TopTop
Begin typing your search above and press return to search.

കൊടുങ്ങല്ലൂര്‍ ഭഗവതി വെള്ളിച്ചപ്പാട് സംഘം (ഇങ്ങനെയൊരു സംഘടനയുണ്ട്)

കൊടുങ്ങല്ലൂര്‍ ഭഗവതി വെള്ളിച്ചപ്പാട് സംഘം (ഇങ്ങനെയൊരു സംഘടനയുണ്ട്)

കെ.പി.എസ്.കല്ലേരി


പള്ളിവാളും ചിലമ്പും അരമണിയുമില്ലാതെ വേഷങ്ങളെല്ലാം അഴിച്ചുവെച്ച് വെളിച്ചപ്പാടുകള്‍ പറഞ്ഞു തുടങ്ങി. 'എന്തിനേറെപ്പറയണം, ദൈവത്തിനുപോലും വേണ്ടാതായിരിക്കുന്നു ഞങ്ങളെ...ചെമ്പട്ടുചുറ്റി, ചിലമ്പിട്ട്, അരമണികെട്ടി പള്ളിവാളെടുത്ത് ഉറഞ്ഞു തുള്ളുമ്പോള്‍ എല്ലാവര്‍ക്കും ഞങ്ങള്‍ ദേവിയാണ്. നാട്ടുകാരുടെ നാനാജാതി പ്രശ്‌നങ്ങള്‍ക്ക് അപ്പോള്‍ വെളിച്ചപ്പാട് പരിഹാരമുണ്ടാക്കുന്നു. ഒടുക്കം വേഷങ്ങളഴിച്ചുവെച്ച് ഭക്തിയുടെ പരകോടിയില്‍ അവര്‍ കൈയില്‍ വെച്ചു തന്ന നാണയത്തുട്ടുകള്‍ എണ്ണിനോക്കിയാല്‍ പലപ്പോഴും ക്ഷേത്രത്തില്‍ വിളക്കു തെളിയിക്കാനുള്ള എണ്ണക്കുപോലും തികയില്ല. പക്ഷെ ഇന്നോളം ഒരു വെളിച്ചപ്പാടും അവര്‍ ഉറഞ്ഞുതുള്ളന്ന ക്ഷേത്രത്തിലെ പൂജാകാര്യങ്ങള്‍ക്ക് ഇതുവരെ ഒരു മുടക്കവും വരുത്തിയിട്ടില്ല. കെട്ടുതാലിയും വീടും വരെ പണയപ്പെടുത്തിയും കൂലിപ്പണിയെടുത്തും അല്ലെങ്കില്‍ അന്യ ദേശങ്ങളില്‍പ്പോയി വെളിച്ചപ്പാടു 'പണി' ചെയ്തും അവര്‍ ക്ഷേത്രകാര്യങ്ങള്‍ മുടക്കം കൂടാതെ ചെയ്യുന്നു. ദേവിയോട് ഒരിക്കല്‍പ്പോലും ഒരു വെളിച്ചപ്പാടും പരാതി പറഞ്ഞിട്ടില്ല. മാത്രമല്ല സ്വന്തം കാര്യത്തിനായി ഒരു പൂജപോലും ചെയ്തിട്ടുമില്ല...' കൊടുങ്ങല്ലൂര്‍ ഭഗവതി വെളിച്ചപ്പാടുകളാണ് പരിദേവനത്തിന്റെ കെട്ടുകള്‍ അഴിച്ചുവെക്കുന്നത്.


ദേവിയുടെ പ്രതിരൂപമായി ഒരായുസ്സുമുഴുവന്‍ ഉറഞ്ഞു തുള്ളിയിട്ടും ഭക്തര്‍ക്കപ്പുറത്ത് അധികാരപ്പെട്ടവര്‍പോലും തിരിഞ്ഞു നോക്കാതായപ്പോള്‍ അഞ്ചുവര്‍ഷം മുമ്പ് ഇവര്‍ ഒരു സംഘടന രൂപീകരിച്ചിട്ടുണ്ട്. കൊടുങ്ങല്ലൂര്‍ ഭഗവതി വെള്ളിച്ചപ്പാട് സംഘം. വര്‍ഷാവര്‍ഷം ഒത്തുചേരുകയും സങ്കടങ്ങളുടെ കെട്ടുകളഴിച്ചുവെക്കുകുയം ചെയ്യാറുണ്ടെങ്കിലും ഇവരുടെ പരാതികളെല്ലാം ചെന്നുപതിക്കുന്നത് ബധിരകര്‍ണങ്ങളിലാണെന്നുമാത്രം.


