TopTop
Begin typing your search above and press return to search.

അമ്മപ്പേടിയുടെ രാഷ്ട്രീയ നേട്ടം അന്തിമമായി ആര്‍ക്ക്?

അമ്മപ്പേടിയുടെ രാഷ്ട്രീയ നേട്ടം അന്തിമമായി ആര്‍ക്ക്?


സാജു കൊമ്പന്‍അങ്ങനെ കേരളത്തിലെ ‘ലക്ഷോപലക്ഷം’ അമൃതാനന്ദമയി ഭക്തന്മാരുടെ വോട്ട് സി പി ഐ എമ്മിന് നഷ്ടമായിരിക്കുന്നു. നവ ഹൈന്ദവ ദാര്‍ശനികന്‍ രാഹുല്‍ ഈശ്വര്‍ (ഭാവിയില്‍ മറ്റൊരു ആള്‍ദൈവം ആകാന്‍ സാധ്യതയുള്ളയാളാണ് പയ്യന്‍. കാരണം മൂപ്പര്‍ക്ക് കെട്ടിപ്പിടുത്തം നല്ല വശമാണെന്ന് ഈയിടെ ഒരു റിയാലിറ്റി ഷോയിലൂടെ തെളിയിക്കുകയും വിജയിയാവുകയും ചെയ്തതാണ്) പറഞ്ഞതുപോലെ ‘വ്യാജ ഇടതുപക്ഷക്കാരാണ്’ ഈ അഭിപ്രായം പറഞ്ഞതെങ്കില്‍ വലിയ കുഴപ്പമുണ്ടാവില്ലായിരുന്നു. ഉദാഹരണത്തിന് വി എസ് അച്ചുതാനന്ദനാണ് പറഞ്ഞതെങ്കില്‍ പുള്ളി ഇതുപോലെയുള്ള വിഷയങ്ങളില്‍ നിരന്തരം ഇടപെടുന്ന ആളായതുകൊണ്ടു തന്നെ ആരും അധികം ശ്രദ്ധിയ്ക്കുക പോലും ചെയ്യണമെന്നില്ല. എന്നാല്‍ അഭിപ്രായപ്പെട്ടിരിക്കുന്നത് സാക്ഷാല്‍ പിണറായി വിജയനാണ്. സംഭവം ഇവിടത്തെ ചുരുക്കം മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ടു 4 ദിവസങ്ങള്‍ കഴിഞ്ഞിട്ടാണെങ്കിലും പിണറായി വിജയന്‍റെ പ്രസ്താവന ചെറുതല്ലാത്ത ആശ്വാസം ഇടതുപക്ഷക്കാര്‍ക്കിടയില്‍ ഉണ്ടാക്കിയിട്ടുണ്ട്.“മാതാ അമൃതാനന്ദമയി മഠത്തില്‍ നടക്കുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ ഗൌരവത്തിലെടുക്കണമെന്നാണ്” പാര്‍ടി സെക്രട്ടറി പറഞ്ഞത്. ഇതിനെ തുടര്‍ന്നു ഉമ്മന്‍ ചാണ്ടിയുടെ വാക്കുകള്‍ കൂടി ജനം കേട്ടപ്പോള്‍ കാര്യം കുറച്ചുകൂടി വ്യക്തതമായി. “അമൃതാനന്ദമയി നാടിന് നലകുന്ന സേവനങ്ങളെക്കുറിച്ച് അറിയാത്തതുകൊണ്ടാണ് പിണറായി വിജയന്‍ ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്” എന്നാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. നരേന്ദ്ര മോദിക്ക് പോകുമായിരുന്ന കുറച്ചു വോട്ടുകള്‍ ഈ പ്രസ്താവനയിലൂടെ കോണ്‍ഗ്രസിന്‍റെ പെട്ടിയിലാക്കാന്‍ സാധിച്ചെന്ന് ഇത് കേട്ട പാതി കേള്‍ക്കാത്ത പാതി ഇവിടത്തെ ചില രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുകയും ചെയ്തു.