TopTop

ഡെല്‍ഹിയില്‍ നടക്കുന്ന ഷാപ്പ് ലേലങ്ങള്‍

ഡെല്‍ഹിയില്‍ നടക്കുന്ന ഷാപ്പ് ലേലങ്ങള്‍


ടിം അഴിമുഖംകേരളത്തില്‍ കള്ള് ഷാപ്പ് ലേലം നടക്കുന്ന കാലം. നാല്‍പ്പതും അന്‍പതും ലക്ഷത്തിനാണ് ഷാപ്പുകള്‍ ലേലം പിടിക്കുന്നത്. ലേലം പിടിച്ചവന്‍റെ ആസ്തി അന്വേഷിച്ചാല്‍ എല്ലാവരും ഞെട്ടും. കള്ളുഷാപ്പിലെ എടുത്തു കൊടുപ്പ്കാരന്‍റെയും കറിവെയ്പുകാരന്‍റെയും പേരിലായിരിക്കും കരാര്‍. അന്നത്തെ അന്തിയ്ക്ക് വകയില്ലാത്ത ഇവരാരുമല്ല യഥാര്‍ത്ഥ കരാറുകാരെന്ന് ലേലം നടത്തുന്ന സര്‍ക്കാരിനും നാട്ടുകാര്‍ക്കും അറിയാം. കറിവയ്പ്പ്കാരന് പിന്നില്‍ മറഞ്ഞു നില്‍ക്കുന്ന കറിവയ്പ്പുകാരന്‍ ഏത് കോണ്‍ട്രാക്ടറാണെന്ന് സര്‍ക്കാരിനും പോലീസിനും കാണാം. ഇതേ അടവ് തന്നെയാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ഈ കഴിഞ്ഞയിടെ ഇന്ത്യയില്‍ 4 ജി ബ്രോഡ്ബാന്‍ഡിനുള്ള ലൈസന്‍സ് നേടിയെടുക്കാന്‍ ഉപയോഗിച്ചത്.ടു ജി ലൈസന്‍സ് വിതരണം ചെയ്തതിലെ അഴിമതി രാജ്യത്തെ പിടിച്ചുകുലുക്കിയ 2012ലാണ് രാജ്യ വ്യാപകമായി 4ജി ബ്രോഡ്ബാന്‍ഡിലൂടെ ഇന്‍റര്‍നെറ്റ് നാല്‍കാനുള്ള നടപടിക്രമങ്ങള്‍ നടന്നത്. എ രാജ രാജിവെച്ച ഒഴിവില്‍ ടെലികോം വകുപ്പ് ഭരിക്കുന്നത് കപില്‍ സിബല്‍ എന്ന ഭരണഘടന വിദഗ്ധന്‍. 18 ലക്ഷം രൂപ മാത്രം വാര്‍ഷിക വരുമാനമുള്ള ഒരു കമ്പനിയാണ് 12,000 കോടി രൂപ ദേശീയതലത്തില്‍ 4 ജിക്ക് വേണ്ടി ടെണ്ടര്‍ വെച്ചത്. ക്ലീന്‍ എന്നവകാശപ്പെടുന്ന സിബലോ സുതാര്യത വാഗ്ദാനം ചെയ്യുന്ന ധനകാര്യ മന്ത്രാലയമോ അഴിമതി ഒരു കൈ അകലത്തില്‍ നിര്‍ത്തുന്ന മന്‍മോഹന്‍ സിംഗോ ഇതിലൊരു പാളിച്ചയും കണ്ടില്ല.ഇവരുടെ ലേലം അംഗീകരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് കമ്പനിയെ ഏറ്റെടുത്തു. ദിവസങ്ങള്‍ക്കുള്ളില്‍ ലേല തുകയായ 12,000 കോടി രൂപ റിലയന്‍സ് കെട്ടിവച്ചു. 18 ലക്ഷം രൂപ ആസ്തിയുള്ള ഒരു കമ്പനി അറുപതിനായിരം ഇരട്ടിയിലേറെ തുക എങ്ങനെ കൊണ്ടുവരുമെന്നോ കോടിക്കണക്കിന് രൂപ മുടക്കി ദേശവ്യാപകമായി ബ്രോഡ്ബാന്‍ഡ് ശൃംഖല തുടങ്ങുമെന്നോ ഈ മിടുക്കന്‍മാര്‍ക്ക് ആര്‍ക്കും സംശയമുണ്ടായില്ല. പണ്ട് ഷാപ്പ് കോണ്‍ട്രാക്ടര്‍ നടപ്പിലാക്കിയ രീതി തന്നെയാണ് നല്ല