Top

അവിടെ പാല് കാച്ചല്‍ ഇവിടെ താലി കെട്ട്

അവിടെ പാല് കാച്ചല്‍ ഇവിടെ താലി കെട്ട്

കച്ചവടം പൂട്ടുമെന്ന് ഉറപ്പായതോടെ ചില അമ്മായിമാർക്ക് ശരിക്കും വട്ടാകുമെന്നാണ് തോന്നുന്നത്. സുധീരനെ കെ.പി.സി.സി അദ്ധ്യക്ഷനായി നിയമിച്ചു കൊണ്ടുളള ഹൈക്കമാൻഡ് ഓല ചാനലുകൾ വഴി വന്നപ്പോൾ തന്നെ മുഖ്യ അമ്മായി ഇതിന്‍റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി. ശ്രീധനം വാങ്ങാതെ മോൻ കെട്ടിയ മരുമോളെ കുറിച്ച് അമ്മായിയമ്മ പറയും പോലെ കെട്ടി പോയില്ലേ ഇനി അനുഭവിക്കാതെന്തു ചെയ്യുമെന്ന മട്ടിലൊരു തട്ട്. സുധീരന്‍റെ സ്ഥാനാരോഹണ ചടങ്ങിൽ നിന്നു വിട്ടു നിന്ന് വട്ടിന്‍റെ ലക്ഷണങ്ങൾ ആവർത്തിക്കുകയും ചെയ്‌തു.

