Top

ഒരുറാങ്ക്, ഒരു പെന്‍ഷന്‍; പല വോട്ട്

ഒരുറാങ്ക്, ഒരു പെന്‍ഷന്‍; പല വോട്ട്

ടീം അഴിമുഖം

രാഷ്ട്രപതിഭവനും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 7 റേസ് കോഴ്‌സ് റോഡിനും മധ്യത്തിലാണ് ആദ്യപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു മരണം വരെ താമസിച്ച തീന്‍മൂര്‍ത്തി ഭവന്‍. 1964ല്‍ നെഹ്‌റുവിന്റെ മരണശേഷം ഈ ഭവനം നെഹ്‌റു മെമ്മോറിയല്‍ ലൈബ്രറിയായി. ഹരിതാഭമായ മുപ്പത് ഏക്കറിലാണ് വമ്പന്‍ കെട്ടിടം തല ഉയര്‍ത്തി നില്‍ക്കുന്നത്. രാജ്യത്തെ മികവുറ്റ പല ചിന്തകരേയും ഒരു സാധാരണ ദിവസം ഇവിടെ കാണാം.

സ്വാതന്ത്ര്യത്തിന് മുമ്പ് ഈ കെട്ടിടത്തിന് മറ്റൊരു ചരിത്രമുണ്ട്. 1930 ല്‍ ഈ കെട്ടിടം പൂര്‍ത്തിയാക്കിയത് ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മി ചീഫിന്റെ ഔദ്യോഗിക വസതിയായിട്ടാണ്. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യന്‍ പട്ടാളമേധാവി രാജാജിമാര്‍ഗിലെ ഒരു വസതിയിലേക്ക് മാറുകയും, സ്വതന്ത്ര്യ രാജ്യത്തിന്റെ ഭരണയന്ത്രത്തില്‍ പട്ടാളത്തിന്റെ സ്ഥാനത്തില്‍ വലിയ മാറ്റത്തിന്റെ തുടക്കം കൂടിയായിരുന്നു ഈ വീടുമാറ്റം.

വൈസ്രോയി കഴിഞ്ഞാല്‍ ബ്രിട്ടീഷ് ഇന്ത്യയിലെ രണ്ടാമന്‍ പട്ടാള മേധാവി ആയിരുന്നു. വൈസ്രോയിയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമായ പട്ടാളമേധാവി പ്രതിരോധമന്ത്രിക്ക് തത്തുല്യപദവിയുള്ള വ്യക്തിയായിരുന്നു. രണ്ടാമന്‍ പദവിയില്‍ നിന്ന് പലപടി താഴേയ്ക്ക് വീണ് ഇന്നത്തെ പട്ടാളമേധാവിമാരുടെ പദവി ക്യാബിനറ്റ് സെക്രട്ടറിക്ക് തുല്യം മാത്രമാണ്.
പട്ടാളഅട്ടിമറിയെ എന്നും പേടിച്ചിരുന്ന നെഹ്‌റുവും മറ്റ് രാഷ്ട്രീയ നേതാക്കളും ഇന്ത്യന്‍ മിലിട്ടറിയെ സിവിലിയന്‍ കൂച്ചുവിലങ്ങുകളില്‍ തളച്ചു എന്നാണ് ഇവരുടെ പരാതി. ഈ പരാതി ഒരു പരിധിവരെ ശരിയെങ്കിലും തെക്കന്‍ ഏഷ്യയില്‍ നമുക്ക് ചുറ്റും കണ്ടുവരുന്ന പട്ടാളഭരണങ്ങള്‍ നെഹ്‌റുവിന്റെ ഭീതിയെ ശരിവയ്ക്കുന്നത് തന്നെയാണ്.

