TopTop

അമേരിക്കക്കാർക്ക് മോശമായത് ഇന്ത്യക്കാർക്കെങ്ങനെ നല്ലതാവും

അമേരിക്കക്കാർക്ക് മോശമായത് ഇന്ത്യക്കാർക്കെങ്ങനെ നല്ലതാവും


ടീം അഴിമുഖം2003ലെ വേനൽക്കാലത്ത് ഡൽഹിക്കടുത്ത് ഗുർഗാവിൽ ഒരു രണ്ടു വയസ്സുകാരന് കടുത്ത പനിയോട് കൂടി ചെവിയിൽ അണുബാധയുണ്ടായി. തന്‍റെ മകനെ തങ്ങൾ വളർന്ന രാജ്യത്തിന്‍റെ അതേ സംസ്കാരത്തിലും പാരമ്പര്യത്തിലും വളർത്താനും ഇന്ത്യ കൈവരിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തികാഭിവൃദ്ധിയുടെ മധുരം നുണയാനുമായി അവന്‍റെ മാതാപിതാക്കൾ വിദേശത്തുനിന്നും തിരികെയെത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ. കുട്ടിയുടെ പിതാവ് ദിനേശ് താക്കൂറിന്‍റേതു ലക്ഷണമൊത്ത ഒരു ഇന്ത്യൻ വിജയഗാഥയായിരുന്നു. ഇടത്തരക്കാരായ മാതാപിതാക്കളുടെ മകനായി 1968 ൽ പിറന്ന അയാൾ മികച്ച വിദ്യാഭ്യാസവും വിജയവും അമേരിക്കയിൽ നിന്നും നേടിയെടുത്തു. അയാളുടെ തലമുറയിലെ പലരും ചിന്തിക്കുന്നതുപോലെതന്നെ അയാൾക്കും സ്വന്തം രാജ്യത്തിനുവേണ്ടി എന്തെങ്കിലും ചെയ്യണം എന്ന അതിയായ മോഹമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ, റാൻബാക്സി എന്ന, ഇന്ത്യന്‍ മരുന്നു നിർമാണ മേഖലയിൽ പുതുവഴികൾ വെട്ടിയ ഔഷധ നിർമാണ കമ്പനി, അതിന്‍റെ റിസേർച് ആൻഡ്‌ ഡെവലപ്മെന്‍റ് ഡിവിഷനിൽ ഡയറക്ടർ സ്ഥാനം വച്ചുനീട്ടിയപ്പോൾ താക്കൂറും ഭാര്യയും സസന്തോഷം ഇന്ത്യയിലേക്ക്‌ മടങ്ങാൻ തീരുമാനിക്കുകയായിരുന്നു.ഡോക്ടർ കുഞ്ഞിന് റാൻബാക്സിയുടെ തന്നെ ആന്‍റിബയൊട്ടിക്കായ അമോക്സിക്ലേവ് ശുപാർശ ചെയ്തു. എന്നാൽ മാതാപിതാക്കളെ ഉത്കണ്ഠപ്പെടുത്തിക്കൊണ്ട് കുട്ടിയുടെ ശരീരോഷ്മാവ് അടുത്ത മൂന്നു ദിവസത്തേക്ക് 102 ഡിഗ്രി ഫാരെൻഹീറ്റിൽ കുറയാതെ നിന്നു. അവസാനം, ഡോക്ടർ മരുന്നുമാറ്റി ഗ്ലാക്സോസ്മിത്ത് ക്ളയിനിന്‍റെ ആന്‍റിബയോട്ടിക് ശുപാർശ ചെയ്യുകയും 24 മണിക്കൂറിനുള്ളിൽ കുഞ്ഞിന്‍റെ അസുഖം പൂർണമായും ഭേദപ്പെടുകയും ചെയ്തു.