയൊരുക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നില്ലേ? 
 
 
ഇനി പ്രത്യയശാസ്ത്രത്തിലേക്ക് വരിക. നവലിബറല്‍ നയങ്ങള്‍ക്കെതിരെ ശക്തമായി പേരാടുമെന്ന് പാര്‍ട്ടി പരിപാടിയുടെ പല ഖണ്ഡികകളില്‍ എഴുതി വയ്ക്കലാണ് പ്രത്യയശാസ്ത്രവും നയവുമെങ്കില്‍ ഇടതുപക്ഷത്തോളമെന്നും വരില്ല ആം ആദ്മി പാര്‍ട്ടി എന്നു പറയാം. അന്തര്‍ദേശീയ, ദേശീയ, സംസ്ഥാന, പ്രാദേശിക വിഷയങ്ങളിലെല്ലാം ‘വ്യക്തമായ’ നിലപാടുകള്‍ ഇടതുപക്ഷത്തിന് ഉണ്ടെന്ന് സമ്മതിക്കുക. (ഇതില്ലെന്നത് മറ്റൊരു വിഷയം) എന്നാല്‍ സ്വന്തം കൈയില്‍ ഭരണാധികാരം കിട്ടുമ്പോള്‍ നടപ്പാക്കുന്നത് ഈ പാര്‍ട്ടി പരിപാടിയില്‍ പറയുന്ന കാര്യങ്ങളാണോ? നന്ദിഗ്രാമും സിംഗൂരും കിനാലൂരും മൂലമ്പിള്ളിയും വിളപ്പില്‍ശാലയും എച്ച്.എം.ടിയുമടക്കമുള്ള ഭൂമിവ്യാപാരങ്ങളും എ.ഡി.ബി വായ്പകളും ലോകബാങ്ക് പദ്ധതികളുമെല്ലാം ഏതു ‘ഗ്രന്ഥ’ത്തിന്റെ ഏതു ഖണ്ഡികയില്‍ പറയുന്ന നയങ്ങളാണ് സഖാവേ? ജനുവരി 13-ലെ ദി ഹിന്ദു ആം ആദ്മി പാര്‍ട്ടിയുടെ സാമ്പത്തിക പരിസ്ഥിതി കമ്മിറ്റി കണ്‍വീനര്‍ എഴുതിയ ലേഖനമുണ്ട്. അതില്‍ ആഗോളീകരണം, പ്രത്യയശാസ്ത്രം, സാമ്രാജ്യത്വം തുടങ്ങിയ കടുത്ത വാക്കുകളില്ലാതെ തന്നെ ചില നിലപാടുകള്‍ അവര്‍ വ്യക്തമാക്കുന്നുണ്ട്. എല്ലാവര്‍ക്കും പ്രതിദിനം 667 ലിറ്റര്‍ ശുദ്ധജലം സൗജന്യമായി നല്‍കുകയെന്നത് അരാഷ്ട്രീയ നടപടിയാണോ? അതിന് സര്‍ക്കാര്‍ പണം സബ്‌സിഡിയായി നല്‍കുമെന്ന പ്രഖ്യാപനത്തില്‍ നവലിബറല്‍ നയങ്ങളെ എതിര്‍ക്കുന്ന രാഷ്ട്രീയമില്ലേ? വൈദ്യുതിയും വിദ്യാഭ്യാസവും ആരോഗ്യവും സര്‍ക്കാര്‍ ചെലവില്‍ മുഴുവന്‍ ജനങ്ങള്‍ക്കും നല്‍കുമെന്ന് പറയുന്നത് സാമ്രാജ്യത്വാനുകൂല, വലതുപക്ഷ നിലപാടാണോ? പാര്‍ട്ടി നേരിട്ട് സ്വാശ്രയ (കോഴ) കോളേജ് നടത്തുന്ന, പൊതുവഴികള്‍ സ്വകാര്യവത്ക്കരിച്ച് ടോള്‍ പിരിക്കാന്‍ കരാര്‍ ഒപ്പിടുന്ന, ഒരു ലിറ്റര്‍ വെള്ളത്തിന് 15 രൂപ നിരക്കില്‍ വില്‍ക്കുന്നതിനെ ഒരു ചെറുവിരല്‍ കൊണ്ടെങ്കിലും പ്രതിരോധിക്കാത്ത,  മൂലധന സൗഹൃദ നയംം നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുന്ന ഇടതുപക്ഷക്കാരേക്കാള്‍ നവലിബറല്‍ വിരുദ്ധരല്ലേ ഈ കാര്യങ്ങളിലെങ്കിലും ആം ആദ്മി