ഈ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ഏതാനും വര്‍ഷമായി പട്ടാളക്കാര്‍ അവരുടെ ശമ്പളവും മറ്റ് അലവന്‍സുകള്‍ എന്നിവയെക്കുറിച്ച് പരാതികള്‍ പറയാന്‍ തുടങ്ങിയത്. ഈ പരിഭവങ്ങള്‍ കഴിഞ്ഞ ഏതാനും വര്‍ഷമായി കൂടുതല്‍ ഉച്ചത്തിലായിരുന്നു. എക്‌സ്-സര്‍വീസുകാര്‍ സാധാരണ ചെയ്യാന്‍ മടിക്കുന്ന പ്രക്ഷോഭങ്ങളാണ് ഏതാനും മാസങ്ങങ്ങളായി കണ്ടുവരുന്നത്.-അവരുടെ യുദ്ധമെഡലുകള്‍ തിരിച്ച്‌കൊടുത്തും ജന്ദര്‍മന്ദറില്‍ ധര്‍ണ ഇരുന്നുമൊക്കെ അവരുടെ രോഷം പ്രകടിപ്പിച്ചു.
ഈ പ്രക്ഷോഭങ്ങളുടെ രാഷ്ട്രീയ പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്ന് കോണ്‍ഗ്രസ് തിരിച്ചറിഞ്ഞതിന്റെ സൂചനയാണ് ഇക്കഴിഞ്ഞ വോട്ട് ഓണ്‍ അക്കൗണ്ടില്‍ പി.ചിദംബരം എടുത്ത് വീശിയ വണ്‍ റാങ്ക്, വണ്‍ പെന്‍ഷന്‍ പദ്ധതി. മൂന്ന് കോടിയോളം വോട്ടര്‍മാര്‍ പ്രത്യക്ഷമായും പരോക്ഷമായും മിലിറ്ററി ലോകവുമായി ബന്ധപ്പെട്ടിരിക്കുന്നു. 15 ലക്ഷത്തോളം ഇന്ന് മിലിറ്ററിയിലുണ്ട്. എക്‌സ്-സര്‍വീസുകാരുടെ എണ്ണം 25 ലക്ഷത്തിലധികമാണ്. ഇവരെ ആശ്രയിക്കുന്ന കുടുംബാംഗങ്ങളും ചേരുന്നതാണ് ഈ മൂന്ന് കോടി. കഴിഞ്ഞ കുറച്ച് നാളുകളായി ഇവര്‍ മാനസികമായി അടുപ്പം പുലര്‍ത്തിയത് നരേന്ദ്രമോഡി, ആം ആദ്മി പാര്‍ട്ടി എന്നിവരോടാണ്. ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍,പഞ്ചാബ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ഈ വോട്ട് ബാങ്ക് തെരഞ്ഞെടുപ്പ് ജയപരാജയങ്ങളില്‍ നിര്‍ണായകമാണ്.

വണ്‍ റാങ്ക്, വണ്‍ പെന്‍ഷന്‍ പുര്‍ണമായും നടപ്പിലാക്കുകയാണെങ്കില്‍ മുന്‍കാലങ്ങളില്‍ വിരമിച്ചവരോട്, അവരുടെ വാര്‍ദ്ധക്യത്തില്‍ സര്‍ക്കാര്‍ കാട്ടുന്ന സഹാനുഭൂതിയും ദേശത്തിന് അവര്‍ നല്‍കിയ സേവനത്തിനുള്ള അംഗീകാരം കൂടിയാണ്. വണ്‍ റാങ്ക്, വണ്‍ പെന്‍ഷന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്, വിരമിക്കുന്ന കാലം പരിഗണിക്കാതെ ഒരേ റാങ്കില്‍ നിന്ന് ഒരേ സര്‍വീസുമായി പിരിയുന്നവര്‍ക്ക് തുല്യപെന്‍ഷന്‍ കൊടുക്കും എന്നാണ്.പക്ഷെ ഇതുകൊണ്ട് പട്ടാളക്കാരുടെ പരാതിക്ക് പരിഹാരമാകുമെന്നോ സര്‍ക്കാരിലെ മറ്റുവിഭാഗങ്ങളില്‍പ്പെട്ടവരുമായുള്ള ബന്ധം ഊഷ്മളമാകുമെന്നോ പ്രതീക്ഷിക്കരുത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഏഴാം ശമ്പളകമ്മീഷനിലും ഈ പരിഭവങ്ങള്‍ തുടരുമെന്ന് തന്നെയാണ് സൂചന. വിലകുറച്ച് ലഭിക്കുന്ന മദ്യവും മറ്റ് ഉപയോഗ സാധനങ്ങള്‍ക്കും ഉള്ള മൂല്യം ഏഴാം ശമ്പളകമ്മീഷന്‍ കണക്കാക്കാന്‍ തയാറാകുന്നു എന്നാണ് വിവരം. ബ്യൂറോക്രാറ്റുകള്‍ നിയന്ത്രിക്കുന്ന ശമ്പളകമ്മീഷന്റെ ഈ നീക്കം പട്ടാളക്കാരുടെ ദേഷ്യത്തിന് വെടിമരുന്ന് ഇടുന്നതായിരിക്കും.


Next Story

Related Stories