Top

ആരും ഞങ്ങളുടെ അച്ഛന്‍ ആകേണ്ട!

ആരും ഞങ്ങളുടെ അച്ഛന്‍ ആകേണ്ട!
രണ്ടായിരത്തി ആറാം ആണ്ടിലാണ് ഞങ്ങള്‍ ഒരു ഷോര്‍ട്ട് ഫിലിം ചെയ്യാനുള്ള ശ്രമം നടത്തുന്നത്. അത് വരെ കൂട്ടി വെച്ചിരുന്ന അറിവും ജീവിതവും ഒക്കെ ചേര്‍ത്ത് വെച്ച് ഒരു ചെറിയ സ്‌ക്രിപ്റ്റ് എഴുതി. അതിനും മുമ്പുള്ള ഒരു അഞ്ചാറു വര്‍ഷത്തെ ജീവിതവും പ്രണയവും രാഷ്ട്രീയവും ഒക്കെ ചേര്‍ത്തുവച്ചുള്ള ഒരു ശ്രമമായിരുന്നു അത്. തൃശൂരിലെ ശ്രീകൃഷ്ണ കോളേജില്‍ അദ്ധ്യാപകന്‍ ആയി ജോലി ചെയ്യുമ്പോഴായിരുന്നു അത്തരത്തിലുള്ള ഒരു ശ്രമം. ജാതി കാരണം നഷ്ടപ്പെട്ടു പോയ ഒരു പ്രണയം, നമുക്ക് ചുറ്റും കണ്ട ദളിത് സ്ത്രീകള്‍, ശ്രീകൃഷ്ണ കോളേജില്‍ തന്നെ പഠിച്ച ക്രിക്കറ്റ് കളിക്കാരാന്‍ ആയ, ഒരു ബൈക്ക് ആക്‌സിഡന്റില്‍ മരിച്ച ഷാജഹാന്‍, ചില കാമ്പസ് ഓര്‍മ്മകള്‍ ഒക്കെ ചേര്‍ത്ത് ഒരു സ്‌ക്രിപ്റ്റ് എഴുതി നേരത്തെ തീര്‍ത്ത് വെച്ചിരുന്നു. ഒരു പതിനഞ്ചു മിനിറ്റ് ഷോര്‍ട്ട് ഫിലിമിന്റെ സ്‌ക്രിപ്റ്റിനു ഉലയൂതിയത് ഒരഞ്ചാറു വര്‍ഷത്തെ ജീവിതമായിരുന്നു. അങ്ങനെ ആ ഷോര്‍ട്ട് ഫിലിം ചെയ്യാന്‍ കുറച്ചു കുട്ടികളെയും കൂട്ടി ചുമ്മാ അങ്ങ് ഇറങ്ങിപ്പുറപ്പെട്ടു.


