Top

ഭാഷ പഠിക്കാന്‍ ആപ്പുണ്ടോ?

ഭാഷ പഠിക്കാന്‍ ആപ്പുണ്ടോ?

സേത്ത് സ്റ്റീവന്‍സന്‍ (സ്ലേറ്റ്)

കഴിഞ്ഞ ഡിസംബറില്‍ പുറത്തിറങ്ങിയ ഡുവോലിംഗോ എന്ന ഭാഷാപഠന സോഫ്റ്റ്‌വെയര്‍ ആണ് ആപ്പിളിന്റെ കഴിഞ്ഞ വര്‍ഷത്തെ ആപ്പ് ഓഫ് ദി ഇയര്‍. ധാരാളം ആളുകള്‍ തങ്ങളുടെ സംഭാഷണങ്ങളില്‍ ജര്‍മ്മനും സ്പാനിഷും ഫ്രെഞ്ചും ഒക്കെ ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്. ഡുവോലിംഗോയുടെ സഹായത്തോടെ ഞാനും സ്പാനിഷ് പറഞ്ഞുതുടങ്ങി. ഇതുവരെയുള്ള അഭിപ്രായം മികച്ചതാണ്. ലോകഭാഷകളെ മനസിലാക്കാനും കൈകാര്യം ചെയ്യാനും ഇതുവരെ ഉണ്ടായിട്ടുള്ള കണ്ടുപിടുത്തങ്ങളില്‍ ഏറ്റവും മികച്ചത് തന്നെയാണ് ഇതെന്ന് പറയാം. ഈ ആപ് ഇപ്പോള്‍ സ്പാനിഷ്, ഫ്രഞ്ച്, ഇറ്റാലിയന്‍, ജര്‍മ്മന്‍, പോര്‍ച്ചുഗീസ് എന്നീ ഭാഷകള്‍ ഇംഗ്ലീഷ് അറിയാവുന്നവര്‍ക്കും ഈ ഭാഷക്കാര്‍ക്ക് ഇംഗ്ലീഷും പഠിപ്പിക്കുന്നുണ്ട്. ഡച്ച്, ജര്‍മ്മന്‍, ഹംഗേറിയന്‍, ടര്‍ക്കിഷ് ഭാഷകളും ഒട്ടേറെ മറ്റുഭാഷകളും പണിപ്പുരയിലുണ്ട്.

ഭാഷാപഠനത്തെ ഒരു വീഡിയോഗെയിം പോലെയാക്കി മാറ്റിയതാണ് ഡുവോലിംഗോയുടെ വിജയത്തിന്റെ കാരണം. ആളുകള്‍ക്ക് എല്ലാകാര്യത്തിലും ഒരു മത്സരബുദ്ധിയുണ്ട് എന്നും അത് മനുഷ്യസ്വഭാവമാണ് എന്നും ഇതിന്റെ നിര്‍മ്മാതാക്കള്‍ മനസിലാക്കിയിട്ടുണ്ട്. ഒപ്പം ആവര്‍ത്തനമാണ് പുതിയ ഭാഷാപഠനത്തിന്റെ അടിസ്ഥാനം എന്നും ഇവര്‍ മനസിലാക്കിയിട്ടുണ്ട്. അങ്ങനെ ഒരു ഗെയിം കളിക്കുന്നത് പോലെ ഭാഷയെ കൈകാര്യം ചെയ്യുന്നതാണ് ഈ ആപ്പിന്റെ രീതി. ഓരോ റൌണ്ട് കഴിയുമ്പോഴും ആര്‍പ്പുവിളികള്‍ ഉയരുകയും കളിക്കുന്നവര്‍ക്ക് തങ്ങള്‍ എന്തോ നേടിയതായി തോന്നുകയും ചെയ്യുന്നു.
നേരംകൊല്ലി കളികളില്‍ ഏറ്റവും പ്രയോജനപ്രദമായി എനിക്ക് തോന്നിയത് ഇതാണ്. ചെറിയ പാഠഭാഗങ്ങള്‍ വളരെ രസകരമാണ്. അടുത്ത ലെവലില്‍ എത്തുന്നത് ഒരു അഡിക്ഷനായി മാറും. സ്പാനിഷ് പ്രിപ്പോസിഷനുകളും മറ്റും പഠിച്ചു സമയം പോയത് അറിയാതെ പോയ അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട് എനിക്ക്. എന്റെ ഒരു സഹപ്രവര്‍ത്തകന്‍ അയാളുടെ ട്രെയിന്‍യാ ത്രയില്‍ മുഴുവന്‍ ഫ്രഞ്ച് പഠിക്കുകയാണ്. ഉറങ്ങാനുള്ള സമയം കഴിഞ്ഞും മണിക്കൂറുകളോളം ജര്‍മ്മന്‍ പഠിച്ചുകളിക്കുന്ന ഒരു സുഹൃത്തുമുണ്ട്‌ എനിക്ക്.

