Top

മാതാപിതാക്കള്‍ ചിയര്‍ ലീഡര്‍മാര്‍ മാത്രമോ?

മാതാപിതാക്കള്‍ ചിയര്‍ ലീഡര്‍മാര്‍ മാത്രമോ?

ഡാന്‍ ഗ്രിഫിന്‍ (സ്ലേറ്റ്)

ഹോംവര്‍ക്ക് ചെയ്യേണ്ട സമയം എന്ന് മാതാപിതാക്കള്‍ തീരുമാനിച്ചിരുന്ന സമയമായിരുന്നു അത്. ഇയാന്‍ പക്ഷെ തുറന്ന പുസ്തകങ്ങളും കാല്‍ക്കുലേറ്ററും ശ്രദ്ധിച്ചിരുന്നില്ല. നാലാമത്തെ ഹോട്ട്ഡോഗ് പാക്കറ്റില്‍ നിന്നെടുത്ത് അടുത്തിരുന്ന പട്ടിയെ തീറ്റുകയും വാക്ക് എന്ന് പറയുമ്പോള്‍ നടക്കാന്‍ അവനെ പഠിപ്പിക്കുകയുമായിരുന്നു ഇയാന്‍. യൂട്യൂബിലെ വളര്‍ത്തുമൃഗങ്ങളുടെ വീഡിയോകള്‍ കണ്ടാണ്‌ അവന്‍ ഇത് ചെയ്യാന്‍ തുടങ്ങിയത്.

ഇയാന്റെ അമ്മ അവനെ നോക്കിയശേഷം ഭര്‍ത്താവിന്‍റെ നേരെ തിരിഞ്ഞു. “ഇനി നിങ്ങളുടെ ഊഴമാണ്. അവനെക്കൊണ്ട്‌ ഹോംവര്‍ക്ക് ചെയ്യിപ്പിക്ക്. ഞാന്‍ മടുത്തു” എന്നായിരുന്നു ആ നോട്ടത്തിന്റെ അര്‍ഥം.

“എട്ടുമണിയായി ഇയാന്‍, വേഗമാകട്ടെ”, മൈക്കിള്‍ ഒച്ചയെടുത്തു.

നാലു മിനുറ്റ് കഴിഞ്ഞു.

“ഇയാന്‍, വേഗം തുടങ്ങിയില്ലെങ്കില്‍ കണക്ക് ചെയ്യാന്‍ ഞാന്‍ സഹായിക്കില്ല.”

ഇയാന്‍ ഹോംവര്‍ക്ക് ചെയ്യാന്‍ തുടങ്ങിയെങ്കിലും ഉടന്‍തന്നെ കൂടുതല്‍ യൂട്യൂബ് വീഡിയോ കാണാന്‍ പോയി.

ഇയാന്‍ മിടുക്കനാനെന്നും അവന്റെ കഴിവുകള്‍ അവന്‍ ഉപയോഗിക്കാത്തതാണ് പ്രശ്നമെന്നും അച്ഛനമ്മമാര്‍ പറയാറുണ്ട്‌. അവന് അടുക്കും ചിട്ടയുമില്ല, എളുപ്പം ശ്രദ്ധ മാറുന്നു, ചെറിയ തോല്‍വിയില്‍ പോലും മനസു തളരുന്നു. അതുകൊണ്ടു ഇന്നത്തെ ഏത് മാതാപിതാക്കളും ചെയ്യുന്നത് തന്നെ അവരും ചെയ്തു. അവന്റെ സ്കൂളിലെ കാര്യങ്ങളില്‍ അവര്‍ ഒരു ടീമായി ഇടപെടാന്‍ തുടങ്ങി. എല്ലാ വൈകുന്നേരവും അവന്റെ ഹോംവര്‍ക്കുകള്‍ പരിശോധിച്ചു, ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കി, എന്നൊക്കെയാണ് പരീക്ഷകള്‍ വരികയെന്ന്‍ കുറിച്ചുവെച്ചു, പ്രോജക്റ്റുകള്‍ക്ക് മേല്‍നോട്ടം വഹിച്ചു, സംശയമുള്ള വിഷയങ്ങള്‍ക്ക് ട്യൂട്ടറെ കണ്ടെത്തി.
പല കുടുംബങ്ങളിലും ഇപ്പോള്‍ സ്ഥിരമായി ഇത്തരം കാര്യമില്ലാത്ത യുദ്ധങ്ങളാണ് നടക്കുന്നത്. മാതാപിതാക്കള്‍ക്ക് കൂടുതല്‍ പിരിമുറുക്കവും ഒപ്പം നിരാശയുമാണ്‌ ഇതിലൂടെ ഉണ്ടാകുന്നത്. ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്നനിലയില്‍ മാതാപിതാക്കളെയും കുട്ടികളെയും ഈ അപകടത്തില്‍ നിന്ന് രക്ഷപെടുത്തുക എന്നതാണ് എന്റെ ലക്‌ഷ്യം. സ്വന്തം പ്രചോദനം സ്വയം കണ്ടെത്താന്‍ കുട്ടികളെ പഠിപ്പിക്കുക എന്നതാണ് പ്രധാനം. ഒപ്പം എല്ലാ തോല്‍വിയിലും നഷ്ടത്തിലും നിന്ന് കുട്ടികളെ സംരക്ഷിക്കാനുള്ള മാതാപിതാക്കളുടെ പ്രചോദനം മാറ്റിവയ്ക്കുകയും വേണം.