അന്ന് ഞങ്ങള്‍ക്ക് സിനിമ എടുക്കാനും അതിന്റെ സാങ്കേതികതയും ഒന്നും അറിയില്ലായിരുന്നു. പക്ഷെ ഒരു ധൈര്യത്തിന് അതങ്ങ് ചെയ്തു. ഞങ്ങള്‍ക്ക് കൂട്ടിനായി സിനിമയില്‍ പ്രവര്‍ത്തിക്കുന്ന എന്റെ സുഹൃത്ത് അനൂപ്, പിന്നെ ക്യാമറാമാന്‍ ആയ റിജു, അദ്ദേഹത്തിന്റെ ടീം ഒക്കെ ഉണ്ടായിരുന്നു. ഒരു ഇരുപതിനായിരം രൂപ ഒക്കെ സംഘടിപ്പിച്ച് ഞങ്ങള്‍ രണ്ടു ദിവസത്തെ ഷൂട്ടിങ്ങ് പ്ലാന്‍ ചെയ്തു. 'ബ്ലാക്ക് ബോര്‍ഡ്' എന്നായിരുന്നു സിനിമയുടെ പേര്. ഷൂട്ടിംഗ് തുടങ്ങുന്നതിന്റെ തലേ ദിവസം വരെ ഞങ്ങള്‍ക്ക് പ്രധാന കഥാപാത്രമായി അഭിനയിക്കേണ്ട നടിയെ കിട്ടിയില്ല. അവസാനം ഷൂട്ടിംഗ് ടീമിലുണ്ടായിരുന്ന ദീപ്തി എന്ന പെണ്‍കുട്ടി 'ഞാന്‍ ഒന്ന് ശ്രമിച്ചു നോക്കാം' എന്ന് പറഞ്ഞു അഭിനയിച്ചു തുടങ്ങി. ഗംഭീരമായിരുന്നു ആ ദളിത് പെണ്‍കുട്ടിയുടെ അഭിനയം. ഒരു സീനില്‍ 'നിന്റെ ജാതിയില്‍ പെട്ട ഒരാളെ കല്യാണം കഴിക്കാന്‍ പറ്റില്ല' എന്ന് പറഞ്ഞു നടന്നു പോകുന്ന കാമുകന്റെ പുറകെ നിന്ന് കരയുന്ന സീന്‍ ആ കുട്ടി ജീവിതത്തില്‍ നിന്ന് കരഞ്ഞു അഭിനയിച്ചു. ഞങ്ങള്‍ ക്യാമറക്ക് പിന്നില്‍ വാ പൊളിച്ചു അന്തം വിട്ടു പോയി. ആ വര്‍ഷത്തെ ഫില്ക എന്നാ കാമ്പസ് ഫിലിം ഫെസ്‌റിവലില്‍ ആ ഷോര്‍ട്ട് ഫിലിം കേരളത്തിലെ ഏറ്റവും മികച്ച കാമ്പസ് ഷോര്‍ട്ട് ഫിലിം ആയി തെരഞ്ഞെടുക്കപ്പെട്ടു. തൃശ്ശൂരില്‍ വെച്ചു നടന്ന കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ കാമ്പസ് ഫെസ്റ്റിവലില്‍ ബ്ലാക്ക് ബോര്‍ഡ് തഴയപ്പെട്ടിരുന്നു. ശ്രീകൃഷ്ണ കോളേജിലെ 'പാവങ്ങള്‍' എന്ന സംഘടന ചെയ്ത ആ സിനിമക്കുള്ള അവാര്‍ഡ് അടൂര്‍ ഗോപാലകൃഷ്ണനില്‍ നിന്ന് ദീപ്തിയും സംഘവും വാങ്ങിച്ചു. എല്ലാവരും ആ കോളേജില്‍ താരങ്ങള്‍ ആയി. അപ്പൊ ചുമ്മാ മനസ്സില്‍ ഇങ്ങനെ പറഞ്ഞു, 'നമ്മക്കും പറ്റും ഈ പണി; സിനിമാ പിടിത്തം'.
ശ്രീകൃഷ്ണ കോളേജില്‍ നിന്ന് വിട്ട് പിന്നെ മലപ്പുറത്തെ മമ്പാട് എം ഇ എസ് കോളേജില്‍ അദ്ധ്യാപകന്‍ ആയി.അവിടെ വെച്ചു ഒരു ഡോക്യുമെന്ററി ഷൂട്ട് ചെയ്താലോ എന്ന ആലോചനയായി. ഒരു വിഷയത്തിനു വേണ്ടി ഞങ്ങള്‍ ആലോചിച്ചു. മുമ്പ് കേരള യൂണിവേഴ്‌സിറ്റിയില്‍ മാധ്യമ പഠനം നടത്തുമ്പോള്‍ ഞങ്ങളുടെ ഒരു അദ്ധ്യാപകന്‍ എന്നോട് പറഞ്ഞിരുന്നു, നിന്റെയും എന്റെയും നാട്ടിലെ പഴയ ആള്‍ക്കാര്‍ക്കു പറയാന്‍ ഒരു പാട് ചരിത്രം ഉണ്ട്. അവരുടെ ഓര്‍മ്മകള്‍. ഒന്നുമില്ലെങ്കിലും അതൊന്നു റെക്കോര്‍ഡ് ചെയ്യുന്നത് നന്നായിരിക്കും. അത് ആലോചിച്ചു. അങ്ങനെ ഞാനും എന്റെ വിജയന്‍, ഹിഷാം, ഫഹദ് എന്നീ വിദ്യാര്‍ഥികളായ കൂട്ടുകാരും ചേര്‍ന്ന് എന്റെ അച്ഛന്റെ നാടായ പെരിങ്ങീലെക്ക് ഒരു ക്യാമറയുമായി പോയി. പെരിങ്ങീലെക്കു പോകാനുള്ള ഒരു കാരണം അവിടെ എല്ലാവരെയും ഞങ്ങള്‍ക്ക് അറിയാമെന്നത് കൊണ്ട് ഷൂട്ട് വളരെ എളുപ്പമാകും എന്ന ധാരണയായിരുന്നു. പക്ഷെ ഷൂട്ട് അത്ര എളുപ്പമൊന്നും ആയിരുന്നില്ല. ഒരു ദിവസം രാവിലെ മുതല്‍ ഉച്ച വരെ ഞങ്ങള്‍ ക്യാമറയുടെ ഒരു സ്വിച്ച് പ്രവര്‍ത്തിപ്പിക്കാനാകാതെ വിഷമിച്ചു. പിന്നീടാണ് ഇന്റര്‍വ്യൂ ചെയാനുള്ള മൈക്കിനെക്കുറിച്ച് ആലോചിക്കുന്നത്. തോണിയില്‍ പുഴ കടന്നു മൈക്ക് കൊണ്ട് വരാനുള്ള ഓട്ടം ആയി. ഞാനാണെങ്കില്‍ പ്രണയം കൊടുമ്പിരി കൊണ്ട് നിക്കുന്ന കാലം. ഇന്ന് എന്റെ ജീവിത പങ്കാളിയായ രമ്യ അന്ന് സഹായിച്ച ഒരു അയ്യായിരം രൂപയും കൊണ്ടാണ് ഈ ഡോക്യുമെന്ററി സാഹസം. അമ്മയും അച്ഛനും ഷൂട്ടിങ്ങില്‍ കൂടെ നിന്നു. അങ്ങനെ ഞങ്ങള്‍ പെരിങ്ങീലിലെ ഓര്‍മ്മകള്‍ ഷൂട്ട് ചെയ്യാന്‍ തുടങ്ങി.


