Top

പാര്‍ലമെന്‍റെന്താ ചട്ടമ്പിക്കവലയോ?

പാര്‍ലമെന്‍റെന്താ ചട്ടമ്പിക്കവലയോ?

ടിം അഴിമുഖം

ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ദൃശ്യങ്ങളാണ് ഇന്ന് കണ്ടത്. തെലങ്കാന ബില്ലിനെതിരെയുള്ള പ്രതിഷേധത്തെ തുടര്‍ന്നാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. പ്രതിഷേധക്കാര്‍ വിതറിയ കുരുമുളക് പൊടി ശ്വസിച്ച് ചില പാര്‍ലമെന്‍റംഗങ്ങള്‍ക്കും, ഉദ്യോഗസ്ഥര്‍ക്കും, പത്രപ്രവര്‍ത്തകര്‍ക്കും ചുമയും കണ്ണെരിച്ചലുമടക്കം ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. നിരവധി എം പി മാര്‍ കുരുമുളകിന്‍റെ എരിച്ചലും ശ്വാസ തടസവും ഒഴിവാക്കാന്‍ പാര്‍ലമെന്റില്‍ നിന്ന് പുറത്തേക്ക് ഓടുകയായിരുന്നു. പുറത്താക്കപ്പെട്ട കോണ്‍ഗ്രസ് എം പി ലഗാദപതി രാജഗോപാലാണ് കുരുമുളക് പൊടി സ്പ്രേ ചെയ്തത്. ടിഡിപി എം പി വേണുഗോപാല്‍ റെഡി ഇതിനിടയില്‍ സ്പീകറുടെ മൈക്രോ ഫോണ്‍ തകര്‍ത്തു. ആരാണെന്ന് തിരിച്ചറിയാണ്‍ സാധിക്കാത്ത ഒരു എം പി സഭയില്‍ കത്തിവീശി.

സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ രാജഗോപാലിനും മറ്റ് എം പി മാര്‍ക്കും വൈദ്യ സഹായം എത്തിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചു. മറ്റൊരു എം പിയെ പാര്‍ലമെന്‍റ് വളപ്പിലുണ്ടായിരുന്ന ആംബുലന്‍സില്‍ തൊട്ടടുത്തുള്ള റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്തോ കഴിച്ചതിനെ തുടര്‍ന്നു കുഴഞ്ഞ് വീണ ടി ഡി പി എം പി കെ നാരായണ റാവുവിനെ ആര്‍ എം എല്‍ ആശുപത്രിയിലേക്ക് മാറ്റി. കുരുമുളകിന്‍റെ അസ്വസ്ഥതയില്‍ നിന്ന് രക്ഷപ്പെടാന്‍ സ്പീക്കര്‍ മീരാകുമാര്‍ വീട്ടിലേക്ക് പോവുകയായിരുന്നു.
സന്ദര്‍ശക ഗ്യാലറിയില്‍ നിന്നു വളരെ പെട്ടെന്ന് ആളുകളെ ഒഴിപ്പിച്ചു. സ്പീക്കറുടെ ഗ്യാലറി പോലും ഒഴിഞ്ഞു കിടന്നു. കര്‍ശനമായ സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം മാത്രമേ മാധ്യമ പ്രവര്‍ത്തകരെ പോലും അകത്തേക്ക് കടത്തി വീട്ടുള്ളൂ.

ഇതിനിടെ അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിന് വേണ്ടി മൂന്നു പ്രത്യേക ആംബുലന്‍സുകള്‍ പാര്‍ലമെന്‍റ് സമുച്ചയത്തിലേക്ക് എത്തിച്ചു. ബില്ല് മേശപ്പുറത്ത് വെക്കുന്ന സമയത്ത് പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ് കോണ്‍ഗ്രസ് പ്രസിഡണ്ട് സോണിയ ഗാന്ധി, വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി എന്നിവര്‍ സഭയില്‍ ഉണ്ടായിരുന്നില്ല.
ഉച്ച സമയത്ത് പാര്‍ലമെന്‍റ് ചേരുന്നതിന് മുന്‍പ് തന്നെ വിമത എം പി മാരെ കടുത്ത പ്രതിഷേധ നടപടികളില്‍ നിന്നു പിന്തിരിപ്പിക്കാന്‍ പി ചിദംബരം, ജയറാം രമേഷ്, പള്ളം രാജു തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ ശ്രമിക്കുന്നത് കാണാമായിരുന്നു.

ഉച്ചഭക്ഷണത്തിന് മുന്‍പ് രണ്ടു തവണ രാജ്യസഭ നിര്‍ത്തിവെച്ചു. തെലങ്കാന, സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമങ്ങള്‍, തമിഴ് മത്സ്യതൊഴിലാളികളുടെ പ്രശ്നങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ്, ടിഡിപി, ഡിഎംകെ, എഐഡിഎംകെ, ഇടതു പാര്‍ട്ടികള്‍ എന്നിവര്‍ മുദ്രാവാക്യം വിളിച്ച് സഭയുടെ നടുതളത്തിലിറങ്ങുകയായിരുന്നു. മോശമായി പെരുമാറിയ എം പി മാരുടെ പേരുള്ള രാജ്യ സഭ ബുള്ളെറ്റിന്‍ വലിച്ചു കീറിക്കൊണ്ടായിരുന്നു ഡി എം കെ എം പി വി മൈത്രെയന്‍റെ പ്രതിഷേധം.

രണ്ട് മണിക്ക് ലോക് സഭ വീണ്ടും ചേര്‍ന്നപ്പോള്‍ ചട്ടം 374 പ്രകാരം 17 ആന്ധ്ര എം പി മാരെ സഭയില്‍ നിന്നു സസ്പെന്‍ഡ് ചെയ്തതായി സ്പീക്കര്‍ പ്രഖ്യാപിച്ചു.
വളരെ കാലമായി നിലനില്‍ക്കുന്ന പുതിയ സംസ്ഥാനമെന്ന സുപ്രാധാന ആവിശ്യം ഒരു രാഷ്ട്രീയ അടിയന്തിരാവസ്ഥയുടെ വിഷയമായി മാറുന്നതെങ്ങിനെ എന്ന ചോദ്യമാണ് ഇന്നത്തെ സംഭവ വികാസങ്ങള്‍ ഉയര്‍ത്തുന്നത്. സംസ്ഥാനത്തെ അതിന്‍റെ പല നേതാക്കന്മാരും എതിരായിരുന്നിട്ടു കൂടി പൊതു തിരഞ്ഞെടുപ്പിന് മുന്‍പായി ഈ ബില്‍ പാസാക്കിയെടുക്കാനുള്ള തത്രപ്പാടിലാണ് കോണ്‍ഗ്രസ്. പൊതു തിരഞ്ഞെടുപ്പ് മുന്‍പില്‍ കണ്ടുകൊണ്ടു മാത്രമാണു ഇത്തരമൊരു ബില്ല് പാസാക്കിയെടുക്കാന്‍ ശ്രമിക്കുന്നതെങ്കില്‍ അത് ആരെയും സഹായിക്കാന്‍ പോകുന്നില്ല എന്നതാണു യാഥാര്‍ഥ്യം.


Next Story

Related Stories