സംസ്ഥാന സര്‍ക്കാര്‍ ക്ഷേത്രഭരണം തുടങ്ങിയതോടെ ക്ഷേത്രവുമായി ബന്ധപ്പെടുന്നവരെല്ലാം ശമ്പളക്കാരും സമ്പന്നരുമാവുമ്പോള്‍ ഭക്തര്‍ക്കുമുമ്പില്‍ ഉറഞ്ഞുതുള്ളി അവരുടെ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്ന വെളിച്ചപ്പാടുമാര്‍ മാത്രം ഇപ്പോഴും പുറത്ത്. ഒരു ജീവിതായുസ്സുമുഴുവന്‍ ദേവിക്കുമുമ്പില്‍ ആത്മസമര്‍പണം നടത്തിയവര്‍ക്ക് വയ്യാത്തകാലത്തൊരു തണലാവാനെങ്കിലും എന്തെങ്കിലും തന്നുകൂടെയെന്ന അവരു ചോദ്യങ്ങളോട് ആര്‍ക്ക് മുഖംതിരിക്കാനാവും.


പാതാളം വിട്ട് ഭൂമിയും ദേവലോകവുമെല്ലാം അടക്കിവാണ ദാരികനെകൊണ്ട് ദേവന്‍മാര്‍ പൊറുതിമുട്ടിയപ്പോളാണ് പരമശിവന്റെ മൂന്നാംകണ്ണില്‍ നിന്നും ഭീകരരൂപമായി ദേവിയുടെ പിറവി. ബ്രഹ്മാവിന്റെ വരത്താല്‍ അജയ്യനായി വിലസിയ ദാരികന്റെ തലയറുത്ത് മാലയാക്കി കഴുത്തില്‍ തൂക്കി കോപം തീരാതെ ഉറഞ്ഞു തുള്ളിയ ദേവിയോട് കൊടുങ്ങല്ലൂരിലെ ക്ഷേത്രത്തില്‍ പോയി ഭക്തരെ കാത്തുകൊള്ളാന്‍ പരമശിവന്‍ ആവശ്യപ്പെട്ടു. ഒരു കൊടി ശിവക്ഷേത്രങ്ങളുടെ ചൈതന്യം ഒരു വിഗ്രഹത്തില്‍ തെളിഞ്ഞു നിന്നതിനാല്‍ കോടിലിംഗപുരം എന്ന് അതുവരെ അറിയപ്പെട്ട ക്ഷേത്രം ദേവി എത്തി വടക്കുമുഖമായി ഇരുന്നതോടെയാണ് കൊടുങ്ങല്ലൂര്‍ അമ്മയുടെ ക്ഷേത്രമായി മാറിയത്. കൊടുങ്ങല്ലൂരെത്തി ഇരുന്ന ദേവി ദാരികവധത്തിന്റെ കലിയടങ്ങാതെ അവിടെ എത്തിയ ഒരു ഭക്തനിലേക്ക് പ്രവേശിച്ച് ഉറഞ്ഞു തുള്ളി കൂടിനിന്നവരോട് തന്റെ വരവിന്റെ ലക്ഷ്യം പറഞ്ഞു. ഇത്തരത്തില്‍ ദേവിയുടെ ചൈതന്യവുമായി ഉറഞ്ഞുതുള്ളുന്നവരാണ് പിന്നീട് വെളിച്ചപ്പാടുകളെന്നറിയപ്പെട്ടത്.


ദേവിയുടെ വെളിപാടുണ്ടായശേഷം കൊടുങ്ങല്ലൂരെത്തി ഉറഞ്ഞു തുള്ളിയാല്‍ പള്ളിവാളുകൊടുക്കാന്‍ അധികാരപ്പെട്ട അവിടുത്തെ മൂന്നു തറവാട്ടുകാര്‍ ഭക്തനോട് ചില ചോദ്യങ്ങള്‍ ചോദിക്കും. അതിന് അയാള്‍ ദേവിയുടെ പ്രതിരൂപമായി നിന്ന് മറുപടി പറയണം. അതില്‍ തറവാട്ടുകാര്‍ക്ക് തൃപ്തിയായാല്‍ അവര്‍ ക്ഷേത്രത്തില്‍ നിന്നും പള്ളിവാളു കൊടുക്കും. പള്ളിവാളുമായി ക്ഷേത്രനടയില്‍ നിന്ന് ഉറഞ്ഞു തുള്ളി നെറുകയില്‍ മൂന്നുതവണ വെട്ടി ചോര കാണിക്കണം. എന്നാലെ ഒരാള്‍ വെളിച്ചാപ്പാടാവുകയുള്ളൂവെന്ന് 39വര്‍ഷമായി വെളിച്ചപ്പാടായി ജീവിക്കുകയും കൊടുങ്ങല്ലൂര്‍ ഭഗവതി വെളിച്ചപ്പാട് സംഘത്തിന്റെ നേതൃപദവിയില്‍ ഇരിക്കുകയും ചെയ്യുന്ന ചന്ദ്രന്‍ സ്വാമി പറഞ്ഞു.


