Top

സ്വന്തമായി സ്റ്റേഡിയമുള്ള ജോസഫ് ചേട്ടന്‍

സ്വന്തമായി സ്റ്റേഡിയമുള്ള ജോസഫ് ചേട്ടന്‍

കെ.പി.എസ്.കല്ലേരി

രാജ്യത്തെ സകലമാന സ്‌പോര്‍ട്‌സ് സംഘടനകള്‍ക്കുള്ളിലേക്കും അതുമായി പുലബന്ധം പോലുമില്ലാത്തവര്‍ ഇറങ്ങിചെന്ന് കട്ടുമുടിക്കുന്ന കാഴ്ചയാണെവിടേയും. തരംകിട്ടിയാല്‍ ക്രിക്കറ്റ് ബാറ്റും ഫുട്‌ബോള്‍ പോസ്റ്റും വോളീബോള്‍ നെറ്റുപോലും അഴിച്ചുകൊണ്ടുപോകുന്നവരുടെ നാട്.
അവിടെയാണ് നിങ്ങള്‍ക്ക് ഇതുവരെ കേട്ടുകേള്‍വിപോലുമില്ലാത്തൊരു ജോസഫുചേട്ടന്‍ ഉണ്ടായിരിക്കുന്നത്. ജോസഫു ചേട്ടന്റെ വോളിബോള്‍ കമ്പത്തെക്കുറിച്ചറിഞ്ഞാല്‍ നിങ്ങള്‍ക്ക് മൂക്കത്ത് വിരല്‍വെക്കാതെ തരമില്ല. ജോസഫുചേട്ടന് തോന്നിയ വോളിബോള്‍ സ്‌നേഹത്തിന്റെ നൂറിലൊരംശം നമ്മുടെ അധികാരികള്‍ക്കോ ആസോസിയേഷനുകള്‍ക്കോ ഉണ്ടായിരുന്നെങ്കില്‍ കേരളത്തിന്റെ വോളിബോള്‍ എന്നേ രക്ഷപ്പെട്ടുപോയേനെ.

ക്രിക്കറ്റിന്റേയും ഫുട്‌ബോളിന്റേയും തരംഗങ്ങള്‍ക്കിടെ വോളിബോള്‍ അവഗണിക്കപ്പെടുന്നെന്ന മുറവിളിയാണ് എല്ലായിടത്തും. നല്ല കളികളില്ല, കളിസ്ഥലങ്ങളില്ല, പരീശീലകരില്ല, അക്കാദമികളില്ല, ക്യാംപുകളില്ല, ഡിപാര്‍ട്‌മെന്റുകള്‍പോലും ടീമുകളെ ഉണ്ടാക്കുന്നില്ല. രക്ഷിക്കേണ്ട സ്‌പോര്‍ട്‌സ് കൗണ്‍സിലുകളും സര്‍ക്കാരും മുഖം തിരിക്കുന്നു...ഇങ്ങനെ നീളുന്നു ഒരുകാലത്ത് രാജ്യത്തിന്റേയും വിശേഷിച്ച് കേരളത്തിന്റേയും ആവേശമായ വോളിബോളിനെക്കുറിച്ചുള്ള പരാതികള്‍.
എന്നാല്‍ ഇത്തരം പരാതികള്‍ക്കും പരിദേവനങ്ങള്‍ക്കുമൊന്നും ചെവികൊടുക്കാതെ വോളിബോളിനുവേണ്ടി സര്‍വതും സമര്‍പിക്കാന്‍ തയ്യാറായിരിക്കുകയാണ് കോഴിക്കോട്ടെ മലയോരഗ്രാമമായ കോടഞ്ചേരിയിലെ ജോസഫ് ചേട്ടന്‍. വോളിബോളിനെ ഹൃദയത്തില്‍ ആവാഹിച്ചു ജീവിക്കുന്ന ഈ പഴയ കളിക്കാരന്‍ തന്റെ ആയുഷ്‌കാലസമ്പാദ്യം മുഴുവനുപയോഗിച്ച് ഒരു ഇന്‍ഡോര്‍‌സ്റ്റേഡിയം പണിതു. വോളിബോളിനെ പ്രോത്സാഹിപ്പിക്കുകയെന്ന ഒറ്റ ലക്ഷ്യവുമായി സ്വന്തം സ്ഥലത്ത് ആര്‍ക്കും മുമ്പിലും കൈനീട്ടാതെ ലക്ഷങ്ങള്‍ മുടക്കി നാടിനുവേണ്ടിയൊരു സ്റ്റേഡിയം.

