TopTop
Begin typing your search above and press return to search.

ഒരു സിനിമാ വഞ്ചനയുടെ കഥ-അന്‍സിബ തുറന്നു പറയുന്നു

ഒരു സിനിമാ വഞ്ചനയുടെ കഥ-അന്‍സിബ തുറന്നു പറയുന്നു

ദൃശ്യം കണ്ട ഓരോ മലയാളിയും മക്കളോട് പറഞ്ഞു. അഞ്ജുവിനെ പോലെ അച്ഛനമ്മമാരോട് എല്ലാം തുറന്ന് പറയുന്ന മകളാകണമെന്ന്. ദൃശ്യം മലയാള സിനിമയുടെ ചരിത്ര വിജയങ്ങളില്‍ ഒന്നാകുമ്പോള്‍ തെളിഞ്ഞത് അന്‍സിബ ഹസന്‍ എന്ന കോഴിക്കോട്കാരിയുടെ സമയം കൂടിയാണ്. ദൃശ്യത്തിന് മുമ്പ് നിഷ്‌കളങ്കയായ ഒരു പെണ്‍കുട്ടിക്ക് സിനിമയില്‍ സംഭവിച്ച വഞ്ചനയുടെ കഥ ആദ്യമായി അന്‍സിബ തുറന്ന് പറയുന്നു,സിനിമാ കൊട്ടകയിലൂടെ...

സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക്...
സിനിമാ പാരമ്പര്യമൊന്നുമില്ലാത്ത ഒരു സാധാരണ കുടുംബമാണ് ഞങ്ങളുടേത്. കുടുംബമായി തിയറ്ററില്‍ പോയി സിനിമ കാണുമെന്നതാണ് സിനിമയുമായുള്ള ഏകബന്ധം. പക്ഷെ ഉമ്മയ്ക്ക് ഞാന്‍ ഒരു വലിയ നടിയായി കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഇടയ്ക്കിടെ അത് പറയാറുണ്ട്. പന്ത്രണ്ടാം ക്ലാസ് വരെ ഇസ്ലാമിക് റെസിഡന്‍ഷ്യല്‍ സ്‌ക്കൂളിലാണ് പഠിച്ചത്. അവിടെ നാടകമോ നൃത്തമോ തുടങ്ങി ഒരു കലാപ്രവര്‍ത്തനവും ഉണ്ടായിരുന്നില്ല. ഒരു യുവജനോത്സവ വേദി പോലും ഞാന്‍ കണ്ടിട്ടുമില്ല. ഒരിയ്ക്കല്‍ ഞാന്‍ പോലും അറിയാതെ എന്‍റെ അനിയനാണ് ഏഷ്യാനെറ്റ് പ്‌ളസിലെ സ്‌ക്രീന്‍ ടെസ്റ്റ് എന്ന റിയാലിറ്റി ഷോയിലേയ്ക്ക് എന്‍റെ ഫോട്ടോ അയക്കുന്നത്.

സെലക്ട് ചെയ്തത് അറിയിച്ച് വിളി വരുമ്പോള്‍ എന്തായാലും പോയി ചെയ്യാമെന്ന് കരുതിയാണ് സ്റ്റുഡിയോയില്‍ എത്തുന്നത്. ആദ്യം അവര്‍ തന്ന ഡയലോഗ് തെറ്റിച്ചാണ് പറഞ്ഞത്. പുറത്തായി എന്ന് ഉറപ്പിച്ച് സ്‌റ്റേജില്‍ നിന്ന് ഇറങ്ങുമ്പോള്‍ റോഷന്‍ ആഡ്രൂസ് സാര്‍ ആണ് പറഞ്ഞത്, പോകാന്‍ വരട്ടെയെന്ന്. താരങ്ങള്‍ വരെ ആദ്യ ഷോട്ടില്‍ ഡയലോഗ് തെറ്റിക്കാറുണ്ട്, ഒരവസരം കൂടി നോക്കാമെന്ന്. റോഷന്‍ സാര്‍ തന്ന ആ ധൈര്യമാണ് പിന്നീട് അങ്ങോട്ട് ഷോ നന്നായി ചെയ്യാനും വിജയി ആകാനും കഴിഞ്ഞത്.