കേരളത്തിലിപ്പോള്‍ എല്ലാ ചര്‍ച്ചകളും ഇങ്ങനെയാണ്. എല്ലാം ഒടുവില്‍ ചെന്നുമുട്ടി നില്‍ക്കുക വോട്ട്പെട്ടിക്ക് മുന്‍പിലാണ്. വോട്ടാണ് മുഖ്യം. അഞ്ചു വോട്ടുകള്‍ അധികം കിട്ടുമെങ്കില്‍ തങ്ങളുടെ നിലപാടില്‍ വെള്ളം ചേര്‍ക്കാന്‍ ആര്‍ക്കും ഒരു മടിയുമില്ല. ഗാഡ്ഗില്‍ റിപ്പോര്‍ടിന്‍റെ കാര്യത്തില്‍ സംഭവിച്ചത് ഇതാണ്. അത് തന്നെ അമൃതാനന്ദമയി പ്രശ്നത്തിലും സംഭവിക്കുന്നു എന്നു കരുതിയപ്പോഴാണ് പിണറായി വിജയന്‍റെ പ്രസ്താവന വന്നത്. പാര്‍ടി സെക്രട്ടറി അഭിപ്രായം പറഞ്ഞതിനെ തുടര്‍ന്നു ഉണര്‍ന്നെണീറ്റ ചില നേതാക്കന്‍മാരും പോഷക സംഘടനകളും പ്രസ്താവനകളുമായി രംഗത്തെത്തി തുടങ്ങിയിട്ടുണ്ട്.അമൃതാനന്ദമയിക്കെതിരെ സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടവര്‍ക്കും പോസ്റ്റുകള്‍ ഷെയറും ലൈക്കും ചെയ്തവര്‍ക്കുമെതിരെ രമേശ് ചെന്നിത്തലയുടെ പോലീസ് കേസെടുക്കാന്‍ പോകുന്നു എന്ന തീരുമാനത്തിനെതിരെയായിരുന്നു ഡി വൈ എഫ് ഐ പ്രസ്താവന ഇറക്കിയത്. ഇത് സ്വതന്ത്രമായ അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിന്‍റെ ലംഘനമാണെന്നാണ് സംഘടന പറഞ്ഞത്. പിന്നാലെ പുരോഗമന കലാ സാഹിത്യ സംഘവും പ്രസ്താവനയുമായെത്തി.സംസ്ഥാന സെക്രട്ടറി അഭിപ്രായം പറയുന്നതിനു മുന്‍പായി കണ്ണൂരിലെ പി ജയരാജന്‍ സഖാവ് ഒരു തമാശയും ഒപ്പിച്ചു. ഈ വിഷയത്തില്‍ ശക്തമായ അഭിപ്രായം തന്‍റെ ഫേസ്ബുക് പേജില്‍ പോസ്റ്റായിട്ട ജയരാജന്‍ സഖാവ് മണിക്കൂറുകള്‍ക്കകം അത് പിന്‍വലിച്ചു കളഞ്ഞു. അപ്പോഴേക്കും ആവേശഭരിതരായ അനുയായികളുടെ ആയ്യായിരത്തോളം ലൈക്കുകള്‍ ആ പോസ്റ്റിന് കിട്ടികഴിഞ്ഞിരുന്നു. ഈ അടുത്തകാലത്ത് സി പി എമ്മിനും അതിന്‍റെ നേതാക്കള്‍ക്കും ഒരു പ്രത്യേക പിന്‍വലിക്കല്‍ രോഗം (withdrawal syndrome) പിടികൂടിയിട്ടുണ്ട്. സരിത കേസില്‍ പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ വാള്‍സ്ട്രീറ്റ് മോഡലില്‍ സെക്രട്ടറിയേറ്റ് പിടിച്ചടക്കിയത് പിന്‍വലിച്ചതും ഇതുപോലെയായിരുന്നു. അന്ന് പ്രവര്‍ത്തകര്‍ എങ്ങിനെയാണോ നിരാശരായത് അതിന്‍റെ ചെറിയ രൂപത്തിലുള്ള നിരാശ ജയരാജന്‍ സഖാവിന്‍റെ ഫേസ്ബുക് വിപ്ലവത്തിലും സംഭവിച്ചു. എന്തായാലും ഒരു കാര്യം സമ്മതിച്ചെപറ്റൂ. പഴയ വിപ്ലവ വീര്യം ചാരം മൂടി ഉള്ളിലെവിടെയോ കിടപ്പുണ്ടെന്ന് കണ്ണൂര്‍ ജില്ല സെക്രട്ടറിയും തെളിയിച്ചു കളഞ്ഞു.