Top

തട്ടത്തിന്‍ മറയത്തല്ല സ്വാതന്ത്ര്യം

തട്ടത്തിന്‍ മറയത്തല്ല സ്വാതന്ത്ര്യം

സോഫി ജോസഫ്

'ചില്ല് മേല്‍ക്കൂരയില്‍ ഒരു വലിയ വിള്ളല്‍ വീണിരിക്കുന്നു. വരും കാലം അതൊരു വലിയ വാതിലായി മാറുമെന്നാണ് എന്‍റെ പ്രതീക്ഷ'-സൊമയ്യ ജബര്‍തി


ചെങ്കടലിന്‍റെ തീരത്തു നിന്നൊരു ശുഭ വാര്‍ത്ത കേള്‍ക്കുന്നു. യാഥാസ്ഥിതികത്വത്തിന്‍റെ മണല്‍ക്കോട്ടയായ സൗദി അറേബ്യയില്‍ ആദ്യമായി ഒരു വനിത ദേശീയ ദിനപത്രത്തിന്‍റെ മുഖ്യ പത്രാധിപയായി ചുമതലയേറ്റു. മാധ്യമസ്വാന്ത്ര്യത്തിന്‍റെ കാര്യത്തില്‍ പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളില്‍ 164 ആണ് സൗദിയുടെ സ്ഥാനം. ഭണകൂടം വരയ്ക്കുന്ന ചുവപ്പു വരകള്‍ക്കപ്പുറത്തേക്കു വാക്കോ വാര്‍ത്തയോ കടന്നു പോകാത്ത രാജ്യം. സര്‍ക്കാരിന്‍റെ സാമ്പത്തിക നയങ്ങളെ വിമര്‍ശിച്ചു കൊണ്ടും രാജ്യത്തിന്‍റെ ഭാവിയില്‍ ആശങ്കപ്പെട്ടു കൊണ്ടും കോളമെഴുതിയ പത്രപ്രവര്‍ത്തകനു 2013ല്‍ വെടിയുണ്ട കൊണ്ടു മറുപടി കൊടുത്ത രാജ്യമാണു സൗദി. പോര്‍ക്ക്, സെക്‌സ് തുടങ്ങിയ വാക്കുകള്‍ തങ്ങളെഴുതുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നു ഭയന്നു വിറച്ച് ഒഴിവാക്കുന്ന റിപ്പോര്‍ട്ടര്‍മാരാണു ഭൂരിപക്ഷവും.