വീണ്ടും ഒരു വർഷം കൂടിയെടുത്തു തന്‍റെ സ്വന്തം കമ്പനിയായ റാൻബാക്സിയുടെ മരുന്ന് തന്‍റെ കുഞ്ഞിനു എന്തുകൊണ്ടാണ് പ്രയോജനപ്പെടാത്തത് എന്നു താക്കൂറിന് മനസ്സിലാകാൻ. 2004 ഓഗസ്റ്റ്‌ 18-ആം തീയതി റാൻബാക്സിയുടെ ഗുർഗാവിലെ ആസ്ഥാനത്ത് വച്ച് അയാളുടെ മേലുദ്യോഗസ്ഥൻ റാൻബാക്സിയുടെ ആഫ്രിക്കൻ മാർക്കറ്റിനെ ഉദ്ദേശിച്ചുള്ള എയ്ഡസ് മരുന്നു പരീക്ഷണ ഫലങ്ങളിൽ കമ്പനി ചെയ്യുന്ന വൻതോതിലുള്ള ക്രമക്കേടുകളെപ്പറ്റി വിവരിച്ചുകൊടുത്തു.തുടർന്നുള്ള പലമാസങ്ങൾ താക്കൂർ തന്‍റെ തൊഴിൽ ദാതാക്കളെ നേരിന്‍റെ പാതയിലേക്ക് കൊണ്ടുവരാൻ വൃഥാ ശ്രമിച്ചുകൊണ്ടിരുന്നു. ആരും അതൊന്നും ചെവികൊണ്ടതേയില്ല. ഉദാരവൽക്കരിക്കപ്പെട്ട ഇന്ത്യയിലെ ഏറ്റവും വലിയ വിജയഗാഥകൾ രചിച്ച റാൻബാക്സിയുടെ മായം ചേർത്ത മരുന്നു വില്പനയെപ്പറ്റിയും കൃത്രിമ രേഖകൾ സൃഷ്ടിക്കുന്നതിനെപ്പറ്റിയും വൻതോതിലുള്ള ക്രമക്കേടുകളെപ്പറ്റിയും ബോധ്യം വന്ന താക്കൂർ 2005 ഏപ്രിലിൽ ജോലി രാജിവച്ചു.2005 ഓഗസ്റ്റിൽ വാടകവീട്ടിലിരുന്നു താക്കൂർ തന്‍റെ ആദ്യത്തെ ആശയവിനിമയം അമേരിക്കയിലെ ഫുഡ്‌ ആൻഡ്‌ ഡ്രഗ് അഡ്മിനിസ്ട്രേഷനുമായും (US FDA ) മറ്റു ലോകസംഘടനകളുമായും നടത്തി. ഇതിന്‍റെ ഫലമായി ഫെഡറൽ നിയമം അനുസരിച്ച് ഏഴു കേസുകളിൽ റാൻബാക്സി പ്രതിയാക്കപ്പെടുകയും ചെയ്തു. റാൻബാക്സി അമേരിക്കൻ ഗവണ്‍മെന്‍റിന് ഏതാണ്ട് 500 മില്ല്യൻ ഡോളർ (3000 കോടി രൂപയോളം) പിഴയൊടുക്കി: ഒരു നിത്യോപയോഗ ഔഷധ നിർമാണ കമ്പനിയിൽ നിന്നും അമേരിക്ക ഈടാക്കുന്ന ഏറ്റവും വലിയ പിഴ. അമേരിക്കന്‍ വിസില്‍ബ്ലോവര്‍ നിയമപ്രകാരം 48 മില്ല്യൻ ഡോളർ (ഏതാണ്ട് 288 കോടി രൂപയോളം) പാരിതോഷികയിനത്തിൽ താക്കൂറിന് ലഭിച്ചു.