പത്തുപൈസ മുടക്കില്ല എന്നതാണ് ഡുവോലിംഗോയുടെ ഏറ്റവും വലിയ സവിശേഷത. എന്നന്നേയ്ക്കുമായി ഈ ആപ് സൌജന്യമായിരിക്കുമെന്നാണ് ഇതിന്റെ നിര്‍മ്മാതാവ് ലൂയിസ് വോണ്‍ ആണ്‍ പറയുന്നത്. അമേരിക്കയിലെ ഇറ്റാലിയന്‍ പഠിക്കുന്ന ജോലിക്കാരെക്കാള്‍ തങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ കഴിഞ്ഞേക്കാവുന്ന ലാറ്റിന്‍അമേരിക്കക്കാരെപ്പറ്റിയാണ്‌ ഇദ്ദേഹത്തിന്റെ ചിന്ത.

“ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള ആളുകള്‍ ഇംഗ്ലീഷ് പഠിക്കാന്‍ ശ്രമിക്കുന്നു. അത് അവര്‍ക്ക് ഒരു ജോലി സമ്പാദിച്ചുകൊടുത്തേക്കാം.”, അദ്ദേഹം പറയുന്നു. “ഒരു ഭാഷ പഠിക്കാന്‍ സാധാരണ ധാരാളം പണം ചെലവാക്കേണ്ടതുണ്ട്. നല്ല സ്കൂളില്‍ പോകണം, വിദേശഭാഷ പഠിപ്പിക്കുന്ന സ്ഥലങ്ങളില്‍ പോകണം, അല്ലെങ്കില്‍ വന്‍വില കൊടുത്ത് സിഡികള്‍ വാങ്ങണം.”
ഡുവോലിംഗോ ആളുകളില്‍ നിന്ന് പണം ഈടാക്കുന്നില്ല, പരസ്യങ്ങളും ഇടുന്നില്ല. പിന്നെ അവര്‍ എങ്ങനെ ലാഭമുണ്ടാക്കും? നിങ്ങളെ അവര്‍ പണം മുടക്കാത്ത ഒരു വിവര്‍ത്തനജോലി ചെയ്യാന്‍ ഉപയോഗിക്കുന്നുണ്ട്. ചില ക്ലാസുകള്‍ കഴിയുമ്പോള്‍ ഒരു യഥാര്‍ത്ഥഡോക്യുമെന്‍റ്റ് വിവര്‍ത്തനം ചെയ്തു പരിശീലിച്ചുനോക്കണോ എന്ന് ഡുവോലിംഗോ നിങ്ങളോട് ചോദിക്കും. പലപ്പോഴും ഇതൊരു ബസ്ഫീഡ് ആര്‍ട്ടിക്കിള്‍ ആയിരിക്കും. ഹൈലെവല്‍ ഡുവോലിംഗോ ഉപയോക്താക്കളുടെ വിവര്‍ത്തനങ്ങള്‍ പലപ്പോഴും മികച്ചവ തന്നെയായിരിക്കും. അത്തരം ആര്‍ടിക്കുകളില്‍ നിന്നാണ് അവര്‍ പണമുണ്ടാക്കുന്നത്. ഇംഗ്ലീഷ് ആര്‍ട്ടിക്കിളുകള്‍ സ്പാനിഷിലെയ്ക്കും ഫ്രെഞ്ചിലെയ്ക്കും പോര്‍ച്ചുഗീസിലേയ്ക്കും വിവര്‍ത്തനം ചെയ്യുന്നതിന് ഇപ്പോള്‍ ഡുവോലിംഗോയ്ക്ക് ബസ്ഫീഡ്, സിഎന്‍എന്‍ എന്നിവരുമായി ഉടമ്പടികളുണ്ട്. ഇപ്പോള്‍ തന്നെ ഈ ആപ്പിനു ഇങ്ങനെ ആയിരക്കണക്കിന് ഡോളറുകള്‍ ലാഭം കിട്ടുന്നുണ്ട്‌. കൂടുതല്‍ ക്ലൈന്‍റ്സ് വരാനുമുണ്ട് എന്നാണ് നിര്‍മ്മാതാവ് പറയുന്നത്. ഭാഷാ വിവര്‍ത്തനത്തിന്റെ മാര്‍ക്കറ്റ് വളരെ വലുതാണ്‌.

ഗെയിം കളിക്കാരെക്കൊണ്ട് ജോലിയെടുപ്പിക്കുന്ന ഈ പരിപാടി ഡുവോലിംഗോയല്ല ആദ്യമായി ചെയ്തത്. വോണ്‍ ആന്‍ ആദ്യം ജോലി ചെയ്തിരുന്നത് കാപ്ച്ചയ്ക്ക് വേണ്ടിയാണ്. നിങ്ങള്‍ റോബോട്ട് അല്ല എന്ന് തെളിയിക്കാനായി ഒരു മണ്ടത്തരങ്ങള്‍ ടൈപ് ചെയ്യേണ്ടിവരുന്ന ആ സംഭവമാണ് കാപ്ച്ച. കാപ്ച്ച പിന്നീട് റീകാപ്ച്ചയാവുകയും അത് ഗൂഗിള്‍ സ്വന്തമാക്കുകയും ഒക്കെ ചെയ്തു. വളരെ ബുദ്ധിപരമായ ഒരു ക്രൌഡ്സൊഴ്സിംഗ് ആണ് ഇവര്‍ ഉപയോഗിക്കുന്നത്. ഒരു അബദ്ധഅക്ഷരകൂട്ടം ടൈപ് ചെയ്യുന്നതിനുപകരം ഇപ്പോള്‍ അതും അതിനൊപ്പം ഒരു പഴയ ന്യൂസ്പേപ്പര്‍ വാക്കോ മറ്റോ കൂടി ടൈപ്പ് ചെയ്യാന്‍ ആവശ്യപ്പെടാറുണ്ട്. ആളുകള്‍ നിര്‍ബന്ധിതരായി ടൈപ്പ് ചെയ്യുന്ന ഈ വാക്കുകള്‍ ഗൂഗിളിന്റ്റെ ലൈബ്രറിയിലേയ്ക്കാണ് പോവുക.

