TopTop
Begin typing your search above and press return to search.

മെക്സിക്കന്‍ ചിലവിലൊരു അമേരിക്കന്‍ കൊക്കൈന്‍ ഇടപാട്

മെക്സിക്കന്‍ ചിലവിലൊരു അമേരിക്കന്‍ കൊക്കൈന്‍ ഇടപാട്

എറിക് വാന്‍സ്

(സ്ളേറ്റ്)

മയക്കുമരുന്ന് യുദ്ധങ്ങള്‍ അല്ല എന്റെ വിഷയം. ഞാന്‍ ഒരു സയന്‍സ് എഴുത്തുകാരനാണ്. ഞാന്‍ ലാബുകളില്‍ പോകും, ശാസ്ത്രജ്ഞരോട് സംസാരിക്കും, പോളിസി നിര്‍മ്മാതാക്കളോട് സംസാരിക്കും. ഇടയ്ക്ക് അവധിക്കാലമാഘോഷിക്കും. ഞാന്‍ ജീവിക്കുന്നത് മെക്സിക്കോ നഗരത്തിലാണ്. വളരെ സുരക്ഷിതമായ ഒരിടമാണിത്. ഇടയ്ക്കൊകെ ഞാന്‍ മദ്യപിച്ച് തെരുവിലൂടെ നടന്നു എന്റെ വീട്ടിലേയ്ക്ക് പോകാറുണ്ട്. എന്റെ സുരക്ഷയെപ്പറ്റി ഞാന്‍ ചിന്തിക്കാറേയില്ല. സത്യം പറയാമല്ലോ, ഞാന്‍ സന്തുഷ്ടനാണ്.

എന്നാല്‍ ഇവിടെ ജീവിക്കുന്നതിനിടെ കിഴക്കന്‍ മെക്സിക്കോയെപ്പറ്റി ചിന്തിക്കുമ്പോള്‍ പക്ഷെ ഈ മയക്കുമരുന്ന് കഥ ഒഴിവാക്കാന്‍ കഴിയില്ല. എല്ലാ ഇന്റര്‍വ്യൂവിലും അതുണ്ട്, എല്ലാ തെരുവുമൂലയിലും അതുണ്ട്. കഴുകിക്കളയാനാകാതെ കയറ്റുപായയില്‍ തങ്ങിനില്‍ക്കുന്ന ഒരു നാറ്റം പോലെയാണത്.

കഴിഞ്ഞവര്‍ഷം ഞാന്‍ മീന്‍പിടുത്തത്തെപ്പറ്റി ഒരു ലേഖനമെഴുതി. സീഫുഡ് ഇന്ഡസ്ട്രിക്ക് ഒരു മനുഷ്യമുഖം കൊടുക്കലായിരുന്നു എന്റെ ശ്രമം. ആളുകള്‍ക്ക് കൂടുതല്‍ അറിവുണ്ടായാല്‍ അവര്‍ മീനുകളുടെ വംശനാശത്തിലേയ്ക്ക് നയിക്കുന്ന തരം കാര്യങ്ങള്‍ ചെയ്യില്ല എന്നൊക്കെയായിരുന്നു പ്രതീക്ഷ. മെക്സിക്കോയിലെ ഒരു ശാന്തമായ പ്രദേശത്തായിരുന്നു ഞാന്‍. എങ്കിലും മയക്കുമരുന്നുകടത്തിന്റെ പേരില്‍ കുപ്രസിദ്ധമായിരുന്നു അവിടം. എന്റെയൊപ്പമുണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍ ധാരാളം സമയം മയക്കുമരുന്നുമായി ബന്ധപ്പെട്ട വയാളന്‍സുമായി ഇടപെട്ടു ജീവിച്ചയാളാണ്. ഞങ്ങള്‍ മീനിനെപ്പറ്റി റിപ്പോര്ട്ടു ചെയ്യാനാണ് വന്നത് എന്നുപറഞ്ഞിട്ട് ആര്‍ക്കും അത് വിശ്വസിക്കാനായില്ല. “ഓ മീന്‍! പിന്നെ, ഇവിടെ ഒരുപാട് ‘മീന്‍’ കിട്ടും” എന്നൊക്കെയായിരുന്നു ആളുകളുടെ പ്രതികരണം.