എന്റെ അച്ഛന്റെ അനിയന്‍ പഴയ നക്‌സലൈറ്റ് ആയ കൃഷ്ണന്‍ എന്ന മനുഷ്യനെ ആയിരുന്നു ആദ്യം നമ്മള്‍ ഇന്റര്‍വ്യൂ ചെയ്യാന്‍ ശ്രമിച്ചത്. കൃഷ്‌ണാപ്പന്‍ എന്റെയൊക്കെ ഒരു ഹീറോ ആയിരുന്നു. താടിയൊക്കെ വെച്ചു, കറുത്ത, ഒന്നിനേം കൂസാത്ത മനുഷ്യന്‍. രാവിലെ തന്നെ ആളു നല്ല 'ഫിറ്റ്' ആയിരുന്നു. ഞങ്ങള്‍ ഷൂട്ട് ചെയ്യുന്നതിന്റെ ഇടയില്‍ എന്തോ കാര്യത്തിനു അദ്ദേഹം ഇടപെട്ടു. ഞാന്‍ ചൂടായി. കൃഷ്‌ണാപ്പന്‍ പിന്നെ ഉപ്പുകാറ്റടിക്കുന്ന പുഴയുടെ കരയില്‍ പോയി ഒറ്റ ഇരിപ്പാണ്. പിന്നെ ഞങ്ങള്‍ അദ്ദേഹത്തെ അനുനയിപ്പിച്ചു കൊണ്ടുവരാന്‍ ശ്രമം നടത്തും. അപ്പോഴാണ് കൃഷ്‌ണാപ്പന്‍ ചോദിക്കുക. 'വാട്ട് ഡു യു നോ എബൌട്ട് ഹിസ്റ്ററി?' ചരിത്രത്തെക്കുറിച്ച് നിങ്ങള്‍ക്ക് എന്തറിയാം? അന്ന് ഷൂട്ട് കഴിഞ്ഞു വൈകുന്നേരം ആ ഡയലോഗ് ഞങ്ങള്‍ വീണ്ടും വീണ്ടും പറഞ്ഞു കയ്യടിച്ചു. 'ശരിയാണ്, ദളിതരുടെ ചരിത്രത്തെ ക്കുറിച്ച് നിങ്ങള്‍ക്ക് എന്തറിയാം?' പിന്നെ കൃഷ്‌ണാപ്പന്‍ തന്റെ താടി തടവി കാമറയുടെ മുന്നില്‍ സംസാരിക്കും. ഒരു ഹീറോയെപ്പോലെ; വളരെ സെക്‌സി ആയി.
പെരിങ്ങീല്‍ എന്നത് ഒരു അടിമദേശം ആയിരുന്നു എന്ന് പറഞ്ഞ് പെരിങ്ങീലിന്റെ ചരിത്രം പറയും. പിന്നെ അച്ചാച്ചന്‍ ആണ്; അച്ഛന്റെ അച്ഛന്‍. വളരെ നേര്‍മയോടെ, പണ്ട് അമ്പലത്തിന്റെ അരികിലൂടെ പോയതിന് തീയ്യ വിഭാഗത്തില്‍ പെട്ടവര്‍ മരക്കഷ്ണം എടുത്ത് അടിച്ച കഥകളൊക്കെ അച്ചാച്ചന്‍ ക്യാമറയുടെ മുന്നില്‍ പറഞ്ഞു. പെരിങ്ങീലെ മനുഷ്യരുടെ ഓര്‍മ്മകള്‍ ഞങ്ങള്‍ ചിത്രീകരിച്ചു. പിന്നീട് അവിടെ ഇടപെടുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടി ആയതു കൊണ്ട് തന്നെ കമ്മൂണിസ്റ്റ് പാര്‍ട്ടിയുടെ അന്നത്തെ ഏരിയ കമ്മിറ്റി സെക്രട്ടറിയെ ഞങ്ങള്‍ ഇന്റര്‍വ്യൂ ചെയ്തു. അദ്ദേഹം പറഞ്ഞതിങ്ങനെ ആയിരുന്നു. 'അതൊരു കൊച്ചു കോളനി അല്ലെ?', 'ഇപ്പോഴൊക്കെ എന്ത് ജാതി. ഞങ്ങള്‍ അവരുടെ വീട്ടില് കല്യാണത്തിനു പോകുന്നു. ഭക്ഷണം കഴിക്കുന്നു. അവര്‍ ഞങ്ങളുടെ വീട്ടില് കല്യാണത്തിനു വരുന്നു. ഭക്ഷണം വിളമ്പിത്തരുന്നു... ഞങ്ങളെ സംബന്ധിച്ചിടത്തോളം അങ്ങനെ ജാതി ഒന്നുമില്ല. ഈ ഭക്ഷണത്തില്‍ ഒക്കെത്തന്നെ ആണല്ലോ ജാതി...'


