TopTop
Begin typing your search above and press return to search.

ജനുവരി 1 അഫ്ഗാന്‍കാരുടെ കൂട്ടപ്പിറന്നാള്‍ദിനം

ജനുവരി 1 അഫ്ഗാന്‍കാരുടെ കൂട്ടപ്പിറന്നാള്‍ദിനം

കെവിന്‍ സീഫ് (വാഷിങ്ങ്ടണ്‍ പോസ്റ്റ്)

അഫ്ഗാനിസ്ഥാനില്‍ ജനുവരി 1 പുതുവര്‍ഷദിനമല്ല. അമേരിക്കന്‍ അധിനിവേശത്തിനു ശേഷം അത് ഒരു പുതിയതരം അവധിയാണ്-ജന്മദിനമറിയാത്ത ആയിരക്കണക്കിന് അഫ്ഗാന്‍കാരുടെ പൊതുജന്മദിനം.

1980-കളിലേയും, 90-കളിലെയും നിരവധി യുദ്ധങ്ങള്‍ക്കിടയില്‍ ജനനങ്ങള്‍ രേഖപ്പെടുത്താന്‍ സര്‍ക്കാരിന് സംവിധാനമുണ്ടായിരുന്നില്ല. തിരിച്ചറിയല്‍ രേഖകളും, ഡ്രൈവിംഗ് ലൈസന്‍സുകളും നിര്‍ബന്ധമല്ലാതിരുന്ന ഈ ദരിദ്രരാജ്യത്ത് കൃത്യമായ ജനന തിയ്യതി രേഖപ്പെടുത്താന്‍ ആളുകള്‍ക്കും അത്ര ആവേശം തോന്നേണ്ട കാര്യമില്ലായിരുന്നു. ഇസ്ലാമിക കലണ്ടര്‍ അനുസരിച്ചു ഏകദേശമുള്ള ഒരു ജനനതിയ്യതി മാത്രമേ സര്‍ക്കാരും ആവശ്യപ്പെട്ടിരുന്നുള്ളൂ.

പക്ഷേ അമേരിക്കയും നാറ്റോയും വന്നതോടെ തൊഴിലവസരങ്ങളുടേയും, വിസ അപേക്ഷകളുടേയും ദിനങ്ങളാണ് വന്നത്. എന്നാല്‍ അവയ്ക്കൊക്കെ വെബ്സൈറ്റുകളില്‍ റോമന്‍ കലണ്ടര്‍ പ്രകാരമുള്ള ജന്മദിനവും വേണ്ടിയിരുന്നു.

“ജന്മദിനം കൃത്യമായി അറിയാത്തവര്‍ ജനുവരി 1 ജന്മദിനമായി തെരഞ്ഞെടുത്തു,” അമേരിക്കന്‍ സേനയുടെ ദ്വിഭാഷിയായ താരിഖ് പറഞ്ഞു. സേനയില്‍ ജോലിക്കു അപേക്ഷിച്ചപ്പോളാണ് അയാള്‍ ആദ്യം ഈ തിയ്യതി വെച്ചത്. പിന്നെ വിസ അപേക്ഷയിലും, ആരെങ്കിലും ചോദിച്ചാലുമൊക്കെ അതുതന്നെ ആവര്‍ത്തിച്ചു. “ഇത് ഓര്‍ക്കാന്‍ വളരെ എളുപ്പമായിരുന്നു.”
മറ്റ് പല അഫ്ഗാന്‍കാരെയും പോലെ താലിബാന്‍ ഭീഷണി ഒഴിവാക്കാന്‍ തന്റെ മുഴുവന്‍ പേരും പറയരുതെന്നാവശ്യപ്പെട്ട താരിഖിന് തന്റെ ജനനനാളുകളെക്കുറിച്ച് വളരെ അവ്യക്തമായ ഓര്‍മ്മകളെ ഉള്ളൂ. 90-കളില്‍ രാജ്യം ആഭ്യന്തരയുദ്ധത്തിലേക്ക് വഴുതിവീഴുന്ന ദിനങ്ങളായിരുന്നു അവ.

