TopTop
Begin typing your search above and press return to search.

ded

ded

വരാന്‍ പോകുന്നത് യു.ഡി.എഫിന്റെ സുവര്‍ണ കാലമെന്ന് 2014 ജനുവരി ഒന്നിനു സ്ഥാനമേറ്റ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. താന്‍ ആഭ്യന്തര വകുപ്പ് ഭരിച്ച കാലഘട്ടം കേരള പോലീസിന്റെ ചരിത്രത്തില്‍ സുവര്‍ണ ലിപികളില്‍ എഴുതി ചേര്‍ക്കേണ്ട കാലമെന്ന് പുതുവര്‍ഷ പുലരിയില്‍ ആഭ്യന്തര വകുപ്പ് മന്ത്രി സ്ഥാനം ഒഴിഞ്ഞ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പോയതും സുവര്‍ണം വരാനിരിക്കുന്നതും സുവര്‍ണം. സ്വര്‍ണമാണ് അഖിലസാരമൂഴിയില്‍ എന്നു ധരിച്ചുവശായ മലയാളികള്‍ക്ക് ഇതില്‍ പരം എന്തുവേണം കോരിത്തരിക്കാന്‍. ഇനിയങ്ങോട്ട് നെടുമ്പാശേരി വഴിയുളള സ്വര്‍ണത്തിന്റെ ഒഴുക്ക് മഹാ പ്രവാഹമായി മാറും. ആറന്‍മുളയില്‍ സ്വര്‍ണം വിളഞ്ഞ പാടങ്ങള്‍ നികത്തിയെന്ന പരാതിക്കും ഉടന്‍ പരിഹാരമാകും. നികത്തിയ പാടങ്ങള്‍ക്ക് മുകളിലൂടെ തനി തങ്കവുമായി തങ്കം പോലെയുളള പെണ്‍മണികള്‍ പറന്നിറങ്ങും.

യു.ഡി.എഫില്‍ വരാന്‍ പോകുന്ന സുവര്‍ണ കാലത്തിന്റെ ശംഖൊലി പി.സി. ജോര്‍ജ് എന്നേ മുഴക്കി കഴിഞ്ഞു. ആ ശംഖിന്റെ ശബ്ദഭംഗിയും മുഴക്കവും കേട്ടാല്‍ ആര്‍ക്കും മനസിലാവും വരാന്‍ പോകുന്ന സുവര്‍ണ കാലത്തിന്റെ തിളക്കം. കാതു തുളഞ്ഞല്ലേ അത് ടെലിവിഷനിലൂടെ കയറി വരുന്നത്. കാതു മാത്രമല്ല ജോര്‍ജിന്റെ ശംഖനാദത്തില്‍ മൂക്കും കണ്ണും പൊത്തി പിടിച്ചില്ലെങ്കില്‍ പൊട്ടി പോയേക്കാമെന്നു വരെ അത്ര ന്യൂജനറേഷനല്ലാത്ത ചില പഴഞ്ചന്മാര്‍ അസൂയ പറയുന്നുണ്ട്. എന്നാല്‍ ജോര്‍ജോ, അന്തി മയങ്ങിയാല്‍ ജോര്‍ജിനെ വിളിക്കാതെ ഇരിക്കപൊറുതിയില്ലാത്ത ചാനല്‍ ചര്‍ച്ചാവതാരങ്ങളോ ഇതൊന്നും കാര്യമാക്കിയിട്ടില്ല. ന്യൂജനറേഷന്‍ സിനിമയ്ക്ക് തിരകഥ എഴുതുന്നവരുടെ വേദപുസ്തകമാണ് ജോര്‍ജിന്റെ ഓരോ ചാനല്‍ ചര്‍ച്ചകളും. ശ്രീകണ്‌ഠേശ്വരത്തിന്റെ ശബ്ദതാരവലിയില്‍ ജോര്‍ജിയന്‍ വാക്കുകള്‍ കൂടി ചേര്‍ക്കണമെന്നു വരെ അഭിപ്രായമുണ്ട്. എന്തു പറഞ്ഞാലും നീ എന്റേതല്ലേയെന്നു പറയും പോലെ ജോര്‍ജ് എന്തു പറഞ്ഞാലും അത് യു.ഡി.എഫിന്റെ സുവര്‍ണ കാലത്തിനു വേണ്ടിയാണെന്നതില്‍ ആര്‍ക്കും സംശയം വേണ്ട. യു.ഡി.എഫ് നന്നായാല്‍ തന്റെ സ്ഥാനം മോശമാകുമോയെന്ന് പേടിയുളള കരിങ്ങോഴക്കല്‍ മാണി മാണി മാത്രമാണ് ജോര്‍ജിനെ ഇടയ്ക്ക് ഉപദേശിക്കുന്നത്. ഇടതു ചാടാന്‍ നോക്കി നില്‍ക്കുന്ന മാണി ഇതു പറഞ്ഞില്ലങ്കിലേ അത്ഭുതപ്പെടാനുളളു.

