TopTop
Begin typing your search above and press return to search.

1983ഉം ആറ്റുകാല്‍ പൊങ്കാലയും

1983ഉം ആറ്റുകാല്‍ പൊങ്കാലയും

സാജു കൊമ്പന്‍

ഇന്ന് മള്‍ടിപ്ലെക്സിലിരുന്നു ന്യൂ ജനറേഷന്‍ സിനിമകള്‍ കാണുന്ന ന്യൂ ജനറേഷന്‍ തലമുറയെ അവര്‍ കളിച്ചു വളര്‍ന്ന പാട വരമ്പിലേക്കും കൊയ്ത്തുകഴിഞ്ഞ വയലുകളിലേക്കും മുങ്ങാകുഴിയിടുന്ന തോടുകളിലേക്കും കയ്യിലൊരു തെങ്ങിന്‍ മടലുകൊണ്ടുണ്ടാക്കിയ ബാറ്റും പിടിപ്പിച്ചു കളിക്കാന്‍ വിട്ട 1983, ജീവിതത്തെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ശുഭകരമായി അവസാനിക്കുന്ന ഒരു നല്ല സിനിമയാണ്. അത് നമ്മളുടെ (ആണുങ്ങളുടെ) ഗൃഹാതുരതകളില്‍ വല്ലാതെ ഇടപെടുന്നതുകൊണ്ടായിരിക്കാം 1983 കണ്ടിരിക്കല്‍ വൈകാരിക തള്ളിച്ചയുള്ള അനുഭവം കൂടിയാണ്. മറ്റൊന്ന് എവിടേയും സംഭവിച്ചേക്കാവുന്ന ഏത് കാലത്തും സംഭവിച്ചേക്കാവുന്ന ചരിത്ര സൂചനകളോ സ്ഥല സൂചനകളോ ഇല്ലാത്ത നിരവധി ചലച്ചിത്രാനുഭവങ്ങളില്‍ നിന്നും വേറിട്ട് നില്‍ക്കുന്നുണ്ട് ഈ ചിത്രം. ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യം മലയാളികള്‍ അധികം കൈവച്ചിട്ടില്ലാത്ത കായിക സിനിമ എന്ന ഴാനറിനെ ഒട്ടും ഗൌരവം ചോരാതെ യഥാര്‍ഥ്യ ബോധത്തോടെ അവതരിപ്പിക്കാന്‍ ഈ സിനിമ ശ്രമിക്കുന്നുണ്ട് എന്നുള്ളതാണ്.

പക്ഷേ ഈ അനുഭവങ്ങളൊക്കെ നില്‍ക്കുമ്പോള്‍ തന്നെ ഒരു കലാസൃഷ്ടി, അത് സിനിമയാകട്ടെ ചിത്രങ്ങളാകട്ടെ, ഉത്പ്പാദിപ്പിക്കുന്ന ആശയം അതിന്‍റെ സൃഷ്ടാവിന്റെ മുന്‍ തീരുമാനം അല്ലെന്നും മറിച്ച് അത് കാണപ്പെടുന്ന/ വായിക്കപ്പെടുന്ന സമൂഹത്തിന്‍റെ നിര്‍മ്മിതിയാണെന്നും ഏതോ സൈദ്ധാന്തിക ചര്‍ച്ചയില്‍ കേട്ട ബൌദ്ധിക ശകലത്തെ ഉറപ്പിക്കുന്നതായിരുന്നു 1983 എനിക്കു നല്കിയ അനുഭവം. അത്രമേല്‍ നിഷ്കളങ്കമായ പ്രക്രിയ അല്ല ഈ ആസ്വാദനം എന്ന് 1983 എന്ന ആത്മാര്‍ഥവും ആത്മാകഥാപരവുമായ ഒരു സൃഷ്ടിയെ ഉദാഹരിച്ച് പറയാന്‍ ഞാന്‍ നിര്‍ബന്ധിതനാവുകയാണ്. അബ്രിഡ് ഷൈന്‍, ക്ഷമിക്കുക. താങ്കളുടെ പരിശ്രമത്തെയും ധീരതയെയും തളിപ്പറയാതെ തന്നെ എങ്ങിനെയാണ് ദേശീയതയുടെ രാഷ്ട്രീയം താങ്കളുടെ സിനിമയില്‍ ആവര്‍ത്തിച്ചുറപ്പിക്കപ്പെട്ടെതെന്നും അതെങ്ങനെയാണ് പതിയെ ഹൈന്ദവ ദേശീയതയായി പരിവര്‍ത്തനം ചെയ്യപ്പെട്ടതെന്നും പറയാനാണ് ഈ അനുഭവ വിവരണം.