പാര്‍ട്ടിക്കാര്‍? അഴിമതിയും ധൂര്‍ത്തും നിയന്ത്രിക്കാനായാല്‍ തന്നെ സബ്‌സിഡി സര്‍ക്കാരിന് ഭാരമാകില്ലെന്നാണ് അരുണ്‍ കുമാര്‍ തന്റെ ലേഖനത്തില്‍ വാദിക്കുന്നത്. തന്നെയുമല്ല, ദരിദ്രന്റെ കുറഞ്ഞ വരുമാനവും മോശം ജീവിത നിലവാരവും വഴി വ്യവസായികള്‍ക്കും വ്യാപാരികള്‍ക്കും കൂടുതല്‍ സമ്പത്തുണ്ടാകുന്നുവെന്ന വസ്തുത (ദരിദ്രരുടെ ക്രോസ് സബ്‌സിഡിയാണ് സമ്പന്നരുടെ സമ്പന്നതയ്ക്ക് കാരണം) തുറന്നു പറയുന്നത് ഏതു മാനദണ്ഡം വച്ച് വലതുപക്ഷ രാഷ്ട്രീയമാകും? ഇതിനെല്ലാം പുറമെ, ഇതിനേക്കാള്‍ മെച്ചപ്പെട്ട മറ്റൊന്നായി മാറാന്‍ ഇടതുപക്ഷത്തിനു ശേഷിയുള്ള സംസ്ഥാനങ്ങളിലെങ്കിലും സാധ്യമാകുന്നുണ്ടോ? 
 
കേരളത്തില്‍ തന്നെ അവര്‍ ഏറെ ദുര്‍ബലമായിട്ടും ഇവിടെ നടക്കുന്ന ഒട്ടനവധി ജനകീയ സമരങ്ങള്‍ക്കൊപ്പം നിന്ന് തുറന്ന പിന്തുണ നല്‍കാന്‍ എ.എ.പിക്കു കഴിഞ്ഞതാണ് അവരുടെ ശക്തിയെന്നു ഞാന്‍ കരുതുന്നു. മുഖ്യധാരകള്‍ക്കു മാറി മാറി വോട്ടു ചെയ്തിരുന്നവരാണ് കേരളീയര്‍. ഇത്തരം സമരങ്ങളില്‍പ്പെട്ട് ജീവിതത്തിന്റെ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെട്ടവര്‍ – സ്വകാര്യവത്കൃത (ബി.ഒ.ടി) പാതയ്ക്കു വേണ്ടി കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്നവരും ടോള്‍ നല്‍കി മടുത്തവരും അതിവേഗ റെയില്‍പാതയെന്ന വിനാശപദ്ധതിയുടെ ഫലമായി കുടിയൊഴിപ്പിക്കപ്പെടാന്‍ സാധ്യതയുള്ളവരും മലിനീകരണം കൊണ്ട് (നഗര മാലിന്യം മുതല്‍ വ്യവസായ – ആശുപത്രി – ആരാധനാലയ മാലിന്യം വരെ) പൊറുതി മുട്ടിയവരും പാറമടകളടക്കമുള്ള ഖനനങ്ങളുടെ ഇരകളും കുടിവെള്ളം കിട്ടാത്തവരും കുടിയൊഴിപ്പിക്കപ്പെട്ടവരും നടത്തുന്ന സമരങ്ങള്‍ ‘മുഖ്യധാര’യ്ക്കു പുറത്താണെല്ലോ. പലപ്പോഴും മുഖ്യധാരയിലെ ചിലര്‍ ഈ സമരത്തിനൊപ്പം നില്‍ക്കുന്നുണ്ട്. വി.എസ് അച്യുതാനനന്ദനും വി.എം സുധീരനും എം.പി വീരേന്ദ്ര കുമാറും ഹരിത എം.എല്‍.എമാരുമെല്ലാം ചില ഉദാഹരണങ്ങള്‍ മാത്രം. ഓരോ തെരഞ്ഞെടുപ്പിലും കക്ഷി മുന്നണി താത്പര്യങ്ങള്‍ക്കപ്പുറം ഇവരിലാരെയെങ്കിലും പിന്തുണയ്ക്കുന്നവരായി മാറി ഈ സമരസമിതികള്‍. ഇരു മുന്നണികളേയും പിന്തള്ളി ജയിച്ചു കയറുക എളുപ്പമല്ലല്ലോ. (കാതിക്കുടം സമര പ്രതിനിധി പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ വിജയിച്ചത് ഒരു അപവാദം മാത്രം). തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ തന്നെ അത് ‘വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍’ മാത്രം. എന്നാല്‍ ഇതില്‍ നിന്നു വ്യത്യസ്തമായി മുഖ്യധാരയില്‍ തന്നെ രാഷ്ട്രീയമായി ഇടപെടാനുള്ള ഒരു ‘സാധ്യത’ ഇവിടെ തെളിഞ്ഞു വരികയാണെന്നത് സമര സംഘടനകള്‍ക്ക് ആവേശം നല്‍കുന്നുണ്ട്. അഴിമതി പദ്ധതികള്‍ക്കെതിരായ പോരാട്ടം തന്നെയാണ് ഇതിലെ പല പോരാട്ടങ്ങളും എന്നവര്‍ തിരിച്ചറിയുന്നുണ്ട്. 1980-കളില്‍ ഇന്നത്തെ ഇടതു, വലതു മുന്നണികള്‍ രൂപപ്പെട്ടതിനു ശേഷം നടന്ന നിരവധി തെരഞ്ഞെടുപ്പുകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരിക്കും 2014-ലെ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് രീതികള്‍ എന്നു തീര്‍ച്ച. സമരക്കാരും സാധാരണ ജനങ്ങളും ഒരു പരിധി വരെ ഈ മാറ്റത്തെ സ്വാഗതം ചെയ്യുന്നുണ്ട്. പഴയ, ഉരുക്കു പോലുറച്ച സംഘടനയൊന്നും ഇടതുപക്ഷത്തിനു പോലും ഇന്നില്ല. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സി.പി.എമ്മില്‍ നടക്കുന്ന ‘ഉരുള്‍പൊട്ടലുകള്‍’ ഇതിന്റെ തുടര്‍ചലനങ്ങളാണ്. എല്ലാ പതിവുകളും വിട്ട് ‘ഒത്തുതീര്‍പ്പ് – ഓഫര്‍’ രാഷ്ട്രീയത്തിലേക്ക് ഇടതുപക്ഷം എത്തിയെന്ന് അണികള്‍ക്കു നന്നായറിയാം. അതവരും ഉപയോഗിക്കുന്നു. ഇതൊക്കെ തെരഞ്ഞെടുപ്പിനെ ബാധിക്കും.
 
 
സമര സംഘടനകളുടെ രാഷ്ട്രീയം
ഇതൊക്കെ ശരിയാണെങ്കിലും ആം ആദ്മി പാര്‍ട്ടിയില്‍ തത്കാലം അംഗമാകേണ്ടതില്ലെന്നു തന്നെയാണ് ഈ ലേഖകന്‍ അടക്കം പലരുടേയും നിലപാട്. ഇക്കാര്യവും വിശദീകരിക്കപ്പെടേണ്ടതുണ്ട്. ഈ വരുന്ന തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയെ ശക്തമായി പിന്താങ്ങിക്കൊണ്ട് ഒരു ജനകീയ പ്രസ്ഥാന വേദിയായി നിലനില്‍ക്കണമെന്നാണ് ആഗ്രഹിക്കുന്നത്. സാറാ ജോസഫും എന്‍ പ്രഭാകരനുമടക്കമുള്ള നിരവവധി തിളങ്ങുന്ന വ്യക്തിത്വങ്ങള്‍ ആം ആദ്മിയില്‍ ചേര്‍ന്നതിനെ തുറന്നു സ്വാഗതം ചെയ്യുന്നു. അത്തരം വ്യക്തികള്‍ ഇതിന്റെ നേതൃനിരയില്‍ വന്നാല്‍ സമൂഹത്തിന് ആത്മവിശ്വാസം വര്‍ധിക്കും. സംശയത്തിന് അതീതരായിരിക്കണം ഈ നേതാക്കള്‍ എന്നു മാത്രം.
