TopTop

ഇന്ത്യന്‍ വളര്‍ച്ചയെന്ന കെട്ടുകഥ

ഇന്ത്യന്‍ വളര്‍ച്ചയെന്ന കെട്ടുകഥ


ഡാനിയല്‍ ആള്‍ട്മാന്‍

ഇന്ത്യയുടെ ആനയും, ചൈനയുടെ വ്യാളിയുമാണ് ഇനി ലോകത്തിന്റെ കാശു കുടുക്കകള്‍ കൈകാര്യം ചെയ്യുകയെന്ന് പാണന്‍മാര്‍ പാടിനടക്കാന്‍ തുടങ്ങിയിട്ട് കുറച്ചുനാളായി. ചൈനയുടെ കാര്യം അവിടെ നില്‍ക്കട്ടെ; വ്യാളി ചില്ലറക്കാരനല്ല. എന്നാല്‍ ആന തൊഴുത്തില്‍ക്കെട്ടാന്‍ പറ്റാത്തവണ്ണം വലുതായോ എന്നു നോക്കേണ്ടതുണ്ട്. ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് ശക്തി ആകുന്നതില്‍നിന്നും ആര്‍ക്കും ഇന്ത്യയെ തടഞ്ഞുനിര്‍ത്താന്‍ ആകില്ലെന്നാണ് കഴിഞ്ഞമാസം ധനമന്ത്രി പി. ചിദംബരം പ്രഖ്യാപിച്ചത്. വളര്‍ച്ച വേഗത്തില്‍ത്തന്നെ, സമ്മതിച്ചു. എന്നാലും ഒന്നുകൂടിയൊന്ന് നോക്കിയാലോ? ഇന്ത്യയുടെ വളര്‍ച്ച സംബന്ധിച്ച 8 കെട്ടുകഥകള്‍ ഒന്നു ചികഞ്ഞുനോക്കാം !

1. വളരുന്ന മറ്റ് സമ്പദ് വ്യവസ്ഥകളെക്കാള്‍ ഇന്ത്യ ബഹുദൂരം മുന്നിലാണ്.കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളില്‍ (1992 - 2012) ഇതേ നിലയിലുള്ള മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ ജീവിതനിലവാരം വളരെ വേഗത്തില്‍ ഉയര്‍ന്നിട്ടുണ്ട്. വാസ്തവം പറഞ്ഞാല്‍, വാങ്ങല്‍ശേഷിയുടെ അടിസ്ഥാനത്തില്‍ ലോകത്തെ മറ്റ് 9 രാജ്യങ്ങളില്‍ മാത്രമേ (അല്‍ബേനിയ, അര്‍മീനിയ, ഭൂട്ടാന്‍, ചൈന, ഇക്വറ്റോറിയല്‍ ഗിനിയ, മാലിദ്വീപ്, മൊസാംബിക്, സുഡാന്‍, വിയറ്റ്നാം) ജീവിത നിലവാരത്തില്‍ ഇതിലും വേഗത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുള്ളൂ. ജീവിതനിലവാരം ഇന്ത്യയേക്കാള്‍ കുറഞ്ഞ രാജ്യങ്ങളില്‍ കൂടിയ വളര്‍ച്ച പ്രതീക്ഷിക്കാം. പക്ഷേ ഇവയില്‍ പലതും (അല്‍ബേനിയ, അര്‍മീനിയ, ഭൂട്ടാന്‍, ചൈന, മാലിദ്വീപ്) കൂടിയ വാങ്ങല്‍ ശേഷി ഉണ്ടായിരുന്നവയാണ്. അവയെ അപേക്ഷിച്ചുനോക്കിയാല്‍ ഇന്ത്യയുടെ പ്രകടനം മോശമാണെന്ന് കാണാം.

2. വളരുന്ന മറ്റ് സമ്പദ് വ്യവസ്ഥകളെക്കാള്‍ വേഗത്തില്‍ ഇന്ത്യ ഭാവിയില്‍ വളരും.അടുത്ത 5 വര്‍ഷത്തേക്ക് നിരവധി രാജ്യങ്ങളിലെ ജീവിതനിലവാരം ഇന്ത്യയെക്കാള്‍ വേഗത്തില്‍ വളരുമെന്നാണ് അന്താരാഷ്ട്ര നാണയ നിധിയുടെ പ്രവചനം. ഇക്കാര്യത്തിലും, ഇന്ത്യയെക്കാള്‍ ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കുന്ന രാജ്യങ്ങളുണ്ട്. (ഭൂട്ടാന്‍, ചൈന, ജോര്‍ജിയ, റിപ്പബ്ളിക് ഓഫ് കോംഗൊ). ഇന്ത്യയ്ക്ക് തത്തുല്യമായ ജീവിത സാഹചര്യങ്ങളുള്ള രാജ്യങ്ങളെ ചിലപ്പോള്‍ ഇന്ത്യ മറികടന്നേക്കാം. പക്ഷേ, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ പല രഹസ്യങ്ങളുടെയും ചുരുളുകള്‍ ഇനിയും അഴിയാനിരിക്കുന്നതേയുള്ളൂ.