കറിവെപ്പുകാരനായ അംബാനിയും പയറ്റിയത്. ഈ കമ്പനിയോടൊപ്പം എം ടി എന്‍ എല്ലിനും ബി എസ് എന്‍ എല്ലിനും ടെണ്ടര്‍ തുക കഴിഞ്ഞ ദിവസം തിരിച്ചു കൊടുത്തുകൊണ്ട് ഫോര്‍ ജി ബ്രോഡ്ബാന്‍ഡിന്‍റെ കുത്തക റിലയന്‍സിന് തീറെഴുതി നല്‍കി.4 ജി ലൈസന്‍സിനോടൊപ്പം വോയ്സ് നല്‍കാനുള്ള അനുമതിയും ഒരു രൂപ പോലും വാങ്ങാതെ ടെലികോം വകുപ്പ് റിലയന്‍സിന് സമ്മാനിച്ചു. ഈ ലൈസന്‍സിന്‍റെ വില മാത്രം 25,000 കോടി രൂപയാണ്. ഈ ശുദ്ധ തെമ്മാടിത്തം നടന്നത് ടു ജി അഴിമതിയെക്കുറിച്ച് രാജ്യം വികാരപരമായി ചര്‍ച്ച ചെയ്യുമ്പോഴും രാജയും കൂട്ടാളികളും ജയിലില്‍ കിടക്കുമ്പോഴുമാണെന്നും ഓര്‍ക്കണം. ഇന്ത്യയുടെ ഭരണയന്ത്രം തിരിക്കുന്നവരില്‍ റിലയന്‍സിനുള്ള സ്വധീനം മനസിലാക്കാന്‍ ഇതൊരു ഉദാഹരണം മാത്രം.കൃഷ്ണാ ഗോദാവരി ബേസിനില്‍ റിലയന്‍സ് ആയിരക്കണക്കിന് കോടി രൂപയുടെ അനധികൃതമായ ചെലവുകള്‍ എഴുതിത്തള്ളിയതായി സി എ ജി ചൂണ്ടിക്കാട്ടിയിട്ട് അധികനാളായിട്ടില്ല. ഇതിനെതിരെ നടപടിയെടുക്കാത്ത സര്‍ക്കാരാണ്, ഈ ബേസിനില്‍ നിന്നു വരുന്ന ഗ്യാസിന് ഇരട്ടിവിലയാക്കാന്‍ നീക്കം നടത്തുന്നത്. ഈ നീക്കത്തിനെതിരെയോ മേല്‍ ചൂണ്ടിക്കാണിച്ച 4ജി കൊള്ളരുതായ്മയ്ക്ക് എതിരെയോ ചെറുവിരല്‍ അനക്കാതിരുന്നത് യു പി എ സര്‍ക്കാര്‍ മാത്രമല്ല, പ്രതിപക്ഷമെന്ന പേരില്‍ സ്പീക്കറുടെ ഇടതു വശത്തിരിക്കുന്ന ബി ജെ പിയും കൂടിയാണ്.ഇവിടെയാണ് അരവിന്ദ് കെജ്രിവാള്‍ നയിക്കുന്ന ആം ആദ്മി പാര്‍ടിയുടെ പ്രസക്തി. അംബാനിക്കെതിരെ കെജ്രിവാള്‍ എടുത്ത കേസിന് കോടതിയില്‍ എത്രത്തോളം നിലനില്‍പ്പുണ്ട് എന്നു നമുക്കറിയില്ല. പക്ഷേ അംബാനിയടക്കമുള്ള വലിയ കോര്‍പ്പറേറ്റുകള്‍ക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍ മേലുള്ള നിയന്ത്രണത്തെക്കുറിച്ച് നമ്മള്‍ വ്യാകുലരാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെ ചരിത്രത്തിലെ കറുത്ത ദിവസമായ കുരുമുളക് സ്പ്രേ അടിച്ച ഫെബ്രുവരി 13ന്‍റെ ശില്‍പികളിലൊരാളായ വിജയവാഡ എം പി എല്‍ രാജഗോപാലും ഈ കോര്‍പ്പറേറ്റ് കൂട്ടുകെട്ടിലെ ഒരു കണ്ണിയാണെന്നോര്‍ക്കണം. ഏതാനും വര്‍ഷം മുന്‍പ് വരെ ഈ ക്രോണി ക്യാപിറ്റലിസ്റ്റുകള്‍ കര്‍ട്ടനു പിറകില്‍ നിന്നു