Top

മോണിക്കാ ലെവിന്‍സ്കിയെപ്പറ്റി ആരും മിണ്ടരുത്

മോണിക്കാ ലെവിന്‍സ്കിയെപ്പറ്റി ആരും മിണ്ടരുത്

ജോണ് ഡിക്കെര്‍സന്‍ (സ്ലേറ്റ്)

എല്ലാവര്ക്കും തിരക്കുകളുണ്ട്. അധികം സമയം കളയാതെ കാര്യം പറയാം. മോണിക്കാ ലെവിന്‍സ്കിയെപ്പറ്റി ഇനി ഒരു രണ്ടുവര്‍ഷത്തേയ്ക്ക് ആരും ഒന്നും പറയാന്‍ പാടില്ല. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ ക്ലിന്‍റന്‍റെ വിവാഹബന്ധത്തില്‍ സംഭവിച്ചതിനെപ്പറ്റി ആരും ഒന്നും പറയാന്‍ പാടില്ല. ഹിലാരി ക്ലിന്‍റന്‍ പ്രസിഡന്‍റ് ആകുമോ ഇല്ലയോ എന്ന് മാത്രമേ നിങ്ങള്‍ ചിന്തിക്കാന്‍ പാടുള്ളൂ.

റിപ്പബ്ലിക്കന്‍സിന്‍റെ കാര്യം നോക്കൂ. ബില്‍ ക്ലിന്‍റന്‍റെ ബന്ധങ്ങളെപ്പറ്റിയും വിവാദങ്ങളെപ്പറ്റിയും പറഞ്ഞാല്‍ പൊതുവിടത്തില്‍ ഹിലാരിക്കുള്ള മതിപ്പ് കൂടുകയേയുള്ളൂ. തൊണ്ണൂറുകളില്‍ ഭര്‍ത്താവിന്‍റെ രഹസ്യബന്ധം പത്രങ്ങളുടെ മുന്‍പേജ് വാര്‍ത്തയായപ്പോഴും ലോകം ഹിലാരിയുടെ കൂടെയായിരുന്നു. ഈ വിഷയം കുത്തിപ്പോക്കിക്കൊണ്ടുവരുന്ന രാഷ്ട്രീയനേതാക്കള്‍ ഹിലാരിക്ക് കിട്ടാവുന്ന അനുകമ്പ കൂട്ടുകയേയുള്ളൂ. അത് നിങ്ങള്‍ക്ക് തന്നെ ദോഷം ചെയ്യും. അതുകൊണ്ട് ഇനി ഇലക്ഷന് അധികം നാള്‍ ഇല്ലാത്ത ഈ സാഹചര്യത്തില്‍ ഒന്നും മിണ്ടാതിരിക്കുന്നതാണ് ബുദ്ധി.

ബില്‍ ക്ലിന്‍റന്‍റെ സ്വഭാവസര്ട്ടിഫിക്കറ്റ് പ്രധാനമാണെന്ന് ആളുകളോട് പറയാന്‍ നിങ്ങള്‍ക്ക് ചിലപ്പോള്‍ സാധിച്ചേക്കും. എന്നാല്‍ അതിന്‍റെ കൂടെ മനുഷ്യരുടെ ജീവിതം മെച്ചപ്പെടുത്താന്‍ നിങ്ങള്‍ എന്താണ് ചെയ്യാന്‍ പോകുന്നത് എന്നുകൂടി പറയുന്നില്ലെങ്കില്‍ അതുകൊണ്ടു വലിയ കാര്യമൊന്നുമില്ല. തൊണ്ണൂറുകളിലെ തെരഞ്ഞെടുപ്പില്‍ ആളുകള്‍ സദാചാരത്തെക്കാള്‍ വില കൊടുത്തത് സമാധാനത്തിനും സമൃദ്ധിക്കുമാണ് എന്നും ഓര്‍ക്കുക. അങ്ങനെയിരിക്കെ എന്തിന് പഴയ കഥകള്‍ കുത്തിപ്പൊക്കണം?
പ്രസിഡന്‍റായി മത്സരിക്കാന്‍ കാത്തിരിക്കുന്ന സെനറ്റര്‍ റാന്‍ട് പോള്‍ ഏറ്റവും കൂടുതല്‍ സംസാരിക്കുന്നത് ബില്‍ ക്ലിന്റന്‍ ഒരു ലൈംഗികദാഹിയാണ് എന്നതിനെപ്പറ്റിയാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ മതവിശ്വാസികളോട് അവരുടെ സദാചാരബോധം താനും പങ്കിടുന്നുവെന്ന് പറയാനാവും ഇത്. എന്നാല്‍ വിശ്വാസികളായ വോട്ടര്‍മാരെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുന്നത് പഴയ രീതിയാണ്.