 
ഈ വ്യക്തിത്വങ്ങളില്‍ നിന്നും വ്യത്യസ്തമാണ് ഞാനടക്കമുള്ള ജനകീയ സമര സംഘടനകളുടെ വക്താക്കളുടെ നിലപാട്. ദേശീയ തലത്തില്‍ ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യത്തിന്റെ (എന്‍.എ.എ.പി.എം) നേതാവ് മേധാ പട്കര്‍ ഇക്കാര്യം കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു. ആം ആദ്മി പാര്‍ട്ടിയെന്ന മഹാസാധ്യത ജനകീയ പ്രസ്ഥാനങ്ങള്‍ സ്വാഗതം ചെയ്യുന്നു. തെരഞ്ഞെടുപ്പില്‍ അവരെ സഹായിക്കും. പക്ഷേ നേരിട്ട് അംഗമാകുന്നതിന് പലപ്പോഴും സമര സംഘടനകളുടെ ഘടന തന്നെ തടസമാകുന്നുണ്ട്. ഇന്നു നടക്കുന്ന സമരങ്ങളില്‍ വലിയൊരു പങ്കും കക്ഷിരാഷ്ട്രീയത്തിന് അപ്പുറമുള്ളതും എല്ലാ ‘കക്ഷി വിശ്വാസി’കളും പങ്കെടുക്കുന്നതുമാണ്. കക്ഷി രാഷ്ട്രീയത്തില്‍ വ്യക്തമായ നിലപാടുള്ള പലരും സമര നേതൃത്വങ്ങളിലുണ്ട്. ഒറ്റയടിക്ക് സമര സംഘടനകള്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ ഇന്നുള്ള സമര ഐക്യം തകരുകയായിരിക്കും ഫലം. ഇതൊരിക്കലും സംഭവിക്കാന്‍ പാടില്ല. കക്ഷി, രാഷ്ട്രീയ ഇടപെടല്‍ ഒരു സമര ഐക്യത്തെ തകര്‍ക്കാന്‍ അനുവദിച്ചുകൂടാ. അന്തിമമായി ഇവരും ഒരു രാഷ്ട്രീയ കക്ഷി തന്നെയാണ്. അധികാരത്തിനു പുറത്തു നില്‍ക്കുമ്പോള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ അധികാരമേറ്റാല്‍ നിറവേറ്റുമെന്ന ‘ഉറപ്പ്’ ഇപ്പോള്‍ ആര്‍ക്കും നല്‍കാനാവില്ല. അതുകൊണ്ടു തന്നെ അധികാരത്തിലെത്തിയാല്‍ ഈ സമര സംഘടനകള്‍ ആം ആദ്മി പാര്‍ട്ടിയെ സഹായിക്കാന്‍ തയാറാണ്. എന്നാല്‍ വാഗ്ദാന ലംഘനം നടത്തിയാല്‍ ജനകീയ പ്രസ്ഥാനങ്ങളായി നിന്നു കൊണ്ട് ശക്തമായി ഇവരെ എതിര്‍ക്കാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്നത് ശരിയല്ലെന്ന ഇക്കൂട്ടര്‍ കരുതുന്നതില്‍ തെറ്റില്ലല്ലോ. ആം ആദ്മി പാര്‍ട്ടി ശക്തമായി സമരത്തിനൊപ്പം നില്‍ക്കുന്നതിനാല്‍ അവരെ കക്ഷി രാഷ്ട്രീയം മറികടന്ന സാധാരണ ജനങ്ങള്‍ സഹായിക്കുമെന്ന് തീര്‍ച്ചയാണ്. ചുരുക്കത്തില്‍ സ്വന്തം വ്യക്തിത്വം ഉപേക്ഷിക്കാതെ ആം ആദ്മി പാര്‍ട്ടിയെ തുറന്നു പിന്തുണയ്ക്കുക എന്നതാണ് സമര സംഘടനകളുടെ നിലപാട്. 
