TopTop
Begin typing your search above and press return to search.

ചികിത്സിക്കാനുള്ള അവകാശം തേടി നഴ്സുമാര്‍

ചികിത്സിക്കാനുള്ള അവകാശം തേടി നഴ്സുമാര്‍


എന്‍.സി എയ്സെന്‍മാന്‍


കാലാകാലങ്ങളായി നഴ്‌സുമാരുടെ നില ഡോക്ടര്‍മാരെക്കാള്‍ താഴേക്കിടയിലാണ്, അത് പരിശോധനാമുറിയിലായാലും ശരി, രാഷ്ട്രീയക്കളരിയിലായാലും ശരി. എന്നാല്‍ അമേരിക്കയിലെ വൈദ്യശാസ്ത്ര രംഗത്ത് കാര്യങ്ങള്‍ മാറി വരികയാണ്. നിലവിലുള്ള അധികാര അസന്തുലിതാവസ്ഥ മാറ്റിയെടുക്കാനുള്ള കാര്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് നേഴ്സുമാര്‍ക്ക് രോഗനിര്‍ണ്ണയം നടത്താനും ചികിത്സിക്കാനുമുള്ള അവകാശത്തിന് വേണ്ടിയുള്ള
ശ്രമങ്ങള്‍. ഇപ്പോള്‍ 16 സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന ഈ സമ്പ്രദായം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കണം എന്നാണ് ആവശ്യം. അമേരിക്കയിലെ അസോസിയഷന്‍ ഓഫ് റിട്ടയേര്‍ഡ് പേഴ്സണ്‍സ് (AARP) തൊട്ട് സാമൂഹിക പ്രവര്‍ത്തകരും ആരോഗ്യപോളിസി വിദഗ്ദ്ധരും ഉള്‍പ്പെടെയുള്ളവര്‍ നടത്തുന്ന ഈ ശ്രമങ്ങളോട് കടുത്ത എതിര്‍പ്പും നിലനില്‍ക്കുന്നുണ്ട്.


ബിരുദാനന്തര ബിരുദമോ അതിലും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയോ ഉള്ള നഴ്സുമാര്‍ക്ക് ഫിസിഷ്യന്റെ മേല്‍നോട്ടമില്ലാതെ തന്നെ രോഗം നിര്‍ണ്ണയിക്കുന്നതിനുള്ള പരിശോധനകള്‍ നിര്‍ദ്ദേശിക്കാനും അവ വിശകലനം ചെയ്ത് മരുന്നുകള്‍ കുറിക്കാനും ചികിത്സാനടപടികള്‍ നടത്താനുമുള്ള അനുമതിക്കായി നിയമ നിര്‍മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ 11 സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ അവര്‍ രംഗത്തെത്തിയിരിക്കുന്നു.


ചില ഫിസിഷ്യന്‍ സംഘടനകളുടെ പ്രബലമായ എതിര്‍പ്പിനെ മറികടന്നു ഈ നിര്‍ദേശം അംഗീകരിക്കപ്പെട്ടാല്‍ നേഴ്സുമാരെ പ്രാക്ടീസിന് അനുവദിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം അമേരിക്കയില്‍ പതിനാറില്‍ നിന്ന് മുപ്പതായി ഉയരും. ഈ അധികാര മാറ്റത്തിലൂടെ രാജ്യത്താകമാനം പതിനായിരക്കണക്കിന് നേഴ്സുമാര്‍ പ്രാഥമികചികിത്സാ കേന്ദ്രങ്ങള്‍ തുടങ്ങിയേക്കും. ഇവയ്ക്ക് ഡോക്റ്റര്‍മാര്‍ നടത്തുന്ന ചികിത്സാകേന്ദ്രങ്ങളില്‍ നിന്ന് കാഴ്ചയില്‍ യാതൊരു മാറ്റവും തോന്നിക്കില്ല. ഇന്ന് ഏകദേശം ആറായിരത്തോളം നേഴ്സുമാര്‍ സ്വന്തമായി പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ നടത്തുന്നുണ്ട്.