ബ്രാൻഡഡ് ആയിട്ടുള്ള വിലകൂടിയ മരുന്നുകൾക്ക് പകരം വിലകുറഞ്ഞ മരുന്നുകൾ കണ്ടുപിടിച്ച് നിത്യോപയോഗ ഔഷധ നിർമാണ മേഖലയിൽ പല രീതികൾക്കും തുടക്കം കുറിച്ച ഒരു കമ്പനിയാണ് റാൻബാക്സി. അമേരിക്കൻ മാർക്കെറ്റിൽ മരുന്നുകൾ വിറ്റ ആദ്യത്തെ നിത്യോപയോഗ മരുന്ന് നിർമാണ കമ്പനിയായിരുന്നു റാൻബാക്സി. ഇന്ന് 150 ലധികം രാജ്യങ്ങളിൽ റാൻബാക്സിയുടെ മരുന്നുകൾ വിറ്റഴിയുന്നു. പക്ഷെ, താക്കൂർ വെളിച്ചത്തു കൊണ്ടുവന്നതും അമേരിക്കൻ അന്വേഷണോദ്യോഗസ്ഥർ ശരിവച്ചതും ലാഭം കൊയ്യാനുള്ള അത്യാഗ്രഹം ഒന്നുകൊണ്ടു മാത്രം ഒട്ടനേകം ജീവനുകളെ അപകടപ്പെടുത്തി നടത്തിയ പരീക്ഷണ കൃത്രിമങ്ങളുടെ കഥയാണ്‌.റാൻബാക്സി മാത്രമല്ല അമേരിക്കയുടെ ചൂടറിഞ്ഞ ഇന്ത്യൻ മരുന്നുനിർമാണ കമ്പനി. കയറ്റുമതിയിലൂടെ തങ്ങളുടെ ആദായത്തിന്‍റെ 80% വും കണ്ടെത്തിയിരുന്ന വോക്ക്ഹാട്ട് എന്ന കമ്പനിയുടെ രണ്ടു പ്ലാന്‍റുകൾ US FDA അടച്ചുപൂട്ടി. അമേരിക്കയിലേക്ക് മരുന്നുകൾ കയറ്റി അയക്കുന്നതിൽ നിന്നും റാൻബാക്സിയുടെ അഞ്ചിൽ നാല് നിർമാണ യൂണിറ്റുകളെയും നിരോധിച്ചിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച വാണിജ്യകാര്യ മന്ത്രി ആനന്ദ് ശർമയുമായി കൂടിക്കാഴ്ച നടത്തിയ US FDA കമ്മീഷണര്‍ മാർഗരെറ്റ് ഹാംബെർഗിന്‍റെ പ്രധാന ചർച്ചാവിഷയം ഇന്ത്യയിലെ മരുന്ന് നിർമാണ രംഗത്തെ സുരക്ഷാ മാനദണ്‌ഡങ്ങളെ പറ്റിയായിരുന്നു.രസകരമായ വസ്തുതയെന്തെന്നാൽ അമേരിക്കൻ FDA ഗുണനിലവാര നിയമമനുസരിച്ച് നിരോധനമേർപ്പെടുത്തിയിട്ടുള്ള മരുന്നുകൾ ഇന്ത്യൻ ചട്ടപ്പടിയുള്ള പരീക്ഷണത്തിൽ സ്വീകാര്യമായവയാണ് എന്നുള്ളതാണ്.ഇന്ത്യക്കാരുടെ അസുഖങ്ങൾ നിലവാരം കുറഞ്ഞ മരുന്നുകൾ കൊണ്ട് ഭേദമാക്കപ്പെടുമെന്നാണോ ഇതുകൊണ്ട് ഇന്ത്യന്‍ അധികൃതര് അർഥമാക്കുന്നത്? അതോ, സ്വാധീനം ചെലുത്താൻ കഴിവുള്ള വൻകിട കമ്പനികളെ നിലക്കുനിർത്താൻ നമ്മുടെ നീതിന്യായ വ്യവസ്ഥക്കു കഴിയില്ലെന്നോ?