TopTop
Begin typing your search above and press return to search.

മന്ത്രിക്കസേരയ്ക്ക് മേലെ ഒരു അധ്യക്ഷക്കസേര

മന്ത്രിക്കസേരയ്ക്ക് മേലെ ഒരു അധ്യക്ഷക്കസേര

ജോസഫ് വര്‍ഗീസ്

കേരളത്തിലെ കോണ്‍ഗ്രസില്‍ കെ.കരുണാകരന്‍റെ അപ്രമാദിത്വത്തിന് ശേഷം കെ.പി.സി.സി.അധ്യക്ഷന്‍ എന്ന സംഘടനാപദവിക്ക് പാര്‍ട്ടിയിലും പുറത്തും വലിയ വിലയൊന്നുമില്ലായിരുന്നു. സമീപ ചരിത്രത്തില്‍ നിരുപദ്രവകാരികളായ സി.വി.പത്മരാജന്‍, തെന്നല ബാലകൃഷ്ണപിള്ള തുടങ്ങി ഒരു മന്ത്രി പദവിക്ക് വേണ്ടി അധ്യക്ഷ സ്ഥാനം വലിച്ചെറിഞ്ഞ കെ.മുരളീധരന്‍, രമേശ് ചെന്നിത്തല തുടങ്ങിയവരുടെട കീഴിലായിരുന്നു കോണ്‍ഗ്രസ് എന്ന ഭീമന്‍സംഘടന.ഗ്രൂപ്പ് പോരിന്‍റെ ബലാബല നിര്‍ണയത്തിന് അപ്പുറത്തേയ്ക്ക് വലിയ പ്രസക്തിയൊന്നും ഇല്ലാതിരുന്ന ഈ പദവിക്ക് അപ്രതീക്ഷിതമായി ലഭിച്ച ഒരു അംഗീകാരമായിട്ടാണ് വി.എം.സുധീരന്റെ നിയമനം വിലയിരുത്തപ്പെടുന്നത്.

എത്ര പെട്ടന്നാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഒരു മുഖ്യമന്ത്രിയുടെ മുകളിലേയ്ക്ക് കെ.പി.സി.സി.പ്രസിഡന്‍റ് സ്ഥാനം ഉയര്‍ന്നത്. കെ.പി.സി.സി.പ്രസിഡന്‍റായിരുന്ന കെ.മുരളീധരന്‍ രാജിവച്ച് വൈദ്യുതി വകുപ്പ്മന്ത്രിയായതും ഉപതെരഞ്ഞെടുപ്പില്‍ തോറ്റ് പിന്നീട് പാര്‍ട്ടി വിട്ട് പോയതും ഏറ്റവും ഒടുവില്‍ രമേശ് ചെന്നിത്തലക്ക് പ്രസിഡന്‍റ് സ്ഥാനം ഒഴിയേണ്ടി വന്നപ്പോള്‍ അഭ്യന്തരമന്ത്രിയെന്ന സുരക്ഷിതസ്ഥാനം തേടിപ്പോയതും അക്ഷരാര്‍ത്ഥത്തില്‍ ഇന്നലെ വരെ ഈ സ്ഥാനത്തിന് അവമതിപ്പ് ഉണ്ടാക്കിയിരുന്നു. ഇപ്പോള്‍ നമ്മള്‍ തിരിച്ചറിയുന്നു വ്യക്തികളെ സ്ഥാനങ്ങള്‍ അലങ്കരിക്കുകയല്ല, സ്ഥാനങ്ങള്‍ സമുന്നത വ്യക്തിത്വങ്ങളാല്‍ അലങ്കരിക്കപ്പെടുകയാണെന്ന്.


ഉപജാപക രാഷ്ട്രീയത്തിന് ചെക്ക് പറയാന്‍ രാഹുല്‍ഗാന്ധി തയാറായതിന്‍റെ ലക്ഷണമാണ് സുധീരന്‍റെ അധ്യക്ഷപദവി. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോള്‍ സമുദായ-സംസ്ഥാന രാഷ്ട്രീയമേലാളന്മാരുടെ മുകളിലൂടെയാണ് ഹൈക്കമാന്‍റ് ഈ കസേര വി.എമ്മിന് നീട്ടികൊടുത്തത്.