'ഉയര്‍ന്നനിലയില്‍ ആരോഗ്യ പരിരക്ഷ നല്‍കാന്‍ പ്രാപ്തിയുള്ള ആളുകള്‍ ഇപ്പോള്‍ തന്നെ ലഭ്യമാണ്, അതിന് വലിയ അധിക ചെലവ് ഉണ്ടാവുകയുമില്ല. പക്ഷേ അതിന് നിയമം പരിഷ്കരിക്കേണ്ടതുണ്ട്.' അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ നേഴ്‌സ് പ്രാക്ടീഷനേഴ്‌സ് (AANP) എന്ന സംഘടനയിലെ ആരോഗ്യപോളിസി വിഷയങ്ങളുടെ ഡയറക്റ്ററായ തേനിന്‍ കൊപാനോസ് പറഞ്ഞു. 'അപ്പോള്‍ സംസ്ഥാനങ്ങള്‍ ഇനി തീരുമാനിക്കേണ്ടത് ഈ സൌകര്യം പ്രയോജനപ്പെടുത്തണോ വേണ്ടയോ എന്നതാണ്.'
നേഴ്സുമാരുടെ കാര്യത്തില്‍ ഏറ്റവും ഒടുവിലുണ്ടായ നിയമനിര്‍മ്മാണം നടന്നത് 1980-കളുടെ ഒടുവില്‍ തുടങ്ങി 90-കളുടെ ആദ്യം വരെയാണ്. ഇത്തവണ എന്തായാലും ഈ പരിശ്രമങ്ങള്‍ക്ക് ദേശീയതലത്തില്‍ നേതൃത്വം വഹിക്കുന്നത് AANP-യും മറ്റു നഴ്‌സിംഗ് സംഘങ്ങളും ചേര്‍ന്നാണ്. 2010-ലെ ആരോഗ്യ പരിരക്ഷാ നിയമത്തിനുശേഷം ഡോക്ടര്‍മാരുടെ ലഭ്യതയില്‍ സന്ദേഹങ്ങളുള്ള ഒരു വലിയ വിഭാഗത്തിന്‍റെ പിന്തുണയും അവര്‍ക്കുണ്ട്.


ജനുവരി ആദ്യത്തോടെ ഇന്‍ഷുറന്‍സ് ഇല്ലാത്ത ഏതാണ്ട് 27ദശലക്ഷം അമേരിക്കക്കാരാണ് ഈ നിയമത്തിന്റെ പരിരക്ഷയില്‍ വരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. 2020-ഓടെ ഏതാണ്ട് 45,000 ഡോക്ടര്‍മാരുടെ കുറവ് പ്രാഥമിക ആരോഗ്യ മേഖലയിലെ ഉണ്ടാകുമെന്ന് അസോസിയേഷന്‍ ഓഫ് അമേരിക്കന്‍ മെഡിക്കല്‍ കോളേജസ് പറയുന്നു. ഈ കുറവ് നികത്താന്‍ നേഴ്‌സ്മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതാണ് പരിഹാരം എന്ന് AARP-യുടെ കണക്റ്റിക്കട്ട് ബ്രാഞ്ചിലെ ക്ലോടിയോ ഗ്വാല്‍ടിയേരി അഭിപ്രായപ്പെട്ടു.
'വര്‍ഷങ്ങള്‍ക്കുമുന്‍പേ നടപ്പില്‍ വരേണ്ടിയിരുന്ന നല്ല ആശയങ്ങളാണ് ഇവയെല്ലാം', അദ്ദേഹം പറഞ്ഞു. 'എന്നാല്‍ ആരോഗ്യപരിരക്ഷാ നിയമത്തിന്റെ ടൈംടേബിള്‍ തീരുമാനിക്കപ്പെട്ടുകഴിഞ്ഞ ഇപ്പോഴെങ്കിലും ഇത് നടപ്പില്‍ വരേണ്ടത് അത്യാവശ്യമായി തീര്‍ന്നിരിക്കുന്നു'.


നേഴ്സ്മാര്‍ 'വിശ്വാസ സംഘടന'കളുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും നാഷണല്‍ ഗവര്‍ണേഴ്സ് അസോസിയേഷന്റെയും പിന്തുണ നേടിക്കഴിഞ്ഞു. ഒരുപക്ഷെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന പിന്തുണ വന്നത് വൈദ്യശാസ്ത്രത്തിന്റെ ശ്രേഷ്ഠസ്ഥാപനമായ നാഷണല്‍ അക്കാദമി ഓഫ് സയന്‍സസില്‍ നിന്നാണ്. ആരോഗ്യപരിരക്ഷാ നിയമത്തിനു ശേഷം, 2010-ല്‍ പുറത്തുവന്ന ഒരു റിപ്പോര്‍ട്ടില് നേഴ്‌സ്മാര്‍ നടത്തുന്ന പ്രാക്ടീസുകള്‍ സുരക്ഷിതമല്ല എന്നതിന് തെളിവൊന്നും IOM പാനല്‍ കണ്ടെത്തിയിട്ടില്ല.
ഡോക്ടര്‍മാരുടെ ഇടപെടലുകളില്ലാതെ നേഴ്‌സ്മാര്‍ക്ക് പ്രാക്ടീസ് നടത്താനും അതുവഴി അവരുടെ വിദ്യാഭ്യാസത്തിനും പരിശീലനത്തിനും പൂര്‍ണ്ണതയുണ്ടാക്കാനും 'സമയമായിരിക്കുന്നു' എന്ന് പറഞ്ഞുകൊണ്ടാണ് റിപ്പോര്‍ട്ട് അവസാനിക്കുന്നത്. അടുത്തവര്ഷം മുതല്‍ ഡോക്ടര്‍മാര്‍ക്ക് നല്‍കുന്ന അതെ നിരക്കില്‍ തന്നെ നേഴ്‌സ്മാര്‍ നടത്തുന്ന പ്രാക്ടീസ്‌കള്‍ക്കും ഇന്‍ഷുറന്‍സ് തുകകള്‍ നല്‍കേണ്ടതാണെന്നും ആരോഗ്യ പരിരക്ഷാ നിയമം പറയുന്നു.