“ഓണ്‍ലൈന്‍ രജിസ്ട്രേഷനും സോഷ്യല്‍ നെറ്റ്വര്‍ക് സൈറ്റുകളിലുമെല്ലാം ഞാന്‍ ജനുവരി ഒന്നാണ് ജന്മദിനമായി നല്‍കുന്നത്”, അടുത്തിടെ സര്‍വകലാശാല ബിരുദം നേടിയ നാസര്‍ ഹുസൈന്‍ പറഞ്ഞു. “പണ്ടത്തെ കാലത്ത് ജനനതിയ്യതി കൃത്യമായി രേഖപ്പെടുത്താന്‍ മാത്രമുള്ള വിദ്യാഭ്യാസം ആളുകള്‍ക്ക് ഉണ്ടായിരുന്നില്ല.”

ഡിജിറ്റല്‍ യുഗത്തില്‍ ഈ കൂട്ടപ്പിറന്നാള്‍ ആളുകള്‍ക്കിടയിലെ ഒരു തമാശ കൂടിയാണ്. ഇതാഘോഷിക്കാന്‍ ചെറുപ്പക്കാരായ അഫ്ഗാന്‍കാര്‍ പരസ്പരം സന്ദേശങ്ങളുമയക്കും.

“ജനുവരി ഒന്നിന് പിറന്നാള്‍ ആഘോഷിക്കുന്ന 30 കൂട്ടുകാര്‍ക്ക് ജനംദിനാശംസകള്‍,”ആസ്ട്രേലിയയില്‍ താമസിക്കുന്ന ഒരു അഫ്ഗാന്‍ അഭയാര്‍ത്ഥി, ബരത് അലി ബതൂര്‍ ഫെയ്സ്ബുകില്‍ എഴുതി.

ഗ്രാമപ്രദേശങ്ങളില്‍ ഇപ്പോഴും തീര്‍ത്തും കുറവായ, ഔദ്യോഗികമായി ജനനം രേഖപ്പെടുത്തുന്ന രീതി, ഭാവിയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് പലരും കരുതുന്നു. “മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ജനനം രേഖപ്പെടുത്തുന്നതിന് വലിയ പ്രാധാന്യമുണ്ട്. കാരണം ഒരു കുഞ്ഞിന്റെ നിലനില്‍പ്പിന്റെ ഔദ്യോഗിക തെളിവാണത്,” അഫ്ഗാനിസ്ഥാനെ എടുത്തുപരാമര്‍ശിച്ചുകൊണ്ട് 2007-ലെ ഒരു ഐക്യരാഷ്ട്ര സഭ റിപ്പോര്‍ട് പറയുന്നു.
ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്കും, പ്രകൃതി ദുരന്തങ്ങള്‍ക്കും ശേഷം കുട്ടികളെ അവരുടെ കുടുംബങ്ങളുമായി ഒന്നിപ്പിക്കുന്നതിനും, കുട്ടികള്‍ക്ക് അഭയാര്‍ത്ഥി പദവി ലഭിക്കുന്നതിനും ഈ ജനനരേഖകള്‍ ഏറെ പ്രയോജനപ്രദമാണ്. അഫ്ഗാനിസ്ഥാനില്‍ സാധാരണഗതിയില്‍ അതീവദുഷ്കരമായ ജനസംഖ്യാ കണക്കെടുപ്പിനും ഇത് സഹായിക്കും.