കേരള രാഷ്ട്രീയ മണ്ഡലത്തിന്‍റെ ഈ അമ്മപ്പേടിയുടെ ഇടയില്‍ തിളക്കമാര്‍ന്ന രണ്ടഭിപ്രായപ്രകടനങ്ങള്‍ എടുത്തു പറയാതിരിക്കാനാവില്ല. ഒന്നു കോണ്‍ഗ്രസിന്‍റെ യുവനേതാവ് വി ടി ബലറാമിന്‍റേതായി വന്ന ഫേസ്ബുക് സ്റ്റാറ്റസാണ്. അദ്ദേഹം തന്‍റെ ഫേസ്ബുക് പേജില്‍ ഇങ്ങനെ കുറിച്ചിട്ടു, “നവോഥാന മൂല്യങ്ങള്‍ക്ക് വിപരീത ദിശയില്‍ സമൂഹത്തെ ചിന്താപരമായി പുറകോട്ടു നയിക്കുന്ന അന്ധവിശ്വാസങ്ങളുടെ കെട്ടു കാഴ്ചകള്‍ എല്ലാ മതങ്ങളുടെയും പേരില്‍ കേരളത്തില്‍ അരങ്ങ് തകര്‍ക്കുകയാണ്. വിദേശത്തിരുന്നു വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു പഴയ ശിഷ്യ നടത്തുന്ന വെളിപ്പെടുത്തലുകള്‍ ഒറ്റയടിക്ക് വിശ്വസിക്കാന്‍ ഒരു പക്ഷേ സാധിച്ചേക്കില്ല. എന്നിരുന്നാലും ആത്മീയതയുടെ പേര് പറഞ്ഞു ഈ നാട്ടില്‍ നടക്കുന്ന തട്ടിപ്പുകളെയും ആള്‍ദൈവങ്ങളുടെയും അവരെ ചുറ്റിപ്പറ്റി നില്‍ക്കുന്നവരുടെയും ചെയ്തികളെക്കുറിച്ചുമൊക്കെ കുറച്ചുകൂടി ജാഗ്രതയോടുകൂടിയ സമീപനം നമ്മുടെ നാട്ടില്‍ ഉണ്ടാകേണ്ടതുണ്ട്. കണ്ണടച്ച് തുറക്കുമ്പോഴേക്കും ഇവരെയൊക്കെ ആവതാരങ്ങളാക്കി മാറ്റിയതില്‍ ദൃശ്യ, അച്ചടി മാധ്യമങ്ങള്ക്കും പങ്കുണ്ട്.” എന്തായാലും കോണ്‍ഗ്രസുകാരനായ ബലറാം കാണിച്ച ധൈര്യം പോലും അന്ധവിശ്വാസങ്ങള്‍ക്കെതിരെ കേരള മാര്‍ച്ച് നടത്തിയ ഡി വൈ എഫ് ഐ നേതാവ് സ്വരാജ് സഖാവിന് കാണിക്കാന്‍ സാധിച്ചില്ല എന്നതാണ് യാഥാര്‍ഥ്യം.മറ്റൊരു ശ്രദ്ധേയമായ അഭിപ്രായം സി പി ഐ എം വയനാട് ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രന്‍ തന്‍റെ ഫേസ്ബുക് പേജില്‍ കുറിച്ചിട്ടതാണ്. പാര്‍ടി സംസ്ഥാന സെക്രട്ടറി വാ തുറക്കുന്നതിന് മുന്പ് തന്നെ ഇത് സംഭവിച്ചു കഴിഞ്ഞിരുന്നു. ജയരാജന്‍ സഖാവിനെ പോലെ വയനാടന്‍ സഖാവ് അത് പിന്‍വലിക്കാനൊന്നും പോയില്ല. വോട്ടാണ് പ്രധാനം എന്നു കരുതുന്ന കണ്ണൂര്‍ സഖാക്കള്‍ക്ക് ഇങ്ങനെ പറയുമായിരിക്കും. സി കെ ശശീന്ദ്രന്‍ എത്ര ആഞ്ഞുപിടിച്ചാലും വയനാട് സീറ്റ് കിട്ടാനൊന്നും പൊന്നില്ല. അതുകൊണ്ട് എന്തു അഭിപ്രായം വേണമെങ്കിലും തട്ടിമൂളിക്കാം. ഇവിടെ സ്ഥിതിയെല്ലാം മാറിയില്ലേ. മോഡി ഭക്തരായ ഓ കെ വാസുവും അശോകനുമൊക്കെ കര്‍ഷക സംഘത്തിന്‍റെ വൈസ് പ്രസിഡന്‍റ്മാറാകുന്ന കലാമല്ലേ ഇത്. അപ്പോള്‍ അഭിപ്രായ പ്രകടനത്തില്‍ കുറച്ചു ശ്രദ്ധിച്ചേ പറ്റൂ.