ഏഷ്യാനെറ്റ് ചെയ്ത വിജയികളുടെ പോര്‍ട്ട്‌ ഫോളിയോ കണ്ടാണ് തമിഴ്‌ സിനിമയില്‍ നിന്ന് ഓഫര്‍ വരുന്നത്. തമിഴില്‍ ഇതിനകം നാല് സിനിമകള്‍ ചെയ്ത്കഴിഞ്ഞു. കൊഞ്ചം വെയില്‍ കൊഞ്ചം മഴൈ ആണ് റിലീസായ ആദ്യ സിനിമ. ശ്രദ്ധിക്കപ്പെട്ടെങ്കിലും ഈ സിനിമ വലിയ വിജയമായില്ല. തമിഴ്‌നാട് നടികര്‍ സംഘത്തിന്റെ പുതുമുഖ നടിക്കുള്ള അവാര്‍ഡ് ലഭിച്ചിരുന്നു. മണിവണ്ണന്‍ സംവിധാനം ചെയ്ത നാഗരാജ ചോളന്‍ എം.എ.,എം.എല്‍.എ. എന്ന അടുത്ത സിനിമ ഹിറ്റായി. ഇനി പാക്കണം പോലിരുക്ക് എന്ന സിനിമ പുറത്തിറങ്ങാനുണ്ട്.

തമിഴ്‌സിനിമ കണ്ടാണ് ദൃശ്യത്തിലേയ്ക്ക് ജിത്തുജോസഫ് സാര്‍ വിളിക്കുന്നത്. വിളി വന്നപ്പോള്‍ പ്രതീക്ഷയായിരുന്നു, അപ്പോള്‍ അദ്ദേഹം പറഞ്ഞു-വലിയ പ്രതീക്ഷയൊന്നും വയ്ക്കണ്ട, സ്‌ക്രീന്‍ ടെസ്റ്റ് കഴിഞ്ഞ് പറയാമെന്ന്. അങ്ങനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി. അദ്ദേഹത്തിന്‍റെ ഭാര്യ ലിന്‍റ ചേച്ചിയായിരുന്നു കോസ്റ്റ്യൂം ഡിസൈനര്‍. ചേച്ചി തന്ന ഡ്രസ് ധരിച്ച് ക്യാരക്ടര്‍ ആയി ഡയലോഗ് പറഞ്ഞപ്പോഴാണ് സാര്‍ ഓകെ പറഞ്ഞത്. മെമ്മറീസിന്റെ വിജയ സമയമായിരുന്നു. മലയാള സിനിമയാണ് എപ്പോഴും ചെയ്യാന്‍ താല്‍പര്യമുള്ളത്. ദൃശ്യം സിനിമ തുടങ്ങിയപ്പോള്‍ ആദ്യ ഷോട്ട് എന്‍റേതായിരുന്നു. അതിന് ക്ലാപ് അടിച്ചത് നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍ ആയിരുന്നു. വലിയ സന്തോഷമായിരുന്നു അപ്പോള്‍ പിന്നീട് സെറ്റില്‍ എല്ലാവരും പേടിപ്പിക്കാന്‍ തുടങ്ങി. സിനിമ പരാജയപ്പെട്ടാല്‍ വിശ്വാസമനുസരിച്ച് ആദ്യ ഷോട്ട് എടുത്ത ആളുടെ രാശിക്കുറവാണത്രേ. ദൈവം സഹായിച്ച് ദൃശ്യം ഒരു മെഗാഹിറ്റ് ആയതില്‍ വലിയ സന്തോഷമുണ്ട്.

ലാലേട്ടന്‍, മീന ചേച്ചി എന്നിവരോടൊപ്പം അഭിനയിക്കാനായത് വലിയ കാര്യമാണ്.അഭിനയിക്കാന്‍ തുടങ്ങിയപ്പോള്‍ അവരെല്ലാം നല്ല ഗൈഡന്‍സും സപ്പോര്‍ട്ടുമായിരുന്നു.


അഞ്ജുജോര്‍ജും മലയാളി പെണ്‍കുട്ടികളും
ദൃശ്യത്തിലെ അഞ്ജു മലയാളികളുടെ സ്‌നേഹം പിടിച്ചുപറ്റുകയാണിപ്പോള്‍. പല സ്‌ക്കൂളിലും ഇപ്പോള്‍ ദൃശ്യത്തെക്കുറിച്ചും അഞ്ജുവിനെക്കുറിച്ചും പറയുന്നു. എല്ലാവരും വീട്ടില്‍ എല്ലാകാര്യങ്ങളും തുറന്ന് പറയണമെന്ന് അഞ്ജുവിനെ ചൂണ്ടിക്കാട്ടി അധ്യാപകരും രക്ഷിതാക്കളും ഇപ്പോള്‍ പറയുന്നു. അതുതന്നെയാണ് കഥാപാത്രത്തിന്‍റെയും ആ സിനിമയുടേയും ഏറ്റവും വലിയ വിജയം. പല രക്ഷിതാക്കളും ഇപ്പോള്‍ വിളിച്ച് അഭിനന്ദിക്കുന്നു. അത്രേത്തോളം അവര്‍ ആ കഥാപാത്രത്തെ സ്‌നേഹിച്ച് തുടങ്ങിയിരിക്കുന്നു.

