Top

കുട്ടികളുടെ കാര്യത്തില്‍ ഇത്ര ആധിയുടെ ആവിശ്യമെന്ത്?

കുട്ടികളുടെ കാര്യത്തില്‍ ഇത്ര ആധിയുടെ ആവിശ്യമെന്ത്?

ജെസിക്ക ഗ്രോസ് (സ്ലേറ്റ്)

അമ്മമാരുടെ കഷ്ടപ്പാടുകളെപ്പറ്റി പലപ്പോഴും മാധ്യമങ്ങള്‍ ചര്‍ച്ചചെയ്യാറുണ്ട്. കുട്ടിയെ പരിരക്ഷിക്കല്‍, ഉറക്കം ഉപേക്ഷിക്കല്‍ എന്നിങ്ങനെ പ്രശ്നങ്ങള്‍ പലതാണ്. കുട്ടികള്‍ കൊണ്ടുവരുന്ന സന്തോഷങ്ങളെപ്പറ്റിയും പല മാതാപിതാക്കളും പറയാറുണ്ട്. നിങ്ങളുടെ ചെറിയ കുഞ്ഞിന്റെ പുഞ്ചിരി, നിങ്ങളുടെ ഏഴുവയസുകാരന്‍ ഒരു കണക്ക് കൃത്യമായി ചെയ്യാന്‍ പഠിക്കുന്നത്, നിങ്ങളുടെ കൗമാരക്കാരിയുടെ കൂടെ ഗോസിപ്പ് പറഞ്ഞിരുന്ന് ഭക്ഷണം കഴിക്കുന്നത്, ഒക്കെ സന്തോഷങ്ങളാണ്.

ഒരു കുട്ടിയുടെ അമ്മയും ന്യൂയോര്‍ക്ക് മാഗസിന്‍ എഡിറ്ററുമായ ജെന്നിഫര്‍ സീനിയര്‍ കുട്ടികളെ വളര്ത്തുന്നതിലെ ഈ സന്തോഷങ്ങളെയും കഷ്ടപ്പാടുകളെയും പറ്റി എഴുതിയ പുസ്തകമാണ് ഓള്‍ ജോയ് ആന്‍ഡ് നോ ഫണ്‍ എന്നത്. ആധുനിക മാതാപിതാക്കളുടെ ജീവിതശൈലികളെപ്പറ്റിയുള്ള ഒരു സൂക്ഷ്മ നിരീക്ഷണമാണ് ഈ പുസ്തകം.

ഇരുപതാം നൂറ്റാണ്ടുവരെയെങ്കിലും മാതാപിതാക്കള്‍ എങ്ങനെയാവണം എന്നോ കുട്ടികള്‍ എങ്ങനെയാവണം എന്നോ ഒന്നും ആരും അധികം ചര്‍ച്ച ചെയ്തിരുന്നില്ല. നിങ്ങള്‍ക്ക് നിങ്ങളുടെ കൂടെ കൃഷി ചെയ്യാന്‍ ആളുകളെ ആവശ്യമുണ്ടായപ്പോള്‍ നിങ്ങളുടെ കുട്ടികള്‍ സഹായത്തിനെത്തി. നിങ്ങള്‍ നിങ്ങളുടെ കുട്ടിയെയും കൃഷിക്കാരനാവാന്‍ പഠിപ്പിച്ചു. കുട്ടിയും കുടുംബത്തിനുവേണ്ടി അതേ ജോലി തന്നെ ചെയ്തു. എന്നാല്‍ പതിയെ കുട്ടികള്‍ വേണമോ വേണ്ടയോ എന്നൊക്കെ ആളുകള്‍ തീരുമാനിക്കാന്‍ തുടങ്ങി. കുട്ടികള്‍ കുടുംബങ്ങളുടെ ജോലിയില്‍ പങ്കുചേരാതായി. മതാപിതാക്കളാവുക ഒരു തീരുമാനമായി മാറിയപ്പോള്‍ ആ തീരുമാനത്തില്‍ നിന്നും സമൂഹം കൂടുതല്‍ കാര്യങ്ങള്‍ പ്രതീക്ഷിക്കാന്‍ തുടങ്ങി. നമ്മുടെ ജീവിതത്തിന്‍റെ ഭാഗം എന്നതിനെക്കാള്‍ നമ്മുടെ അസ്തിത്വത്തിന്‍റെ പൂര്‍ത്തീകരണമായി നമ്മള്‍ കുട്ടികളെ കണ്ടുതുടങ്ങി.