ഗെയില്‍ ട്രെഡ്വേലിന്റെ പുസ്തകത്തിലൂടെ വലിയ രീതിയില്‍ ആരോപണ വിധേയ ആയിട്ടും 4 ദിവസം എടുത്തു അമൃതാനന്ദമയിക്ക് പൊതു സമൂഹത്തിനു മുന്പില്‍ മറുപടിയുമായി എത്താന്‍. തന്‍റെ ജീവിതം തുറന്ന പുസ്തകമാണെന്നും മതവികാരം ഇളക്കി വിടാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നുമാണ് അമൃതാനന്ദമയി പറഞ്ഞത്. എന്തായാലും ഏത് മതം ഏത് മതത്തിനെതിരെ എന്നൊന്നും തെളിച്ചു പറഞ്ഞില്ല. സോഷ്യല്‍ മീഡിയയില്‍ മോഡി ഭക്തര്‍ നടത്തുന്ന പ്രചരണങ്ങളുമായിട്ട് വേണം ഇത് ചേര്‍ത്ത് വായിക്കേണ്ടത്. മോഡി അമ്മയെ കണ്ടതോടെയാണ് തികച്ചും രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഈ പ്രചരണങ്ങള്‍ ഉടലെടുത്തത് എന്നാണ് അവരുടെ വാദം. ഇത് ഹിന്ദു സന്യാസിമാരെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്നും അവര്‍ ആരോപിക്കുന്നു. അവര്‍ ലിസ്റ്റ് ചെയ്ത സന്യാസിമാരുടെ കൂട്ടത്തില്‍ ഹിന്ദു ഭീകരന്‍ അസീമാനന്ദ വരെയുണ്ട് എന്നതാണ് രസകരം.വീണ്ടും പിണറായിയുടെ പ്രസ്താവനയിലേക്ക് വരാം. ബി ജെ പി നേതാവ് പി കെ കൃഷ്ണദാസ് അതിന് മറുപടി കൊടുത്തു കഴിഞ്ഞു. ന്യൂനപക്ഷങ്ങളുടെ വോട്ട് ലക്ഷ്യമിട്ടാണ് പിണറായിയുടെ പ്രസ്താവന എന്നാണ് ബി ജെ പി നേതാവ് അഭിപ്രായപ്പെട്ടത്. അമൃതാനന്ദമയിക്കെതിരെ നടക്കുന്ന ആഗോള ഗൂഡാലോചനയുടെ കേരളത്തിലെ ഏജന്‍റുമാരാണ് സി പി എം എന്നാണ് കൃഷ്ണദാസിന്‍റെ ആരോപണം. എന്തായാലും പിണറായിയുടെ പ്രസ്താവനയ്ക്കെതിരായി വന്ന ഉമ്മന്‍ ചാണ്ടിയുടെയും കൃഷ്ണദാസിന്‍റെയും അമ്മ അനുകൂല പ്രസ്താവന ഏറ്റവും കുറഞ്ഞപക്ഷം പാര്‍ടി സഖാക്കള്‍ക്കിടയിലെങ്കിലും സി പി ഐ എമ്മിന്‍റെ പ്രതിച്ഛായ വര്‍ധിപ്പിച്ചു എന്നു വേണം കരുതാന്‍.എങ്കിലും കേരളീയ പൊതു മണ്ഡലത്തിലെ മൃഗീയ ഭൂരിപക്ഷവും ഈ കാര്യത്തില്‍ നിലപാട് പറയാതെ മാളത്തില്‍ പതുങ്ങിയിരിക്കുകയാണ് എന്നതാണ് യാഥാര്‍ഥ്യം. അതില്‍ രാഷ്ട്രീയ നേതാക്കള്‍ മാത്രമല്ല സാഹിത്യ സാംസ്കാരിക നായകന്മാരും മുഖ്യധാരാ മാധ്യമങ്ങളുമൊക്കെയുണ്ട് എന്നത് പേടിപ്പിക്കുന്ന യാഥാര്‍ഥ്യമാണ്.പെന്‍ഗ്വിന്‍ ബുക്സ് ഇന്‍ഡ്യ ഷിക്കാഗോ സര്‍വകലാശാല മത പഠന വിഭാഗം പ്രൊഫസറായ വെന്‍ഡി ഡോണിഗേറിന്‍റെ ‘ദ ഹിന്ദുസ്: ആന്‍ ആള്‍ടെര്‍നേറ്റീവ് ഹിസ്റ്ററി’ എന്ന പുസ്തകം പിന്‍വലിക്കാന്‍ തീരുമാനിച്ചതിനെതിരായി വലിയ പ്രതിഷേധങ്ങളൊന്നും നമ്മുടെ നാട്ടില്‍ ഉണ്ടായില്ല എന്നതുമായി ചേര്‍ത്ത് വായിക്കുമ്പോള്‍ നമ്മള്‍ തിരിച്ചറിയേണ്ട യാഥാര്‍ഥ്യം ഇതാണ്. നരേന്ദ്ര മോടിയുടെ കിരീട ധാരണത്തിനുള്ള മണ്ണൊരുങ്ങി കഴിഞ്ഞിരിക്കുന്നു.Next Story

Related Stories