ഞാന്‍ കാണുന്ന പല കൗമാരക്കാരെയും പോലെതന്നെയാണ് ഇയാനും. ഇവരില് ഭൂരിഭാഗവും ആണ്‍കുട്ടികളാണ്‌. മിടുക്കരും എന്നാല്‍ ക്ലാസില്‍ തിളങ്ങാന്‍ കഴിയാത്തവരും എഡിഎച്ച്ഡി പോലെയുള്ള ഏതെങ്കിലും പഠനവൈകല്യം എന്ന രോഗനിര്‍ണ്ണയവുമായി വരുന്നവര്‍. അവര്‍ വിജയികളാകാന്‍ അവരുടെ മാതാപിതാക്കള്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. അനുനയിപ്പിക്കാനും ഭീഷണിപ്പെടുത്താനും ഒക്കെ ശ്രമിക്കുന്നവരാണ് ഈ മാതാപിതാക്കള്‍. കുട്ടികളുടെ തോല്‍വികളെ പലപ്പോഴും മാതാപിതാക്കളുടെ തോല്‍വിയായാണ്‌ കരുതപ്പെടാറുള്ളത്. അല്‍പ്പം കുറച്ചുവിജയിക്കാനും കൂടുതല്‍ തോല്‍വികള്‍ അനുഭവിക്കാനും അതിലൂടെ സ്വഭാവരൂപീകരണം നടത്താനുമാണ് ഞാന്‍ എന്റെ കുടുംബാംഗങ്ങളോട് പറയാറുള്ളത്. തോല്‍വികള്‍ക്കായുള്ള ഇടം സൂക്ഷിക്കുന്നതും പ്രധാനപ്പെട്ട ഒരു കാര്യമാണ്.

എന്റെ മുപ്പതുവര്‍ഷത്തെ ജോലിഅനുഭവങ്ങളിലൂടെ ഞാന്‍ പഠിച്ചത് മാതാപിതാക്കള്‍ക്ക് രണ്ടുറോളുകള്‍ മാത്രമേ ഉള്ളൂ എന്നാണ്. ഒന്ന് ഒരു ചിയര്‍ലീഡറുടെ, മറ്റൊന്ന് ഒരു ഫുട്ട്ബോള്‍ കോച്ചിന്റെ. ആവേശം നിലനിര്‍ത്തുക എന്നതാണ് ചിയര്‍ലീഡര്‍ പ്രധാനമായും ചെയ്യുന്നത്. കുട്ടിയുണ്ടാകുമ്പോള്‍ മുതല്‍ ചെറിയ പാവകളും മറ്റും കുട്ടിക്ക് കൊടുക്കാറുണ്ട്. കുട്ടി എന്തെങ്കിലും ചെറിയ കാര്യം ചെയ്യുമ്പോഴും അവന്‍ അത് ശ്രമിച്ചതിന് മാതാപിതാക്കള്‍ അഭിനന്ദിക്കും. സ്കോര്‍ നോക്കാതെ അച്ഛനുമമ്മയും എല്ലാ മക്കള്‍ക്കും സമ്മാനങ്ങള്‍ കൊടുക്കും. എന്നാല്‍ കോച്ചിന്റെ പ്രധാനജോലി ഒരു ക്യാരക്റ്റര്‍ ഉണ്ടാക്കുകയാണ്. ആ പാഠങ്ങളില്‍ പ്രതിസന്ധികളുണ്ട്, സാധ്യതകളുണ്ട്, തോല്‍വികളുമുണ്ട്. ആത്മവിശ്വാസമുണ്ടാക്കിയെടുക്കുകയും തോല്‍വികളെ സ്വീകരിക്കാന്‍ പഠിപ്പിക്കുകയുമാണ് കോച്ച് ചെയ്യുന്നത്.
നമ്മള്‍ ജീവിക്കുന്നത് ചിയര്‍ലീഡര്‍മാരുടെ സമൂഹത്തിലാണ്. ഈ ശൈലിയാണ് പ്രധാനപ്രശ്നമെന്നാണ് പല സോഷ്യോളജിസ്റ്റുകളും പേരന്റിംഗ് വിദഗ്ദ്ധരും പറയുന്നത്. ചെറിയ പ്രായത്തില്‍ ഈ രീതി തുടരുന്നതില്‍ തെറ്റില്ല. ജയിക്കുന്നതിനേക്കാള്‍ ഓരോ പരിശ്രമവും ആഘോഷിക്കുന്നത് നല്ലതാണ്, കുട്ടികള്‍ക്ക് ആത്മാഭിമാനം വളരും. എന്നാല്‍ കുട്ടികള്‍ വളരുമ്പോഴും ഇത് തുടരുന്നത് തെറ്റാണ്. എന്താണ് ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്നത് കുട്ടികള്‍ക്ക് അറിയില്ല. മാതാപിതാക്കള്‍ ചിയര്‍ലീഡര്‍മാരായി തുടരുകയും ചെയ്യുന്നു.

