TopTop
Begin typing your search above and press return to search.

ഞങ്ങളുടെ ചങ്ങാതി മാഷ്

ഞങ്ങളുടെ ചങ്ങാതി മാഷ്

സഫിയ


നിനക്കു സ്വന്തമായ

ഒരു മുഖമുണ്ടെങ്കില്‍

കരയുകയും ചിരിക്കുകയും ചെയ്യുന്ന

മനുഷ്യന്‍റെ മുഖം കാണാന്‍

ഞാന്‍ നിനക്കൊരു കണ്ണാടി തരാം


(കണ്ണാടി- ഡി വിനയചന്ദ്രന്‍)


കഴിഞ്ഞ ജനുവരിയില്‍ മാഷെ കാണാന്‍ ഞാന്‍ (ഒപ്പം അമ്മുവും, സാജുവും) ഒരു മാസം മുന്പു ആയുര്‍വേദ കോളേജിനടുത്തുള്ള വാടക വീട്ടില്‍ ചെന്നിരുന്നു. ബ്രണ്ണന്‍ കോളേജിലെ ഞങ്ങളുടെ സുഹൃത്തും കവിയുമായ എ എന്‍ പ്രദീപ് കുമാറിന്‍റെ ഓര്‍മ്മ ദിവസമായ പത്താം തീയതി കോളേജിലേക്ക് ക്ഷണിക്കാന്‍ വേണ്ടിയായിരുന്നു ഞങ്ങള്‍ പോയത്. അതിരംപുഴയിലെ വീട് പോലെ തന്നെയായിരുന്നു ഇവിടത്തെയും വീട്. നാട്ടിട വഴിപോലെയായിരുന്നു വീട്ടിന്നകം. കഷ്ടിച്ച് നടക്കാം. ഇരുവശത്തും പുസ്തകങ്ങള്‍. ഗോവണിപ്പടിയിലും വാഷ് ബെയ്സിനിലും എല്ലാം. അതിരംപുഴയിലെ വീട്ടില്‍ പോകാറുള്ള സമയത്ത് ഇതെല്ലാം അടുക്കി വെച്ചു തരട്ടെ എന്നു ഞാന്‍ ചോദിക്കാറുണ്ടായിരുന്നു. ഏത് പുസ്തകം എവിടെയാണെന്ന് എനിക്കു നിശ്ചയമുണ്ട്.. അതൊന്നും ആനക്കാതിരുന്നാ മതി..എന്നു മാഷ് പറയും.


വിളിച്ച് പറഞ്ഞതുകൊണ്ടു മാഷ് ഗെയ്റ്റില്‍ തന്നെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ഞങ്ങളെ കണ്ടപ്പോള്‍ എന്നത്തേയും പോലെ അകത്തുപോയി കുറച്ചു കല്‍ക്കണ്ടവുമായി വന്നു. അമ്മുവിന് കൊടുത്തു. ഇപ്പോഴെന്താ ഒന്നും എഴുതാറില്ലേ എന്നു എന്നോടു ചോദിച്ചു. പിന്നെ മാഷ് തന്നെ ആത്മഗതമായി പറഞ്ഞു, ചിലരങ്ങനെയാണ്.. കുറച്ചെഴുതി അങ്ങ് നിര്‍ത്തൂം. യാതൊരു വിവരമുണ്ടാകില്ല പിന്നീട് അവരെക്കുറിച്ച്.


തലശ്ശേരിയില്‍ മാഷ് കുഞ്ഞനുണ്ണി എന്ന കവിതയാണ് ചൊല്ലിയത്. വീട് വിട്ടുപോയ കുഞ്ഞനുണ്ണിയെ തേടിയുള്ള യാത്രയാണ് കവിത. ഈ ഭൂമി വിട്ടുപോയ ഞങ്ങളുടെ ചങ്ങാതിക്കുള്ള ഒരു കാവ്യാഞ്ജലി തന്നെയായിരുന്നു ആ കവിത. മാഷ് കവിത ചൊല്ലി തീര്‍ന്നപ്പോഴേക്കും ഒരു തോരാമഴയില്‍ നനഞ്ഞ് കേറി വന്നത് പോലെ തോന്നി. അന്ന് മാഷവിടെ പറഞ്ഞു, “ഒരാള്‍ എത്രകാലം ജീവിച്ചു എന്നല്ല പ്രധാനം. എങ്ങനെ ജീവിച്ചു എന്നുള്ളതാണ്.”


