TopTop
Begin typing your search above and press return to search.

രമയുടെ ചിലവില്‍ മീന്‍ പിടിക്കുമ്പോള്‍

രമയുടെ ചിലവില്‍ മീന്‍ പിടിക്കുമ്പോള്‍

ടി. പി ചന്ദ്രശേഖരന്‍റെ വിധവ കെ കെ രമ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്‍പില്‍ ടി പി വധകേസിലെ ഉന്നത ഗൂഡാലോചന പുറത്തുകൊണ്ടുവരാന്‍ സി ബി ഐ അന്വേഷണം പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് അനിശ്ചിതകാല നിരാഹാര സമര ആരംഭിച്ചിരിക്കുന്നു. ആര്‍ എം പി യാണ് സമരത്തിന് നേതൃത്വം കൊടുക്കുന്നതെങ്കിലും ഒഞ്ചിയത്തെ ആ ചെറിയ പാര്‍ട്ടിയുടെ സംഘടനാ ശേഷിക്കുമപ്പുറം ജനസമാന്യത്തെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും സാംസ്കാരിക പ്രവര്‍ത്തകരെയും പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന സി പി എമ്മിലെ വിമത ശബ്ദങ്ങളെയും ഒരുമിപ്പിക്കാനുള്ള വേദിയായി രമയുടെ നിരാഹാരം മാറുകയാണ്. എന്നിരുന്നാലും വിയ്യൂര്‍ ജയിലിലെ ‘മനുഷ്യാവകാശ ധ്വംസനം’ സംഭവിച്ചിരുന്നില്ലെങ്കില്‍ വളരെ എളുപ്പത്തില്‍ സി പി എമ്മിന് അപഹസിക്കാവുന്ന ഒരു രാഷ്ട്രീയ നാടകമായി ഇത് ജനം വായിച്ചെടുത്തേനെ. കാരണം രമയുടെ സമരത്തിനെ അഭിവാദ്യം ചെയ്യാന്‍ അവിടെ എത്തിച്ചേര്‍ന്ന മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെയും മറ്റ് കോണ്‍ഗ്രസ് നേതാക്കളുടെയും തിരക്കും ആവേശവും അത്രമേല്‍ നാടകീയമായിരുന്നു എന്നത് തന്നെ. കൂടാതെ മോഡി ആരാധകാരായ ഒ രാജഗോപാലും, പി കെ കൃഷ്ണദാസും, തിരൂരില്‍ സി പി എം പ്രവര്‍ത്തകരെ പട്ടാപ്പകല്‍ നടുറോഡിലിട്ട് വടിവാളുകൊണ്ട് വെട്ടിയതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത എസ് ഡി പി ഐയുമൊക്കെ അഭിവാദ്യ പ്രസംഗം നടത്താന്‍ ക്യു നില്‍ക്കുന്നത് കാണുമ്പോള്‍ സാമാന്യ ജനത്തിന് മാത്രമല്ല എത്ര വിമതനായാലും കമ്യൂണിസ്റ്റ് രക്തം ഞരമ്പിലൂടെ ഓടുന്ന ഒരാള്‍ക്കും അത് ദഹിക്കണമെന്നില്ല.


ആര്‍ക്കെതിരെയാണ് രമയുടെ സമരം? കേരളം ഭരിക്കുന്നത് സി പി എം അല്ല. അതുകൊണ്ട് തന്നെ സി ബി ഐ അന്വേഷണം പ്രഖ്യാപിക്കേണ്ടത് പിണറായി വിജയനോ കോടിയേരി ബാലകൃഷ്ണനോ അല്ല. ഭരണ സിരാകേന്ദ്രത്തിന് മുന്‍പില്‍ നടത്തുന്ന സമരം തീര്‍ച്ചയായും ഭരിക്കുന്ന സര്‍ക്കാരിനെതിരായിരിക്കും. അല്ലെങ്കില്‍ സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കി ആവശ്യം നേടിയെടുക്കാനായിരിക്കും. രമയുടെ സമരം അന്യായമായ കാര്യത്തിനാണെന്ന് കോണ്‍ഗ്രസിലെ ഒരു കുഞ്ഞ് പോലും പറയാത്ത സാഹചര്യത്തില്‍ പിന്നെ ഭരിക്കുന്ന ഗവണ്‍മെന്‍റിന് എന്താണ് ഒരമാന്തം എന്നാണ് പൊതുജനങ്ങളുടെ ചിന്ത. നിയമോപദേശം കിട്ടിയാല്‍ ഉടനെ സി ബി ഐ അന്വേഷണവുമായി ബന്ധപ്പെട്ട നടപടികളുമായി മുന്‍പോട്ടു പോകും എന്നു തന്നെയാണ് ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തലയും പറയുന്നത്. അപ്പോള്‍ നിയമോപദേശം വരുന്നതിന് മുന്‍പ് രമ സമരത്തിനായി തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത് എന്തിനാണ്? കേരള പോലീസിന്‍റെ ചരിത്രത്തില്‍ സമാനതകളില്ലാത്ത അന്വേഷണമാണ് ടി പി കേസില്‍ പോലീസ് നടത്തിയത് എന്നു നാഴികയ്ക്ക് നാല്‍പ്പത് വട്ടം പറയുന്ന തീരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സമരപ്പന്തലില്‍ വന്ന് അഭിവാദ്യ പ്രസംഗം നടത്തുന്നത് കാണുമ്പോള്‍ ആര്‍ എം പിയുടെയും രമയുടെ തന്നെയും ഉദ്ദേശ ശുദ്ധി സംശയിക്കപ്പെടുകയാണ്.