എന്നാല്‍ നേഴ്‌സിംഗ് സംഘടനകളോട് അനുഭാവമുള്ള ചില സര്‍ക്കാര്‍ നിയമ വിദഗ്ദര്‍ പോലും ഒരു കുടുംബത്തിന്റെ ആരോഗ്യപരിരക്ഷ പരിചയസമ്പന്നനായ ഒരു എം ഡി നടത്തുന്ന രീതിയാണ് അഭികാമ്യം എന്നാണ് അഭിപ്രായപ്പെടുന്നത്. 'നമുക്കെല്ലാം പ്രായമേറുകയാണ്, നമ്മുടെ മാതാപിതാക്കള്‍ക്ക് ലഭിച്ചത് പോലെയുള്ള വൈദ്യ പരിചരണം നമുക്ക് മതിയാവില്ല എന്ന് നാം തിരിച്ചരിഞ്ഞതുമാണ്.', നേഴ്‌സ്മാരുടെ അധികാരം വ്യാപിപ്പിക്കുന്നതിനുള്ള കമ്മിറ്റിയുടെ ചെയര്‍മാനായ കെന്റക്കി സ്‌റേറ്റ് സെനറ്റര്‍ ജോണ് ഷിക്കേല്‍ ആര്‍ ഷിക്കേല്‍ പറഞ്ഞു. ചെറിയ അസുഖങ്ങള്‍ക്ക് അടുത്തുള്ള ഒരു മരുന്ന് കടയിലെ ക്ളിനിക്കിലാണ് ചികിത്സ തേടുന്നതെന്നും അവിടെ നേഴ്‌സ്മാര്‍ മാത്രമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രാഥമിക ചികിത്സയില്‍ ഉള്‍പ്പെടുന്ന എല്ലാ ചികിത്സകളും നേഴ്‌സ്മാര്‍ ഏറ്റെടുക്കുന്നതില്‍ അദ്ദേഹം വിസമ്മതം പ്രകടിപ്പിച്ചു. 'പരിചരണത്തിന്റെ നിലവാരം നമ്മള്‍ താഴത്തുകയാണോ എന്നാണ് എന്റെ പേടി', ഷിക്കേല്‍ പറഞ്ഞു. എല്ലാ വശത്ത് നിന്നും സമ്മര്‍ദ്ദങ്ങള്‍ ഉണ്ടെന്നു അദ്ദേഹം വ്യക്തമാക്കി.
പ്രാഥമിക ആരോഗ്യ പരിരക്ഷയില്‍ ഉന്നതപഠനം നടത്തിയവരുള്‍പ്പടെയുള്ള നേഴ്‌സ്മാരുടെയും ഡോക്ടര്‍മാരുടെയും വിദ്യാഭ്യാസത്തിലെ വ്യത്യാസങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് ഫിസിഷ്യന്‍മാരുടെ സംഘങ്ങളും രംഗത്തെത്തിയിട്ടുണ്ട്. നഴ്‌സിംഗില്‍ ബിരുദം ലഭിക്കുന്ന നേഴ്‌സ്മാര്‍ അതിനു ശേഷം ഏതാണ്ട് രണ്ടര മുതല്‍ മൂന്നു വര്‍ഷം വരെ പഠിക്കുമ്പോഴാണ് ബിരുദാനന്തര ബിരുദം കിട്ടുന്നത്. ഒരു വര്‍ഷം കൂടി പഠിച്ചാല്‍ പി എച്ച് ടിയും ലഭിക്കും. 2015 മുതല്‍ പഠിച്ചിറങ്ങുന്ന നേഴ്‌സുമാര്‍ക്ക് ഇത്ര പഠനം മതിയാകും. അതിനു ശേഷം കൂടുതല്‍ പരിശീലനമോ റെസിഡന്‍സിയോ ആവശ്യമില്ല.