നൂറ് ന്യായങ്ങള്‍ നിരത്തി അവതരിപ്പിക്കപ്പെടുന്ന നേതാക്കളെ വിഴുങ്ങേണ്ടി വരുന്ന ജനങ്ങള്‍ക്ക് ഇത് തീര്‍ത്തും വ്യത്യസ്തമായ അനുഭവമാണ്. കെ.എസ്.യു.വിന്‍റെ നാലാമത്തെ പ്രസിഡന്‍റായിരുന്ന സുധീരന്‍ കെ.പി.സി.സിസി.പ്രസിഡന്‍റാകുമ്പോള്‍ കെ.എസ്.യുവിന്‍റെ സ്ഥാപക നേതാവും കേന്ദ്രമന്ത്രിയുമായ വയലാര്‍ രവി വരെ ദൃശ്യമാധ്യങ്ങളില്‍ വന്ന് അഭിനന്ദനങ്ങള്‍ രേഖപ്പെടുത്തുന്നതിനെ ചെറുതായി കാണാനാവില്ല.

സുധീരന്‍റെ സ്ഥാനലബ്ധിയുടെ പകിട്ട് കുറക്കാന്‍ വൈരനിര്യാതന ബുദ്ധിയോടെ വെള്ളാപ്പള്ളി നടേശന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഒരു വാര്‍ത്തയ്ക്ക് അപ്പുറം ആയുസുണ്ടാകില്ല. വി.ടി.ബല്‍റാം എം.എല്‍.എ.പറഞ്ഞത് പോലെ കേരളത്തിലെ ഗ്രൂപ്പ് മാനേജര്‍മാര്‍ക്കേറ്റ കേവലം ഒരു തിരിച്ചടിമാത്രമല്ല ഇത്. അതിലുപരി കെ.പി.സി.സിസി.പ്രസിഡന്‍റ് സ്ഥാനത്തേക്ക് ജി.കാര്‍ത്തികേയന്‍റെ പേര് ഒരുമിച്ച് നിര്‍ദ്ദേശിച്ച ഉമ്മന്‍ചാണ്ടിയും രമേശ്‌ ചെന്നിത്തലയും കളിയില്‍ പരാജയപ്പെട്ടവരുടെ കളത്തില്‍ പോലുമില്ല എന്നതാണ് സത്യം. എന്തൊക്കെയാണെങ്കിലും കേരളത്തിലെ സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഹൃദയം നിറഞ്ഞാഹ്ലാദിക്കാന്‍ ഒരവസരമുണ്ടായിരിക്കുന്നു. എതിര്‍ രാഷ്ട്രീയപാര്‍ട്ടിക്കാര്‍ക്കാവട്ടെ ആശങ്കയും.


വി.എം.സുധീരന്‍ കെ.പി.സി.സി.പ്രസിഡന്‍റ് ആയപ്പോള്‍ കേരള നേതാക്കളുടെ താല്‍പര്യത്തെ ഹൈക്കമാന്‍റ് അവഗണിച്ചു എന്ന് പറയുന്നത് പ്രത്യേകം ശ്രദ്ധേയമാണ്. കാരണം തങ്ങള്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്ന പക്ഷത്താണ് സുധീരന്‍റെ നില്‍പ്പ് എന്ന് അവര്‍ക്കറിയാം. അത് മണ്ണിന്‍റെയും മരങ്ങളുടേയും ദളിതന്റെയും സ്ത്രീയുടേയും പക്ഷമാണ്. ആത്യന്തികമായി യഥാര്‍ത്ഥ ഇടതുപക്ഷം. പാര്‍ട്ടി അധികാരത്തിലിരിക്കുമ്പോള്‍ എന്തും വിളിച്ച് പറയാന്‍ ഇനി കഴിയുമോ എന്ന് കണ്ടറിയണം.

കേരളത്തിലെ കോണ്‍ഗ്രസില്‍ ഇനി വി.എം.സുധീരന്‍റെ പരീക്ഷണ കാലമാണ്. പാര്‍ട്ടി, പ്രവര്‍ത്തകര്‍ക്കും സാധാരണക്കാര്‍ക്കും എന്ന സുധീരന്റെ ലക്ഷ്യം പൂവണിയുമോ എന്ന് കാത്തിരുന്ന് കാണാം. ഇന്നലെകളിലെ പാര്‍ട്ടിയുടെ ശല്യക്കാരന്‍ ഇനി പാര്‍ട്ടിയെ നയിക്കുമ്പോള്‍ എന്തെങ്കിലും സംഭവിക്കുമോയെന്ന് പ്രതീക്ഷയോടെ കാത്തിരിക്കാനെങ്കിലും ആകുമല്ലോ ജനാധിപത്യകേരളത്തിന്.


Next Story

Related Stories