Top

ഗോപിനാഥന്‍ പിള്ള എന്ന അച്ഛന്‍

ഗോപിനാഥന്‍ പിള്ള എന്ന അച്ഛന്‍


ടീം അഴിമുഖംഗുജറാത്തില്‍ നടന്ന വ്യാജ ഏറ്റുമുട്ടലില്‍ ഇസ്രത് ജഹാനോടൊപ്പം കൊല്ലപ്പെട്ട പ്രാണേഷ് പിള്ളയുടെ പിതാവ് ഗോപിനാഥന്‍ പിള്ളയെ എന്‍.എസ്.എസില്‍ നിന്നു പുറത്താക്കി. വര്‍ഗീയ സംഘടനയായ പി.ഡി.പിയുടെ യോഗത്തില്‍ പങ്കെടുത്തതാണ് പുറത്താക്കലിനു കാരണമായി പറയുന്നതെങ്കിലും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ യോഗത്തില്‍ വിമര്‍ശിച്ചതാണ് പുറത്താക്കലിന്റെ യഥാര്‍ഥ കാരണമൊണ് ഗോപിനാഥന്‍ പിള്ള പറയുന്നത്. എന്‍.എസ്.എസ് പറയുന്നതാണെങ്കിലും പിള്ള പറയുന്നതാണെങ്കിലും ഈ രണ്ടു കാരണങ്ങളും ഒരംഗത്തെ ഒരു സമുദായ സംഘടനയില്‍ നിന്ന് പുറത്താക്കുന്നതിന് മതിയായ കാരണമല്ല.വ്യത്യസ്തമായ രാഷ്ട്രീയ പാര്‍ട്ടികളില്‍ വിശ്വസിക്കുന്നവരും രാഷ്ട്രീയ പ്രവര്‍ത്തകരും നേതാക്കളും എന്‍.എസ്.എസില്‍ അംഗങ്ങളായിട്ടുണ്ട്. കോണ്‍ഗ്രസിലും സി.പി.എമ്മിലും മാത്രമല്ല, കേരള കോണ്‍ഗ്രസ്-എമ്മിലും ജേക്കബിലുമൊക്കെ പ്രവര്‍ത്തിക്കുന്നവര്‍ സംഘടനയിലുണ്ട്. പി.ഡി.പിയുടെ യോഗത്തില്‍ പങ്കെടുത്തതിന്റെ പേരിലാണ് ഗോപിനാഥന്‍ പിള്ളയെ പുറത്താക്കിയതെങ്കില്‍ എന്‍.എസ്.എസ് ആദ്യം പുറത്താക്കേണ്ടിയിരുന്നത് ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയായ കേരള കോണ്‍ഗ്രസ് നേതാവ് ആര്‍ ബാലകൃഷ്ണ പിള്ളയേയും സംഘടന താക്കോല്‍ സ്ഥാനം വാങ്ങി നല്‍കിയ രമേശ് ചെന്നിത്തലയേയുമാണ്. ഇവരൊക്കെ പി.ഡി.പി നേതാവ് അബ്ദുനാസ്സര്‍ മദനി പങ്കെടുത്ത യോഗങ്ങളിലും അദ്ദേഹത്തിന്റെ മോചനത്തിനു വേണ്ടി പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള പല പരിപാടികളിലും പങ്കെടുത്തിട്ടുള്ളവരാണ്. എന്തിനേറെ, മദനിയുടെ മോചനത്തിന് വേണ്ടി കേരള നിയമസഭ പ്രമേയം പാസാക്കിയപ്പോള്‍ അവിടെയുണ്ടായിരുന്ന എന്‍.എസ്.എസ് അംഗങ്ങളാരും ഇറങ്ങിപ്പോയതായോ എതിര്‍ത്തതായോ അറിവില്ല.ഇത്രകാലവും പി.ഡി.പിയോട് ഇല്ലാതിരുന്ന അയിത്തം എന്‍.എസ്.എസിന് ഇപ്പോള്‍ എങ്ങനെയുണ്ടായി? പി.ഡി.പി ഒരു നിരോധിത സംഘടന അല്ലെന്ന് മാത്രമല്ല, കേരളത്തിലെ ഇടതു വലതു മുണികളുമായി ഒളിഞ്ഞും തെളിഞ്ഞും ധാരണകളുണ്ടാക്കുകയും മത്സരിക്കുകയും ചെയ്തിട്ടുള്ള പാര്‍ട്ടിയാണ്. അപ്പോള്‍ പി.ഡി.പി യോഗത്തില്‍ പങ്കെടുത്തതിന്റെ പേരിലല്ല, ഗോപിനാഥന്‍ പിള്ളയെ പുറത്താക്കിയതെന്ന് വ്യക്തം.ഇനി ഗോപിനാഥന്‍ പിള്ള പറയുന്ന വിഷയം. പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള ബി.ജെ.