എന്നാല്‍ ഫിസിഷ്യന്‍മാരാകട്ടെ വിവിധ സയന്‍സ് വിഷയങ്ങള്‍ ഉള്‍പ്പെടുന്ന ബിരുദം നേടുകയും അതിനു ശേഷം നാലു വര്‍ഷം മെഡിക്കല്‍ സ്‌കൂളില്‍ ചെലവിടുകയും അതിനു ശേഷം ചുരുങ്ങിയത് മൂന്നു വര്‍ഷം നീളുന്ന റെസിഡന്‍സി പ്രോഗ്രാമില്‍ പങ്കെടുക്കുകയും ചെയ്യണം. കൂടുതലായി നേടുന്ന ഈ പരിശീലനത്തിന്റെ മെച്ചം നേഴ്‌സ്മാര്‍ക്ക് മനസിലാക്കാന്‍ പോലും കഴിയാതെ വന്നേക്കാവുന്ന സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചു വേണം അനുമതി നല്കാന്‍ എന്നാണ് അമേരിക്കന്‍ അക്കാദമി ഓഫ് ഫാമിലി ഫിസിഷ്യന്‍സിന്‍റെ നിയുക്ത പ്രസിഡന്റ് ആയ റീഡ് ബ്ളാക്ക് വെല്‍ഡെര്‍ പറഞ്ഞു.


തുടര്‍ച്ചയായ ശ്വാസകോശ അണുബാധയുമായി എത്തുന്ന ഒരു രോഗി എച്ച് ഐ വി ബാധിതനാണെന്നു തിരിച്ചറിയാനോ രക്താതിസമ്മര്‍ദ്ദം, ശ്വാസകോശ പ്രശ്‌നങ്ങള്‍, പ്രമേഹം എന്നിങ്ങനെ പലവിധ അസുഖങ്ങള്‍ ഉള്ള ഒരാള്‍ക്ക് വരുന്ന ചുമയുടെ വിവിധ വശങ്ങള്‍ മനസിലാക്കാനോ കഴിയുക ഒരു ഫിസിഷ്യനാവും. 'കാരണം ഒരു ഫിസിഷ്യന് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അതിനെ പൂര്‍ണ്ണമായി അവലോകനം ചെയ്യാനും എന്താണ് വേണ്ടതെന്ന് തീരുമാനിക്കുവാനും വേണ്ടത്ര പരിശീലം ലഭിക്കുന്നുണ്ട്.', അദ്ദേഹം പറഞ്ഞു.


'ഡോക്ടര്‍മാരും നേഴ്സുമാരും അവര്‍ക്ക് ലഭിച്ച പരിശീലനത്തിന്‍റെ അടിസ്ഥാനത്തില്‍ മികച്ച രീതിയില്‍, കൂട്ടായി പ്രവര്‍ത്തിക്കുകയാണ് ഏറ്റവും മികച്ച ആരോഗ്യ പരിരക്ഷയ്ക്കുള്ള മാര്‍ഗം'. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ നിയുക്ത പ്രസിഡന്റ് ആയ എദ്രിസ് ഡീ ഹോവെന്‍ അഭിപ്രായപ്പെട്ടു. ഫിസിഷ്യന്‍മാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ തയാറാണെന്നും എന്നാല്‍ പിന്നോക്കാവസ്ഥ നേരിടുന്ന മേഖലകളില്‍ ഡോക്ടര്‍മാരുടെ കുറവ് ഉള്ളതിനാല്‍ ഇത് പ്രായോഗികമല്ലെന്നും നേഴ്‌സ് പ്രാക്ടീഷണര്‍മാര്‍ പറയുന്നു. മനുഷ്യന്റെ ശാരീരികവും സാമൂഹികവുമായ വശങ്ങളെക്കൂടി പരിഗണിച്ചു ചികിത്സിക്കുന്നതില്‍ തങ്ങള്‍ക്കുള്ള വൈദഗ്ദ്യം പ്രശ്‌നങ്ങള്‍ തിരിച്ചറിയുന്നതിന് ഒരേ പോലെ പ്രാപ്തരാക്കുന്നു എന്നും അവര്‍ പറയുന്നു.


