TopTop
Begin typing your search above and press return to search.

മ മാദ്ധ്യമങ്ങള്‍ ഉമ്മന്‍ ചാണ്ടിയെ സംരക്ഷിക്കുന്നതിന്‍റെ ഗുട്ടന്‍സ്

മ മാദ്ധ്യമങ്ങള്‍ ഉമ്മന്‍ ചാണ്ടിയെ സംരക്ഷിക്കുന്നതിന്‍റെ ഗുട്ടന്‍സ്

ജോസഫ് വര്‍ഗ്ഗീസ്


2014 ഫെബ്രുവരി 14 വെളളിയാഴ്ചയിലെ ഒരു പ്രധാന മലയാളപത്രത്തിലെ വര്‍ത്തമാനം പേജില്‍ തിരുവനന്തപുരത്ത് നിന്നുളള സ്വന്തം ലേഖകന്‍റെ വാര്‍ത്ത ഇങ്ങനെ തുടങ്ങുന്നുന്നു ' വി.എം സുധീരനെ കെ.പി.സി.സി പ്രസിഡന്‍റായി പ്രഖ്യാപിച്ച രീതിയോട് (രീതിയോട് എന്ന പ്രയോഗം പ്രത്യേകം ശ്രദ്ധിക്കുമല്ലോ) അമര്‍ഷം മാറാത്ത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് നേരിട്ടുളള ശ്രമം തുടങ്ങി. എ.ഐ.സി.സി. സെക്രട്ടറി ദീപക്ബാബ്‌റിയ ഇന്നലെ വൈകിട്ട് മുഖ്യമന്ത്രിയെ കണ്ടു. കേരളം സന്ദര്‍ശിക്കുന്ന സോണിയ ഗാന്ധി നാളെ മുഖ്യമന്ത്രിയുമായി സംസാരിക്കും.'- ഇതാണ് വാര്‍ത്തയുടെ ആമുഖം.


നാട്ടിലുളള സ്വന്തം ഗ്രൂപ്പുകാരുടെ ശക്തിയില്‍ വിശ്വസിച്ച് ഹെക്കമാന്‍ഡുമായി നേരിട്ടൊരു യുദ്ധത്തിന് ഉമ്മനില്ലെന്നാണ് മ മാദ്ധ്യമങ്ങളുടെ കണ്ടെത്തല്‍.ഹൈക്കമാന്‍ഡ് എതിര്‍ത്തപ്പോള്‍ അഹമ്മദ് പട്ടേലിനെ അലൂമിനിയം പട്ടേലെന്നും സോണിയയെ മദാമ്മയെന്നും ധൈര്യപൂര്‍വ്വം വിശേഷിപ്പിച്ച ലീഡറുടെ മകന്‍റെ ചങ്കുറപ്പൊന്നും ഉമ്മന്‍ചാണ്ടിക്കില്ല.


അധികാര തര്‍ക്കങ്ങള്‍ക്ക് അവധി നല്‍കി ഇന്ദിരാഭവന്‍ ഭരിക്കാന്‍ അപകടകാരിയല്ലാത്ത കാര്‍ത്തികേയനെ രമേശിനൊപ്പം പിന്താങ്ങിയിട്ടും നടന്നില്ലന്നതല്ല, അക്കാര്യമൊന്നു ഫോണില്‍ വിളിച്ചുപറയാനുളള മര്യാദ സോണിയയോ മകനോ എന്തിന് മുകുള്‍ വാസ്‌നിക്ക് പോലും കാണിച്ചില്ലന്നതാണ് ഉമ്മനെ ഊട്ടി വളര്‍ത്തുന്ന മാദ്ധ്യമങ്ങളുടെ പരാതി. അതൊരു പ്രശ്‌നമല്ല, സങ്കടം മാത്രം- ഉമ്മനോട് അടുത്ത കേന്ദ്രങ്ങളാണ് ഈ സങ്കടം മാലോകരേയും മാദ്ധ്യമങ്ങളേയും ഒപ്പാരി പാടി അറിയിക്കുന്നത്.