പിന്നീട് ഒരോ വര്‍ഷവും കുംഭമാസത്തിലെ ഭരണിനാള്‍ മുതല്‍ മീന ഭരണിവരെ വ്രതം നോറ്റ് ദേശക്കാരുമായി കൊടുങ്ങല്ലൂരമ്മയെക്കാണാന്‍ പോവും. മീനത്തിലെ ഉത്രട്ടാതി നാളില്‍ കൊടുങ്ങല്ലൂരില്‍ സംഗമിച്ച് രേവതിയില്‍ വിളക്ക് കൊളുത്തി, അശ്വതിയില്‍ കാവു തീണ്ടിയ ശേഷം ഭരണിക്കു നില്‍ക്കാതെ ഓരോ വെളിച്ചപ്പോടും ദേശങ്ങളിലേക്ക് മടങ്ങും.


നാട്ടിലെത്തിയാല്‍ കുടുംബക്ഷേത്രങ്ങളുടെ പരിപാലന ചുമതലയുണ്ട്. ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ ഉറഞ്ഞുതുള്ളി ദേവി ദര്‍ശനം തേടിയെത്തുന്ന ഭക്തരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാര വിധികള്‍ നിര്‍ദ്ദേശിക്കും. വെളിച്ചപ്പാടുകള്‍ക്ക് പ്രായമോ ലിംഗവ്യത്യാസമോ ജാതി വ്യത്യാസമോ ഇല്ല. എന്നാല്‍ സംസ്ഥാനത്തെ അരലക്ഷം വരുന്ന വെളിച്ചപ്പാടുകളില്‍ 90ശതമാനവും താഴ്ന്ന ജാതിക്കാരാണെന്നും ചന്ദ്രസ്വാമി കൂട്ടിച്ചേര്‍ത്തു.


വര്‍ഷങ്ങളായി ഈ രംഗത്തുള്ള വെളിച്ചപ്പാടുളുടെ ജീവിതം ദാരിദ്ര്യത്തിന് മുമ്പില്‍ വഴിമുട്ടി നില്‍ക്കുകയും ക്ഷേത്രങ്ങളുടെ പരിപാലനംതന്നെ പ്രതിസന്ധിയിലാവുകയും ചെയ്ത ഘട്ടത്തിലാണ് 2008ല്‍ കൊടുങ്ങല്ലൂര്‍ ഭഗവതി വെളിച്ചപ്പാടു സംഘം (കെബിവിഎസ്) രൂപീകരിക്കുന്നത്. ക്ഷേത്ര നടയില്‍ ഉറഞ്ഞുതുള്ളി വയ്യാതാവുന്ന കാലത്ത് ജീവന്‍ നിലനിര്‍ത്താനെങ്കിലും പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കണമെന്നതാണ് സംഘം ഉന്നയിക്കുന്ന പ്രധാന ആവശ്യം.


കൊടുങ്ങല്ലൂര്‍ ഭരണിക്കായി ഒരു വെളിച്ചപ്പാട് പോകുമ്പോള്‍ ആ ദേശത്തുനിന്നുമാത്രം നൂറോളം പേര്‍ കൂടെയുണ്ടാവും. ഇവരുടെ പക്കല്‍ നിന്നുമാത്രം പതിനായിരം രൂപവരെ ക്ഷേത്രത്തിലേക്ക് വരുമാനമായി കിട്ടുന്നുണ്ട്. ഇത്തരത്തില്‍ സംസ്ഥാനത്തുനിന്നാകെ അരലക്ഷത്തോളം വരുന്ന വെളിച്ചപ്പാടുകള്‍ ക്ഷേത്ര നടയില്‍ എത്തുമ്പോഴുള്ള വരുമാനം എത്രമാത്രമാണ്. എന്നാല്‍ അവിടെയെത്തുന്ന വെളിച്ചപ്പാടുകള്‍ക്ക് വിശ്രമിക്കാനോ പ്രഥമികാവശ്യം നിറവേറ്റാന്‍ പോലുമോ യാതൊരു സംവിധാനവും ക്ഷേത്രവുമായി ബന്ധപ്പെട്ടില്ല. ഇതിനായി കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് പലതവണ പരാതി നല്‍കിയിട്ടുണ്ട്.


പ്രായാധിക്യത്താല്‍ ഉറഞ്ഞുതുള്ളാനാവാത്ത വെളിച്ചപ്പാട് വാളും ചിലമ്പും അരമണിയും അഴിച്ചുവെക്കുമ്പോള്‍ അയാള്‍ക്ക് പിന്‍മുറക്കാരില്ലെങ്കില്‍ അവയെല്ലാം ക്ഷേത്രം എറ്റെടുക്കുന്നതാണ് പതിവ്. അത് പാവപ്പെട്ട വെളിച്ചപ്പാടുകള്‍ക്ക് കൈമാറണമെന്നും സംഘം ആവശ്യമുന്നയിച്ചിട്ടുണ്ട്. പ്രശ്‌നങ്ങളും പ്രയാസങ്ങളും ഭക്തര്‍ക്കുമാത്രമല്ല, വെളിച്ചപ്പാടുകള്‍ക്കുമുണ്ടെന്ന യാഥാര്‍ഥ്യമാണ് ഇവരുടെ ജീവിതം നമ്മളോട് പറഞ്ഞുകൊണ്ടിരിക്കുന്നത്.


Next Story

Related Stories