ലോക്‌സഭയിലേക്ക് മൂന്നു സീറ്റു തന്നില്ലെങ്കില്‍ ഒറ്റയ്ക്കു മല്‍സരിക്കുമെന്നും കോണ്‍ഗ്രസില്ലാതെ മൂന്നിടത്തും വിജയിക്കാനുളള ശേഷിയുണ്ടെന്നുമുളള ലീഗിന്റെ വിനീതവാക്കുകളും വരാനിരിക്കുന്ന സുവര്‍ണ കാലത്തിന്റെ സൂചനകളാണ്. കോണ്‍ഗ്രസിന്റെ ഒരേയൊരു ഭാവി പ്രതീക്ഷയായ രാഹുല്‍ മോന്‍ എന്തു പറഞ്ഞാലും ഇതില്‍ പരം ഒരു മഹത്‌വചനമില്ലെന്ന് കോറസ് പാടുന്നവരാണ് കോണ്‍ഗ്രസ് നേതാക്കള്‍. പാര്‍ട്ടിയിലും ഭരണത്തിലും ഉടന്‍ വിപ്‌ളവം കൊണ്ടുവരാന്‍ തറ്റുടുത്ത് നില്‍ക്കുന്ന രാഹുല്‍ മോന്‍ മിടുക്കനല്ലെന്ന് മാത്രമല്ല തീരാ പോരായെന്ന് ലീഗ് നേതാവ് പറഞ്ഞതും ഭാവി സൂചന തന്നെയാവും. പാര്‍ലമെന്റില്‍ രാഹുല്‍ മോന്റെ പ്രകനം കണ്ട് പരിചയമുളള കേരളത്തിലെ കോണ്‍ഗ്രസ് എം.പിമാര്‍ ഇതു പറഞ്ഞ ഇ.ടി. മുഹമ്മദ് ബഷീറിനെ രഹസ്യമായി അഭിനന്ദിച്ചെന്നും സെട്രല്‍ ഹാളില്‍ സംസാരമുണ്ട്.

നാലാളുളള രണ്ട് ഘടകകക്ഷികളും സുവര്‍ണ കാലത്തിനുളള തയ്യാറെടുപ്പിലാണ്. പിന്നെ ഇക്കുറി എവിടെയും പച്ചതൊടാന്‍ കഴിയാഞ്ഞ പഴയ പടക്കുതിരകളായ കെ.ആര്‍. ഗൗരിയമ്മയും എം.വി.രാഘവനും പഴയ ലാണവത്തിലേക്ക് മടങ്ങുമെന്നും ഇല്ലെന്നും കേള്‍ക്കുന്നു. ആര്‍. ബാലകൃഷ്ണ പിളള കോണ്‍ഗ്രസിന്റെ സുവര്‍ണകാലത്തിന്റെ തുടക്കം എന്ന് പറയാന്‍ വന്നതു തെറ്റിയാണ് അവസാനത്തിന്റെ തുടക്കം എന്നു പറഞ്ഞത്. ആയകാലത്ത് വീരേന്ദ്ര കുമാര്‍ തന്നോടു ചെയ്ത ചെയ്ത്തുകള്‍ മറക്കാത്ത പിണറായി ഇപ്പോഴും ഇടതു മുന്നണിയുടെ മുഖ്യ കാര്യക്കാരനായതില്‍ വീരന്‍ പാര്‍ട്ടിയില്‍ നിന്ന് മറ്റാരു പോയാലും വീരനും മകനും യു.ഡി.എഫില്‍ തന്നെ നില്‍ക്കേണ്ടി വരും.

സംസ്ഥാന മുഖ്യമന്ത്രിയെ അതും പോലീസുകാരുടെ ചടങ്ങിനു ക്ഷണിച്ചു വരുത്തി കല്ലേറു വാങ്ങി കൊടുത്ത കാലം ചരിത്രത്തില്‍ സുവര്‍ണ ലിപിയില്‍ തന്നെ എഴുതണം. കൊലക്കേസില്‍ അകത്തു കിടക്കുന്ന കൊട്ടേഷന്‍ ടീമിന് ജയിലില്‍ ഫേസ്ബുക്ക് മുതല്‍ ബര്‍മുഡ വരെ സര്‍വ്വസൗകര്യവും ചെയ്തു കൊടുത്ത് തടവു പുളളികളുടെ മനുഷ്യാവകാശം സംരക്ഷിച്ച കാലം. സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ വഴിയില്‍ നിന്നു കൈക്കാട്ടി വിളിച്ചാല്‍ ഏതു വീട്ടിലും പോയി കരിക്കു കുടിച്ച് രണ്ടാം മിനിട്ടില്‍ മടങ്ങുന്ന ഇത്ര നിഷ്‌കളങ്കനായ, സിസിലിംഗായ ഒരു വാക്കും പ്രയോഗിക്കാത്ത, തനി തങ്കമായ ഇതുപോലെ ഒരു മന്ത്രിയെ കിട്ടയതു തന്നെ ആഭ്യന്തര വകുപ്പിന്റെ മഹാഭാഗ്യമാണെന്നതില്‍ ആര്‍ക്കുമില്ല സംശയം. തിരുവഞ്ചൂര്‍ തീര്‍ച്ചയായും സ്വയം അഭിനന്ദിക്കണം.