ആറ്റുകാല്‍ പൊങ്കാലയുടെ തലേന്നാള്‍
ഫെബ്രുവരി 15നു ശനിയാഴ്ചയാണ് ഞങ്ങള്‍ (ഞാനും സഫിയയും അമ്മുവും) 1983 കാണാന്‍ പോയത്. ആറ്റുകാല്‍ പൊങ്കാലയുടെ തലേന്ന്. വളരെ കാലത്തിന് ശേഷമാണ് സെകന്‍ഡ് ഷോ കാണാന്‍ തീരുമാനിക്കുന്നത്. തിരുവനന്തപുരം ഗുണ്ടകളുടെ സ്വന്തം നഗരമായതിന് ശേഷം പൊതുവേ സെകന്‍ഡ് ഷോ പ്രിഫര്‍ ചെയ്യാറില്ല. ഈ അടുത്തകാലതാണ് സാഹിത്യകാരന്‍ സക്കറിയയെ തടഞ്ഞു നിര്‍ത്തി രണ്ടു വിരുതന്മാര്‍ പണം ചോദിച്ചതു. അതും നേരം അധികമൊന്നും ഇരുട്ടിയിട്ടില്ലാത്ത സമയത്ത്. പൊങ്കാലയുടെ തലേന്ന് സെകന്‍ഡ് ഷോയ്ക്കു പോകാന്‍ കാരണം ഉണ്ട്. തിരുവനന്തപുരം നഗരം അന്ന് അര്‍ദ്ധരാത്രിയിലും വളരെ സജീവമായിരിക്കും. ഭക്തകുചേലകളായ സ്ത്രീകള്‍ രാത്രി സ്വന്തമാക്കുന്ന ദിവസമാണന്ന്. പോലീസ് ഏമാന്‍മാരും സ്ത്രീകള്‍ക്ക് കൂട്ടിരിക്കാന്‍ വന്ന ചേട്ടന്‍മാരുമൊക്കെയായി പൊതുവെ നഗരം വളരെ സുരക്ഷിതമായിരിക്കും. അങ്ങനെ പുറത്തെ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ മുങ്ങിക്കുളിച്ചാണ് തിയറ്ററില്‍ എത്തിയത്.

തിയറ്റര്‍ നിറയെ ആണുങ്ങളാണ്. വിരലിലെണ്ണാവുന്ന സ്ത്രീകള്‍ മാത്രം. (40 ലക്ഷം സ്ത്രീകള്‍ വ്രതം നോറ്റ് പൊങ്കാലയിടാന്‍ പുറത്തിരിക്കുകയാണല്ലോ! പിന്നെങ്ങനെ തിയറ്ററിനകത്ത് സ്ത്രീകളുണ്ടാകും?) എന്തായാലും ആകെയൊരു ബഹളം. റിലീസ് ദിവസം തിയറ്ററിലെ ഫാന്‍സുകാരുടെ ബഹളം പോലെ. ആണ്‍പിള്ളേരല്ലേ.. കുറച്ചു ബഹളമൊക്കെയുണ്ടാവും..


ബോലോ ഭാരത് മാതാ കി ജയ്
സിനിമ തുടങ്ങാന്‍ പോകുന്നു. ശ്രീ പത്മനാഭ തിയറ്ററില്‍ ഒരു കുഴപ്പമുണ്ട്. സിനിമ തുടങ്ങുന്നതിന് മുന്പു ദേശീയ ഗാനം കേള്‍പ്പിക്കും. ഒരു ശീലം പോലെ അല്ലെങ്കില്‍ ദേശത്തോടുള്ള ആദര സൂചകമായി ഭൂരിപക്ഷം പേരും ചാടി എഴുന്നേല്‍ക്കും. ചിലര്‍ മനസില്ലാമനസോടെയും. എഴുന്നേല്‍ക്കാത്ത ചില ‘ദേശ വിരുദ്ധര്‍’ അടുത്തു നില്‍ക്കുന്നവന്‍റെ തുറിച്ചു നോട്ടം കാണുമ്പോള്‍ അറിയാതെ പൊങ്ങും. പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ ദേശീയ ഗാനം കേട്ടിട്ടു എഴുന്നേറ്റ് നില്‍ക്കാതെ അടുത്തിരിക്കുന്നവനെ തോണ്ടി അലമ്പുണ്ടാക്കുന്ന ലവന്‍മാര്‍ പോലും തിയറ്ററില്‍ എഴുന്നേറ്റ് നില്‍ക്കുന്ന അത്ഭുതകരമായ കാഴ്ച.