കുറച്ച് നാള്‍ മുമ്പ് ഇതുപോലൊരു ഹൈക്കമാന്‍ഡ് അപ്പോയിന്‍റ്മെന്‍റിനെ എതിര്‍ത്തതിന്‍റെ ഫലം എല്ലാവര്‍ക്കും ഓര്‍മ്മയുണ്ട്. നാട്ടിലുളള സകലമാന യൂത്തന്‍മാരുടേയും പരാതികൊണ്ട് ഇരിക്കപ്പൊറുതിയില്ലാതെ അന്നത്തെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റും ഉമ്മന്‍റെ ഇഷ്ടക്കാരനുമായ കോഴിക്കോടുകാരന്‍ സിദ്ധിക്കിനെ മാറ്റി എം.ലിജുവിനെ പ്രസിഡന്‍റാക്കിയപ്പോള്‍ ഉമ്മനു നൊന്തു. ഹൈക്കമാന്‍റിനെ ഒന്ന് വിറപ്പിച്ചിട്ടുതന്നെകാര്യം. നേരത്തോടു നേരം കഴിയും മുമ്പ് ലിജു മാറി. സിദ്ധിക്കിനു വീണു പ്രസിഡന്‍റ് സ്ഥാനം. പിറ്റേ ആഴ്ചത്തെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കളി മാറി. ലിജു വീണ്ടും പ്രസിഡന്‍റായി. സിദ്ധിക്ക് വീട്ടിലും. ഉമ്മന്‍ ഇക്കുറി മിണ്ടിയില്ല. അഥവാ ധൈര്യമില്ലാത്തതിനാല്‍ നാവു പൊന്തിയില്ല. സിദ്ധിക്കോ, മര്യാദക്കായിരുന്നെങ്കില്‍ എം.കെ രാഘവനു പകരം കോഴിക്കോട് ലോക്‌സഭയില്‍ മത്സരിക്കാമായിരുന്നു. സീറ്റും പോയി, പാര്‍ലമെന്‍റ് തെരഞ്ഞടുപ്പ് തീര്‍ന്നപ്പോള്‍ ഉണ്ടായിരുന്ന പ്രസിഡന്‍റ് പണിയും പോയി. എന്തിന് കഴിഞ്ഞ നിയമസഭാ മത്സരത്തിലും കിട്ടിയില്ല ഒരു സീറ്റ്. ഡല്‍ഹിയില്‍ സിദ്ധിക്കിന്‍റെ ഫയലിന് ഒടുവില്‍ ശാപമോക്ഷം കിട്ടിയത് ഇക്കഴിഞ്ഞ കെ.പി.സി.സി. ലിസ്‌ററില്‍. അതും ഒരു പാക്കേജില്‍. മുന്‍ യൂത്ത് പ്രസിഡന്‍റ് അനില്‍കുമാര്‍ ജനറല്‍ സെക്രട്ടറി ആയപ്പോള്‍ സിദ്ധിക്കും ജനറല്‍ സെക്രട്ടറി. വിശാല ഐ യുടെ ലിജുവിന് ഉമ്മന്‍ചാണ്ടി മറുപടി നല്‍കാതിരുന്നില്ല. സംഘടനാ തെരഞ്ഞെടുപ്പെന്ന രാഹുലിന്‍റെ ഇഷ്ട വിഷയത്തില്‍ ഉമ്മന്‍ പിടി മുറുക്കി. എ ഗ്രൂപ്പിന്‍റെ സംഘ ബലത്തില്‍ പി.സി വിഷ്ണുനാഥ് ലിജുവിനെ മലര്‍ത്തിയടിച്ചു.


പുത്തന്‍ കെ.പി.സി.പ്രസിഡന്‍റ് വിഷയത്തില്‍ തന്‍റെ അസ്വസ്ഥത ഉമ്മന്‍ ചാണ്ടി താഴെ തട്ടിലുളള എക്കാരോട് പങ്കുവച്ചുകഴിഞ്ഞു. വീണ്ടും ആ പഴയ പണിതന്നെ ഉമ്മന്‍ പുറത്തെടുക്കും. പാര്‍ലമെന്‍റ് മാമാങ്കത്തില്‍ ജയിച്ചാലും വെട്ടി വീണാലും പാര്‍ടിയില്‍ തെരഞ്ഞെടുപ്പു നടത്താനുളള തന്ത്രങ്ങള്‍ മെനയും. അങ്ങനെ കെ.എസ്.യുവും യൂത്ത് കോണ്‍ഗ്രസാവും എന്നതു പോലെ പാര്‍ടി പ്രസിഡന്‍റ് സ്ഥാനവും പിടിച്ചടക്കാന്‍ ശ്രമിക്കും.


അല്ലാതെ അമിതാവേശത്തില്‍ ലീഡര്‍ക്കും മുരളിക്കും പറ്റിയ അബദ്ധങ്ങളിലേക്ക് പോകാന്‍ മാ മാധ്യമക്കാര്‍ ഉമ്മനെ വിട്ടുകാടുക്കില്ല. പിണക്കമാണോ - പിണക്കമാണ്. പാര്‍ടിയാണോ - പാര്‍ടിയാണ് - എന്ന നിലയില്‍ ഇതിങ്ങനെ കൊണ്ടുപോകും. സോളാര്‍, ജിക്കുമോന്‍. ജോപ്പന്‍, സലിം രാജ് തുടങ്ങിയ ക്രിമനല്‍ ജീവിതങ്ങളില്‍ തട്ടി ക്ഷീണിച്ച ഉമ്മന്‍ ചാണ്ടി ജനപ്രീയ മുഖമുളള സുധീരനെതിരെ നേരിട്ടൊരു യുദ്ധത്തിന് ഒരിക്കലും മുതിരില്ല. മുതിരാന്‍ കുഞ്ഞൂഞ്ഞിന്‍റെ മ മാദ്ധ്യമങ്ങള്‍ അനുവദിക്കുകയുമില്ല.


Next Story

Related Stories