ഒരുപാട് ഉപയോക്താക്കളുണ്ടെങ്കിലാണ് ഇത്തരം പ്രോജക്റ്റുകള്‍ വിജയകരമാവുക. ഡുവോലിംഗോക്ക് അതുണ്ട്. ആപ്പ് ഓഫ് ദി ഇയര്‍ ആയതിനുശേഷം ഒരാഴ്ച കൊണ്ട് അവരുടെ ഉപയോക്താക്കള്‍ പതിനാറുമില്യണില്‍ നിന്ന് ഇരുപതുമില്യണായി ഉയര്‍ന്നു. ഇന്ന് ദിവസം ഒരു ലക്ഷം പുതിയ ഉപയോക്താക്കള്‍ ഈ ആപ്പിനു ഉണ്ടാകുന്നതായാണ് കണക്ക്. ഇവരുടെ വിവര്‍ത്തന സര്‍വീസ് നന്നായി നടക്കാന്‍ മാത്രമല്ല ഭാഷകള്‍ കൂടുതല്‍ നന്നായി പഠിപ്പിക്കാനും ഇത് സഹായകമാകുന്നുണ്ട്. ഡുവോലിംഗോയുടെ പഠനശൈലി വളരെ വേഗത്തിലുള്ളതാണ്. അത് പലപ്പോഴും ഓരോ വിഷയത്തിനും പിന്നിലെ വ്യാകരണമൊന്നും വിശദമാക്കുന്നില്ല. നിങ്ങളെ ഒരു വലിയ ലോകത്തിലേയ്ക്ക് എടുത്തെറിയുകയാണ് അവര്‍ ചെയ്യുന്നത്. ഒരുപാട് തപ്പിത്തടഞ്ഞശേഷം നിങ്ങളെത്തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് നിങ്ങള്‍ വിജയിച്ചു തുടങ്ങുന്നു. ഓര്‍മ്മ വര്‍ധിപ്പിക്കാനായി അവര്‍ ചിത്രങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. സ്കൂള്‍ പഠനത്തിന്റെ വിരസത ഇതിലില്ല.

ഇത്തരം പഠിപ്പിക്കലിന്റെ അഭാവം ചിലര്‍ക്കെങ്കിലും തോന്നാം. എന്നാല്‍ ഇങ്ങനെ പഠിപ്പിക്കുന്ന ആപ്പുകള്‍ പണവും ഈടാക്കുന്നുണ്ട്. ഡുവോലിംഗോ നിങ്ങളെ സാധാരണ ഭാഷാപഠനങ്ങളുടെ രീതിയില്‍ മടുപ്പിക്കില്ല. മാസങ്ങള്‍ കൊണ്ട് ഒരുഭാഷയില്‍ അനായാസം സംസാരിക്കാനാണ് അത് നിങ്ങളെ പരിശീലിപ്പിക്കുന്നത്.
ഈ ആപ്പ് ഇപ്പോള്‍ നല്‍കുന്ന അവസാന പാഠം കടന്നു കഴിഞ്ഞാല്‍ നിങ്ങള്‍ ആ നാട്ടുകാരെപ്പോലെ സംസാരിക്കുകയൊന്നുമില്ല. നിങ്ങള്‍ സംസാരിക്കുമ്പോള്‍ പലതും ലളിതമായിപ്പോകും. എന്നാല്‍ കാര്യങ്ങള്‍ മനസിലാകും. മറ്റുള്ളവര്‍ പറയുന്നത് മനസിലാക്കാനും പുസ്തകങ്ങള്‍ വായിക്കാനും സിനിമകള്‍ കാണാനും പറ്റും.

അത്രയും മതി എനിക്ക്. ഇപ്പോള്‍ പോകാന്‍ സമയമായി. അല്‍മദോവാറിന്റെ സിനിമാ മാരത്തോണ്‍ തുടങ്ങും മുന്‍പ് കുറച്ചു ലെവലുകള്‍ കൂടി കളിച്ച്തീര്‍ക്കണം. ഹസ്ത പ്രോന്‍തോ!

Seth Stevenson is a frequent contributor to Slate. He is the author of Grounded: A Down to Earth Journey Around the World.


Next Story

Related Stories