താക്കോല്‍ സ്ഥാനം

പെരുന്ന ഭരിക്കുന്ന നായകന്‍ അഖില കേരള നായന്മാരുടെ പേരു പറഞ്ഞ് നാഴികയ്ക്ക് നാപ്പതു വട്ടം താക്കോല്‍ സ്ഥാനത്തിനു വേണ്ടി വാദിച്ചിരുന്ന കാലം. ഭൂരിപക്ഷ സമുദായാംഗത്തിന് മന്ത്രിസഭയില്‍ താക്കോല്‍ സ്ഥാനം നല്‍കണമെന്ന് ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരുന്നത് രമേശന്‍ നായര്‍ക്ക് ആഭ്യന്തര വകുപ്പ് കിട്ടാന്‍ വേണ്ടിയായിരുന്നില്ലെന്നും മന്ത്രിസഭയുടെ നന്മയ്ക്കു വേണ്ടിയായിരുന്നെന്നും അദ്ദേഹം പറയുന്നത് പാലിലൊഴിച്ച വെളളം പോലെ സത്യമാണെന്നും എല്ലാവര്‍ക്കും അറിയാം. കാരണം അങ്ങനെ കളളം പറയുകയോ ജാതി പറയുകയോ മകള്‍ക്ക് സര്‍വ്വകലാശാലയില്‍ ഏതെങ്കിലും മുന്തിയ സ്ഥാനം നല്‍കണമെന്ന് പറയുകയോ ചെയ്യുന്നയാളല്ല അദ്ദേഹം.

ഐ ക്കാരനായ രമേശന്‍ നായര്‍ക്കുളള താക്കോല്‍ സ്ഥാനം വെട്ടാന്‍ വേണ്ടിയാണ് എന്നും വിനീത വിധേയനായ കൂടെ നിന്ന നായര്‍ക്ക് മുഖ്യമന്ത്രി ഇരുട്ടിവെളുക്കും മുമ്പ് ആഭ്യന്തര വകുപ്പ് നല്‍കിയത്. ഒടുവില്‍ അതിനുളള ദക്ഷിണ കിട്ടിയെന്നത് വേറെ കാര്യം. യു.എന്നില്‍ പോയി കഷ്ടപ്പെട്ട് കനപ്പെട്ട അവാര്‍ഡും സംഘടിപ്പിച്ച് വിജയശ്രീലാളിതനായി മടങ്ങി വരവെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിനിട്ട് പോലീസ് പണി കൊടുത്തത്. മണ്ണും ചാരി നിന്ന തിരുവഞ്ചൂര്‍ പെണ്ണും കൊണ്ട് പോകുന്നത് കണ്ട് രമേശന്‍ നായര്‍ പല തവണ കരഞ്ഞു. ഉപമുഖ്യമന്ത്രിയാക്കാം, ആഭ്യന്തരം നല്‍കാം എന്നെല്ലാം പറഞ്ഞ് പല തവണ രമേശിനെ മോഹിപ്പിച്ച് ചാട്ടേക്കേറ്റിയ മുഖ്യന്‍ കഴിയാവുന്നിടത്തോളം നാണക്കേട് വാങ്ങി കൊടുത്തു. ഒടുവില്‍ ആഭ്യന്തരം എന്നു കേള്‍ക്കുന്നതു തന്നെ, തന്നെ കളിയാക്കാനാണോയെന്ന്‍ രമേശന്‍ നായര്‍ക്ക് സംശയമായി. എന്തായാലും ഒടുവില്‍ ചക്ക വീണു മുയല്‍ ചത്തു. തിരുവഞ്ചൂര്‍ ഭരിച്ചകാലം സുവര്‍ണ ലിപിയില്‍ എഴുതുമ്പോള്‍ സാക്ഷാല്‍ ചെന്നിത്തല ഭരിക്കാന്‍ പോകുന്ന കാലം എഴുതാന്‍ വേറയെതെങ്കിലും ലിപി കണ്ടെത്തണം.

പിന്നില്‍ക്കുത്ത്

മന്ത്രിസഭയുടെ താക്കോല്‍ സ്ഥാനത്ത് കയറിയിറങ്ങി നടന്ന ഒരു സോളാര്‍ നായര്‍ മന്ത്രിസഭയുടെ താക്കോലുമായി പോയത് അറിഞ്ഞതു കൊണ്ടാവാം ചെന്നിത്തലയ്ക്ക് താക്കോല്‍ സ്ഥാനം കിട്ടിയിട്ടും താക്കോല്‍ സ്ഥാനത്തിനു വേണ്ടി ആദ്യം വാദിച്ച നേതാവിന് അത്ര സന്തോഷം തോന്നാത്തത്. അവര്‍ നാലു പേരുകള്‍ പുറത്തു വിട്ടാല്‍ താക്കോല്‍ സ്ഥാനം പോയിട്ട് പലരുടെയും താക്കോലുപോലും കാണില്ലെന്നാണ് കേള്‍ക്കുന്നത്.


Next Story

Related Stories