'ഞങ്ങള്‍ ഇവിടെ സ്തനാര്‍ബുദം, ഓവേറിയന്‍ അര്‍ബുദം, പ്രോസ്റ്ററെറ്റ് അര്‍ബുദം എന്നിവ തിരിച്ചറിഞ്ഞിട്ടുണ്ട്,' നോര്‍ത്ത് വെസ്റ്റ് നേഴ്‌സ് പ്രാക്ടീഷണര്‍ അസോസിയറ്റ്സ് എന്ന സ്ഥാപനം നടത്തുന്ന എറിന്‍ ബാഗ്‌ഷോ പറയുന്നു. 'ഞങ്ങള്‍ രക്താര്‍ബുദം, കഠിനമായ ഹൃദ്രോഗം, പ്രമേഹം ഇവയെല്ലാം കണ്ടിട്ടുണ്ട് ഇവിടെ. പള്‍മോണറി എംബോലിസവുമായി വന്നു ഉടന്‍ എമര്‍ജന്‍സി മുറിയില്‍ കൊണ്ടുപോകേണ്ടി വന്ന കേസുകള്‍ വരെ ഇവിടെ ഞങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.... നേഴ്‌സ്മാര്‍ക്ക് ഒട്ടും സങ്കീര്‍ണമല്ലാത്ത, നിസാര പ്രശ്‌നങ്ങള്‍ മാത്രമേ പരിഹരിക്കാനാകൂ എന്നൊരു ധാരണയുണ്ട്. അത് ശരിയല്ല.'


മേരിലാന്‍ഡില്‍ നേഴ്‌സ് ആയ കാരെന്‍ മില്ലെറ്റ് താഴ്ന്ന വരുമാനക്കാര്‍ താമസിക്കുന്ന പ്രദേശത്തുള്ള തന്റെ വീട്ടില്‍ ദരിദ്രരായ ലാറ്റിനോ കുടിയേറ്റക്കാര്‍ക്കായി ഒരു പരിശോധാകേന്ദ്രം തുറന്നിട്ടുണ്ട്. തന്റെ തടി കുറയ്ക്കല്‍ പ്രോഗ്രാമിന്റെ പുരോഗതി പരിശോധിക്കാന്‍ എത്തിയ ഒരു സ്ത്രീ; വാര്‍ഷിക പാപ്സ്മിയര്‍ പരിശോധനയ്‌ക്കെത്തിയ ഒരാള്‍, ഒവേറിയന്‍ സിസ്റ്റിനും യുട്റിന്‍ ഫൈബ്രോയിഡുകള്‍ക്കും ചികിത്സ തേടിയെത്തിയ ഒരു സ്ത്രീ തുടങ്ങിയവരെ ഇവിടെ കാണാം.
ജോലിക്കിടെ സമയം കണ്ടെത്താന്‍ കഴിയാത്ത രോഗികള്‍ക്കായി മില്ലറ്റ് ശനിയാഴ്ചകളില്‍ കൂടുതല്‍ നേരം പരിശോധന നടത്താറുണ്ട്. ഇന്‍ഷുറന്‍സ് ഇല്ലാത്തവരെ അവര്‍ 49 ഡോളറിനു ചികിത്സിക്കും, ഈ തുക പല പ്രാഥമിക ചികിത്സാ ഡോക്ടര്‍മാര്‍ വാങ്ങുന്നതിലും വളരെ കുറവാണ്.


പെറുവിയന്‍ മാതാപിതാക്കള്‍ക്ക് ജനിച്ച 49-കാരിയായ മില്ലറ്റ് രോഗികളോട് മാതൃഭാവത്തില്‍ ഇടപെടുന്ന ഒരാളാണ്. താണ വരുമാനത്തിലുള്ളവരെ ചികിത്സിക്കുന്നത് ഒരു സ്വകാര്യ സന്തോഷമാണെന്നാണ് അവര്‍ പറഞ്ഞത്.
ഓരോ ഒന്നിടവിട്ട ആഴ്ചയിലും ഒരു ആശുപത്രിയില്‍ ജോലി ചെയ്താണ് അവര്‍ ക്ളിനിക് നടത്താന്‍ പണമുണ്ടാക്കുന്നത്. ക്ളിനിക്കിലെ കാര്യങ്ങളൊക്കെ അവര്‍ തന്നെയാണ് ചെയ്യുന്നത്. 'ഞാന്‍ തന്നെയാണ് എല്ലാം ചെയ്യുന്നത്,' അവര്‍ പറഞ്ഞു, 'ബുക്കിംഗ്, പണമിടപാടുകള്‍, ചിലപ്പോഴൊക്കെ ബാത്ത്‌റൂം വൃത്തിയാക്കുന്നതും ഞാന്‍ തന്നെ.'


(വാഷിംഗ് ടണ്‍ പോസ്റ്റ്)

Next Story

Related Stories