3. വിപണി പൂര്‍ണമായും തുറന്നുകൊടുക്കുന്നതോടെ കയറ്റുമതി കൂടുകയും അത് വളര്‍ച്ചയെ ശരവേഗത്തിലാക്കുകയും ചെയ്യും.കയറ്റുമതിക്കാര്‍ക്ക് ഇത്രയേറെ പ്രതിബന്ധങ്ങള്‍ നേരിടേണ്ടി വരുന്ന അധികം രാജ്യങ്ങള്‍ വേറെ കാണില്ല. മറ്റാരുമല്ല, ലോകബാങ്കാണ് ഇത് പറയുന്നത്. കൂടാതെ, കയറ്റുമതിക്കുള്ള ഇളവ് നിര്‍ത്തലാക്കാന്‍ അമേരിക്കയും മറ്റ് രാജ്യങ്ങളും ഇന്ത്യയ്ക്കുമേല്‍ സമ്മര്‍ദം ചെലുത്തിയാല്‍ കാര്യങ്ങള്‍ കൂടുതല്‍ പരുങ്ങലിലാകും. 2011-ല്‍ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 54 ശതമാനമായിരുന്നു കയറ്റുമതിയും, ഇറക്കുമതിയും. ചൈനയുടേതും അത്രതന്നെ. അതുകൊണ്ടു കയറ്റുമതി, വളര്‍ച്ചാനിരക്കില്‍ ഇന്ദ്രജാലം കാണിക്കും എന്നുള്ള വാദത്തില്‍ കഴമ്പില്ല.

4. ഇന്ത്യയിലെ ഗ്രാമീണ ജനതയുടെ നഗരവത്കരണം ജീവിതനിലവാരത്തില്‍ വമ്പന്‍ മാറ്റങ്ങളുണ്ടാക്കും.നഗരവത്കരണം സാമ്പത്തികവളര്‍ച്ചയുടെ അവിഭാജ്യഘടകമായാണ് പല രാജ്യങ്ങളും കാണുന്നത്. ആളുകളെ നഗരങ്ങളിലേക്ക് ആകര്‍ഷിച്ച് മൂലധനത്തിനൊപ്പം അദ്ധ്വാനം ചേര്‍ത്തുവെക്കുന്ന ലളിതമായ രീതി തൊഴിലാളികളുടെ ഉത്പാദനക്ഷമതയും ക്രമേണ അവരുടെ വരുമാനവും വര്‍ദ്ധിപ്പിക്കും. ഇന്ത്യയുടെ ജനസംഖ്യയുടെ മൂന്നില്‍ രണ്ടുഭാഗവും ഇപ്പോളും ഗ്രാമങ്ങളിലാണ് താമസിക്കുന്നത്. ചൈനയില്‍ ഇത് ജനസംഖ്യയുടെ പകുതിയാണ്. പക്ഷേ നഗരവത്ക്കരണത്തിന്റെ കാര്യത്തില്‍ ഇന്ത്യ നിലവില്‍ ഏറെ പിന്നിലല്ല. അതുകൊണ്ടുതന്നെ നഗരവത്കരണം പെട്ടന്നുള്ള വളര്‍ച്ച സൃഷ്ടിക്കാന്‍ പോകുന്നില്ല.

5. ഇന്ത്യയിലെ സേവനമേഖല വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.കോള്‍ സെന്ററുകളും, സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാരും, വിവര സാങ്കേതികവിദ്യാ തൊഴിലാളികളുമൊക്കെയായി ഒരു ‘സേവന വിപ്ലവം’തന്നെ രാജ്യത്ത് ഉണ്ടാകുന്നു എന്നാണ് പ്രചാരണം. എന്നാല്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ ഇന്ത്യയുടെ സേവന മേഖല അത്ര മഹാത്ഭുതമൊന്നും ഉണ്ടാക്കുന്നില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. രാജ്യത്തിന്റെ സമ്പദ് രംഗത്ത് സേവനമേഖല കൂടുതല്‍ പങ്ക് കയ്യടക്കും എന്ന കണക്കുകൂട്ടലിന് വലിയ അടിസ്ഥാനമില്ലെന്ന് സാരം. ചൈനയില്‍ കൂലി കൂടുന്നതോടെ ഇന്ത്യയില്‍ നിര്‍മ്മാണമേഖലക്കായിരിക്കും ഉത്തേജനം ലഭിക്കുക.