മീന്‍പിടിത്തസീസണ്‍ അല്ലാത്തപ്പോള്‍ മയക്കുമരുന്നുകടത്ത് നടത്തുന്ന ഒരു സുഹൃത്തിനെപ്പറ്റി ഒരു മുക്കുവന്‍ ഞങ്ങളോട് പറഞ്ഞതോര്‍ക്കുന്നു. ആളുകള്‍ക്ക് പണത്തിനു അത്യാവശ്യം വരുമ്പോള്‍ അവര്‍ ഇങ്ങനെ ചെയ്യുന്നു. ഹോളിവുഡ് കഥാപാത്രങ്ങളെപ്പറ്റിയല്ല നമ്മള്‍ പറയുന്നത് - ഇവര്‍ ദരിദ്രരായ മുക്കുവരാണ്‌. അവര്‍ക്ക് വേറെ നിവൃത്തിയില്ല. പലര്‍ക്കും ഈ ജോലി ഇഷ്ടവുമല്ല.

മയക്കുമരുന്നുകടത്തില്‍ ഏറ്റവും വിശ്വസിക്കാവുന്നത് മുക്കുവരെയാണ്. അവര്‍ക്ക് കടല്‍ അറിയാം. ആരും അവരെ അധികം ശ്രദ്ധിക്കുകയുമില്ല. പട്ടാളത്തെപ്പേടിച്ച് കയ്യിലുള്ള മരുന്ന് എറിഞ്ഞുകളയേണ്ടിവന്നാലും മറ്റുള്ളവര്‍ക്ക് മുങ്ങിപ്പോയി അത് തിരിച്ചെടുക്കാന്‍ കഴിയും. എനിക്കറിയാവുന്ന, കൊക്കെയ്ന്‍ ഉപയോഗിക്കുന്നവരെ ഇവര്‍ക്കൊപ്പം ഞാന്‍ ആ ബോട്ടില്‍ ഒന്ന് സങ്കല്‍പ്പിച്ചുനോക്കി. അവര്‍ എല്ലാവരും തന്നെ ആ യാത്ര ഒരു വലിയ സംഭവമായി കാണും. ഫോട്ടോകള്‍ എടുത്ത് ഇന്റര്‍നെറ്റില്‍ എല്ലായിടത്തും നിറയ്ക്കും. രസകരമായ കഥകളുമായി വീട്ടില്‍ തിരികെ എത്തും.

എന്നാല്‍ ഇവര്‍ക്ക് ഇത് രസകരമായ കഥയല്ല. ജീവന്‍ കയ്യിലെടുത്ത്പിടിച്ച് രക്ഷപെടണേ എന്ന് പ്രാര്‍ത്ഥിച്ച് വലിയ കാറ്റും തിരയും അതിജീവിച്ചാണ് അവര്‍ എത്തുക. ആര്‍ക്കറിയാം ചരക്ക് അക്കരെയെത്തിക്കുമ്പോള്‍ അത് വാങ്ങാന്‍ വരുന്നവന്‍ തലയ്ക്കുനേരെ ഒരു ബുള്ളറ്റ് പായിക്കുമോ എന്ന്. ഒരു കടത്തുകാരന് പണം കൊടുക്കുന്നതിലും എളുപ്പത്തില്‍ അവനെ കൊന്നുകളയാന്‍ കഴിയും.

ഇവിടെയുള്ള മുക്കുവര്‍ എല്ലാവരും നിഷ്കളങ്കരാണെന്നല്ല. പലരും കടലില്‍ പോകുമ്പോള്‍ ഉണര്‍ന്നിരിക്കാന്‍ മയക്കുമരുന്നുകള്‍ ഉപയോഗിക്കാറുണ്ട്. ചിലരൊക്കെ അതിനു അടിമപ്പെട്ടവരുമാണ്. എന്നാല്‍ ഈ കച്ചവടം നിയന്ത്രിക്കുന്നത് ആരാണെന്ന് നമുക്കറിയാം. അത് നമ്മളാണ്. നമ്മുടെ പാര്‍ട്ടികളില്‍, നമ്മുടെ പുതുവത്സരാഘോഷങ്ങളില്‍, നമ്മുടെ രഹസ്യമുറികളില്‍, നല്ല കുടുംബങ്ങളില്‍ നിന്നുള്ളവരുടെ വീടുകളില്‍ ഒക്കെയാണ് ഈ കച്ചവടം.