കുട്ടികളുടെ ബുദ്ധിയെയും കഴിവിനെയും അതിരു കവിഞ്ഞ് പുകഴ്ത്തുന്നത് ദോഷകരമാണ്. അവര്‍ക്ക് തോല്‍വികളോട് പേടിയുണ്ടാവുകയും അവര്‍ യാതൊരു റിസ്ക്കും എടുക്കാത്തവരായി മാറുകയും ചെയ്യും. പഠനവുമായി മല്ലിടുന്ന മിഡില്‍സ്കൂള്‍ കുട്ടികളെ പുകഴ്ത്തിക്കൊണ്ടേയിരുന്നാല്‍ അവരുടെ ഗ്രേഡുകള്‍ ഒരിക്കലും മെച്ചപ്പെടില്ല എന്നുമാത്രമല്ല തോല്‍വികളെ കൈകാര്യം ചെയ്യാന്‍ അവര്‍ പഠിക്കുകയുമില്ല.

അപ്പോള്‍ എന്താണ് മാതാപിതാക്കള്‍ക്ക് ചെയ്യാന്‍ കഴിയുക? ഒരുപാടു വൈകിക്കഴിഞ്ഞ് ഈ ചിയര്‍ലീഡര്‍ അവസ്ഥയില്‍ നിന്ന് കോച്ചിന്റെ അവസ്ഥയിലേയ്ക്ക് ഉയരണം എന്ന് മാതാപിതാക്കളെ മനസിലാക്കിക്കാന്‍ തന്നെ പാടാണ്. ഒരു ദശാബ്ദത്തിലേറെ തന്റെ കുട്ടി വേദനകളും വിഷമങ്ങളും അറിയാനേപാടില്ല എന്നുകരുതി ജീവിച്ചുവന്ന മാതാപിതാക്കള്‍ക്ക് ഈ മാറ്റം മനസിലാക്കാനാകില്ല. ചെറിയ ചില തോല്‍വികള്‍ കണ്ടുനിന്നാല്‍ മാത്രമേ ഇത് സാധിക്കൂ. ചില ഹോംവര്‍ക്കുകള്‍ക്ക് എഫ് ഗ്രേഡ് വരും, ചിലപ്പോള്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ ബാധിക്കും, ചിലപ്പോള്‍ സിഗരറ്റ് കുറ്റികള്‍ കണ്ടെത്തിയെന്നുവരും- താരതമ്യത്തില്‍ അഭ്യാസം കാണിക്കുന്ന പട്ടികളുടെ വീഡിയോ അത്ര കുഴപ്പമല്ല എന്നും തൊന്നും. ഈ സന്ദര്‍ഭത്തില്‍ ആകാംക്ഷയും സംശയവും തോല്‍വികളുമെല്ലാം സഹിക്കുകയും കുട്ടിയുടെ തോല്‍വികളെ തങ്ങളുടെ തോല്‍വിയായി കാണാതിരിക്കുകയുമാണ് മാതാപിതാക്കള്‍ ചെയ്യേണ്ടത്.
മാതാപിതാക്കളും കുട്ടികളും ചേര്‍ന്ന് നിര്‍മ്മിച്ചെടുക്കുന്ന ഈ ലോകത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ മാതാപിതാക്കള്‍ക്ക്‌ മാത്രമേ കഴിയൂ. വളരെ ചെറിയ കഥകളാണ് നമുക്കിഷ്ടം. കുട്ടികള്‍ക്ക് സന്തോഷിക്കാനും വിജയിക്കാനുമുള്ള ഇടങ്ങള്‍ നമ്മള്‍ കണ്ടെത്തുന്നു. കുട്ടികള്‍ സന്തോഷിക്കുന്നു. നമ്മള്‍ നല്ല മാതാപിതാക്കളാകുന്നു. നമ്മള്‍ സന്തുഷ്ടരാകുന്നു. കഥ തീരുന്നു.

