TopTop
Begin typing your search above and press return to search.

ഇരയും വേട്ടക്കാരനും; നരേന്ദ്ര മോഡിയുടെ വേഷപ്പകര്‍ച്ചകള്‍

ഇരയും വേട്ടക്കാരനും; നരേന്ദ്ര മോഡിയുടെ വേഷപ്പകര്‍ച്ചകള്‍

തൊട്ടുകൂടായ്മ എന്ന വിവരക്കേടിന്റെ കാലമൊക്കെ കേരളത്തിൽ കഴിഞ്ഞതു അദ്ദേഹം അറിഞ്ഞില്ലാന്നു തോന്നുന്നു. വിവരദോഷികളായ ഏതെങ്കിലും അമ്പലംവിഴുങ്ങികൾ ഏതെങ്കിലും കലാകാരനെ പുറത്തുനിർത്തിയതു ഈ മുഴുവൻ കേരളത്തെയും പ്രതിനിധീകരിച്ചല്ലാന്ന് മനസ്സിലാക്കുക. കൊച്ചിയിലെ സോഫ്ട് വെയര്‍ എഞ്ചിനീയര്‍ ലക്ഷ്മി പൗർണമി എഴുതുന്നു.


താന്‍ തൊട്ടുകൂടായ്മയുടെ ഇരയെന്ന വിലാപവുമായി മോഡി വീണ്ടും. കഴിഞ്ഞ തവണ ശ്രീനാരായണ ദര്‍ശനങ്ങളുടെ ഇരിപ്പിടമായ ശിവഗിരിയില്‍ വെച്ചാണെങ്കില്‍ ഇപ്പോള്‍ 100 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണ്ഡിറ്റ് കറുപ്പന്‍ നടത്തിയ കായല്‍ സമ്മേളനത്തിന്‍റെ സമരണയില്‍ കേരള പുലയ മഹാ സമാജം നടത്തിയ ശതാബ്ദി ആഘോഷ വേദിയില്‍ വെച്ച്. ഏതാണ് മോഡിയുടെ കേരളത്തിലേക്കുള്ള വഴി എന്നത് വ്യക്തമായിരിക്കുന്നു. ഒരു തരത്തിലും അവകാശപ്പെടാന്‍ സാധിക്കാത്ത ചരിത്രത്തെ തങ്ങളുടെ കൂടെ കൂട്ടാനുള്ള കുറുക്കു വഴിയാണ് മോഡിക്ക് തൊട്ടുകൂടാത്തവന്‍ എന്ന പദ പ്രയോഗം. പക്ഷേ ഈ പരിപ്പ് കേരളത്തിന്‍റെ മണ്ണില്‍ വേവില്ലെന്ന് ഈ ‘ഇര’ തീര്‍ച്ചയായും തിരിച്ചറിയുക തന്നെ ചെയ്യും.


തൊട്ടുകൂടായ്മ എന്ന വിവരക്കേടിന്റെ കാലമൊക്കെ കേരളത്തിൽ കഴിഞ്ഞതു അദ്ദേഹം അറിഞ്ഞില്ലാന്നു തോന്നുന്നു. വിവരദോഷികളായ ഏതെങ്കിലും അമ്പലംവിഴുങ്ങികൾ ഏതെങ്കിലും കലാകാരനെ പുറത്തുനിർത്തിയതു ഈ മുഴുവൻ കേരളത്തെയും പ്രതിനിധീകരിച്ചല്ലാന്ന് മനസ്സിലാക്കുക. ദൈവത്തിന്റെ പേരുംപറഞ്ഞ്‌ എന്തു തോന്ന്യാസവും കാണിക്കുന്ന ഒരു വളരെ ചെറിയ വിഭാഗം മാത്രമാണവർ. അതും കണ്ടിട്ടാണീ പൂങ്കണ്ണീരെങ്കിൽ അതേശിയില്ല ഒരു നെഞ്ചിലും. ജാതിക്കും മതത്തിനും മേലെ മാനവികതയ്ക്കും മാനുഷികമൂല്യങ്ങൾക്കും വളരെ ഉയർന്നൊരു സ്ഥാനം കൽപ്പിക്കുന്ന വലിയൊരു സമൂഹം ഇവിടെയുണ്ടെന്നു മറക്കണ്ട.