കൊക്കെയ്ന്‍ കടത്തിന്റെ സമ്പദ്ശാസ്ത്രം വളരെ ലളിതമാണ്. സൌത്ത് അമേരിക്കക്കാര്‍ അതുണ്ടാക്കുന്നു, ഇടയിലുള്ളവര്‍ അത് കടത്തുന്നു, പണമുള്ള അമേരിക്കക്കാര്‍ വാങ്ങുന്നു. അമേരിക്കന്‍ തോക്ക് കമ്പനികള്‍ ഈ സംവിധാനം ശക്തിപ്പെടുത്താനായി തോക്കുകള്‍ വില്‍ക്കുന്നു. എല്ലാവര്‍ക്കും ഇതൊക്കെ അറിയാം.

മനുഷ്യമനസ് കണ്ടുപിടിച്ച കാര്യങ്ങളില്‍ ഏറ്റവും മോശമായ ഒന്നാണ് മയക്കുമരുന്ന് കച്ചവടം എന്നും അതില്‍ തന്നെ കൊക്കെയ്ന്‍ ഏറ്റവും ഭീകരമായതാണെന്നും പറയാനാണ് ഞാന്‍ ആഗ്രഹിക്കുക.

ഒരു മയക്കുമരുന്ന് കച്ചവടത്തിലും ആര്‍ക്കും ചെറിയ മരണസംഖ്യയൊന്നും പറയാനില്ല. കഴിഞ്ഞ നൂറുവര്‍ഷത്തില്‍ കൊക്കെയ്ന്‍ കാരണം മരിച്ചവരുടെ കണക്കു ചോദിച്ചപ്പോള്‍ അറിവുള്ളവര്‍ ചിരിച്ചു. 'എല്‍ നാര്‍ക്കോ: ഇന്‍സൈഡ് മെക്സിക്കോസ് ക്രിമിനല്‍ ഇന്‍സര്‍ജന്‍സി' എന്ന പുസ്തകം എഴുതിയ അയോണ്‍ ഗ്രില്ലോയാവും ഇതിനെക്കുറിച്ച് ഏറ്റവുമധികം ചിന്തിച്ചിരിക്കുക. അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ അനുമാനം ഒരു ഒന്‍പതക്ക സംഖ്യയായിരുന്നു.

ഒരു തമാശയ്ക്ക് നമുക്ക് ഇങ്ങനെയൊരു കണക്ക് നോക്കാം. സ്പാനിഷ് ഇന്‍ക്വിസിഷന്റെ കാലത്ത് മന്ത്രവാദിനികളാണ് എന്ന് മുദ്രകുത്തി ഏതാണ്ട് അറുപതിനായിരത്തോളം പേരെ കൊന്നിട്ടുണ്ട്. ഇത് നൂറ്റമ്പത് കൊല്ലം കൊണ്ട് സംഭവിച്ചതാണ്. എന്നാല്‍ ഇതിന്റെ രണ്ടിരട്ടി മരണങ്ങള്‍ കഴിഞ്ഞ ഏഴു വര്‍ഷം കൊണ്ട് മയക്കുമരുന്ന് കാരണം മെക്സിക്കോയില്‍ മാത്രം സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ കൊളംബിയയില്‍ ഏതാണ്ട് നാലു ലക്ഷത്തി അമ്പതിനായിരം കൊലപാതകങ്ങള്‍ കൊക്കെയ്ന്‍ മൂലം നടന്നിട്ടുണ്ട്. ഇതിന്റെ കൂടെ ലാറ്റിന്‍ അമേരിക്കയും അമേരിക്കയും ചേര്‍ക്കുക. ഈ രാജ്യങ്ങളില്‍ ഇത് നിയന്ത്രിക്കാന്‍ നടത്തുന്ന പട്ടാളശ്രമങ്ങള്‍ ഓര്‍ക്കുക. ഇതിന്റെ കൂടെ കണക്കില്‍ പെടാത്ത കൊലപാതകങ്ങളെ കൂട്ടുക. നാസി ജര്‍മ്മനിയും അമേരിക്കന്‍ അടിമത്തവും ഇത് കണ്ടാല്‍ നാണിച്ചുപോകും.

