Top

സുബ്രതോ റോയ് മുങ്ങുമോ?

സുബ്രതോ റോയ് മുങ്ങുമോ?
ടീം അഴിമുഖം


ഒരു ദശകം മുമ്പ് നടന്ന സംഭവമാണിത്. രാഷ്ട്രീയക്കാരുടെ കള്ളപ്പണം സഹാറാ ഗ്രൂപ്പില്‍ കുമിഞ്ഞ് കൂടുകയാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ആദായ നികുതി വകുപ്പിലെ സമര്‍ത്ഥനായ ഒരു ഉദ്യോഗസ്ഥന്‍ നീണ്ട ഒരു നോട്ടീസ് അയച്ചു. ദേശീയ തലത്തിലെ തന്നെ രാഷ്ട്രീയ നേതാക്കള്‍ അടക്കമുള്ള പല പ്രമുഖരുടേയും നിക്ഷേപം സഹാറയിലുണ്ടോ എന്നതായിരുന്നു നോട്ടീസിന്റെ ഉള്ളടക്കം.


നോട്ടീസ് കൈയില്‍ കിട്ടിയ ഉടന്‍ സഹാറയുടെ ഉടമസ്ഥനായ സുബ്രതോ റോയ്, ആദായ നികുതി വകുപ്പ് തന്നെ ക്രൂശിക്കുകയാണെന്നും അതിന്റെ തെളിവാണിതെന്നും ചൂണ്ടിക്കാണിച്ച്
ഇന്ത്യയിലെ പ്രമുഖ പത്രങ്ങളിലെല്ലാം നോട്ടീസ് പരസ്യമാക്കി. ഈ ഭയപ്പെടുത്തല്‍ ഫലം കണ്ടു. പിന്നീട് വര്‍ഷങ്ങളോളം ആദായ നികുതി വകുപ്പ് സഹാറയുടെ പടി ചവിട്ടിയില്ല.


ഇന്ത്യന്‍ രാഷ്ട്രീയ-വ്യവസായ ലോകത്ത് സുബ്രതോറോയിക്ക് പകരം വയ്ക്കാന്‍ മറ്റൊരാളില്ല. മൂന്ന് ദശാബ്ദം മുമ്പ് രണ്ടായിരം രൂപയുമായി ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ നഗരത്തിലായിരുന്നു റോയിയുടെ തുടക്കം. ബിസിനസ് തുടങ്ങിയ കാലത്ത് അദ്ദേഹത്തിന്റെ സമ്പാദ്യമായിരുന്ന സ്‌ക്കൂട്ടര്‍, മേശ, കസേര ഇവയെല്ലാം മ്യൂസിയത്തിലേത് പോലെ അദ്ദേഹം കാത്തു സൂക്ഷിക്കുന്നു. ഈ കാലമത്രയും യു.പിയിലും ഇന്ത്യയില്‍ അങ്ങോളമിങ്ങോളം നടന്ന കലാപങ്ങളും വര്‍ഗീയ സംഘര്‍ഷങ്ങളും രാഷ്ട്രീയ അസ്ഥിരതയുമെല്ലാം രാജ്യത്തെ പിടിച്ച് ഞെരിച്ചപ്പോഴും സഹാറ ഗ്രൂപ്പിന് ഒരു പോറല്‍ പോലും വീണില്ല.
കടംമൂത്ത് വലഞ്ഞ അമിതാഭ് ബച്ചനെ ബാങ്കുകാരുടെ കെണിയില്‍ നിന്ന് രക്ഷപെടുത്തിയതും സ്‌പോണ്‍സര്‍മാര്‍ ഇല്ലാതെ വലഞ്ഞ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് തുണയായതും ഈ സഹാറ തന്നെയായിരുന്നു. സാധാരണക്കാരായ ആളുകളില്‍ നിന്ന് ചിട്ടിപൈസ പിരിക്കലാണ് ഇവരുടെ യഥാര്‍ത്ഥ ബിസിനസ്. ഈ വരുമാനത്തില്‍ നിന്നാണ് ടിവി ചാനലും ഐപിഎല്ലും വിമാനകമ്പനിയും ലണ്ടനിലെ മുന്തിയ ഹോട്ടലുമൊക്കെ സഹാറയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ ഭാഗമായി മാറിയത്. നമ്മുടെ തൃശൂരിലെ ചിട്ടിക്കമ്പനിക്കാരുടേയും സഹാറഗ്രുപ്പിന്റേയും പ്രധാനവ്യത്യാസം റോയി സ്വപ്നം കണ്ടത് ഇവരുടെയല്ലാം സ്വപ്നങ്ങള്‍ക്കും അപ്പുറമായിരുന്നു എന്നതാണ്.