ഇത്തരം കടുംപിടുങ്ങളുടെ തലപ്പത്തേക്കാണ് സൊമയ്യ ജാബര്‍തി എന്ന വനിത ഒരു ദേശീയ ദിനപത്രത്തിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായി അവരോധിക്കപ്പെട്ടിരിക്കുന്നത്. മാറ്റങ്ങളുടെ തുടക്കമായാണ് മാധ്യമ ലോകം ഈ വിരല്‍ത്തുമ്പിലേക്കുറ്റു നോക്കുന്നത്. സൊമയ്യയുടെ വാക്കുകള്‍ പോലെ തന്നെ ഇതു ചില്ലു മേല്‍ക്കൂരയിലെ വിള്ളല്‍ തന്നെ. തീര്‍ച്ചയായും ആ വിള്ളല്‍ ഒരു വാതിലായി തുറക്കുക തന്നെ ചെയ്യും. പ്രതീക്ഷകളുടെ മരുപ്പച്ചകളിലേക്കു തുറക്കുന്ന വാതില്‍. വിരലിലെണ്ണാവുന്ന വനിതകള്‍ക്കു മാത്രം ജേര്‍ണലിസം ഡിഗ്രി നല്‍കിയിട്ടുള്ള സൗദിയിലെ പത്രലോകത്ത് മാറ്റത്തിന്‍റെ തുടക്കമാവുകയാണ് സൊമയ്യയുടെ സ്ഥാനലബ്ദി. ഇതു കേവലം ആണ്‍പെണ്‍ ഭേദ വിഷയമല്ല, കഴിവിനു കിട്ടിയ അംഗീകാരമാണെന്നാണു സൊമയ്യയുടെ മുന്‍ഗാമി ഖാലിദ് അല്‍മൈന പത്രത്തിന്‍റെ ഞായറാഴ്ച പതിപ്പില്‍ എഴുതിയത്.
പതിനഞ്ചോളം ദിനപ്പത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്ന സൗദി അറേബ്യയില്‍ ഇംഗ്ലീഷില്‍ പുറത്തിറങ്ങുന്നത് സൗദി ഗസറ്റ്, അറബ് ന്യൂസ് എന്നീ രണ്ടു പത്രങ്ങള്‍ മാത്രമാണു. ജിദ്ദയിലാണ് ഈ രണ്ടു പത്രങ്ങളുടെയും ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്. ഭൂരിപക്ഷം പത്രങ്ങളും സ്വകാര്യ ഉടമസ്ഥതയിലാണെങ്കിലും സര്‍ക്കാര്‍ അംഗീകാരത്തോടെ മാത്രമേ നിയമനങ്ങള്‍ നടക്കുകയുള്ളൂ. അടുത്തിടെ മാത്രമാണ് സൗദിയില്‍ സ്ത്രീകള്‍ക്കു ഡ്രൈവിംഗ് ലൈസന്‍സ് കൊടുത്തു തുടങ്ങിയത് എന്നതുമായി ചേര്‍ത്തു വക്കുമ്പോഴാണ് സൊമയ്യുടെ പത്രധിപ സ്ഥാനത്തിന്‍റെ ഉയരം കൂടുതല്‍ വ്യക്തമാകുന്നത്.പുരുഷ പിന്തുണയില്ലാതെ വനിതകള്‍ക്കു നിയമപരമായ സ്വതന്ത്ര ജീവിതം അപ്രാപ്യമായൊരു രാജ്യമാണ് സൗദി. പുരുഷന്‍റെ ദയയോ തണലോ വിട്ടു പുറത്തു പ്രകാശിക്കാന്‍ അവകാശവുമില്ല. സംരക്ഷകനായ പുരുഷന്‍റെ അനുവാദമില്ലാതെ സഞ്ചാര സ്വാതന്ത്ര്യം പോലുമവള്‍ക്കില്ല. പുരുഷ പിന്തുണയില്ലാതിരുന്ന ഒരു വനിതാ അഭിഭാഷകയെ സൗദി കോടതിയില്‍ നിന്നു ജഡ്ജി ഇറക്കി വിട്ട സംഭവം പോലുമുണ്ടായിട്ടുണ്ട്. ഇതിനൊക്കെയുള്ള മറുപടികളുടെ തുടക്കം സൊമയ്യയിലൂടെയാവുമെന്നു തന്നെ കരുതാം.
സൗദിയിലെ കിംഗ് അബ്ദുള്‍ അസീസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നു യൂറോപ്യന്‍ ഭാഷയിലും സാഹിത്യത്തിലും ബി.എ, എം.എ ബിരുദങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ടു സൊമയ്യ ജാബിര്‍തി. ലോക്കല്‍ ന്യൂസ് ഡെസ്‌ക് എഡിറ്ററായി ജോലി ചെയ്തു തുടങ്ങിയ സൊമയ്യ തന്‍റെ കഴിവു കൊണ്ടു തന്നെയാണു നാഷണല്‍ ഡെസ്‌ക് എഡിറ്റര്‍, എക്‌സിക്യൂട്ടീവ് എഡിറ്റര്‍ തുടങ്ങിയ സ്ഥാനങ്ങളിലൂടെ ഇപ്പോള്‍ പത്രത്തിന്‍റെ തലപ്പത്തെത്തിയിരിക്കുന്നത്. 2006ല്‍ ജിദ്ദയില്‍ നടന്ന വനിതകളുടെ പ്രഥമ മാധ്യമഫോറത്തില്‍ സജീവ പങ്കാളിയുമായിരുന്നു. 2006ല്‍ അബ്ദുള്ള ആദ്യമായി ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ മാധ്യമസംഘത്തോടൊപ്പം സൊമയ്യയും ഉണ്ടായിരുന്നു. സൗദിയിലെ നിരവധി വനിതാ ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയില്‍ തന്നെയുണ്ട് ഈ മാധ്യമ പ്രവര്‍ത്തക.