അഞ്ജുവിനെ അവതരിപ്പിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. മലയാളത്തിലെ മുതിര്‍ന്ന നടന്‍ മധുസാര്‍ തുടങ്ങി വളരെ സീനിയറായ അഭിനേതാക്കളും ടെക്‌നീഷ്യന്മാരും ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ വിളിച്ച് അഭിനന്ദിക്കുന്നു. ആ സന്തോഷത്തിന് ജിത്തുസാറിനോടും പ്രേക്ഷകരോടും ദൈവത്തിനോട് മനസ്‌ കൊണ്ട് നന്ദിപറയുകയാണിപ്പോള്‍. മലയാളി പെണ്‍കുട്ടികള്‍ നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ ഒന്നാണ് ദൃശ്യത്തിലെ അഞ്ജുവിന്റേതും. മലയാളികള്‍ എവിടെയൊക്കെയോ കണ്ട കുട്ടിയെ പോലെ അഞ്ജുവിനേയും കുടുംബത്തേയും സ്‌നേഹിച്ചപ്പോള്‍ സിനിമ ചരിത്രമായി.

സിനിമയിലെ ചതിക്കുഴികള്‍
സിനിമയിലെ ഉള്ളുകള്ളികളെക്കുറിച്ച് അധികമൊന്നും അറിയാത്ത കാലത്താണ് ഞാന്‍ സിനിമയില്‍ എത്തുന്നത് ഇനിയും റിലീസ് ആകാത്ത ഒരു തമിഴ്‌സിനിമയിലെ ഫോട്ടോ ഷൂട്ടിന് വേണ്ടി ഗ്ലാമറസായ ഫോട്ടോകള്‍ നിര്‍ബന്ധിതമായി ചെയ്യേണ്ടി വന്നിരുന്നു. ഇതിപ്പോള്‍ ഇന്‍റര്‍നെറ്റില്‍ പ്രദര്‍ശിപ്പിച്ച് എന്നെ വേദനിപ്പിച്ച് ചിലര്‍ ആനന്ദം കണ്ടെത്തുന്നു. ഇത് സംഭവിച്ചത് നാല് വര്‍ഷം മുമ്പാണ്. എനിക്കോ വീട്ടുകാര്‍ക്കോ സിനിമ കരാര്‍ എഴുതുന്നതിനെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു ആ സമയത്ത്. അവര്‍ എഴുതിയ പേപ്പറില്‍ ഞാന്‍ ഒപ്പിട്ട് നല്‍കി. പിന്നീടാണ് അതിലെ ചതി മനസിലായത്. അവര്‍ പറയുന്ന വേഷങ്ങള്‍ ധരിച്ചായിരുന്നു അതില്‍ പറഞ്ഞിരുന്നത്. ഈ പേപ്പര്‍ കാട്ടിയാണ് ഫോട്ടോ ഷൂട്ട് നടത്തിയത്. ഈ സിനിമയിലെ കഥാപാത്രവുമായി ഫോട്ടോഷൂട്ടിന് യാതൊരു ബന്ധവുമില്ലായിരുന്നു. ഒരു മദര്‍ തെരേസാ മഠത്തിലെ സിസ്റ്റര്‍ ആയിട്ടായിരുന്നു വേഷം. സിനിമയുടെ ആദ്യദിനങ്ങള്‍ പ്രശ്‌നമില്ലാതെ കടന്നുപോയി. പിന്നീടാണ് കരാര്‍ കാണിച്ച് നിര്‍ബന്ധിക്കാന്‍ തുടങ്ങിയത്. അങ്ങനെയാണ് ആ ഫോട്ടോ ഷൂട്ട് സംഭവിച്ചത്. അതോര്‍ന്ന് ദിവസങ്ങളോളം ഞാന്‍ മുറി അടച്ചിട്ട് കരഞ്ഞു. ആരോടും അതേക്കുറിച്ച് പറഞ്ഞതുമില്ല. ചതിക്കപ്പെട്ടതോര്‍ത്ത് ഉപ്പയും ഉമ്മയും നീറി. ഈ സിനിമ പുറത്തിറങ്ങാത്തതില്‍ സന്തോഷിച്ചിരിക്കുമ്പോള്‍. അതും ദൃശ്യത്തിന്‍റെ വിജയാഘോഷത്തിനിടെയാണ് ഇത് പുറത്ത് വന്നത്. സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും ഫോണ്‍വിളികള്‍ എന്നെ ദു:ഖത്തിലാഴ്ത്തി. കരച്ചിലും സങ്കടവും വീണ്ടും എന്നെ തേടിയെത്തി. ഇപ്പോള്‍ എനിക്ക് സിനിമയെക്കുറിച്ച് നന്നായി അറിയാം. ഇനി എന്നില്‍ നിന്ന് അത്തരം റോളുകളോ ഫോട്ടോകളോ ആരും കാണില്ല.