ഞങ്ങള്‍ മലപ്പുറത്തെ ഒരു കോളേജ് റൂമില്‍ ഇരുന്ന്‍, രാവും പകലും കുറച്ചു കാജ ബീഡിയുടെ ബലത്തില്‍ വിഡിയോ എഡിറ്റ് ചെയ്തു ഒരു വിധം പൂര്‍ത്തിയാക്കി. നാല്പതു മിനിറ്റ് മുഴുവന്‍ ഇന്റര്‍വ്യൂ നിറച്ച ഞങ്ങളുടെ ആദ്യത്തെ സിനിമ, അതും സ്വന്തം നാടായ പെരിങ്ങീലിനെ കുറിച്ച് ഞങ്ങള്‍ പുറത്തിറക്കി. അതായിരുന്നു 'അണ്ടര്‍ വേള്‍ഡ് മെമ്മറീസ് ഓഫ് അണ്‍റ്റച്ചബിള്‍സ്'. അത് എങ്ങനെ കാണിക്കണം, എവിടെ കാണിക്കണം എന്നൊന്നും ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. അപ്പോഴാണ് യൂ റ്റ്യൂബ് ഒരു സാധ്യതയാണെന്ന് മനസ്സിലാകുന്നത്. ഞങ്ങള്‍ അത് യൂ റ്റ്യൂബില്‍ അപ്ലോഡ് ചെയ്തു.