എഴുത്തുകാരിയുമായി നടത്തിയ ഒരു അഭിമുഖത്തില്‍ കഴിഞ്ഞ മുപ്പതുവര്‍ഷത്തിനിടെ കുട്ടികളെ വളര്‍ത്തല്‍ മാറിയത് എങ്ങനെയൊക്കെയാണ് എന്ന് അവര്‍ ചര്‍ച്ച ചെയ്യുന്നു.
ജെസിക്ക ഗ്രോസ്: കഴിഞ്ഞ നൂറ്റാണ്ടില്‍ കുട്ടികളെ വളര്‍ത്തല്‍ എങ്ങനെയൊക്കെ മാറി എന്ന് നിങ്ങളുടെ പുസ്തകത്തില്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ മുപ്പതു വര്ഷം കൊണ്ടാണ് അത് കൂടുതല്‍ ഭ്രാന്തമായ ഒരവസ്ഥയിലെത്തിയത് എന്ന് പറയാം. എന്‍റെ മാതാപിതാക്കളുടെ കാലത്ത് ഇത്രയധികം സന്തോഷകരമായ പ്രതീക്ഷകളുടെ ഭാരം ഉണ്ടായിരുന്നുവെന്ന് തോന്നുന്നില്ല. കുട്ടികളെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ ഇത്രയധികം സമ്മര്‍ദ്ദവും ഉണ്ടായിരുന്നില്ല. എന്തുകൊണ്ടാണ് ഈ മാറ്റം ഇപ്പോള്‍ സംഭവിച്ചത്?

ജെന്നിഫര്‍ സീനിയര്‍: രണ്ട് ഉത്തരങ്ങളാണുള്ളത്. ഇന്നത്തെ മാതാപിതാക്കള്‍ ഒരു മാറ്റത്തിന്റെ കാലത്താണ് ജീവിക്കുന്നത്. മുന്‍ തലമുറകളില്‍ കുട്ടികളും ജോലികള്‍ ചെയ്തിരുന്നു. തങ്ങളുടെ കുടുംബങ്ങള്‍ക്ക് വേണ്ടി. എന്നാല്‍ 1940കളില്‍ ഏതാണ്ട് പകുതിയിലധികം അമേരിക്കന്‍ കൗമാരക്കാരും സ്കൂള്‍വിദ്യാഭ്യാസം നേടി. അന്നുവരെ ഏകദേശം പകുതിയിലധികം കുട്ടികളും കുടുംബത്തിനുവേണ്ടി ജോലി ചെയ്തിരുന്നു. ആത്മാഭിമാനം എന്ന ഒരു ലക്‌ഷ്യം ആളുകള്‍ക്ക് ഉണ്ടായതോടെ കുട്ടികളും വിലയേറിയതായി മാറി.

രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞതോടെ ആളുകള്‍ കുട്ടികളെ വല്ലാതെ സംരക്ഷിച്ച് വളര്‍ത്താന്‍ തുടങ്ങി. കുട്ടികള്‍ ജോലിചെയ്യുന്നവരല്ലാതായി മാറി. കുട്ടികള്‍ക്ക് ജോലികള്‍ ഇല്ലാതായതോടെ ആ സമയം കുട്ടികള്‍ എന്തുചെയ്യണം എന്നും നിങ്ങള്‍ എന്തു ചെയ്യണം എന്നുമൊക്കെ തീരുമാനിക്കേണ്ടിവന്നു. യുദ്ധം കഴിഞ്ഞപ്പോള്‍ അമേരിക്കയില്‍ സമൃദ്ധിയുണ്ടായി. നിങ്ങളുടെ ശമ്പളം മാത്രമുപയോഗിച്ചു നിങ്ങള്‍ക്ക് കുട്ടികളെ വളര്‍ത്താം എന്ന സ്ഥിതി വന്നു.

ഇപ്പോഴത്തെ അവസ്ഥ ഇതാണ്. കുട്ടികളെ എന്ത് എന്നറിയാത്ത ഒരു ഭാവിയിലേയ്ക്ക് നമ്മള്‍ വളര്‍ത്തണം. അവര്‍ വളരെ വിലയേറിയതാണെന്നും അവര്‍ക്ക് അപകടങ്ങള്‍ പിണഞ്ഞേക്കാമെന്നും നമുക്കുള്ള ധാരണകള്‍ കാരണം അവരില്‍ ആത്മാഭിമാനം വളര്‍ത്തിയെടുക്കാന്‍ നമ്മള്‍ ശ്രമിക്കുന്നു. മനുഷ്യന്റെ സന്തോഷം നേടിയെടുക്കാവുന്ന ഒന്നാണ് എന്ന തോന്നല്‍ ഉണ്ടായത് ഇരുപതാംനൂറ്റാണ്ട് മുതലാണ്.