പി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയെ എതിര്‍ത്തു സംസാരിച്ചതിന്റെ പേരിലാണ് ഗോപിനാഥന്‍ പിള്ളയെ പുറത്താക്കിയതെങ്കില്‍ ഇതേ നിയമം ബാലകൃഷ്ണ പിള്ള മുതല്‍ ചെന്നിത്തല വരെയുള്ളവര്‍ക്കും ബാധകമാണ്. കരയോഗത്തിന്റെ ദീര്‍ഘകാല പ്രവര്‍ത്തകന്‍ കൂടിയായിരുന്ന ഗോപിനാഥന്‍ പിള്ളയെ പുറത്താക്കുന്നതിന്മുമ്പ് എന്‍.എസ്.എസ് നേതൃത്വം ഒന്നുകൂടി ആലോചിക്കേണ്ടിയിരുന്നു. സ്വന്തം മകന്റെ കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനെന്ന് പിള്ളയും വലിയൊരു വിഭാഗവും ഉറച്ചു വിശ്വസിക്കുന്ന മോദിയെ കുറിച്ച് ഗോപിനാഥന്‍ പിള്ള എന്ന അച്ഛന്‍ പിന്നെ മറ്റെന്തു പറയണമായിരുന്നു?മുദായാംഗവും സംഘടനാംഗവുമായ ഗോപിനാഥന്‍ പിള്ളയ്ക്ക് നീതി നേടിക്കൊടുക്കേണ്ട ‘നായര്‍’ സര്‍വീസ് സൊസൈറ്റിയുടെ ഈ നിലപാട് മാറ്റം ഒറ്റപ്പെട്ടതല്ല. ഇറ്റാലിന്‍ നാവികര്‍ രണ്ട് പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്നപ്പോള്‍ സീറോ മലബാര്‍ സഭാ നേതൃത്വം ആര്‍ക്കു വേണ്ടിയാണ് രംഗത്തു വന്നതെന്ന് മലയാളികള്‍ കണ്ടതാണ്. എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും കെ.പി.എം.എസും വിവിധ ക്രിസ്ത്യന്‍ സഭകളുമൊക്കെ മോദിയോടു കാണിക്കുന്ന ഈ പുതിയ കൂറിനു പിന്നില്‍ മുഖ്യമായുള്ളത് വിലപേശല്‍ തന്ത്രമാണ്. തെരഞ്ഞെടുപ്പ് ഏറെ അകലെയല്ല. മോദിയെ കാട്ടി ഇടത്, വലത് മുണികളെ സമ്മര്‍ദ്ദത്തിലാക്കുകയും ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാനുള്ള പ്രതീക്ഷ നല്‍കുകയും, ഈ കലക്കവെള്ളത്തില്‍ പരമാവധി മീനുകളെ വലയിലാക്കാനുമുള്ള സംഘടനാ നേതാക്കളുടെ തന്ത്രം കൂടിയാണ് ഇപ്പോഴത്തെ മോദി പ്രേമം. അതിനൊപ്പം, കേരളത്തില്‍ ഇതുവരെ പച്ചപിടിക്കാത്ത ഹിന്ദു ഐക്യ വോട്ട് ബാങ്ക് എന്ന വെള്ളാപ്പിള്ളിയുടേയും സുകുമാരന്‍ നായരുടേയും കുമ്മനം രാജശേഖരന്റേയും ശശികലയുടേയുമൊക്കെ വര്‍ഷങ്ങളായുള്ള സ്വപ്നം യാഥാര്‍ഥ്യമാക്കാനുള്ള ഒരു ശ്രമത്തിന്റെ ഭാഗം കൂടിയാകാം ഈ കൂട്ടായ മോദി പ്രേമം.കേരളത്തിലെ സമുദായ സംഘടനകള്‍ വേരുപിടിച്ചത് തങ്ങളുടെ സമുദായങ്ങളില്‍ മരണാനന്തര സഹായ സമിതികള്‍ രൂപീകരിച്ചും വേര്‍പാടിന്റെ സമയങ്ങളില്‍ കൂടെനിന്നുമൊക്കെയാണ്. ഒരു സമുദായ സംഘടനയില്‍ അംഗമായി എന്നതുകൊണ്ട് തന്റെ രാഷ്ട്രീയ വിശ്വാസങ്ങള്‍ എന്തായിരിക്കണമെന്നും തന്റെ സങ്കടങ്ങള്‍ എന്തായിരിക്കണമെന്നും അതെങ്ങനെ പ്രകടിപ്പിക്കണമെന്നുമൊക്കെ തീരുമാനിക്കാനുള്ള അധികാരം ഈ സംഘടനകള്‍ക്കൊന്നും പതിച്ചു കൊടുക്കേണ്ടതില്ല. ദുര്‍ബലരോട് സഹതപിക്കാത്ത ഈ സംഘടനകളുടെ സ്ഥാനമാണ് യഥാര്‍ഥത്തില്‍ തെമ്മാടിക്കുഴിയില്‍ ആക്കേണ്ടത്.Next Story

Related Stories