പക്ഷെ ശരിക്കും പണി കിട്ടിയ അമ്മായി തന്‍റെ ഭാവി മുഖ്യമന്ത്രി കസേര തെറിക്കുമോയെന്ന വേദന ഉളളിലൊതുക്കി പക്വമായി പ്രതികരിക്കാനും സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാനുമുളള മര്യാദ കാട്ടി. ഹൈക്കമാൻഡുമായി ഒട്ടിയാൽ എന്തുകിട്ടും മുട്ടാൻ നിന്നാൽ എന്തു പോകും എന്നത് ഈ അമ്മായിക്ക് കൃത്യമായിട്ടറിയാം. എന്നാൽ ആൾ ബലവും ഗ്രൂപ്പുബലവും സാമ്പത്തിക ബലവുമുളള മുഖ്യ അമ്മായി പക്ഷെ അങ്ങനെയങ്ങ് വിട്ടു കൊടുക്കാൻ തയ്യാറല്ല. മുമ്പ് വാശി പിടിച്ച് രാഹുലന്‍റെ തീരുമാനം മാറ്റി സിദ്ദിഖ് മോന് സ്ഥാനം ഉറപ്പിച്ചു കൊടുത്തിട്ടുണ്ട് ഈ അമ്മായി. പക്ഷെ കാലം മാറി ഡൽഹിയിലെ രാഹുലൻ മോൻ ഇപ്പോൾ പഴയ ആളല്ലെന്നത് അമ്മായിക്ക് ഇനിയും അത്ര ബോധ്യം വന്നിട്ടില്ല. ഈ നിലക്കു പോയാൽ അധികം വൈകാതെ അതു ശരിക്കും ബോധ്യപ്പെടും.
സംസ്ഥാന വികസനം സംബന്‌ധിച്ച മുഖ്യമാന വിഷയങ്ങളൊന്നും ചർച്ച ചെയ്യേണ്ടതു കൊണ്ടല്ല മുഖ്യ അമ്മായി വിട്ടു നിന്നത്. തന്നെ ഒതുക്കാനായി ഇങ്ങനെയാരു മരുമകളെ കെട്ടിയേൽപ്പിച്ചതിലുളള കെറുവ് ഹൈക്കമാൻഡിനെയും കോൺഗ്രസുകാരെയും ബോധ്യപ്പെടുത്താൻ തന്നെയാണ്. ഏത് ആൾക്കുട്ടത്തിനു നടുവിൽ നിന്നും ബാക്ക് അപ്പ് ഇല്ലാത്ത വെബ് ക്യാമറയ്‌ക്കു മുന്നിൽ നിന്നും അതീവ രഹസ്യമായി കാര്യങ്ങൾ നീക്കാൻ കഴിയുന്ന മുഖ്യന്‍റെ വെബ് ക്യാമറാ ദൃശ്യങ്ങൾ ചാനലുകൾ തൽസമയം ജനങ്ങളെ കാണിച്ചു. ഏതോ ചില നേതാക്കന്മാരുമായി കസേരയിൽ നിന്ന് എഴുന്നേറ്റു മാറി നിന്ന് പതിവു കുശുകുശുക്കൽ നടത്തുന്നു. എഴുന്നേറ്റു നിന്നാലെ ഈ അമ്മായിക്ക് ചർച്ച വരൂ. ഇരുന്ന് ചർച്ച പറ്റില്ലേയെന്ന സംശയം ഇതോടെ ബലപ്പെട്ടു. എന്തായാലും വിളിപ്പാടകലെ പാർട്ടിയുടെ പുതിയ അദ്ധ്യക്ഷന്റെ സ്ഥാനാരോഹണ ചടങ്ങിൽ നിന്നു വിട്ടു നിൽക്കാൻ പാകത്തിലുളള കനപ്പെട്ട യോഗങ്ങളൊന്നുമല്ല അവിടെ നടന്നതെന്ന് തിരിച്ചറിയാൻ ഈ ദൃശ്യങ്ങൾ മതി.
ഉമ്മൻ- ചെന്നിത്തല കോ കറക്കു കമ്പനി പൂട്ടിക്കെട്ടിക്കാൻ തന്നെയാണ് രാഹുല കുമാരന്‍റെ നീക്കമെന്ന് വ്യക്തം. ഇരു വരും ഒന്നിച്ചു നടത്തിയിരുന്ന സർവ്വ കച്ചവടങ്ങൾക്കും അംഗീകാരം നൽകുന്ന പതിവാണ് ഇവിടെ തെറ്റിയത്. രണ്ടു ഗ്രൂപ്പായിരുന്നെങ്കിലും ഇതു പോലെ മനപൊരുത്തമുളള രണ്ടു നേതാക്കൾ അടുത്ത കാലത്തൊന്നും കേരളത്തിലെ കോൺഗ്രസിനെ നയിച്ചിട്ടില്ല. മുറത്തിൽ കയറി കൊത്താനുളള ചെന്നിത്തലയുടെ ആഭ്യന്തര ആഗ്രഹത്തിൽ മാത്രമാണ് ഇരുവരും തെറ്റിയിട്ടുളളത്. ഒന്നിച്ചായിരുന്ന നടപ്പും കിടപ്പും ഓട്ടവുമെങ്കിലും അന്ന് പണി പാലും വെളളത്തിൽ തന്നെ മുഖ്യ അമ്മായി കൊടുത്തു. ഒടുവിൽ നാണം കെടുന്നതിന്‍റെ എല്ലാ പരിധിയും കഴിഞ്ഞാണ് മുറത്തിന്‍റെ വശത്തെങ്കിലും കൊത്താൻ അവസരം നൽകിയത്. ഇങ്ങനെയൊക്കെയാണെങ്കിലും ഇരുവരും തമ്മിലുളള പൊരുത്തം കേരളത്തിലെ കോൺഗ്രസ് ചരിത്രത്തിൽ പുതുമയായിരുന്നു. കെ. കരുണാകരനും ആന്‍റണിയും നയിച്ചപ്പോൾ ഇരുവരും തമ്മിൽ വ്യത്യാസം പ്രകടമായിരുന്നു. ആന്‍റണിയും മുരളിയും വന്നപ്പോഴും ഒന്നിച്ചു പോയെങ്കിലും രണ്ടും രണ്ടു തരക്കാർ തന്നെയായിരുന്നു.