എന്നാല്‍ കുറച്ചുകൂടി വലിയ കഥകള്‍ ഇഷ്ടപ്പെടാന്‍ ശ്രമിക്കണമെന്നാണ് ഞാന്‍ മാതാപിതാക്കളോട് പറയാറ്. ഒരു പരീക്ഷയ്ക്ക് ശരിക്ക് പഠിക്കാന്‍ പറ്റാഞ്ഞതും കുറച്ചുകൂടി പ്രാധാന്യമുള്ള ഒരു കഥയാക്കി മാറ്റണം. തുടക്കത്തില്‍ അവഗണനയൊ പീഡനമോ ആയിപ്പോലും മാതാപിതാക്കള്‍ക്ക് ഇത് തോന്നിയേക്കാം. കുട്ടികളെ സ്വയംപര്യാപ്തരാക്കാന്‍ ചിലപ്പോള്‍ ഇങ്ങനെ ചില നടപടികള്‍ വേണ്ടിവന്നേക്കും. കുട്ടികളുടെ ദൈനംദിനജീവിതത്തില്‍ സദാ ഇടപെടുന്നതിനുപകരം മാറിനിന്ന് നിരീക്ഷിക്കുന്നവരാകുക.

ഉദാഹരണത്തിന് പഠിക്കേണ്ടതിനുപകരം കുട്ടി വീഡിയോകണ്ടു സമയം കളയുന്നുവെന്നിരിക്കുക. സാധാരണപോലെ നിര്‍ബന്ധിക്കുന്നതിനുപകരം വെറുതെയിരിക്കുക. കുട്ടി തോല്‍ക്കും, കുട്ടിക്ക് സങ്കടം വരും. അടുത്തയാഴ്ച ഇതുതന്നെ ആവര്‍ത്തിച്ചാലും മാതാപിതാക്കള്‍ ഇടപെടില്ല. ഇത്തവണ അവനും ദേഷ്യം വരും. “ഇത് നിങ്ങള്‍ കാരണമാണ്”, അവന്‍ പറയും. മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ അവനെ ടീച്ചര്‍ വിളിപ്പിക്കും. വഴക്കുപറയും. അടുത്തക്ലാസില്‍ കയറ്റിവിടില്ല എന്ന് പറയും.