അമ്പതുകളില്‍ തുടങ്ങി എഴുപതുകളില്‍ പാരമ്യത്തിലെത്തിയ ഒരു ബോധമാണത്. സ്ത്രീകള്‍ ജോലിക്ക് പോകാന്‍ കൂടി തുടങ്ങിയതോടെ സന്തോഷം സ്വയം കണ്ടെത്തിയാല്‍ മാത്രം പോര, കുട്ടികള്‍ക്ക് കണ്ടെത്തിക്കൊടുക്കുകയും വേണം എന്ന വിചാരമുണ്ടായി.

എന്നാല്‍ ഏറ്റവും വലിയ മാറ്റമുണ്ടായത് തൊണ്ണൂറുകളില്‍ ആഗോളവല്‍ക്കരണം സംഭവിച്ചതോടെയാണ്. നിങ്ങള്‍ക്ക് പ്രവചിക്കാന്‍ കഴിയാത്ത ഒരു ഭാവിയിലേയ്ക്ക് കുട്ടികളെ ഒരുക്കാന്‍ തുടങ്ങിയത് അപ്പോഴാണ്‌.
ജെസിക്ക: തങ്ങള്‍ക്ക് കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയാത്തതാണ് ആധുനികമാതാപിതാക്കളെ അസന്തുഷ്ടരാക്കുന്നത് എന്ന് തോന്നുന്നുണ്ടോ? പഴയ കാലത്തെക്കാള്‍ കൂടുതല്‍ കാലം സ്ത്രീകളും പുരുഷന്മാരും തനിച്ചുജീവിക്കുന്നുണ്ട് ഇപ്പോള്‍. നമ്മുടെ ജീവിതങ്ങള്‍ തനിയെ രൂപപ്പെടുത്തിയെടുക്കാന്‍ കഴിയും എന്ന് വിശ്വസിച്ചുജീവിച്ചുവരുമ്പോഴാണ് കുട്ടികള്‍ വരിക. ജീവിതം പഴയതുപോലെ വരുതിയില്‍ നില്‍ക്കാതെ വരുന്നതില്‍ അമ്പരപ്പ് തോന്നാം. നമ്മുടെ ജീവിതം മാത്രമല്ല കുട്ടികളുടെ ജീവിതവും നമ്മുടെ നിയന്ത്രണത്തിലല്ല പോവുക.

