TopTop

നിലമ്പൂരിലെ രാധയുടെ വീട്ടിലെത്താന്‍ വി.എം. വൈകുന്നതെന്ത്?

നിലമ്പൂരിലെ രാധയുടെ വീട്ടിലെത്താന്‍ വി.എം. വൈകുന്നതെന്ത്?


ജോസഫ് വര്‍ഗ്ഗീസ്കെണികളൊരുക്കി പകയോടെ കാത്തിരിക്കുന്ന പാര്‍ട്ടിയിലെ ഗ്രൂപ്പുകാര്‍ക്ക് പ്രിയപ്പെട്ടവനോ ശക്തനായ എതിരാളിയോ ആവാമെന്നത് സുധീരന്റെ അത്യാഗ്രഹമായിരിക്കും. ഗ്രൂപ്പിനുള്ളില്‍ ജീവിക്കുമ്പോഴും, ഗ്രൂപ്പിനതീതമാവണമെന്ന എല്ലാ അഹ്വാനങ്ങളിലും കോണ്‍ഗ്രസുകാര്‍ ആവേശഭരിതരാവുന്നത്, വര്‍ഗീയ-രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കുശേഷം നടക്കുന്ന സര്‍വ്വകക്ഷി യോഗങ്ങളിലിരുന്ന് എല്ലാ കക്ഷിക്കാരും ഒരുമിച്ച് കയ്യടിക്കുന്നതുപോലെ മാത്രമാണ്. കയ്യടിക്കാര്‍ ആരും അവരുടെ കക്ഷിയെ ഉപേക്ഷിക്കാനോ പഴയ പണി നിര്‍ത്താനോ തയ്യാറാവില്ലെന്നതുപോലെ.കെ. സുധാകരനെങ്കിലും ധൈര്യമുണ്ട്. കണ്ണൂരില്‍ ആരംഭിച്ച് കണ്ണൂരില്‍ അവസാനിക്കുന്ന സുധാകരന്റെ രാഷ്ട്രീയത്തിന് തല്‍ക്കാലമൊരു പകരക്കാരന്‍ കോണ്‍ഗ്രസിലില്ലാത്തിടത്തോളം കുറച്ചുകൂടിയൊക്കെ സുധാകരന് പറയാം.ബൂത്ത് പ്രസിഡന്റ് മുതല്‍ കെപിസിസി വരെ അടിമുടി ഗ്രൂപ്പില്‍ മുങ്ങിയിരിക്കുന്ന കോണ്‍ഗ്രസിനെ ഗ്രൂപ്പ് അതിപ്രസരത്തില്‍നിന്ന് രക്ഷിക്കലാണ് തന്റെ ദൗത്യമെന്ന് വി.എം. ധരിച്ചാല്‍ തീര്‍ച്ചയായും അതൊരു തെറ്റിദ്ധരിക്കലാവും.യഥാര്‍ത്ഥത്തില്‍ ഹൈക്കമാന്റ് ഉപയോഗപ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നത് കേരളത്തിലെ സാധാരണക്കാര്‍ക്ക് പരിചിതവും സ്വീകാര്യവുമായ സുധീരന്റെ 'നിലപാടു'കളാണ്. കോര്‍പ്പറേറ്റുകളോടും, അധികാരകേന്ദ്രങ്ങളോടും സന്ധിചെയ്യാത്ത, ജാതിസംഘടനാ നേതാക്കളുടെ ഉമ്മറപ്പടി നിരങ്ങാന്‍ പോവാത്ത, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവന്റെ പക്ഷത്തു നില്‍ക്കുന്ന നിലപാട്.അങ്ങനെ വരുമ്പോള്‍, കഴിഞ്ഞ 5-ന് നിലമ്പൂരിലെ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസില്‍ വച്ച്, മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പഴ്‌സണല്‍ സ്റ്റാഫംഗവും ഓഫീസ് സെക്രട്ടറിയുമായ ബിജു നായരാലും സുഹൃത്തിനാലും അതിക്രൂരമായി കൊലചെയ്യപ്പെട്ട രാധയുടെ വീട് സന്ദര്‍ശിക്കുവാന്‍ സുധീരന്‍ വൈകുന്നത് തെറ്റായ സൂചനകളാണ് നല്‍കുന്നത്.സിപിഎം ആസൂത്രണം ചെയ്ത് നടപ്പാക്കിയെന്ന് കോടതി വരെ കണ്ടെത്തിയ ടി.പി. വധക്കേസില്‍, ടി.പിയുടെ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല, കേരളത്തിന്റെ വി.എസിന്.ഒരു രാഷ്ട്രീയ കൊലപാതകമല്ലെങ്കിലും കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസിലെ ഒരു ജീവനക്കാരി, പാര്‍ട്ടിയില്‍ ഉത്തരവാദിത്വപ്പെട്ട ഒരുവന്റെ നേതൃത്വത്തില്‍ ജനനേന്ദ്രിയത്തിലേക്ക് പ്ലാസ്റ്റിക് ചൂലിന്റെ പിടി കയറ്റുന്നതടക്കമുള്ള പീഢനത്തിന് വിധേയയായി കൊലചെയ്യപ്പെട്ടപ്പോള്‍, ആ പാര്‍ട്ടിയുടെ പ്രസിഡന്റെന്ന നിലയില്‍ വിഷയത്തിന്റെ ധാര്‍മിക ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കുന്നത് സുധീരനെപ്പോലൊരു നേതാവിന് ചേര്‍ന്നതല്ല.