ഇനിയും ഒരു നാസി താരതമ്യം വേണ്ട എന്ന് നിങ്ങള്‍ പറഞ്ഞേക്കാം. മാധ്യമങ്ങളിലെ ഹിറ്റ്‌ലര്‍ പ്രയോഗങ്ങള്‍ അത്രകണ്ട് പഴകിയിട്ടുണ്ട്. എന്നാല്‍ ഈ മയക്കുമരുന്നുകടത്ത് റൂട്ടുകള്‍ നിലനിര്‍ത്താനായി നടത്തുന്ന അരുംകൊലകള്‍ സത്യത്തില്‍ അതിനോട് ഉപമിക്കാവുന്നവയാണ്. ആളുകളെ കൊല്ലുന്നതും ജീവനോടെ കത്തിക്കുന്നതും ഒക്കെ ഒരു തുടക്കം മാത്രമാണ്. പീഡിപ്പിക്കുന്നവര്‍ ചെയിന്‍സോ, ബെല്‍റ്റ്‌, ആസിഡ് അങ്ങനെ എന്തെല്ലാം ഉപയോഗിക്കുന്നു. അവര്‍ ആളുകളുടെ കുടല്‍ കുത്തി വെളിയിലാക്കുന്നു, മുഖം ഫുട്ബോളുമായി ചേര്‍ത്ത് തുന്നിവയ്ക്കുന്നു. കുട്ടികള്‍ കൊലപാതകികളാകുന്നു. തോക്കുചൂണ്ടി ബലാല്‍സംഗങ്ങള്‍ നടക്കുന്നു, ഒരു ചുറ്റിക കൊണ്ട് ഒരു നിര ആളുകളെ ഒന്നൊന്നായി അടിച്ചുകൊല്ലുന്നു. ചൂണ്ടുപലകകളില്ലാത്ത കല്ലറകളില്‍ ഇവരെല്ലാം അസ്തമിക്കുന്നു. അവരുടെ ശരീരങ്ങള്‍ കണ്ടെത്തിയാല്‍ തന്നെ പത്രങ്ങള്‍ അത് മുറിവേറ്റ ശരീരം എന്ന ഒറ്റവാക്കിലൊതുക്കുന്നു.

അതുകൊണ്ടാണ് കൊക്കെയ്ന്‍ വാങ്ങാന്‍ പണം കൊടുക്കുന്നത് നാസിപാര്‍ട്ടിക്ക് സംഭാവന കൊടുക്കുന്നത് പോലെയാണെന്ന് ഞാന്‍ പറയുന്നത്. അമേരിക്കക്കാര്‍ ഇതില്‍ അധികമൊന്നും വേവലാതിപ്പെടാത്തത്തിന്റെ കാരണം മരിക്കുന്നത് പാവപ്പെട്ട തവിട്ടുതൊലിയുള്ളവരായത് കൊണ്ടാണ്. അവരില്‍ പലരും മയക്കുമരുന്നുകടത്തിന്റെ പേരില്‍ പോലീസ് ലിസ്റ്റില്‍ ഉള്ളതുകൊണ്ട് ഈ മരണങ്ങള്‍ ഗാംഗ് വയലന്‍സ് ആയി എഴുതിത്തള്ളാന്‍ എളുപ്പവുമാണ്.

ഇത്തരം ക്രൂരതകളുടെ കഥകളില്ലാതെ കൊക്കെയ്ന്‍ ഇല്ല. നിങ്ങള്‍ക്ക് ഓര്‍ഗാനിക് കൊക്കെയ്ന്‍ കര്‍ഷക ചന്തകളില്‍ വാങ്ങാനൊന്നും കിട്ടില്ല. മെക്സിക്കോക്കാര്‍ ഈ കച്ചവടം കൊണ്ട് തളര്‍ന്നിരിക്കുന്നു. അവര്‍ പറയും, “അമേരിക്കക്കാര്‍ക്ക് എന്തുവേണമെങ്കിലും ചെയ്യാം, അതിനു ഞങ്ങള്‍ എന്തിന് മരിക്കണം?” അവര്‍ പറയുന്നത് കാര്യമാണ്.

എനിക്കറിയാവുന്ന, കൊക്കെയ്ന്‍ ഉപയോഗിക്കുന്ന അമേരിക്കക്കാര്‍ മോശം ആളുകളല്ല. പലരും വലിയ കാരുണ്യ പ്രവര്‍ത്തികള്‍ ചെയ്യുന്നവരുമാണ്. അവര്‍ക്ക് അല്‍പ്പം കൂടുതല്‍ പണമുണ്ട്, അവര്‍ക്ക് ജീവിതം ബോറടിക്കും, അവര്‍ക്ക് അപ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. എന്നാല്‍ ഇവര്‍ ആരാണെന്ന് ഇവിടെ മെക്സിക്കോയിലെ ആരെങ്കിലും ചോദിച്ചാല്‍, എന്താണ് പറയേണ്ടത് എന്നെനിക്കറിയില്ല.

Erik Vance is a science writer based in Mexico City.


Next Story

Related Stories