ജെന്നിഫര്‍: വളരെ ശരിയാണ്. നിങ്ങള്‍ക്ക് നിങ്ങളുടെ ജോലിയോ താമസസ്ഥലമോ ജീവിതപങ്കാളിയെയോ മാറ്റാം- മുന്‍പില്ലാത്ത പോലെയുള്ള സ്വാതന്ത്ര്യങ്ങള്‍ ഇന്ന് നമുക്കുണ്ട്. എന്നാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ കുട്ടിയില്‍ നിന്ന് നടന്നകലാന്‍ കഴിയില്ല.കുട്ടികളെ വളര്‍ത്തിയശേഷം എന്തു സംഭവിക്കും എന്നതും നിങ്ങള്‍ക്ക് നിയന്ത്രിക്കാനാകില്ല. അവര്‍ ആരായിത്തീരും എന്നതില്‍ നിങ്ങള്‍ക്ക് വളരെ കുറച്ചുമാത്രമേ ചെയ്യാനുള്ളൂ.
ജെസിക്ക: അതെ. ഒരു കുട്ടിയുടെ അമ്മ എന്നനിലയില്‍ എനിക്കിത് മനസിലാവും. ഗര്‍ഭകാലത്ത് എന്തൊക്കെ കഴിക്കുന്നു എന്നും മുലയൂട്ടുന്നുണ്ടോ എന്നും ഒക്കെ നമ്മള്‍ ചിന്തിച്ചുകൊണ്ടേയിരിക്കും. എന്നാല്‍ ഇതിനൊക്കെ ശേഷവും ഈ കുട്ടിയുടെ ജീവിതം നമുക്കു നിയന്ത്രിക്കാന്‍ കഴിയുകയൊന്നുമില്ല.ജെന്നിഫര്‍: എല്ലാം നിയന്ത്രിക്കാന്‍ കഴിയും എന്ന നമ്മുടെ ധാരണകളെ തിരുത്തുന്നത് കുട്ടികളാണ്, പ്രത്യേകിച്ച് കൗമാരക്കാര്‍. ചെറിയ ക്ലാസുകളില്‍ മാതാപിതാക്കള്‍ക്ക് തങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ കുട്ടികളെ വളര്‍ത്താന്‍ കഴിയും. എന്നാല്‍ കൗമാരപ്രായമായിക്കഴിഞ്ഞാല്‍ പിന്നെ കുട്ടി എന്താവാന്‍ ആഗ്രഹിക്കുന്നോ അതിന് സഹായങ്ങള്‍ നല്‍കുക മാത്രമാണ് മാതാപിതാക്കള്‍ ചെയ്യേണ്ടത്. ചിലരെ സംബന്ധിച്ച് ഇത് അംഗീകരിക്കല്‍ വലിയ ബുദ്ധിമുട്ടാണ്. അത് എളുപ്പമല്ല.
ജെസിക്ക: തങ്ങളുടെ പുസ്തകത്തില്‍ താങ്കള്‍ ഉപദേശങ്ങള്‍ ഒന്നും നല്‍കുന്നില്ല. എന്നാല്‍ ഇങ്ങനെയൊരു കഥ ഞാന്‍ അതില്‍ കണ്ടു. താന്‍ ഒരു നല്ല അമ്മയാണോ എന്ന് സംശയിക്കുന്ന ഒരു സ്ത്രീയുടെ കഥ. എന്നാല്‍ അവരുടെ ഭര്‍ത്താവ് താന്‍ ഒരു നല്ല അച്ഛനാണോ എന്ന് ചിന്തിച്ചു വേവലാതിപ്പെടുന്നില്ല. മറ്റുള്ളവര്‍ എന്താണ് ചെയ്യുന്നത് എന്ന് അയാള്‍ നോക്കാറേയില്ല. ഞാന്‍ ആണ് സ്റ്റാന്‍ഡേര്‍ഡ് എന്നാണ് അയാളുടെ പക്ഷം. ഈ പുസ്തകം വായിച്ചശേഷം ഞാനും പലവട്ടം പറഞ്ഞ ഒരു കാര്യമാണിത്. മറ്റുള്ള അമ്മമാര്‍ എന്തുചെയ്യുന്നു എന്ന് ഞാന്‍ നോക്കില്ല. ഞാനാണ് സ്റ്റാന്‍ഡേര്‍ഡ്!

ജെന്നിഫര്‍: പുരുഷന്മാര്‍ക്ക് ഇത് വളരെയെളുപ്പം ചെയ്യാന്‍ കഴിയും.അവര്‍ക്ക് അച്ചന്മാരുടെ കൂട്ടായ്മകളൊന്നും ഇല്ലല്ലോ. അവര്‍ കുട്ടികള്‍ക്ക് ചെറിയ പ്രശ്നങ്ങള്‍ വന്നാല്‍ പരിഹാരങ്ങള്‍ തിരക്കി വിഷമിക്കാറില്ല. എല്ലാ കാര്യത്തിലും ശ്രദ്ധവെച്ചാല്‍ തന്നെ അത് വലിയ കാര്യമായാണ് പൊതുവേ കരുതപ്പെടുന്നത്.
ജെസിക്ക: താങ്കള്‍ കുട്ടികളെ വളര്‍ത്തുന്ന രീതി മാറ്റിമറിച്ച എന്തെങ്കിലും അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ?

ജെന്നിഫര്‍: സന്തോഷമുള്ള മാതാപിതാക്കളുടെ കുട്ടികളും സന്തോഷമുള്ളവരായിരിക്കും എന്നതാണ് സത്യം. ഉച്ചത്തില്‍ വഴക്കു പറയുന്നത് കുട്ടികള്‍ക്ക് ഇഷ്ടമല്ല. അവരും അതേപോലെ സംസാരിക്കാന്‍ തുടങ്ങും. പറ്റുന്നത്ര സ്വയം നിയന്ത്രണം പരിശീലിക്കാവുന്നതാണ്. എപ്പോഴും സന്തോഷം മാത്രം പ്രകടിപ്പിക്കാന്‍ കഴിയുമെന്നല്ല, എങ്കിലും കഴിയുന്നത്ര ശാന്തതയോടെ പെരുമാറാന്‍ മാതാപിതാക്കളും ശീലിക്കേണ്ടതാണ്. അതിന് വളരെ നല്ല ഫലങ്ങള്‍ ഉണ്ടാകുമെന്നാണ് എന്‍റെ അനുഭവം.

This interview has been condensed and edited.
Jessica Grose is a frequent Slate contributor and the author of the novel Sad Desk Salad.


Next Story

Related Stories