6. ഇന്ത്യയില്‍ ശാസ്ത്ര, എഞ്ചിനീയറിങ് വിദഗ്ദ്ധരുടെ എണ്ണം കൂടുതലാണ്. ഇത് വളര്‍ച്ചയുടെ വേഗം കൂട്ടും.എണ്ണം മാത്രമെടുത്താല്‍ ഇത് ശരിയാണെന്ന് തോന്നാം. കാരണം ഇന്ത്യയുടെ ജനസംഖ്യതന്നെ 120 കോടിയോളം വരും. പക്ഷേ അവിടെയാണ് അതിന്റെ മറുവശവും നോക്കേണ്ടത്. വിദഗ്ധരെക്കാള്‍ എത്രയോ ഇരട്ടി പ്രാന്തവത്കരിക്കപ്പെട്ടവര്‍ രാജ്യത്തുണ്ട്. ഇതേ വാദം ശരിവെക്കുകയാണെങ്കില്‍ യൂറോപ്പില്‍ ജനസംഖ്യ കൂടുതലുള്ള ജര്‍മ്മനിയും ഫ്രാന്‍സും സ്വിറ്റ്സര്‍ലാണ്ടിനെയും ഡന്‍മാര്‍ക്കിനെയും ജീവിതനിലവാരത്തില്‍ പുറകിലാക്കണം. എന്നാല്‍ അതങ്ങിനെയല്ലെന്ന് നമുക്കറിയാം.

7. സ്വതന്ത്ര വിപണി മുതലാളിത്തത്തിന് അനുയോജ്യമായ ജനാധിപത്യമാണ് ഇന്ത്യയില്‍.ജനാധിപത്യവും സ്വതന്ത്ര വിപണി മുതലാളിത്തവും തമ്മിലുള്ള ബന്ധം കാലങ്ങളായി സജീവ പഠനവിഷയമാണ്. ചൈനയും, സൌദി അറേബ്യയും പോലുള്ള ജനാധിപത്യരഹിത രാജ്യങ്ങളിലെ ഭരണകൂട മുതലാളിത്തം പുതിയതരം പ്രത്യയശാസ്ത്ര സമസ്യകളും ഉയര്‍ത്തുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ എന്നത് ശരിതന്നെ. പക്ഷേ, സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ സൂചികയില്‍ 177 രാജ്യങ്ങളില്‍ 119-മതാണ് ഇന്ത്യയുടെ സ്ഥാനം. വിപണിയിലെ സര്‍ക്കാര്‍ ഇടപെടലും, മറ്റ് നിയന്ത്രണങ്ങളുമൊക്കെ ഇതിന് കാരണമാണ്. ഒരു കച്ചവടം തുടങ്ങാന്‍ ലോകത്തുതന്നെ ഏറ്റവും കീറാമുട്ടികള്‍ നിറഞ്ഞ രാജ്യവുമാണ് ഇന്ത്യ.

8. ശക്തമായ നീതിന്യായ സംവിധാനം ഇന്ത്യക്കു അനുകൂലഘടകമാണ്.ഇത് ശരിയാണെങ്കില്‍ത്തന്നെ വലിയ ആനുകൂല്യമൊന്നും സൃഷ്ടിക്കാന്‍ പോകുന്നില്ല. ഭൂമിശാസ്ത്രപരമായ നിരവധി ഘടകങ്ങളാണ് രാജ്യങ്ങള്‍ തമ്മിലുള്ള ജീവിതനിലവാര വ്യത്യാസം പലപ്പോഴും സൃഷ്ടിക്കുന്നത്. ഈ ഘടകങ്ങളെ നിയന്ത്രിക്കുന്നതില്‍ മുന്‍ ബ്രിട്ടീഷ് കോളനികള്‍ മെച്ചമായിരുന്നു എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ഇവയില്‍ ഏറ്റവും മോശം പ്രകടനം നടത്തിയ രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഭൂമിശാസ്ത്രം വെച്ചുനോക്കിയാല്‍ അതിനെ ഒട്ടും ഉപയോഗപ്പെടുത്താതെ പരിതാപകരമായ ജീവിതനിലവാരമാണ് രാജ്യത്തുള്ളത്. രാജ്യത്തെ തൊഴിലാളികളില്‍ ഭൂരിഭാഗവും നിയമസംരക്ഷണത്തിന്റെ പുറത്താണ്. ഒരു നൂറ്റാണ്ടു പിറകില്‍ എന്നുവരെ പറയാം.

ചുരുക്കിപ്പറഞ്ഞാല്‍, ഇന്ത്യയുടെ വളര്‍ച്ചയെപ്പറ്റി പൊലിപ്പിച്ചുപാടുന്ന ഈ പാട്ടുകള്‍ക്കൊന്നും ഒരു അടിത്തറയുമില്ല. ഇപ്പോഴുള്ള അവസ്ഥവെച്ചു ഒരു മാഹാത്ഭുതവും സംഭവിക്കാന്‍ പോകുന്നില്ല. ഒരുപാട് കാഴ്ചകളുള്ള ഒരു രാജ്യമാണ് ഇന്ത്യ. പക്ഷേ സാമ്പത്തിക ശാസ്ത്രത്തിന്റെ കണക്കുപുസ്തകത്തില്‍ അത് അതിവിശാലമായോരു ദരിദ്രരാജ്യം മാത്രമാണ്.

(ഫോറിന്‍ പോളിസി)

Next Story

Related Stories