Top

ഈ കല്യാണത്തില്‍ ആ ജ്യോത്സ്യര്‍ക്കെന്തു കാര്യം?

ഈ കല്യാണത്തില്‍ ആ ജ്യോത്സ്യര്‍ക്കെന്തു കാര്യം?

വീണ മണിആരെയും വിഷമിപ്പിക്കേണ്ട എന്ന് കരുതിയാല്‍ സത്യം പറയാന്‍ ബുദ്ധിമുട്ടാണ്. ഇനിയെങ്കിലും ഞാന്‍ അത് പറഞ്ഞില്ലേല്‍ ഞങ്ങള്‍ കുറച്ചു പെണ്‍കുട്ടികള്‍ക്ക് (കുറച്ചു ആണ്‍കുട്ടികള്‍ക്കും) അത് വലിയ ശല്യമാവും. ചോദ്യമിതാണ്, ഈ കല്യാണത്തില്‍ ആ ജ്യോത്സ്യര്‍ക്കെന്തു കാര്യം?ഇപ്പോള്‍ ഇതെഴുതാനുണ്ടായ കാര്യം കഴിഞ്ഞ ദിവസം ഞങ്ങള്‍ കൂട്ടുകാരുടെ ഒരു നല്ല ഡിന്നര്‍ കുളമാക്കിയ ഒരു ഫോണ്‍ കോളാണ്. വിവാഹം ഇപ്പോള്‍ വേണ്ട എന്ന് പറഞ്ഞു വീട്ടില്‍ നിന്നും രക്ഷപ്പെട്ടെത്തിയ പാറുക്കുട്ടിയുടെ വകയായിരുന്നു ട്രീറ്റ്‌. അച്ഛനും അമ്മയും നന്നേ ഗുണദോഷിച്ചിട്ടും (ഇമോഷണല്‍ ബ്ലാക്ക്‌ മെയില്‍ എന്ന് വായിക്കുക) അവള്‍ക്കു കുലുക്കമില്ല. അപ്പോഴാണ് കുടുംബത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ഈ ഹനുമാന്റെ വരവ്. ഒരു ഫോണ്‍ കോളിലൂടെ. സാക്ഷാല്‍ കൃഷ്ണനാരായണന്‍ പോറ്റി! ഒന്ന് കാണാന്‍ ഒരു കൊല്ലം കാത്തിരിക്കേണ്ട മഹാന്‍ ആണ്. ചുട്ട കോഴിയെ വേണേലും പറപ്പിക്കുമെന്നും, അത് അദ്ദേഹത്തിന്റെ ഡിപ്പാര്‍ട്ട്ന്റ്മെന്‍റ് അല്ല എന്നും കേള്‍വിയുണ്ട്.ആളുടെ അനാലിസിസില്‍ പാറുക്കുട്ടി ഇപ്പോള്‍ കല്യാണം വേണ്ട എന്ന് പറയുന്നത്, ഭഗവതീ കടാക്ഷം കുറവായത് കൊണ്ടാണ്. അതിന്റെ കാരണം വേറൊന്നും കൊണ്ടല്ല, പാറുകുട്ടിയുടെ മുറിയില്‍ വെച്ചേക്കുന്ന ഭഗവതിയുടെ ഫോട്ടോയില്‍ സ്ഥിരമായി മാലയിടാറില്ല, പോലും! ഈ ഹോസ്റ്റലില്‍ താമസിക്കുമ്പോള്‍ രാവിലെ ചെമ്പരത്തി പറിക്കാന്‍ എങ്ങോട്ട് പോകും എന്നൊരു ചോദ്യം പാറുക്കുട്ടിക്ക് തോന്നിയതാണ്. മൂത്തവരോട് എതിര്‍ ചോദ്യം പാടില്ലാത്തത് കൊണ്ട് അവളൊന്നും ചോദിച്ചില്ല. പിന്നെ ഇത് വരെ കേട്ടിട്ടില്ലാത്ത കുറെ പൂജകളുടെടെ ലിസ്റ്റും കൊടുത്തു. കയ്യിലും അരയിലും കഴുത്തിലും കെട്ടാനുള്ള ശക്തിയുള്ള മന്ത്രച്ചരടുകള്‍ കൊറിയര്‍ അയക്കാം എന്ന് പറഞ്ഞു. എത്ര നല്ല മനുഷ്യന്‍.