പ്രതിസന്ധികളാണ് ആളുകള്‍ക്ക് ധൈര്യം നല്‍കുന്നതെന്ന് ഇപ്പോള്‍ ഞാന്‍ മനസിലാക്കുന്നു. ഒരിയ്ക്കല്‍ ചൂടുവെള്ളത്തില്‍ വീണാല്‍ പച്ചവെള്ളം കണ്ടാലും ഭയക്കുന്നത് പോലെ എല്ലാം ഇനി ശ്രദ്ധിച്ച് ചെയ്യാന്‍ ശ്രമിക്കും.കലാമേഖലയില്‍ വരാന്‍ ആഗ്രഹിക്കുന്ന എല്ലാ തുടക്കക്കാര്‍ക്കും എന്‍റേത് ഒരു പാഠമാകണമെന്നാണ് എന്‍റെ പ്രാര്‍ത്ഥന. ഫോട്ടോ ഷൂട്ടിന് തയാറായില്ലെങ്കില്‍ കോടികളുടെ നഷ്ടപരിഹാരം ആവശ്യപ്പെടും എന്നാണ് അവര്‍ കരാര്‍ കാണിച്ച് പറഞ്ഞിരുന്നത്. നിയമപരമായി നേരിടാം എന്ന് ഇന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്. ഒരു തുടക്കക്കാരിയുടെ നിസഹായതയാണ് ഈ ഫോട്ടോകള്‍ക്ക് പിന്നില്‍.

സിനിമയില്‍ വരാന്‍ ആഗ്രഹിക്കുന്ന ഓരോ പെണ്‍കുട്ടികള്‍ക്കും ഒരു പാഠമാകാന്‍ വേണ്ടിയാണ് ഞാനീക്കാര്യം തുറന്ന് പറയുന്നത്. ആ സിനിമയുമായി ബന്ധപ്പെട്ടവരെ കോണ്‍ടാക്റ്റ് ചെയ്യാന്‍ ശ്രമിച്ചു. നാല് വര്‍ഷം മുമ്പ് നടന്നതായതിനാല്‍ ആരേയും ഇപ്പോള്‍ ലഭ്യമല്ല. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ദൃശ്യത്തിലെ അഞ്ജുവിന് സമാനമായ നിസഹായ അവസ്ഥയിലാണ് ഞാനിപ്പോള്‍.

ഭാവിയെക്കുറിച്ച്
കുറേ നല്ലസിനിമകളുടെ ഭാഗമായി നല്ലവേഷങ്ങള്‍ ചെയ്യണമെന്നുണ്ട്. ടി.എ.റസാക്ക് എഴുതുന്ന നായികാ പ്രധാന്യമുള്ള സിനിമയാണ് അടുത്തത്. മെയ്മാസത്തോടെ ഷൂട്ടിംഗ് ആരംഭിക്കും. ലിറ്റില്‍ സൂപ്പര്‍മാന്‍ എന്ന ചില്‍ഡ്രന്‍സ് മൂവിയാണ് ഉടന്‍ പുറത്ത്‌വരുന്നത്. സിനിമയോടൊപ്പം വിദ്യാഭ്യാസവും മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. കാലിക്കറ്റ് സര്‍വകലാശാലയില്‍ ഡിസ്റ്റന്റ് ആയി ബി.എ.ഇംഗ്ലീഷ് ലിറ്ററേച്ചര്‍ ഫൈനല്‍ ഇയര്‍. ഉപ്പയും ഉമ്മയും അഞ്ച് മക്കളും അടങ്ങുന്നതാണ് ഞങ്ങളുടെ കുടുംബം.


Next Story

Related Stories