തങ്ങളുടെ ജനതയ്ക്ക് മായം കലർന്ന ഔഷധങ്ങൾ നല്കുന്നതിലെ അപകടത്തെപ്പറ്റി അമേരിക്കയ്ക്ക് പരിപൂർണ ബോധ്യമുണ്ട് 2008ൽ ചൈനയിൽ നിന്നും ഇറക്കുമതി ചെയ്ത രക്തം കട്ടപിടിക്കാതിരിക്കാനുള്ള ഹെപ്പാരിൻ എന്ന മരുന്നിൽ മായം കലർന്നിരുന്നതു കാരണം 80 പേരാണ് അമേരിക്കയിൽ മരിച്ചത്. ഇന്ത്യൻ മരുന്ന് നിർമാണ കമ്പനികളുടെമേൽ അമേരിക്കയെടുക്കുന്ന നിശിതമായ നടപടികൾ നിരവധി ചോദ്യങ്ങളാണ് ഉയർത്തുന്നത്. ഏറ്റവും പ്രധാനമായും, ഇവിടുത്തെ ഡ്രഗ് റെഗുലേറ്റേഴ്സിനെ പറ്റിയും ഇന്ത്യയിലെ പൊതുജനാരോഗ്യത്തെപ്പറ്റിയുമാണ്.മറ്റു മേഖലകളിലെ റെഗുലേറ്റേഴ്സിനെപ്പോലെതന്നെ-ടെലികോം രംഗത്തെ TRAI പോലെയോ ഏവിയേഷൻ രംഗത്തെ DGCA പോലെയോ-നമ്മുടെ ഡ്രഗ് റെഗുലേറ്റേഴ്സും വളരെ പരിതാപകരമായ അവസ്ഥയിലാണുള്ളത്. അഴിമതിയിൽ മുങ്ങിക്കുളിച്ച ഇവര്‍ക്ക് അവരുടെ യഥാർഥ ഉപഭോക്താക്കളായ പൊതുജനത്തിനെപ്പറ്റി തെല്ലുപോലും ചിന്തയില്ലെന്നതാണ് യാഥാര്‍ഥ്യം. അവരുടെ മനസാക്ഷിയില്ലായ്മയുടെ വില മനുഷ്യ ജീവനുകളാണ്. ഒരേയൊരു ആശ്വാസമെന്തെന്നാൽ വ്യാജമോ മായം കലര്‍ന്നതോ ആയ മരുന്നുകൾ കഴിച്ചോ, വിമാനങ്ങളുടെ യന്ത്രങ്ങളുടെ ഗുണനിലവാരമില്ലാത്തതിനാലോ അല്ലെങ്കിൽ മറ്റു മേഖലകളിലെ അലംഭാവം കാരണമോ എത്രപേരിവിടെ മരണപ്പെടുന്നു എന്ന് കണക്കുകൾ ഇല്ല എന്നുള്ളതാണ്. ഇന്ത്യാ ഗവണ്‍മെന്‍റ് അടിയന്തിരമായി ചെയ്യേണ്ട കാര്യം റെഗുലേറ്ററി സംവിധാനങ്ങളെ ശക്തിപ്പെടുത്തുക എന്നുള്ളതാണ്. അല്ലെങ്കിൽ, ഈ ഉദാരവല്ക്കരണകാലത്ത് ഇന്ത്യഅഴിമതിയിലേക്കും നിലവാര തകര്‍ച്ചയിലേക്കും വീണ്ടും വീണ്ടും കൂപ്പുകുത്തുന്നത് കാണേണ്ടിവരും. ഇപ്പോൾത്തന്നെ നിയമനിർവഹണ സംവിധാനത്തിന്‍റെ അവസ്ഥ വളരെ പരിതാപകരമാണ്. അധികാരകേന്ദ്രങ്ങളിൽ വേരോടിയിരിക്കുന്ന അഴിമതിക്കെതിരെ ഇനിയും ഉണർന്നു പോരാടിയില്ലെങ്കിൽ ഈ അവസ്ഥ ഇനിയും മോശമാകുകയേ ഉള്ളൂ.Next Story

Related Stories