സംസാരം മുപ്പതു മിനിട്ട് നീണ്ടു. പാറുക്കുട്ടിക്ക് അധികമൊന്നും സംസാരിക്കേണ്ടി വന്നില്ല. സംഭാഷണത്തിന്റെ പകുതിയും എവിടെയോ ഇതിനു മുന്‍പ് കേട്ടിട്ടുണ്ടെന്നു ഇടയ്ക്കു പാറുക്കുട്ടിക്ക് തോന്നി. അമ്മയും അമ്മൂമ്മയും അമ്മുമ്മയുടെ അനിയത്തിയും ജോത്സ്യരോട് സംസാരിച്ചിട്ടുണ്ടെന്നു മനസിലായി. ഇപ്പ ടെക്കിനിക്ക് പിടികിട്ടി.പണ്ട് ഈ അവസ്ഥ എന്റെ മറ്റൊരു കൂട്ടുകാരിക്ക് (എല്ലാം കൂട്ടുകാരുടെ കഥകളാണ്, എനിക്ക് പണ്ടേ കഥ ഇല്ലല്ലോ!) സംഭവിച്ചപ്പോള്‍ അവള്‍ നഖശിഖാന്തം എതിര്‍ത്തു. ഫെമിനിസ്റ്റ് തിയറികളും ലിബറല്‍ ചിന്തകളുമായി അവള്‍ അവളുടെ സ്വന്തം സ്പേസില്‍ കുടിയേറാന്‍ ശ്രമിച്ചപ്പോള്‍ അവളുടെ വീട്ടുകാര്‍ നേരിട്ടതും ജ്യോത്സ്യ യുദ്ധമുറയിലൂടെയാണ്. ഒരു ദിവസം രാവിലെ അമ്മ തന്ന ചായക്ക് ഒരു നിറ വ്യത്യാസം. രണ്ടാമത്തെ ദിവസവും ഒരു മഞ്ഞ നിറം കണ്ടു. മൂന്നാമത്തെ ദിവസം മഞ്ഞള് ശെരിക്കും രുചിച്ചു. കാര്യം തിരക്കിയപ്പോള്‍, തന്റെ ബുദ്ധി നന്നാക്കാന്‍ ജോത്സ്യര്‍ കൊടുത്തതാണത്രേ ഈ മഞ്ഞള്‍ ഒറ്റമൂലി! സ്വന്തം മകളുടെ ജീവിതത്തിലെ ഒരു പ്രധാന തീരുമാനം അവളറിയാതെ, അവളുടെ കണ്ണില്‍ മഞ്ഞള്‍പൊടിയിട്ട് നടത്താന്‍ തീരുമാനിച്ച വീട്ടുകാരോട് ഇനി എന്ത് തിയറി ഇറക്കാനാണ്. അവള്‍ ആ വിവാഹത്തിന് സമ്മതിക്കുകയല്ലായിരുന്നു; മറിച്ച് അടിയറവു പറയുകയായിരുന്നു.

വിവാഹം കഴിഞ്ഞ് ആറു മാസത്തില്‍ ഇപ്പറഞ്ഞ ജോത്സ്യന്‍ വടിയാകുകയും, കൃത്യം ഒരു കൊല്ലത്തില്‍ ഇതേ വീട്ടുകാര്‍ അവള്‍ക്കു വിവാഹമോചനത്തിന് സഹായിക്കുകയും ചെയ്തു എന്നത് കഥയുടെ വാല്‍കഷ്ണം.ഒരു വീട്ടിലെ വിവാഹ തീരുമാനങ്ങളില്‍ ഇത്തരം മതപരമായ സ്ഥാപനങ്ങളുടെ ഇടപെടലുകള്‍ ഇന്ന് വളരെ ശക്തമാണ്. ഇത് നമ്മെ ഓര്‍മിപ്പിക്കുന്നത്‌ വിവാഹം എന്നത് സമൂഹത്തിന്റെ സ്റ്റാറ്റസ്കോ നിലനിര്‍ത്താനുള്ള ഒരു സംവിധാനമെന്നതാണ്. വ്യക്തികള്‍ തമ്മില്ലുള്ള ഒരു ഉടമ്പടിയായി അതിനെ കാണുന്നത് തന്നെ വളരെ റാഡിക്കലാണ്. സിസെക് പറയുന്നതുപോലെ ഹെജിമോനിക്ക് ആയ ഒന്നിന്റെ, നല്ലത് എന്ന് പറയപ്പെടുന്ന വശങ്ങള്‍ മാത്രം എടുക്കുന്നത് സാധ്യമല്ല. അതും പൂര്‍ണമായ ഒരു കീഴടങ്ങലാണ്‌. വിവാഹം എന്ന കോണ്‍സെപ്റ്റ് പ്രശ്നവല്‍ക്കരിക്കുകയും അവ പൊളിച്ചെഴുതുകയും ചെയ്യേണ്ട ആവശ്യവും ഇന്നുണ്ട്.(മദ്രാസ് ഐ.ഐ.റ്റിയില്‍ ഗവേഷക വിദ്യാര്‍ഥിയാണ് വീണ മണി)Next Story

Related Stories