പിന്നെ തൊട്ടുകൂടായ്മ. തീർച്ചയായും താങ്കൾ തൊട്ടുകൂടാത്തവനാണ്‌. അതുപക്ഷേ, താങ്കൾ പിറന്ന ജാതിയോ മതമോ നോക്കിയല്ല. ഇസ്രത്‌ ജഹാനെന്ന പത്തൊൻപതുകാരിയും ജാവേദ്‌ ഷെയ്ഖെന്ന പ്രാണേഷ്‌ പിള്ളയും ഇവിടെ ജീവിക്കേണ്ടവരല്ല എന്നു നിങ്ങൾ കരുതുന്നുവെങ്കിൽ നിങ്ങൾ ഞങ്ങൾ തൊട്ടുകൂടാത്തവന്‍ മാത്രമല്ല, കണ്ണിനും കാതിനും കൂടി എത്താത്തിടത്തേക്കു മാറ്റിനിർത്തപ്പെടേണ്ടവനാണ്‌. അഹിന്ദുക്കൾ നാടുകടത്തപ്പെടേണ്ടവരാണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ നിങ്ങൾ ഞങ്ങൾക്ക്‌ വെറുക്കപ്പെട്ടവനും കൂടിയാണ്‌. മതത്തിനും ജാതിക്കുമപ്പുറം മാനവികതയിലൂന്നിയ ഒരു ചിന്ത എന്ന് താങ്കളിലുണ്ടാവുന്നോ, എന്ന് താങ്കൾ ഇവിടുത്തെ ചെറുപ്പക്കാരെ ഇത്തരം വഴിതെറ്റലുകളിൽ നിന്നും തിരിച്ചുപിടിക്കുമോ അന്നേ ഈ തൊട്ടുകൂടായ്മ അവസാനിക്കുകയുള്ളൂ.


ജാതിമതസമ്മേളനങ്ങൾ തോറും നടന്ന് അൺടച്ചബിലിറ്റിയുടെ പേരുംപറഞ്ഞുള്ള കരച്ചിൽ കാണുമ്പോൾ നാം മറന്നുകൂടാത്ത ഒന്നുണ്ട്‌. കുറച്ചുനാളായി തീരെ ഉച്ചരിക്കപ്പെടാത്തൊരു പേരുണ്ട്‌. രാമ! ഇപ്പോ അഭിനവരാമനാണ്‌. നമോ!! പിന്നെ പഴയതുപോലുള്ള ആക്രോശങ്ങളുമില്ല അഹിന്ദുക്കൾക്കെതിരായി. ഇസ്രത്‌ ജഹാൻ കേസിന്റെ വേളയിൽ ഫെയ്സ്ബുക്കിൽ ഒരു മാന്യൻ എന്നോടാക്രോശിച്ചത്‌ മോഡി ഒരു മുസ്ലീമിന്റെ എങ്കിലും മരണത്തിനു കാരണക്കാരൻ ആയിട്ടുണ്ടെങ്കിൽ മോഡിക്കയാളുടെ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു എന്നാണ്‌. ഇന്നാ അജണ്ട മാറ്റിയെന്നു തോന്നുന്നുണ്ടോ? എങ്കിൽ നമുക്കുതെറ്റി.


ഇതൊക്കെ അധികാരം കൈയിൽ കിട്ടാനുള്ള തന്ത്രങ്ങൾ മാത്രമാണ്‌. ജാതിമതചിന്തകൾ മനസ്സിലിട്ടുവാറ്റി ആ ലഹരിയും നുണഞ്ഞുനടക്കുന്നവരാരും ഒരു ദിവസം കൊണ്ടു മാറില്ല. ഇന്നത്തെ ഈ മൗനം വാചാലമാണ്‌. അധികാരം കൈയിൽ കിട്ടിയാൽ പിന്നീടുകാണാം ഈ മൗനത്തിന്റെ നാനാർത്ഥങ്ങൾ.


ഞാൻ തൊട്ടുകൂടാത്തവൻ എന്നു പറയുമ്പോൾ സാധാരണ കൊള്ളുന്നത്‌ രണ്ടിടത്താണ്‌. ഒന്നു ഇന്നും തൊട്ടുകൂടാത്തവൻ എന്നു സ്വയം മിഥ്യാബോധവുമായി കഴിയുന്ന ഒരു സമൂഹത്തിന്റെ മന:സാക്ഷിയിൽ. ഇന്നലെയും അവരുടെ മുന്നിലായിരുന്നു ആ കണ്ണീരൊഴുക്കിയതും. അങ്ങനെ ആ കയ്യടി നേടി. രണ്ടാമത്തേത്‌ തൊട്ടുകൂടായ്മയുടെയും തീണ്ടിക്കൂടായ്മയുടെയും ശീലക്കേടുക്കേടുകളിൽ നിന്നും പുറത്തേക്കു ഏകദേശം എത്തിക്കഴിഞ്ഞ സവർണ്ണരെന്ന ചീത്തപ്പേരിൽ ആത്മാഭിമാനത്തിനു മുറിവേറ്റ മറ്റൊരു വലിയ വിഭാഗം. അവരുടെ നെഞ്ചിൽ തറയ്ക്കും ആ രോദനം. കയ്യാലപ്പുറത്തെ തേങ്ങ തങ്ങൾ അങ്ങനെയല്ലാന്നു തെളിയിക്കാനെങ്കിലും ഇങ്ങോട്ടുരുണ്ടുവീണോളും.