തന്റെ കാര്യത്തില്‍ ശ്രദ്ധിക്കാത്തതിന് കുട്ടി മാതാപിതാക്കളോട് ദേഷ്യത്തിലാണ്. എന്നാല്‍ അവന് തോല്‍ക്കാന്‍ ഇഷ്ടമല്ല. മാര്‍ക്കില്ലാതെ നല്ല കോളേജില്‍ അഡ്മിഷനൊക്കെ കിട്ടാതെ വന്നേക്കും എന്നൊക്കെ ഇതാദ്യമായാണ് അവന് തോന്നുന്നത്. കുട്ടി ടെന്‍ഷനുകള്‍ താങ്ങാനാകാതെ തകര്‍ന്നുപോകുമോ എന്ന് മാതാപിതാക്കള്‍ പേടിക്കാന്‍ തുടങ്ങി. ഇപ്പോള്‍ ഇടപെട്ടാല്‍ ഭാവിയിലെ തോല്‍വികളും ടെന്ഷനുകളും ഒന്ന് വൈകിക്കാന്‍ മാത്രമേ അവര്‍ക്കാകൂ എന്ന് ഞാന്‍ പറഞ്ഞു. എപ്പോഴായാലും തോല്‍വികളെ കൈകാര്യം ചെയ്യാന്‍ അവന്‍ പഠിക്കേണ്ടതാണ്.
സദാ മാതാപിതാക്കള്‍ രക്ഷയ്ക്കെത്താറുണ്ടായിരുന്നതുകൊണ്ട് കുട്ടി കണ്ഫ്യൂഷനിലായി. ഒടുവില്‍ അവന്‍ അധ്യാപകനോട് ചോദിക്കാന്‍ തീരുമാനിച്ചു. കൃത്യസമയത്ത് എന്നും ക്ലാസുകള്‍ക്ക് എത്തിയാല്‍ സഹായിക്കാം എന്ന് അദ്ധ്യാപകന്‍ പറഞ്ഞു. ഈ സ്പെഷ്യല്‍ ക്ലാസിനിടയിലാണ് തന്റെ പ്രിയപ്പെട്ട അധ്യാപകനും കണക്കില്‍ തോല്‍വികള്‍ നേരിട്ടിട്ടുണ്ടെന്ന് കുട്ടി മനസിലാക്കിയത്. സ്വന്തം പഠനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തില്ലെങ്കില്‍ കോളേജില്‍ കണക്കോ സയന്‍സോ പഠിക്കാം എന്ന പ്രതീക്ഷ ഉപേക്ഷിച്ചേക്കാന്‍ അദ്ധ്യാപകന്‍ കുട്ടിയോട് പറഞ്ഞു. നല്ല ഒരു റെക്കമെന്‍റേഷന്‍ ഈ അദ്ധ്യാപകന്‍ തരുമെന്നാണ് കുട്ടി പ്രതീക്ഷിച്ചിരുന്നത്. വിജയം എന്ന അവന്റെ ചിന്തയ്ക്ക് ഇടിവുകളുണ്ടായി. പേടിയോടെ അവന്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തു. കൃത്യസമയത്ത് ക്ലാസുകള്‍ക്ക് എത്തി.

ടീനേജ് പ്രായത്തിലെ കുട്ടികളെ പ്രചോദിപ്പിക്കുക എളുപ്പമല്ല. വെറും ചോക്കലേറ്റ് കാണിച്ചുപോലും ചിലരെ പഠനത്തില്‍ തല്‍പ്പരരാക്കാന്‍ പറ്റും. ആത്മവിശ്വാസമുള്ള കുട്ടികള്‍ക്ക് കുറച്ചുപുകഴ്ത്തലുകള്‍ പ്രചോദനം നല്‍കും. എന്നാല്‍ ആത്മവിശ്വാസക്കുറവുള്ള കുട്ടികളെ പുകഴ്ത്തിയാല്‍ അത് അപകടമായി കലാശിക്കും. ചിലപ്പോള്‍ ചില തോല്‍വികളാവും കുട്ടികള്‍ക്ക് പുകഴ്ത്തലുകളെക്കാള്‍ പ്രചോദനം നല്‍കുക.

നമ്മുടെ തന്നെ ജീവിതങ്ങളെപ്പറ്റി ചിന്തിച്ചുനോക്കൂ. മുതിര്‍ന്നവരായ നമ്മുടെ ജീവിതങ്ങളില്‍ നൈരാശ്യങ്ങളും തോല്‍വികളും ഉണ്ടാകുമ്പോള്‍ വാശിയോടെ തിരിച്ചുവരാന്‍ നാം ശ്രമിക്കാറില്ലെ? ഒരു തോല്‍വിയുണ്ടാകുമ്പോഴാവും ജീവിതത്തില്‍ നിര്‍ണ്ണായകപ്രചോദനവുമായി വരുന്ന ചിലരെ കണ്ടുമുട്ടുക. നമ്മള്‍ കാണാത്ത ചില നന്മകള്‍ നമ്മില്‍ തന്നെയുള്ളത് നാം തിരിച്ചറിയുക. ചിലപ്പോള്‍ നമ്മുടെ ശക്തികളും ദൌര്‍ബല്യങ്ങളും നമ്മള്‍ കൂടുതല്‍ മനസിലാക്കുകയും പുതിയ സ്വപ്‌നങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നത് തോല്‍വികള്‍ ഉണ്ടാകുമ്പോഴാവും. ചെറിയ ഒരു കാലയളവില്‍ ദുഃഖകരമാവുന്ന അനുഭവം ചിലപ്പോള്‍ വലിയ സന്തോഷങ്ങളിലേയ്ക്കുള്ള വാതിലായി മാറാം.

Dan Griffin is a clinical psychologist and family therapist in the greater Washington area.


Next Story

Related Stories