ഈ അമ്മായിമാർ തമ്മിൽ ചേർന്നതോടെയാണ് ചക്കിക്കൊത്ത ചങ്കരൻ എന്ന പ്രയോഗം പോലും അന്വർത്ഥമായതെന്നും ഭാഷാ പണ്ഡിതന്മാർക്ക് അഭിപ്രായമുണ്ട്. ഇങ്ങനെയുണ്ടോ ഒരു ചേർച്ച നീ രണ്ടെടുത്തോ ഞാനൊരു രണ്ടര എടുക്കും. നീ ഈ മുതലാളിക്ക് കൊടുത്തോ ഞാൻ മറ്റേ മുയലാളിക്ക് കൊടുത്തോളം. കമ്മറ്റി കിമ്മറ്റി തുടങ്ങിയ പരിപാടിയെല്ലാം മാറ്റി. സ്ഥാനമാനങ്ങളും കസേരകളും ഇരുവരും സ്വന്തക്കാർക്ക് വീതിച്ചു നൽകി. തങ്ങളിൽ കണ്ടാൽ അറിയാത്ത ഭാരവാഹികൾക്ക് ഒന്നിച്ചു കാണാനായി ഒരിക്കൽ പോലും നിർവാഹക സമിതി യോഗം വിളിച്ചിട്ടേയില്ല.
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയം അടക്കം ഇരുവരും മനക്കോട്ടകൾ പലതും കെട്ടിയതാണ്. തങ്ങളുടെ സർവ്വ കച്ചവടത്തിനും മറപിടിക്കാൻ പറ്റിയതും ഭാവിയിൽ ഒരു തരത്തിലും അപകടം ഉണ്ടാക്കാത്തതും നാലാൾ കാണെ മുന്നിൽ നിർത്താൻ പറ്റിയതുമായ ഒരാളെ രണ്ടു പേരും ചേർന്ന് നിർദ്ദേശിച്ചെങ്കിലും ഇങ്ങനെ ചെപ്പക്കുറ്റിക്ക് അടി കിട്ടുമെന്ന് അതും രാഹുലൻ പയ്യൻ ചെയ്യുമെന്ന് ഇരുവരും കരുതിയില്ല. വെക്കാവുന്ന പാര മുഴുവൻ വച്ചതാണ്. കല്ലു കരട് കാഞ്ഞിരക്കുറ്റി മുതൽ മുളളു മുരുക്ക് മൂർഖൻ പാമ്പു വരെയുളള കോൺഗ്രസിലെയും ഭരണത്തിലെയും സർവ്വ വിഷങ്ങളും ഒന്നിച്ചു നിന്ന് തടയാൻ നോക്കിയിട്ടും നടന്നില്ല. ഹൈക്കമാൻഡ് തീരുമാനം വന്നപ്പോൾ എട്ടുകാലി മമ്മൂഞ്ഞു വേഷം അണിഞ്ഞ സാമുദായിക നേതാവും കരി മണൽ കർത്താക്കന്മാരും മലപ്പുറം കച്ചവടക്കാരും പണി പതിനെട്ടും പയറ്റിയതാണ് ഒതുക്കാൻ പക്ഷെ നടന്നില്ല.

പിന്നിൽക്കുത്ത്
അവിടെ പാലു കാച്ച് ഇവിടെ കല്യാണം എന്നു പറയുമ്പോലെയാണ് സി.പി.എമ്മിന്‍റെ കാര്യം. സർവ്വ കളളന്മാരുടെയും ആവാസ വ്യവസ്ഥയായ കോൺഗ്രസ് ആദർശവും പൊതു സമ്മതിയും നോക്കി സുധീരനെ ഇറക്കി വോട്ടു പിടിക്കാൻ നോക്കുന്നു. ഇവിടെ പത്ത് വോട്ടു പിടിക്കാൻ ശേഷിയുളള ഏക നേതാവായ വി.എസിനെ ചവിട്ടി പുറത്താക്കാൻ ഇതേ വി.എസിന്‍റെ ഫോട്ടം വച്ച് വോട്ടു നേടി ജയിച്ച നേതാക്കളെല്ലാം കൂടി പെടാപ്പാടുപെടുന്നു.


Next Story

Related Stories