രാധയുടെ കുടുംബത്തില്‍ മറ്റാരെക്കാളും സ്വീകാര്യത സുധീരനുണ്ടാവും. അതുമറന്ന്, ആര്യാടനെ പിണക്കുന്നതെന്തിനെന്ന് സുധീരന്‍ ചിന്തിച്ചിട്ടുണ്ടെങ്കില്‍ എതിരാളികളോടുപോലും പുലര്‍ത്തുന്ന ഈ ഒത്തുതീര്‍പ്പ് രാഷ്ട്രീയമാണ് മുന്‍ഗാമികളെയും തകര്‍ത്തതെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും.പാര്‍ട്ടി-ഭരണ ഏകോപനസമിതിയെന്ന തന്റെ ദീര്‍ഘനാളത്തെ ആവശ്യം സുധീരന്‍ നടത്തിയെടുത്തു എന്നത് ശ്രദ്ധേയമാണ്. അതുപക്ഷേ, റേഷന്‍ കടക്കാര്‍ക്ക് അരി കൊടുക്കണമെന്നും, ദേശീയപാതാ വികസനത്തിനു ഭൂമി വിട്ടുകൊടുക്കുന്നവരുടെ പുനരധിവാസ പാക്കേജിനു കുറച്ചുകൂടി മാനുഷിക പരിഗണന കൊടുക്കണമെന്നും, സര്‍വകലാശാല വി.സിമാരെ നിയമിക്കുമ്പോള്‍ അവര്‍ക്കു വിദ്യാഭ്യാസ യോഗ്യത വേണമെന്നുമൊക്കെയുള്ള, ആര്‍ക്കും രണ്ടഭിപ്രായമില്ലാത്ത നിര്‍ദ്ദേശങ്ങളാണ് ഏകോപന സമിതിയില്‍ സുധീരനും സതീശനും പറയാനുള്ളതെങ്കില്‍ ഉമ്മന്‍ചാണ്ടിയുടെ സമയം മെനക്കെടുത്താതിരിക്കുന്നതാവും ഉചിതം.ആറന്മുള വിമാനത്താവള വിഷയത്തില്‍ തന്റെ മുന്‍ നിലപാടില്‍നിന്ന് പിന്നോട്ടുപോവാത്ത സുധീരന്റെ 'സ്റ്റാന്റ്' ശ്രദ്ധേയമാണ്. കടമ്പകള്‍ കിടക്കുന്നേയുള്ളൂ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കുമ്പോള്‍ ആറന്മുളയേക്കാള്‍ കീറാമുട്ടിയാണ് കസ്തൂരിരംഗന്‍. സുധീരനെ സംബന്ധിച്ച പല മുന്‍ വിഷയങ്ങളിലും ഇനി ഭരണകൂടത്തിനെതിരെ പ്രസ്താവനായുദ്ധം മാത്രം നടത്തിയാല്‍ പോരാ.തറവൃത്തിയാക്കാനൊത്തില്ലേലും ചുമരിലെ മാറാലയെങ്കിലും തൂത്തുകളയുന്ന ഒരു സുധീരനെയാണ് ജനം പ്രതീക്ഷിക്കുന്നത്. 49 ദിവസത്തിനുള്ളില്‍ അംബാനിക്കെതിരെ ഒരു കേസെടുക്കാനെങ്കിലും കഴിഞ്ഞു അരവിന്ദ് കേജ്രിവാളിന്. ചുരുങ്ങിയത് മുന്‍നിലപാടുകളില്‍ ഉറച്ചു നില്‍ക്കാനെങ്കിലുമായാല്‍ വി എം സുധീരന്‍ വിജയ സുധീരനാകും കേരളത്തില്‍.Next Story

Related Stories