കഴിഞ്ഞ വര്‍ഷം സംസ്ഥാന സ്‌പോര്‍ട്‌സ് മന്ത്രി നേരിട്ടെത്തിയാണ് സ്റ്റേഡിയം തുറന്നുകൊടുത്തത്. ഒരു പക്ഷെ രാജ്യത്തിന്റെ കായിക ചരിത്രത്തില്‍ തന്നെ വേറിട്ട് കുറിച്ചിടേണ്ട അധ്യായമായിരുന്നു അത്. അവിടെയിപ്പോള്‍ ജോസഫേട്ടന്റെ ശിക്ഷണത്തില്‍ മികച്ചൊരു വോളിബോള്‍ തലമുറതന്നെ വളര്‍ന്നു വരുന്നുണ്ടെന്നവാര്‍ത്ത ആര്‍ക്കാണ് ആവേശം പകരാത്തത്.
കോടഞ്ചേരി പഞ്ചായത്തില്‍ പ്രസിദ്ധ ടൂറിസം കേന്ദ്രമായ തുഷാരഗരി. അതിന്റെ സമീപത്തായി പുലിക്കയത്താണ് ടി.ടി.ജോസഫ് തോട്ടക്കരയെന്ന നാട്ടുകാരുടെ ജോസഫ് സര്‍ വോളിബോളിന്റെ ഭാവിവാഗ്ദാനങ്ങളെ വാര്‍ത്തെടുക്കാന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം ഉണ്ടാക്കിയത്. സ്‌പോര്‍ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സീനിയര്‍ വോളിബോള്‍ പരിശീലകനായി വയനാട് ജില്ലയില്‍ ജോലിചെയ്യുമ്പോഴാണ് ജോസഫ് വീടിനോട് ചേര്‍ന്ന സ്വന്തം സ്ഥലത്ത് അമ്പതുസെന്റില്‍ സ്റ്റേഡിയം ഉണ്ടാക്കിയത്. സ്റ്റേഡിയത്തിനകത്ത് ഒരു വോളിബോള്‍ കോര്‍ട്ട്. പുറത്ത് രണ്ടെണ്ണം. പിന്നെ വിശ്രമമുറികള്‍, ഡ്രസ്സിംങ് റൂം, ഹോസ്റ്റല്‍ സൗകര്യവുമൊക്കെയായി വോളിബോളിന്റെ സാധ്യതകളെ കോഴിക്കോടിന് പരമാവധി ഉപയോഗിക്കതക്കരീതിയില്‍ ഒരു ഇന്‍ഡോര്‍ സ്റ്റേഡിയം.