മാഷ് പണ്ട് പഠിപ്പിച്ച കോളേജാണ് ബ്രണ്ണന്‍. പരിപാടിയും കഴിഞ്ഞ് മാഷ് ഇറങ്ങി വരുന്നതും കാത്ത് കുറേ സുഹൃത്തുക്കള്‍ നില്‍ക്കുന്നുണ്ടായിരുന്നു. ചങ്ങാതിമാര്‍ക്കിടയിലൂടെ ചിരിച്ചുകൊണ്ട് മാഷ് അപ്രത്യക്ഷനായി, എന്നത്തേയും പോലെ.


കോട്ടയം സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ പഠിക്കുമ്പോള്‍ അദ്ധ്യാപകന്‍ എന്നതിനെക്കാളുപരി മാഷ് ഞങ്ങള്‍ക്കൊരു നല്ല ചങ്ങാതി ആയിരുന്നു. മാഷ് പ്രസംഗിക്കാന്‍ (അല്ല കവിത ചൊല്ലാന്‍) പോകുന്ന പരിപാടികളിലെല്ലാം ഞങ്ങളെയാരെയെങ്കിലും കൊണ്ടുപോകുമായിരുന്നു. അവിടെ വച്ച് വലിയ എഴുത്തുകാരൊക്കെയായിട്ടാണ് ഞങ്ങളെ പരിചയപ്പെടുത്തുക. മാഷുടെ ഓര്മ്മ നിറഞ്ഞു നില്‍ക്കുന്ന ഒരിടം ലെറ്റേര്‍സിലെ നടുമുറ്റമാണ്. അവിടെയാണ് ഞങ്ങള് എല്ലാ വ്യാഴാഴ്ചയും വ്യാഴവട്ടമെന്ന പേരില്‍ കവിത ചൊല്ലിയിരുന്നത്. മാഷുടെ ചൊല്‍ക്കാഴ്ച കാണല്‍ വല്ലാത്തൊരനുഭവമായിരുന്നു. പിന്നെ ലെറ്റേര്‍സിന്റെ വരാന്തയിലിരുന്നു മാഷ് നാടന്‍പാട്ടുകള്‍ ഉറക്കെയുറക്കെ ചൊല്ലിതന്നത് ആവേശത്തോടെ ഞങ്ങള്‍ അതെറ്റ് ചൊല്ലിയിരുന്നത് എല്ലാം ഇന്നലെ കഴിഞ്ഞപോലെ തോന്നുന്നു.


യാത്രകള്‍ മാഷ്ക്കു കവിത തന്നെയായിരുന്നു..ഇടയ്ക്കു കുറച്ചു ദിവസത്തേക്കു മാഷെ കാണില്ല..ആ ദിവസങ്ങളില്‍ ലെറ്റേഴ്സില്‍ വല്ലാത്തൊരു നിശബ്ദതയാണ്. പിന്നെ പെട്ടെന്നൊരു ദിവസം വേനല്‍ മഴപോലെ മാഷ് പ്രത്യക്ഷപ്പെടും. യാത്രയിലെ വിശേഷങ്ങള്‍ പങ്കുവെക്കും. മാഷ് ഞങ്ങള്‍ക്കായി എന്തെങ്കിലുമൊക്കെ കരുതിയിട്ടുണ്ടാവും.


മാഷോടോത്ത് കുറേ യാത്രകള്‍ പോകാന്‍ പറ്റിയിട്ടുണ്ട്. ആതിരപ്പള്ളി, കല്ലില്‍ ക്ഷേത്രം, ഹൈദര്‍ബാദ് യാത്ര അങ്ങനെ കുറേ യാത്രകള്‍ മാഷോടോത്തു നടത്തിയിട്ടുണ്ട്. ക്ലാസ്മുറിയിലെ അറിവുകളെക്കാള്‍ എത്രയോ വലുതായിരുന്നു മാഷ് ഇത്തരം യാത്രകളില്‍ ഞങ്ങള്‍ക്കു പകര്‍ന്നു തന്നിരുന്നത്.


ആദ്യത്തെ യാത്ര തേക്കടിയിലേക്കായിരുന്നു. ഞങ്ങള്‍ കാട്ടിലേക്ക് നടന്നു തുടങ്ങിയപ്പോഴേക്കും മാഷ് കാടിന്റെ വന്യതയിലേക്ക് അപ്രത്യക്ഷനായിരുന്നു. പ്രകൃതിയെ കുറിച്ച് എത്ര സംസാരിച്ചാലും മാഷ്ക്ക് മതിയാവില്ല. കവിതയും പ്രകൃതിയും മാഷ്ക്ക് ഒന്നു തന്നെയായിരുന്നു. ലെറ്റേഴ്സിന് ചുറ്റും മരങ്ങള്‍ വെച്ചുപിടിപ്പിക്കാന്‍ മാഷ് എപ്പോഴും ഉല്‍സാഹിച്ചിരുന്നു. മഴതുടങ്ങിയാല്‍ മാഷ് എവിടെനിന്നെങ്കിലും ചെടിക്കമ്പുകള്‍ കൊണ്ടുവരും. ഞങ്ങളെ വിളിക്കും, ഞങ്ങള്‍ കൂടെച്ചെല്ലും. ഒരു കൊച്ചുകുട്ടിയുടെ ഉല്‍സാഹത്തോടെ മാഷ് ചെടികള്‍ നടും. വേനല്‍ക്കാലത്ത് വെള്ളം ഒഴിക്കാനും മാഷ് മറക്കാറില്ല.