വീഡിയോ ഇവിടെ കാണാം.
'അണ്ടര്‍വേള്‍ഡ് മെമ്മറീസ് ഓഫ് അണ്‍റ്റച്ചബിള്‍സ്' ചെറിയ ചര്‍ച്ചകള്‍ ഉണ്ടാക്കുവാന്‍ തുടങ്ങി. ചര്‍ച്ചകള്‍ വളരാന്‍ തുടങ്ങി. വീഡിയോ കണ്ട ഞങ്ങളുടെ സുഹൃത്തും, മലബാറിലെ കമ്മൂണിസ്റ്റുകാരുടെ പിതൃത്വ സ്വഭാവത്തെക്കുറിച്ച് സംസാരിച്ച എന്റെ അനിയനും സുഹൃത്തുമായ ശ്രീജിത്ത് പൈതലന്‍ വീഡിയോ കണ്ട് എന്നെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചു. മറ്റൊരു സുഹൃത്ത് ഹനു ഞങ്ങളോട് തകര്‍ത്തു എന്ന് പറഞ്ഞു. വീഡിയോ ചെറുതായി വൈറല്‍ ആയിത്തുടങ്ങി. ഓണ്‍ലൈന്‍ സ്പേസുകളില്‍ ചെറുതായി എങ്കിലും യൂണിവേഴ്‌സിറ്റികളില്‍ നിന്നൊക്കെ എഴുത്തുകള്‍ വന്നു. അത് കണ്ണൂരില്‍ നിന്നുള്ള ഒരു ദളിത് ഡോക്യുമെന്ററിയായി പലരും വായിച്ചെടുത്തു. അണ്ടര്‍ വേള്‍ഡ് മെമ്മറീസ് ഓഫ് അണ്‍റ്റച്ചബിള്‍സ് എന്ന ഡോക്യുമെന്ററി അവസാനിക്കുന്നത് ശ്രീജിത്ത് പൈതലന്റെ ഒരു ഇന്റര്‍വ്യൂവിലൂടെയായിരുന്നു. ദളിത് രാഷ്ട്രീയം ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്നത് ഒരു പക്ഷെ മലബാറിലെ സവര്‍ണ പുരുഷന്റെ, കമ്യൂണിസ്റ്റുകളുടെ ഒക്കെ, ദളിതരുടെ പിതാക്കള്‍ ചമഞ്ഞു രക്ഷിക്കാനും സ്‌നേഹിക്കാനും വരുന്നതിനെയാണ്. അവിടെയാണ് ദളിത് രാഷ്ട്രീയം സ്വകാര്യമായും അല്ലാതെയും പൊട്ടിത്തെറിക്കുന്നത്. 'നിങ്ങള്‍ ഞങ്ങളുടെ അച്ഛന്‍ ആകേണ്ട' എന്ന് പറഞ്ഞു കൊണ്ട്; 'ഡോണ്ട് ബി ഔര്‍ ഫാദേഴ്സ്' എന്ന് പറഞ്ഞു കൊണ്ട്.