“അഫ്ഗാനിസ്ഥാനില്‍ നിയമപ്രകാരം ജനനം രേഖപ്പെടുത്തേണ്ടതുണ്ടെങ്കിലും 23 വര്‍ഷത്തെ സംഘര്‍ഷാവസ്ഥ ഇതിനുവേണ്ട ഭരണപരമായ സംവിധാനങ്ങളേയും സാമൂഹ്യ സ്ഥാപനങ്ങളേയും ഇല്ലാതാക്കിയിരിക്കുന്നു,”റിപ്പോര്‍ടില്‍ പറയുന്നു. ആളുകള്‍ ജനുവരി 1 ജന്മദിനമായി തെരഞ്ഞെടുത്ത ആദ്യ സംഘര്‍ഷഭരിത രാഷ്ട്രമല്ല അഫ്ഗാനിസ്ഥാന്‍. വിയത്നാം.സൊമാലിയ, സുഡാന്‍ എന്നീ രാജ്യങ്ങളിലും ആയിരക്കണക്കിനാളുകള്‍ ഇതേദിവസം ജന്‍മനാളായി തെരഞ്ഞെടുത്തവരാണ്. ചിലരുടെ കാര്യത്തില്‍ സര്‍ക്കാര്‍ നല്‍കിയതാണ് ഈ ജന്മദിനം. വിയത്നാം യുദ്ധത്തിനു ശേഷം ഏതാണ്ട് 2 ലക്ഷം അഭയാര്‍ത്ഥികള്‍ക്ക് ഈ ജന്മദിനം അനുവദിക്കുകയായിരുന്നു.
അഫ്ഗാന്‍കാര്‍ ഔദ്യോഗിക ജന്മദിനം അനുവദിച്ചുകിട്ടാനൊന്നും കാത്തുനിന്നില്ല. നൂറുകണക്കിനു വിസ അപേക്ഷകളില്‍ ജന്മദിനം ജനുവരി 1 ആണെന്ന് യു എസ് വിസ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. തങ്ങള്‍ ജനിച്ച വര്‍ഷത്തെപ്പറ്റി ഉറപ്പില്ലാത്ത അഫ്ഗാന്‍കാര്‍ അതും ഒരു ഊഹക്കണക്കിലാണ് എഴുതിയത്.

ഓര്‍ക്കാന്‍ എളുപ്പമായതുകൊണ്ടാണ് ജനുവരി 1 തെരഞ്ഞെടുത്തതെന്നാണ് മിക്കവരും പറയുന്നത്. എന്നാല്‍ ചെറുപ്പക്കാരായ അഫ്ഗാന്‍കാര്‍ക്ക് തങ്ങളുടെ രാജ്യത്തിന്റെ കുഴപ്പങ്ങളെ പ്രതീകവത്കരിക്കുന്ന ഒരു ആധുനിക ആഘോഷം കൂടിയാണത്.

അഫ്ഗാനിലെ പ്രശസ്ത നടനായ ബാസിര്‍ മുജാഹിദും, ക്രിക്കറ്റ് താരം ഹസ്തി ഗുല്‍ അബിദും, രാഷ്ട്രീയ നേതാവ് മൊഹമ്മദ് ദൌദ് ദൌദും എല്ലാം ജനുവരി 1-നു പിറന്നാള്‍ ആഘോഷിക്കുന്നവരാണ്.

ഡിജിറ്റല്‍ കാലത്തെ ചെറുപ്പക്കാരായ അഫ്ഗാന്‍കാര്‍ തങ്ങളുടെ യഥാര്‍ത്ഥ ജന്മദിനത്തെക്കുറിച്ച് അറിയാന്‍ ഉത്സുകരാണ്. പക്ഷേ കൂടുതല്‍ കൃത്യമായ വിവരങ്ങള്‍ നല്കാന്‍ അവരുടെ മാതാപിതാക്കള്‍ക്കുമാവുന്നില്ല.

“എനിക്കു ഉറപ്പ് പറയാനാവില്ല,” ഹുസൈന്‍ പറഞ്ഞു. “വസന്തകാലത്തില്‍ എപ്പോഴോ ആണെന്ന് തോന്നുന്നു.”Next Story

Related Stories