ചിട്ടി ബിസിനസ് ഇന്ത്യയെങ്ങും പടര്‍ന്ന് പന്തലിച്ചതിന് പിന്നില്‍ രണ്ടു കാരണമുണ്ട്. എത്ര പുരോഗമിച്ചെങ്കിലും ബാങ്കിംഗ് സൗകര്യം ഇന്ത്യയിലെ പാവപ്പെട്ടവര്‍ക്ക് ഇന്നും കൈയെത്താദൂരത്താണ്. കൈയില്‍ ഒതുങ്ങുന്ന ചെറിയ സമ്പാദ്യം സ്വരുക്കൂട്ടി മക്കളുടെ വിവാഹവും വിദ്യാഭ്യാസവും നടത്തുകയെന്നത് ഏതൊരാളുടേയും ആഗ്രഹമാണ്. ഈ ആശകളെ മുതലെടുത്തപ്പോള്‍ തന്നെ ഇന്ത്യന്‍ സാമ്പത്തിക നിയന്ത്രണങ്ങള്‍ക്കുള്ളിലെ പഴുതുകളെയും ഇവര്‍ തങ്ങള്‍ക്ക് അനുകൂലമാക്കി.
എന്നാല്‍ സുബ്രതോറോയിയുടെ നല്ലകാലം അവസാനിക്കുന്നു എന്ന സൂചനയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സുപ്രീംകോടതിയില്‍ നിന്ന് കേള്‍ക്കുന്നത്. അദ്ദേഹത്തിന് വരുതിയിലാക്കാന്‍ കഴിയാത്ത പരമോന്നത കോടതി ബുധനാഴ്ച റോയിക്കെതിരേ ജാമ്യമില്ലാ അറസറ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. സഹാറ കമ്പനി സാധാരണക്കാരില്‍ നിന്ന് പിരിച്ചെടുത്ത 24,000 കോടി രൂപ തിരിച്ച് കൊടുക്കുന്നതിനെക്കുറിച്ചാണ് ഇപ്പോഴത്തെ കേസ്. സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ( സെബി) സഹാറ ഗ്രൂപ്പിനെതിരേ നല്‍കിയ കോടതിയലക്ഷ്യ കേസാണ് ഇപ്പോള്‍ നടക്കുന്നത്. തങ്ങള്‍ ഭൂരിപക്ഷം തുകയും തിരിച്ചു നല്‍കിയെന്ന സഹാറയുടെ വാദമൊന്നും കോടതി വിശ്വാസത്തിലെടുത്തില്ല.


ഒരുപക്ഷേ ഇന്ത്യ കണ്ടിരിക്കുന്ന ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പുകളില്‍ ഒന്നിന്റെ അന്ത്യത്തിന്റെ നാടകീയമായ തുടക്കം കൂടിയായിരിക്കാം ഇത്. അല്ലെങ്കില്‍ സുബ്രതോറോയിയുടെ മൂന്നര പതിറ്റാണ്ടില്‍ ഏറെയായ ബിസിനസ് സാമ്രാജ്യത്തിന്റെ വഴിത്തിരിവ് മാത്രമായേക്കാം.

Next Story

Related Stories