ആറു വര്‍ഷം കഴിഞ്ഞു. ഞങ്ങള്‍ വീണ്ടും ഒരിക്കല്‍ കൂടി പെരിങ്ങീലെക്ക് പോകുന്നതിനെക്കുറിച്ച് ആലോചിച്ചു. കാരണം പെരിങ്ങീലിനെ ഞങ്ങള്‍ക്ക് മുഴുവനായും ഷൂട്ട് ചെയ്യാന്‍ സാധിച്ചിരുന്നില്ല. അത് കൊണ്ട് ഒന്ന് കൂടെ രസകരമായി പെരിങ്ങീലിനെ ഷൂട്ട് ചെയാനായി തീരുമാനം. ഞാനും വിജയനും ആദിലും നവാസും ശ്യാമും ആശ്വിനും ഒക്കെ ചേര്‍ന്ന് പെരിങ്ങീലെക്ക് പോയി. ഇപ്രാവശ്യം ഞങ്ങള്‍ ഒരു സ്‌റ്റൈലിഷ് വീഡിയോ ചെയ്യാനായിരുന്നു തീരുമാനിച്ചത്. ദളിത് ജീവിതങ്ങളെക്കുറിച്ചുള്ള സഹതാപ നോട്ടങ്ങളിലൂടെ ഉള്ള വീഡിയോ വേണ്ട എന്നതായിരുന്നു തീരുമാനം. ഒരു സ്‌ക്രിപ്റ്റും ഇല്ലാതെ ഞങ്ങള്‍ പെരിങ്ങീലെക്ക് പോയി.
ഇപ്രാവശ്യം പോകുമ്പോള്‍ കൃഷ്ണാപ്പനും അച്ചച്ചനും ഇല്ലായിരുന്നു. രണ്ടു പേരും മരിച്ചു പോയിരുന്നു.പകരം കൃഷ്ണാപ്പന്റെ മകന്‍ ശ്യാം ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. കറുത്ത സുന്ദരനായ ഒരു ഹീറോ ആണ് ശ്യാം. ഞങ്ങള്‍ ഒരു ആറു ദിവസം ഷൂട്ട് ചെയ്തു ദിവസവും ഒരു രണ്ടോ മൂന്നോ മണിക്കൂര്‍ ഷൂട്ടിങ്ങ്, പെരിങ്ങീലെ ഗണേഷേട്ടന്റെ ഭാര്യ വിനീത ചേച്ചി ഉണ്ടാക്കി തരുന്ന ചോറും മീന്‍ കറിയും കാട്ടന്‍ ചായയും പഴം പൊരിയും ഒക്കെ തിന്ന്‍ ആഘോഷപൂര്‍വമായിരുന്നു ഷൂട്ടിങ്ങ്. കഴിഞ്ഞ പ്രാവശ്യം ഷൂട്ട് ചെയ്യാന്‍ വിട്ടു പോയ അച്ചമ്മയെയും ബാലാപ്പനെയും ഒക്കെ ഷൂട്ട് ചെയ്തു. അവര്‍ ഒരു പാട് കഥകള്‍ പറഞ്ഞു. ഒരു സ്‌ക്രിപ്റ്റും ഇല്ലാതെ പെരിങ്ങീലെക്ക് പോയി; ക്യാമറയ്ക്ക് മുന്നില്‍ പെരിങ്ങീലുള്ളവര്‍ രാഷ്ട്രീയം പറഞ്ഞു. ഞങ്ങളുടെ രക്തത്തിലേക്ക് അത് ഇരച്ചു കയറി. ആറ് ദിവസത്തിനു ശേഷം ഞങ്ങള്‍ പെരിങ്ങീലിനൊട് വിട പറഞ്ഞു.


അവസാനം ഷിബിന്‍ എന്ന ഒരു എഡിറ്ററുടെ സഹായത്തോടെ ആ വിഡിയോ പൂര്‍ത്തിയാക്കി. കൂടെ ഞങ്ങള്‍ ഒരു മ്യൂസിക് വീഡിയോ കൂടെ ചെയ്തു. എന്റെ സുഹൃത്ത് അജിത് കുമാര്‍ ആയിരുന്നു അതിന് സംഗീതം ചെയ്തത്. ശ്രീജിത്ത് പൈതലന്റെ ചേട്ടന്‍ ആനന്ദ് പൈതലന്‍ ആയിരുന്നു ആദ്യമായി ആ വീഡിയോ എഡിറ്റിംഗ് സ്റ്റുഡിയോയില്‍ വെച്ചു കണ്ടത്. കണ്ടതിനു ശേഷം ആനന്ദേട്ടന്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു. 'അത്ര പെട്ടെന്ന് ഞാന്‍ അഭിപ്രായം പറയില്ല'.
ആനന്ദേട്ടന്‍ അന്ന് രാത്രി എന്നെ വിളിച്ച് ഒരു പാട് സംസാരിച്ചു. എന്നെപ്പോലുള്ള ദളിതുകള്‍ക്ക് വല്ലാത്ത 'ചാര്‍ജ്' നല്കുന്നു ഈ വീഡിയോ എന്ന് പറഞ്ഞു. അതോടെ എനിക്ക് സമാധാനമായി. പിന്നെ അമ്മയെയാണ് കാണിച്ചത്, 'കൊള്ളാല്ലോ നീ, കാണാന്‍ സിനിമ പോലെ ഉണ്ട്'. പിന്നെ ആശ്വാസായി. ജീവിതത്തിലെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങള്‍.


വീഡിയോ ഇവിടെ കാണാം

Next Story

Related Stories