നിങ്ങള്‍ റിപ്പബ്ലിക്കനാണെങ്കില്‍ നിങ്ങള്‍ മിറ്റ് റോംനിയെപ്പോലെയാണ് പെരുമാറേണ്ടത്. ഭര്‍ത്താവിന്‍റെ ഭൂതകാലം ഉപയോഗിച്ചല്ല അവരുടെ ജോലിയിലെ മികവിനെ അടിസ്ഥാനമാക്കിയാണ് അവരെ വിലയിരുത്തേണ്ടത് എന്നാണ് റോംനിയുടെ പക്ഷം.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ചെയര്‍മാനായ റീന്‍സ് പ്രീബസ് അല്‍പ്പം കൂടി ഗുരുതരമായ ഒരു മാര്‍ഗമാണ് സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ കുറെ ദിവസങ്ങളായി ഒബാമകെയറിനെ വിമര്‍ശിക്കേണ്ടതിനുപകരം ക്ലിന്‍റനെ പറ്റിയാണ് അദ്ദേഹം ട്വീറ്റ് ചെയ്യുന്നത്. “ക്ലിന്റന്‍ വിവാദങ്ങള്‍ ഓര്മ്മിക്കുക”, അദ്ദേഹം പറയുന്നു. “അതല്ല അമേരിക്കക്ക് വേണ്ടത്”. ക്ലിന്‍റന്‍ കുടുംബത്തെ വൈറ്റ്ഹൌസില്‍ നിന്ന് മാറ്റിനിറുത്തുക എന്ന് പേരുള്ള ഒരു സൈറ്റിലേയ്ക്കുള്ള ലിങ്കും അദ്ദേഹം ട്വീറ്റ് ചെയ്യുന്നുണ്ട്.

വലിയ അര്‍ത്ഥമൊന്നുമില്ലാത്ത ഒരു പെറ്റീഷനില്‍ ഒപ്പിടാനാണ് ആവശ്യപ്പെടുന്നതെങ്കിലും സമാനചിന്തയുള്ളവരുടെ ഇമെയില്‍ ഐഡികള്‍ എളുപ്പത്തില്‍ കിട്ടാന്‍ ഇത് പ്രയോജനപ്പെടും. പിന്നീട് സംഭാവനകളും മറ്റും തേടി ഇവരെ സമീപിക്കുകയും ചെയ്യാം. എന്നാല്‍ അപകടം ഇതൊന്നുമല്ല, ക്ലിന്‍റന്‍ വിരോധത്തിനിടെ ഇവര്‍ മറന്നുപോകുന്നത് തങ്ങളുടെതന്നെ ഭാവിപദ്ധതികള്‍ ആസൂത്രണം ചെയ്യാനാണ്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി സങ്കുചിതചിന്തയുള്ളവരുടെതാണ് എന്ന് ഇപ്പോള്‍ തന്നെ ആക്ഷേപമുണ്ട്. പലരും ഇതിനെ ഇടുങ്ങിയതെന്നും പേടിപ്പിക്കുന്നതെന്നും ഒക്കെയാണ് വിശേഷിപ്പിക്കുന്നത്. കുറെ പിന്തിരിപ്പന്‍ കിളവന്മാരുടെ സംഘം എന്നൊരു ചീത്തപ്പേര് ഇങ്ങനെ പാര്‍ട്ടിക്ക് കിട്ടാനിടയുണ്ട്.
നിങ്ങള്‍ ഹിലാരി ക്ലിന്‍റന്‍റെ പക്ഷത്താണെങ്കില്‍ മോണിക്കാ ലെവിന്‍സ്കിയെപ്പറ്റി പറയാതിരിക്കാനുള്ള കാരണം വ്യക്തമാണ്. ഹിലാരിയെ വെറുമൊരു ഭാര്യ മാത്രമാക്കി ഒതുക്കലാവും അത്. ഇതൊരു ചര്‍ച്ച ചെയ്യേണ്ട വിഷയമാണോ എന്ന് ചര്‍ച്ച ചെയ്യുന്നത് പോലും ഹിലാരി പക്ഷക്കാര്‍ക്ക് ഒരു കുരുക്കാണ്‌. നിങ്ങള്‍ അത് ഒഴിവാകുംതോറും ആ വിഷയത്തിന്‍റെ പ്രാധാന്യം കൂടിവരും.

നിങ്ങള്‍ക്ക് പ്രത്യേക പക്ഷമൊന്നുമില്ല, നിങ്ങള്‍ വെറുതെ രാഷ്ട്രീയത്തില്‍ താല്പ്പര്യമുള്ളതുകൊണ്ട് ഇതൊക്കെ ശ്രദ്ധിക്കുന്നു എന്നാണെങ്കില്‍ നിങ്ങള്‍ക്ക് ഈ വിഷയം ഒഴിവാക്കാവുന്നതാണ്. ഹിലാരി ക്ലിന്‍റന്‍ ഒരു സെനറ്റര്‍ ആയിരുന്നു, വലിയ തെറ്റില്ലാതെ പ്രചരണം നടത്തുന്നുണ്ട്, സ്റ്റേറ്റ് സെക്രട്ടറിയായി ജോലി ചെയ്തിട്ടുണ്ട്. അവര്‍ എന്തുതരം പ്രസിഡന്‍റ് ആയിരിക്കും എന്ന് അന്വേഷിക്കാന്‍ നിങ്ങള്‍ക്ക് കൊള്ളാവുന്ന വേറെ പത്തുചോദ്യങ്ങളെങ്കിലും കിട്ടും. അതുമതിയാവും ചര്‍ച്ച ചെയ്യാന്‍.


Next Story

Related Stories