ദേശിയ ഗാനം കഴിഞ്ഞു. ടൈറ്റില്‍ കാണിക്കാന്‍ തുടങ്ങി. 1983 ലോകകപ്പ് ഫൈനലിന്‍റെ പഴയ ടെലിവിഷന്‍ ഫൂട്ടേജുകള്‍. കപിലും മൊഹീന്ദര്‍ അമര്‍നാഥും ഗവാസ്കറുമൊക്കെ ഒരു സെപിയ ടോണില്‍ തിരശീലയില്‍ നിറഞ്ഞു. പിന്നീട് പതുക്കെ പുതിയ കളത്തിലേക്ക്. 2011ലെ ലോകകപ്പ് ഫൈനല്‍. സച്ചിന്‍ ടെണ്ടുല്‍ക്കറെ തോളിലേറ്റി മൈതാനം വലം വയ്ക്കുന്ന ഇന്ത്യന്‍ താരങ്ങള്‍. പെട്ടെന്നു തിയറ്ററില്‍ മുദ്രാവാക്യം മുഴങ്ങി, “സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കീ ജയ്..” അതവിടെയും നിന്നില്ല. അടുത്തത് വന്നു. “ബോലോ ഭാരത് മാതാ കി ജയ്”.

രാഷ്ട്രത്തിന് വേണ്ടി ജയ് വിളിക്കുന്നതില്‍ എന്താ തെറ്റ്? പണ്ട് സ്വാതന്ത്ര്യ സമര സെനാനികള്‍ ഈ മുദ്രാവാക്യം വിളിച്ചിരുന്നു എന്നല്ലേ ചരിത്രം പറയുന്നത്. പക്ഷേ അത് പോലെയല്ല ഇത്. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ പടിക്കുമ്പോള്‍ ഇതു പോലൊരു ഭാരത് മാതാ കി ജയ് വിളി കേട്ടിരുന്നത് ഓര്മ വന്നു. മറ്റാരുമല്ല കുറച്ച് എ ബി വി പി ക്കാരാണ്. അപ്പോള്‍ കാര്യങ്ങളെ ഞാന്‍ ഇങ്ങനെ വ്യാഖ്യാനിക്കാന്‍ പോവുകയാണ്. അബ്രിഡ് ഷൈനിന്‍റെ ഗ്രാമീണനായ അച്ഛന്റെയും മകന്‍റെയും ക്രിക്കറ്റ് പ്രണയത്തിന്റെ കഥ എന്‍റടുത്തിരുന്ന കുറച്ചുപേരുടെ ദേശ പ്രേമത്തെ വല്ലാതെ പ്രചോദിപ്പിച്ചു കളഞ്ഞിരിക്കുന്നു. അഥവാ 1983 അതിന്‍റെ സംവിധായകന്‍ പോലും അറിയാതെ ഒരു ഹൈന്ദവ ദേശീയതയുടെ ആഖ്യാനമായി മാറുകയാണ്.


ബി ജെ പി യും ക്രിക്കറ്റിന്‍റെ വളര്‍ച്ചയും
1980ലാണ് ഭാരതീയ ജനതാ പാര്‍ടി രൂപീകൃതമാകുന്നത്. 1983ല്‍ ഇന്ത്യ ലോകകപ്പ് നേടിയതിന് ശേഷമുള്ള തിരഞ്ഞെടുപ്പില്‍ ബി ജെ പി യുടെ പാര്‍ലമെന്‍റിലെ അംഗത്വം വെറും രണ്ടു സീറ്റുകള്‍ മാത്രം. പിന്നീട് 1998ലും 1999ലും ബിജെപി അധികാരത്തിലേറി. സീറ്റേണ്ണം യഥാക്രമം 183ഉം 189ഉം. 2011 ആകുമ്പോഴേക്കും അത് 116 ആയി കുറഞ്ഞെങ്കിലും ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ടികളിലൊന്നായി ഈ ഹിന്ദുത്വ ദേശീയ പാര്‍ടി മാറിക്കഴിഞ്ഞിരിക്കുന്നു. വരാന്‍ പോകുന്ന പൊതു തിരഞ്ഞെടുപ്പില്‍ തീവ്ര ഹിന്ദുത്വ നിലപാടുകല്‍കൊണ്ടും ഗുജറാത്തു കലാപവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായും കുപ്രസിദ്ധനായ നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ബി ജെ പി അധികാരത്തിലേറുമെന്ന ഒരു പ്രതീതി അന്തരീക്ഷത്തില്‍ പടരുകയും ചെയ്യുന്നുണ്ട്.