മാധ്യമം, മനുഷ്യാകാശം തുടങ്ങിയ മേഖലകളില്‍ വനിതകള്‍ അടുത്ത കാലം അറേബ്യയില്‍ കാണാമറയത്തു തന്നെയായിരുന്നു. മാധ്യമ രംഗത്തു വനിതാ സാന്നിധ്യം ഒരു വിശ്വാസം മാത്രമാവുമ്പോള്‍ അവരുടെ മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ കാര്യം പരാമര്‍ശിക്കേണ്ടി തന്നെ വരാറില്ല. സൊമയ്യ മുന്നോട്ടു വയ്ക്കുന്നത് തന്‍റെ പതിമൂന്നു വര്‍ഷത്തെ മാധ്യമ ജീവിതത്തിലൂടെ വലിയൊരു സന്ദേശമാണ്. കറുത്ത മൂടുപടങ്ങള്‍ക്കുള്ളിലൊതുങ്ങുന്ന നിരവധി ദീര്‍ഘനിശ്വാസങ്ങളുടെയും നെടുവീര്‍പ്പുകള്‍ക്കുമൊരു മറുപടിയായും സൊമയ്യയുടെ സ്ഥാനലബ്ദിയെ വിലയിരുത്താം. മതിലുകള്‍ക്കകത്ത് കടിഞ്ഞാണ്‍ തുമ്പിലൊരു ജീവിതത്തിനപ്പുറമൊരു പെണ്ണിനെ ആയിരത്തൊന്നു രാവുകളിലും കനവുകളിലും മാത്രം കണ്ടിരുന്ന അറേബ്യന്‍ വനിതകള്‍ കഴിഞ്ഞ കുറേ നാളുകളായി സ്വന്ത്ര്യത്തിലേക്കുള്ള വഴികളില്‍ മണല്‍ക്കുന്നുകള്‍ ചവിട്ടി മുന്നേറുന്നുണ്ട്. എണ്ണക്കിണറുകളില്‍ നിന്നു കുഴിച്ചെടുക്കുന്ന സ്വര്‍ണക്കിലുക്കങ്ങള്‍ ഉണ്ടായിട്ടും ഏതോ മരുഭൂമി ജീവിയെപ്പോലെ തല മണ്ണില്‍ പൂഴ്ത്തി ഉടല്‍ ഒരജ്ഞാത ലോകത്തിനു മുന്നില്‍ നിര്‍ത്താന്‍ വിധിക്കപ്പെട്ടിരുന്ന ഒരു സമൂഹമാണു പൂര്‍ണമായ പുരഷാധിപത്യത്തിന്‍റെ നിയന്ത്രണങ്ങളില്‍ നിന്നും മോചിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. കിരാതമെന്നു പാശ്ചാത്യരുള്‍പ്പടെ പുറം ലോകം വിലയിരുത്തുന്ന ശിക്ഷാനടപടികളും നിയമങ്ങളുടെ കല്ലുവഴിച്ചിട്ടകളാലും മാത്രം ശ്രദ്ധയാകര്‍ഷിച്ചിരുന്ന അറേബ്യ ഇനി തട്ടത്തിന്‍ മറയത്തെ പുഞ്ചിരിത്തിളങ്ങള്‍ക്കു കൂടി സാക്ഷ്യം വഹിക്കും.
വനിതകളുടെ കാര്യത്തില്‍ ഇത്ര കടുംപിടുത്തമുള്ള അറേബ്യന്‍ നാടുകളില്‍ ചിന്തകള്‍ തുറന്നു വിടുന്ന കാര്യല്‍ പുരുഷന്‍ പൂര്‍ണസ്വതന്ത്രനാണെന്നു കരുതേണ്ടതില്ല. അറബി യുവകവിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഹാഷിം ശഅബാനിയെന്ന മുപ്പത്തിരണ്ടുകാരനെ ഇറാന്‍ തുക്കിക്കൊന്നത് അടുത്തയിടെയാണ്. ഖുസൈസ്താന്‍ പ്രവിശ്യയിലെ വംശവിവേചനത്തിനെതിരെ ശബ്ദിച്ചതിന് 2011 മാര്‍ച്ചിലായിരുന്നു ഈ കവിയെ തുറുങ്കിലടച്ചിരുന്നത്. ഭൂമിയില്‍ കുഴപ്പം സൃഷ്ടിച്ചു ദൈവത്തോട് യുദ്ധം പ്രഖ്യാപച്ചതിനാണത്രേ ഇറാന്‍ കോടതി ശഅബാനിയെ വധശിക്ഷക്ക് വിധിച്ചത്. ചിന്തയും സഞ്ചാരവും ഭരണകൂടം ഉയര്‍ത്തുന്ന ഭീതിയുടെ നിഴലില്‍ നിന്നു വിശാല ലോകത്തേക്കു കടക്കുന്നൊരു പുതു യുഗത്തിലേക്കാണു സൊമയ്യയുടെ വാക്കുകളില്‍ സൂചിപ്പിക്കുന്നതു പോലെ വാതിലുകള്‍ തുറക്കുന്നത്.


Next Story

Related Stories