വികസനം എന്ന തേനൂറുന്ന വാക്കിലാണ് ബാക്കിയെല്ലാ വൃത്തികേടുകളും പൊതിഞ്ഞു സൂക്ഷിക്കപ്പെടുന്നത്. വർണകടലാസിൽ പൊതിഞ്ഞ മാരകവിഷം! രണ്ടു ദിവസം മുൻപു ഒരു ചെറുപ്പക്കാരൻ എന്നോടുപറഞ്ഞു, അവനു ഹിറ്റ്‌ലറെ ഇഷ്ടമാണെന്ന്. കാരണം, ജർമ്മനിയുടെ വികസനം. എന്തുപറയാൻ? തർക്കിക്കാൻ പോലും സ്കോപ്പില്ലാത്ത നിരക്ഷരത. എനിക്ക് വല്ലാത്ത വിഷമം തോന്നി. എത്രയോ പതിറ്റാണ്ട് മുന്പുതന്നെ പരീക്ഷിച്ചു വിജയിച്ച ഒരു തന്ത്രം. ഇന്നും അത് തിരിച്ചറിയാൻ സാധിക്കാത്ത അഭ്യസ്ഥവിദ്യരായ ഒരു തലമുറ. ഫാസിസ്റ്റുകളുടെ വളർച്ച എങ്ങനെ എന്നതിന് ലളിതമായ ഉത്തരം! എലിയെക്കൊല്ലാൻ ആരും വിഷം തനിയെ വയ്ക്കാറില്ല. എലിക്കെണി വെറുതെ തുറന്നുവച്ചാലും എലി വീഴില്ല. നല്ല തേങ്ങാപ്പൂളോ കപ്പകഷണമോ ശർക്കരയോ വയ്ക്കണം. വികസനം ഒരു തേങ്ങാപ്പൂളോ കപ്പക്കഷണമോ ആണ്‌. ആ മധുരവും നുണഞ്ഞിരിക്കുമ്പോഴാണ്‌ കെണി വെള്ളത്തിൽ താഴുന്നത്‌. പിന്നൊരു പിടച്ചിലാണ്‌. പിന്നൊരു കരകയറൽ അസാദ്ധ്യമെന്ന് തിരിച്ചറിയപ്പെടാത്തതാണ് വികസനക്കെണിക്കാരുടെ വിജയം!


വ്യവസായ വൽക്കരണം എന്ന് പറയുന്നത് അദാനിക്കും റിലയൻസിനും വരികൊടുത്ത ഔദാര്യങ്ങള്‍ക്കും അപ്പുറം മറ്റൊന്നുമല്ല. ഗുജറാത്തിലെ സനതിൽ ടാറ്റയുടെ നാനോ കാർ ഉണ്ടാക്കാൻ കൊടുത്ത ഔദാര്യങ്ങൾ അവിടുത്തെ ദളിതർക്ക് കൂടി അവകാശപ്പെട്ട സ്വത്താണെന്ന് മറക്കരുത്.


ഇന്ത്യ എന്നത് ന്യുനപക്ഷങ്ങളുടെ വൈവിധ്യം നിറഞ്ഞ ഒരു ജനാധിപത്യം ആണെന്ന ബോധ്യം മോഡിക്കും കൂട്ടർക്കും ഇല്ല. സാമൂഹ്യ രംഗത്ത് കേരളത്തേക്കാൾ എന്ത് മേന്മയാണ് 82 ശതമാനം സാക്ഷരതയുള്ള ഗുജറാത്തിനു പറയാനുള്ളത്. ആയിരം പുരുഷന്മാർക്ക് 918 സ്ത്രീകൾ ആണ് ഗുജറാത്തിൽ എങ്കിൽ കേരളത്തിൽ ആയിരം പുരഷന്മാർക്ക് 1056 സ്ത്രീകൾ ആണ്. അടുത്ത കാലത്തിറങ്ങിയ നാഷണൽ കൌണ്‍സിൽ ഫോർ അപ്ലൈഡ് എക്കണോമിക് റിസർച്ചിന്റെ കണക്കു അനുസരിച്ച് ഏറ്റവും ആളോഹരി വരുമാനം മാത്രമല്ല ഏറ്റവും കൂടുതൽ പട്ടിണിയും ഗുജറാത്തിലാണ് . ഇതിനർത്ഥം ഒരു വിഭാഗത്തിന്റെ കൈയിൽ പണം കുമിഞ്ഞു കൂടുകയും വലിയൊരു വിഭാഗം ദാരിദ്ര്യത്തിൽ കഴിയുകയും ചെയ്യുന്നു എന്നാണ് . കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ പിന്നോക്കക്കാരനും ദുർബലനും അനുദിനം ശോഷിച്ചു വരുന്നു എന്നർത്ഥം.പണക്കാരനും പാവപെട്ടവനും തമ്മിലുള്ള അന്തരം കുറവുള്ള സംസ്ഥാനം കേരളമാണെന്ന് കൂടി ഇതിനൊപ്പം കൂട്ടി വായിച്ചാൽ മാത്രമേ മോഡി വചനത്തിലെ പൊള്ളത്തരം തിരിച്ചറിയാൻ കഴിയു.


Next Story

Related Stories