ഹൈന്ദവ ദേശീയതയുടെ ഈ വളര്‍ച്ചയ്ക്ക് സമാന്തരമായിത്തന്നെയാണ് ഇന്ത്യയില്‍ ക്രിക്കറ്റും വളര്‍ന്ന് വന്നിട്ടുള്ളതെന്ന് കാണാം. ഈ വളര്‍ച്ചയ്ക്ക് ഇന്ത്യന്‍ ക്രിക്കറ്റിനെ സഹായിച്ചത് പ്രധാനമായും രണ്ട് ഘടകങ്ങളാണ്. ഒന്ന് സച്ചിന്‍ ടെണ്ടുല്‍ക്കറും മറ്റൊന്ന് ഇന്ത്യ-പാക് ശത്രുതയുമാണ്. രാജ്യങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ വൈരുദ്ധ്യങ്ങള്‍ പലപ്പോഴും കളിക്കളത്തില്‍ ഏറ്റുമുട്ടുന്നത് നമ്മള്‍ കണ്ടു. ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരങ്ങളെ ഇന്ത്യ-പാക് യുദ്ധങ്ങളായി പലപ്പോഴും മാധ്യമങ്ങള്‍ വിശേഷിപ്പിക്കാന്‍ തുടങ്ങി. ഇന്ത്യ പാകിസ്ഥാനോട് തോല്‍ക്കുന്നതും തിരിച്ചും യുദ്ധത്തില്‍ തോല്‍ക്കുന്നതിന് സമാനമായി. അങ്ങനെ തീവ്ര ദേശീയത ഉണര്‍ത്താനുള്ള ഒരു ഉപകരണമായി ക്രിക്കറ്റ് അധപതിച്ചു. നാട്ടിലെ മുസ്ലിംങ്ങളായ ക്രിക്കറ്റ് പ്രേമികള്‍ക്ക് തങ്ങളുടെ ദേശീയത ഇന്ത്യന്‍ ദേശീയത തന്നെയാണെന്ന് പ്രത്യക്ഷത്തില്‍ തന്നെ പ്രദര്‍ശിപ്പിക്കേണ്ടതായി വന്നു. ഇന്ത്യാ-പാക് ശത്രുത എല്ലാക്കാലത്തും ബി ജെ പിയും ശിവസേനയും അടക്കമുള്ള ഹൈന്ദവ പാര്‍ടികളുടെ ഇഷ്ട ഭോജ്യമായിരുന്നു. രാജ്യങ്ങള്‍ തമ്മില്‍ ആയുധങ്ങള്‍ എടുത്തു അടരാടാതിരുന്ന കാലത്ത് അവര്‍ ക്രിക്കറ്റ് ബാറ്റും പന്തും കൊണ്ട് കളത്തിലിറങ്ങി.ഇവിടെ രാഷ്ട്രീയം പറയരുത്
നാട്ടിന്‍പുറത്തെ ബാര്‍ബര്‍ ഷാപ്പുകള്‍ പണ്ട് ചൂടേറിയ രാഷ്ട്രീയ ചര്‍ച്ചകളുടെ കേന്ദ്രമായിരുന്നു. പിന്നീട് ഇവിടെ രാഷ്ട്രീയം പറയരുതെന്ന ബോര്‍ഡ് അവിടെ പ്രത്യക്ഷപ്പെട്ടു. അതുപോലെ 1983 പോലൊരു സിനിമ മുന്‍നിര്‍ത്തി ഒരു രാഷ്ട്രീയ ചര്‍ച്ച എന്തിന് എന്ന്‍ ന്യായമായും സംശയിക്കാം. നമുടെ സിനിമകള്‍ അങ്ങിനെയാണ്. പുതിയ ബാര്‍ബര്‍ ഷോപ്പുകള്‍ പോലെ. രാഷ്ട്രീയമോ അങ്ങനെ ഗൌരവപ്പെട്ട സംഗതികളൊന്നും ഇതിലില്ല. ഇത് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് പൂര്‍ണ്ണമായും വിനോദം ലക്ഷ്യം വെച്ചു കൊണ്ട് മാത്രം എന്നൊരു ബോര്‍ഡ് എപ്പോഴും കഴുത്തില്‍ തൂക്കിയിട്ടിരിക്കും. പക്ഷേ രാഷ്ട്രീയവും സാമൂഹ്യ കാഴ്ചപ്പാടുകളുമെല്ലാം അവരറിയാതെ തന്നെ പ്രേക്ഷകരോട് സംവദിച്ചുകൊണ്ടിരിക്കുന്നുണ്ട് എന്നതാണ് യാഥാര്‍ഥ്യം. അതാണ് പൊങ്കാല തലേന്ന് തിയറ്ററിലെത്തിയ കാണികളോട് 1983ഉം സംവദിച്ചത്.

ഭക്തജനങ്ങളേ..
ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് ശ്രീ പത്മനാഭ തിയറ്ററില്‍ 1983ന്ടെ പ്രത്യേക പ്രദര്‍ശനം രാത്രി 12.30നു ഉണ്ടായിരിക്കുന്നതാണ്. സിനിമ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ കേട്ട അനൌണ്‍സ്മെന്‍റ് ഇങ്ങനെ. ഭക്തി സാന്ദ്രമായ നഗരത്തിലൂടെ തിരിച്ച് വീട്ടിലേക്ക്.


Next Story

Related Stories