 
 
ഇത് പരമ്പരാഗത രീതിയിലുള്ള ഒരു സഖ്യമല്ല. രാഷ്ട്രീയ കക്ഷിയെന്ന രീതിയില്‍ സീറ്റുകള്‍ പങ്കുവയ്ക്കുന്നതിലൊന്നും സമരസംഘടനകള്‍ക്ക് താത്പര്യമില്ല. എന്നാല്‍ ആം ആദ്മി പാര്‍ട്ടി നിര്‍ത്തുന്ന സ്ഥാനാര്‍ഥികള്‍ ഈ സമരങ്ങളെ എതിര്‍ക്കുന്നവരാണെങ്കില്‍ (ഉദാഹരണത്തിന് എറണാകുളം മണ്ഡലത്തില്‍ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനും അഴിമതി വിരുദ്ധ പ്രസ്ഥാനത്തന്റെ വക്താവുമായ പി.സി സിറിയകിന്റെ പേര് ആദ്യം കേട്ടിരുന്നു. കൂടംകുളം, റോഡ് ബി.ഒ.ടിവത്കരണം തുടങ്ങിയ വിഷയങ്ങളില്‍ തീര്‍ത്തും ജനവിരുദ്ധമായ നിലപാടുള്ള വ്യക്തികളെ ആം ആദ്മി പാര്‍ട്ടി നിര്‍ത്തിയാല്‍ കക്ഷി, രാഷ്ട്രീയ ശൈലിയില്‍ ‘പാര്‍ട്ടി അച്ചടക്കം’ പാലിക്കാന്‍ സമര സംഘടനകള്‍ക്ക് കഴിയില്ലല്ലോ) പരമ്പരഗത കക്ഷി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി, അതെല്ലാം മടുത്ത വലിയൊരു വിഭാഗം കേരളത്തിലുണ്ട് (പലയിടത്തും മാറിമാറി നിന്ന് ‘ഭാഗ്യാന്വേഷണം’ നടത്തിയവരെ കുറിച്ചല്ല പറയുന്നത്). ആം ആദ്മി പാര്‍ട്ടിയെ ഇവരെല്ലാം സ്വാഗതം ചെയ്യുന്നുവെങ്കിലും ഇന്നു നിലനില്‍ക്കുന്ന ‘പാര്‍ട്ടി വിശ്വാസം, പാര്‍ട്ടി അച്ചടക്കം’ തുടങ്ങിയ സങ്കല്‍പ്പങ്ങള്‍ മൂലം പലരും പുതിയ കക്ഷിയില്‍ ‘അംഗത്വം’ എടുക്കാന്‍ മടിക്കുന്നുണ്ട്. ഒരിക്കല്‍ ചൂടുള്ള വെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും ഭയപ്പെടുമല്ലോ. ഇത്തരം നിരവധി വിഭാഗങ്ങള്‍ കേരളമാകെ ചിതറിക്കിടക്കുന്നുണ്ട്. ഇവരെയെല്ലാം ഒരു വേദിയില്‍ ഏകോപിപ്പിക്കുകയും അവരുടെ പിന്തുണ ആം ആദ്മി പാര്‍ട്ടിക്ക് ഉറപ്പാക്കുകയും കൂട്ടായി നിന്നുകൊണ്ട് ഒരു ‘സൗഹൃദ പ്രതിപക്ഷം’ തന്നെയായി പ്രവര്‍ത്തിക്കുകയും ചെയ്യാന്‍ കഴിയുന്ന ഒരു വേദിയാണ് ഇന്നു കേരളത്തിന് ആവശ്യമുള്ളത്. ഇത് ഏതെല്ലാം രീതിയിലായിരിക്കുമെന്നതെല്ലാം ഇനിയും വ്യക്തമാക്കപ്പെടേണ്ടതാണ്. സമയമുണ്ടെല്ലോ തെരഞ്ഞെടുപ്പിന്. നമുക്ക് കാത്തിരുന്നു കാണാം. 
 
പി.എസ്: ആം ആദ്മി പാര്‍ട്ടിയെ സംബന്ധിച്ച നിലപാട് എന്തെന്ന് നിരന്തരം അന്വേഷിച്ചു കൊണ്ടിരിക്കുന്ന സുഹൃത്തുക്കള്‍ക്കു വേണ്ടി എഴുതുന്നത്. 
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