പത്തുലക്ഷം ബഡ്ജറ്റില്‍ തുടങ്ങിയ സ്റ്റേഡിയം നിര്‍മാണം 25ലക്ഷം പിന്നിട്ടപ്പോള്‍ സ്വപ്നസാക്ഷാത്കാരത്തിനായി സുഹൃത്തുക്കളില്‍ നിന്ന് കടംവാങ്ങുകയും ലോണെടുക്കുകയും വേണ്ടിവന്നു. ഇത്രയും ത്യാഗം ചെയ്യണോയെന്ന് നാട്ടുകാരും ബന്ധുക്കളും ചോദിച്ചപ്പോള്‍ മറുപടി ഒന്നുമാത്രം. “മനസു നിറയെ വോളീബോള്‍ മാത്രമാണ്. സര്‍ക്കാരും അക്കാദമികളും ശ്രദ്ധിക്കുന്നില്ലെന്നുകരുതി നാട്ടില്‍ വോളിബോള്‍ വേരറ്റുപോകരുത്. പന്തിന്റെ താളത്തിനും ചലനത്തിനുമൊപ്പമാണ് ഞാന്‍ വളര്‍ന്നത്. കളിക്കാന്‍ ഒരു ഗ്രൗണ്ടില്ലാത്തത്, പരിശീലിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും ആളില്ലാത്തത്, ഇതാണ് നമ്മുടെ നാട്ടില്‍ വോളിബോളിനുമുകളില്‍ മരണമണി മുഴക്കുന്നത്. അതുകൊണ്ട് ജീവിതത്തിന്റെ അവസാന ശ്വാസം നിലയ്ക്കുംവരെ പണം എത്ര ചെലവായാലും വോളിബോളിനുമാത്രമായി ജീവിക്കാനാണ് എന്റെ തീരുമാനം..” ഇതിനപ്പുറത്ത് തന്റെ സ്റ്റേഡിയത്തെക്കുറിച്ച് പറയാന്‍ ജോസഫിന് വാക്കുകളില്ല.
പാല ഭരണങ്ങാനം സ്വദേശിയായ ജോസഫ് 30വര്‍ഷമായി ജീവിക്കുന്നത് കോടഞ്ചേരിയിലാണ്. സ്‌കൂള്‍തലം മുതല്‍ തുടങ്ങിയതാണ് വോളിബോള്‍ കമ്പം. ബാംഗളൂരില്‍ ബിരുദപഠനകാലത്ത് കളി കാര്യമായി വളര്‍ന്നു. തുടര്‍ന്ന് അന്ന് അവിടുത്തെ പ്രധാന ക്ലബായ ഭാരതില്‍ അംഗമായി. ഭാരതിലൂടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്ലബ് വോളിബോള്‍ കളിച്ചു. തുടര്‍ന്ന് കര്‍ണാടകയുടെ ജൂനിയര്‍ സ്റ്റേറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പലതവണ ജൂനിയര്‍ സ്റ്റേറ്റില്‍ ബെസ്റ്റ് പ്ലെയറായി. പിന്നീട് കര്‍ണാടക സ്റ്റേറ്റിനുവേണ്ടിയും കളിച്ചു. ഇക്കാലത്ത് അന്നത്തെ മിന്നും താരമായ ജിമ്മിജോര്‍ജടക്കുമുള്ളവര്‍ക്കൊപ്പം കളിക്കാനും ജോസഫിന് ഭാഗ്യമുണ്ടായി. ഇതിനിടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ടിസില്‍ ജോലികിട്ടിയതോടെ വോളിബോള്‍ പരിശീലനത്തിലേക്കിറങ്ങി. പിന്നീട് സായി രൂപീകരിച്ചപ്പോള്‍ സായിയുടെ കീഴില്‍ വിവിധ ജില്ലകളില്‍ കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ക്യാമ്പുകളില്‍ പരിശീലകനായി. സീനീയര്‍ ഇന്ത്യന്‍താരങ്ങളായിരുന്ന കിഷോര്‍കുമാര്‍, വിനോദ്, ടോംജോസഫ്, ജിംസണ്‍, അന്തരിച്ച സുനില്‍ തുടങ്ങിയവര്‍ ജോസഫിന്റെ കൈകളിലൂടെ വളര്‍ന്നവരാണ്. വനിതകളില്‍ റെയില്‍വേയുടെ ബബിത, ഷിബി, കെഎസ്ഇബിയുടെ വിന്‍സി, ഷീബ, അശ്വനി, സിലിത പ്രസാദ് തുടങ്ങി ഒട്ടനവധി സംസ്ഥാന-ദേശീയതാരങ്ങള്‍ ജോസഫിലൂടെ പിറവിയെടുത്തു. ഇതിന്റെ തുടര്‍ച്ചെയെന്നോണം രാജ്യത്തിന്റെ യശസ്സുയര്‍ത്തുന്നരീതിയിലേക്ക് കൂടുതല്‍ താരങ്ങളെ കണ്ടെത്താനായിട്ടാണ് വിരമിക്കാന്‍ രണ്ടുവര്‍ഷം മാത്രമിരിക്കെ ജോസഫ് സ്വന്തം നിലയില്‍ സ്റ്റേഡിയം പണിതീര്‍ത്തത്.
നിലവില്‍ രാവിലേയും വൈകുന്നേരവുമായി നാലുബാച്ചുകളില്‍ നൂറോളം കുട്ടികള്‍ ജോസഫിന്റെ സ്റ്റേഡിയത്തില്‍ ശിഷ്യഗണങ്ങളായെത്തിയിട്ടുണ്ട്. അത്‌ലറ്റിക്‌സില്‍ 50 കുട്ടികള്‍ വേറേയും. വോളിബോളിലും അത്‌ലറ്റിക്‌സിലും ദേശീയ ശ്രദ്ധ നേടിയ താരങ്ങളായിരുന്ന ടോമി ചെറിയാന്‍, ജോയി കാട്ടനിലത്ത്, ജോണ്‍സന്‍ പുളിമൂട്ടില്‍, ടി.ടി.കുര്യന്‍, സി.കെ.സത്യന്‍ തുടങ്ങിയവര്‍ ജോസഫിനു പുറമേ പരിശീലകരായിട്ടുണ്ട്. ജോസഫ് പകര്‍ന്ന കളിയാവേശം നാടാകെ പടര്‍ന്നാല്‍ പപ്പനും ജിമ്മിയും സിറിലും ഉദയനും ബാസിദും പ്രേംജിയുമെല്ലാം കൊച്ചുകേരളത്തില്‍ ഇനിയും ജന്മമെടുക്കും.Next Story

Related Stories