പാര്‍ലമെന്‍റും നിയമസഭയും മാനിപ്പുലേറ്റ് ചെയ്തിരുന്നെങ്കില്‍ ഇന്നവര്‍ ജാള്യത കളഞ്ഞ് നിയമ നിര്‍മ്മാണ സഭകളിലെ മുന്‍നിര സീറ്റുകളില്‍ വന്നിരിക്കുകയാണ്. സ്വന്തം കമ്പനിയായ LANCO നേരെ ചോവേ നടത്താന്‍ ഒക്കാത്ത രാജഗോപാലും കിംഗ്ഫിഷര്‍ എന്ന്‍ ബ്രാന്‍ഡിനെ കുട്ടിച്ചോറാക്കിയ വിജയ് മല്യയുമൊക്കെ പാര്‍ലമെന്‍റില്‍ കയറിയിരിക്കുന്നത് ആരുടെ നന്മയ്ക്കാണെന്ന് മനസിലാക്കാന്‍ വലിയ ബുദ്ധിയുടെ ആവിശ്യമൊന്നുമില്ല.കോര്‍പ്പറേറ്റുകള്‍ക്ക് ഇവിടുത്തെ പാര്‍ലമെന്‍റിന്‍റെ മൂല്യമോ ബാങ്കുകളുടെ നിയമമോ ജനാധിപത്യത്തിന്‍റെ നെറിവോ ഒന്നും ബാധകമല്ല. ലാഭത്തില്‍ മാത്രമാണു ഇവരുടെ കണ്ണ്. ഇവിടുത്തെ മുഖ്യധാര രാഷ്ട്രീയ പാര്‍ടികളെല്ലാം ഇവര്‍ക്ക് ലാഭം കൊയ്യാനുള്ള പിണിയാളുകള്‍ മാത്രമാണ്. രാഷ്ട്രീയക്കാരും കോര്‍പ്പറേറ്റുകളും തമ്മിലുള്ള അച്ചുതണ്ടിനെക്കുറിച്ചുള്ള തെളിവുകള്‍ നേരിട്ട് പുറത്തു വരാറില്ല. തെരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പാകെ പാര്‍ടികള്‍ സമര്‍പ്പിക്കുന്ന സംഭാവന നല്‍കുന്നവരുടെ പട്ടികയില്‍ അംബാനിമാരുടെ പേര് ഇല്ലാതിരിക്കുന്നത് ഇതുകൊണ്ട് തന്നെയാവും.ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ ഏറ്റവും മോശമായ രഹസ്യങ്ങളിലൊന്ന് ഇന്ത്യയിലെ കോര്‍പ്പറേറ്റുകള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളുടെ മേലുള്ള നിയന്ത്രണം ആണ്. അതുകൊണ്ടു തന്നെയാണ് കേരളത്തിലെ ഇടതുപക്ഷവും കോണ്‍ഗ്രസും മുതലാളിമാര്‍ക്ക് വേണ്ടി കുഴലൂത്ത് നടത്തുന്നത്. മുകേഷ് അംബാനിക്ക് വേണ്ടി ഗവണ്‍മെന്‍റ് എന്ത് തീരുമാനമെടുത്താലും പ്രതിപക്ഷം ചോദ്യം ചെയ്യാത്തതും ഈ രാഷ്ട്രീയ-ബിസിനസ് അവിശുദ്ധ ബന്ധം കൊണ്ട് തന്നെ. ഈ കൂട്ടുകെട്ടിന്‍റെ പിടി തല്ലിതകര്‍ത്താല്‍ മാത്രമേ ഇന്ത്യന്‍ ജനത നേരിടുന്ന ദാരിദ്ര്യത്തില്‍നിന്നും മറ്റ് പ്രശ്നങ്ങളില്‍ നിന്നും അവരെ രക്ഷിക്കാന്‍ സാധിക്കുകയുള്ളൂ.രാഷ്ട്രീയ-ബിസിനസ് ബന്ധത്തിന്‍റെ കള്ളത്തരങ്ങളിലേക്ക് വെളിച്ചം വീശി എന്നത് മാത്രം മതി ആം ആദ്മി പാര്‍ടിയെ ഇന്ത്യന്‍ ജനാധിപത്യത്തില്‍ എല്ലാ കാലത്തും ഓര്‍ക്കുന്ന പ്രസ്ഥാനമാക്കിമാറ്റാന്‍.Next Story

Related Stories