കോട്ടയത്തു വരുന്ന എല്ലാ സാഹിത്യകാരന്മാരെയും മാഷ് ഞങ്ങള്‍ക്കുവേണ്ടി ലെറ്റേഴ്സില്‍ കൊണ്ടുവരുമായിരുന്നു. അവരോടോത്തു സംവദിക്കാനുള്ള അവസരം മാഷ് ഉണ്ടാക്കിത്തരും. മാഷോടോത്ത് ചില വേദികളില്‍ കവിതചൊല്ലാന്‍ എനിക്കു അവസരം ഉണ്ടായിട്ടുണ്ട്. മാഷുടെ നിര്‍ബ്ബന്ധമായിരുന്നു അതിനുപിന്നില്‍. മാഷുടെ കൂടെ ഒ വി വിജയനെ കാണാന്‍ പോയത് മറക്കാനാവാത്ത ഓര്‍മകളില്‍ ഒന്നാണ്. ഖസാഖിന്റെ ഇതിഹാസകാരന്റെ മുന്നില്‍ കവിതചൊല്ലാന്‍ കഴിഞ്ഞത് എന്‍റെ ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്നായിട്ടാണ് കരുതുന്നത്.


മാഷുടെ എനിക്കേറ്റവും ഇഷ്ടമുള്ള കവിത ‘വീട്ടിലീക്കുള്ള വഴി’യായിരുന്നു. പലതവണ മാഷ് അതെനിക്കുവേണ്ടി ചൊല്ലിതന്നിട്ടുണ്ട്. ഒരുദിവസം ആ കവിത ചൊല്ലിയതിനുശേഷം എന്റെ കണ്ണുകള്‍ നനഞ്ഞിരിക്കുന്നത് കണ്ടു മാഷ് പറഞ്ഞു ഇനി ഈ കവിത ചൊല്ലിത്തരില്ലെന്ന്. അമ്മയില്ലാത്ത വീട് വീടാവില്ല എന്ന സത്യം മാഷെപോലെ നേരത്തെ അനുഭവിച്ചത് കൊണ്ടാവാം ആ കവിത എനിക്കേറ്റവും പ്രിയപ്പെട്ടതായത്. മാഷ് എഴുതുന്ന പുതിയ കവിതകള്‍ ചിലപ്പോള്‍ പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് ചൊല്ലിക്കേള്‍പ്പിക്കുമായിരുന്നു.


തിരുവനന്തപുരത്ത് ചലച്ചിത്രോത്സവത്തില്‍ മാഷ് മറ്റൊരാളായിരുന്നു. ആരെയും അധികം ശ്രദ്ധിക്കാതെ കാത്തുനില്‍ക്കാതെ തിയറ്ററുകളില്‍ നിന്ന് തിയറ്ററുകളിലേക്ക് ഒഴുകുന്ന മാഷ്. ചലച്ചിത്രങ്ങളോട് വല്ലാത്തൊരു അഭിനിവേശം മാഷ്ക്കുണ്ടായിരുന്നു. തിരക്കിനിടയില്‍ ഒഴുകി നടക്കുന്ന പലതരം തൊപ്പികളിലൂടെയായിരുന്നു മാഷുടെ സാന്നിധ്യം ഞങ്ങളറിഞ്ഞിരുന്നത്.


മാഷെക്കുറിച്ച് എഴുതി തുടങ്ങിയാല്‍ അത് മാഷുടെ കവിത പോലെ ത്തന്നെയാണ്. ഒരിക്കലും അവസാനിക്കില്ല. മാഷിന്‍റെ മരണ വാര്‍ത്തയറിഞ്ഞ് പുതിയ തലമുറയിലെ ഒരു കവി ഫേസ്ബുകില്‍ ഇട്ട പോസ്റ്റ് ഇതായിരുന്നു, “ആമസോണ്‍ വനങ്ങളാണ് പെട്ടെന്നു അപ്രത്യക്ഷമായത്.”


Next Story

Related Stories