നിയമത്തിന്‍റെ വഴിയിലൂടെയാണ് പോരാടാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ രമ ചെയ്യേണ്ടിയിരുന്നത് മേല്‍കോടതിയിലേക്ക് പോവുകയായായിരുന്നു. പക്ഷേ കോണ്‍ഗ്രസിന് താത്ക്കാലിക ലാഭമുണ്ടായാലും കുഴപ്പമില്ല ഇതിലൂടെ ആര്‍ എം പി എന്ന ഒഞ്ചിയം - ഏറാമല ഭാഗത്ത് ഒതുങ്ങി നില്‍ക്കുന്ന ഒരു പാര്‍ട്ടിയെ സംസ്ഥാന പാര്‍ട്ടിയാക്കുക എന്ന ലക്ഷ്യം തന്നെയായിരിക്കണം ഈ നിരാഹാര സമരത്തിന്റെ പിന്നിലെ ചേതോവികാരം. അതില്‍ തെറ്റ് പറയാനും പറ്റില്ല. അത് കൊണ്ടായിരിക്കാം പിണറായി വിജയന്‍റെ കേരള മാര്‍ച്ച് തിരുവനന്തപുരം ജില്ലയിലേക്ക് കടയ്ക്കുന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ സമരത്തിനായി തിരഞ്ഞെടുത്തത്. വികസിത കേരളം മതേതര ഇന്ത്യ എന്ന വിശാല മുദ്രാവാക്യം ഉയര്‍ത്തി പിണറായി വിജയനും കൂട്ടാളികളും ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്പായി നടത്തുന്ന രാഷ്ട്രീയ പ്രചരണ യാത്രയെ തുടക്കത്തില്‍ തന്നെ പ്രതിരോധത്തിലാക്കാനും ടി പി വധത്തിന്‍റെ നിഴലില്‍ നിര്‍ത്താനും താല്‍ക്കാലികമായെങ്കിലും രമയ്ക്കും ആര്‍ എം പിക്കും സാധിച്ചിട്ടുണ്ട്. കൊല്ലത്ത് വെച്ച് ‘ടിപി കേസ് സി ബി ഐ അന്വേഷിച്ചാല്‍ പാര്‍ട്ടിക്ക് ഒരു ചുക്കും സംഭവിക്കില്ല’ എന്ന പിണറായിയുടെ കേരള രക്ഷാ യാത്രാ മദ്ധ്യേയുള്ള പ്രസ്താവന ഇതോടൊപ്പം ചേര്‍ത്ത് വായിച്ചാല്‍ സംഗതി വ്യക്തമാവും.


പാര്‍ട്ടിയുടെ അച്ചടക്ക മുനമ്പില്‍ നില്‍ക്കുന്ന വി എസ് അച്ചുതാനന്ദനെ ധാര്‍മ്മിക സമ്മര്‍ദത്തിലാക്കുക എന്നുള്ളതാണ് ആര്‍ എം പി യുടെ സമരത്തിന്‍റെ മറ്റൊരു ലക്ഷ്യം. വയലാറില്‍ കേരള രക്ഷാ യാത്രയുടെ ഉത്ഘാടന വേദിയില്‍ അധ്യക്ഷ സ്ഥാനം അലങ്കരിച്ച വി എസ് അടുത്ത ദിവസം രമയുടെ സമരപ്പന്തലില്‍ എത്തിയാല്‍ ഇതില്‍പ്പരം പിന്നില്‍ക്കുത്ത് വേറെ കിട്ടാനില്ല സി പി എമ്മിന്. അങ്ങനെയൊരു അപ്രതീക്ഷിത നീക്കം - നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് സമയത്ത് ടി പി യുടെ വീട് വി എസ് സന്ദര്‍ശിച്ചതു പോലുള്ള നാടകീയമായ സംഭവങ്ങള്‍ - പൊതു സമൂഹവും മാധ്യമങ്ങളും പ്രതീക്ഷിക്കുന്നുണ്ട്.


ആര്‍ എം പി യുടെ വിശാല ലക്ഷ്യം എന്തായാലും കോണ്‍ഗ്രസ്-ബി ജെ പി നേതാക്കന്‍മാര്‍ക്ക് ഗീര്‍വാണം വിടാനുള്ള വേദിയായി മാറിയതിലൂടെ തങ്ങളുടെ സമരം തന്നെ നാടകമാക്കി മാറ്റിക്കളഞ്ഞു എന്ന യാഥാര്‍ഥ്യം രമയും ആര്‍ എം പി യും തിരിച്ചറിയേണ്ടതുണ്ട്. രാഷ്ട്രീയത്തെയും സമരങ്ങളെയും സംശയത്തോടെ വീക്ഷിക്കുന്ന ജനങ്ങളുടെ കണ്ണില്‍ ന്യായമായ ഒരാവശ്യം ഉയര്‍ത്തിക്കൊണ്ടുള്ള ഈ സമരം മറ്റൊരു രാഷ്ട്രീയ അഡ്ജസ്റ്റ്മെന്‍റായി മാറിയേക്കാം. തങ്ങളെ ഒട്ടാന്‍ വരുന്ന എല്ലാവരുമായും എളുപ്പത്തില്‍ ഒട്ടിപ്പിക്കുന്ന തരത്തിലേക്ക് ആര്‍ എം പി മാറിയാല്‍ സി എം പിക്കും ജെ എസ് എസിനും ഉണ്ടായ ഗതി ആ പാര്‍ട്ടിക്കും ഭാവിയില്‍ ഉണ്ടാവാം.


ഒടുവില്‍ കേട്ടത്

നിരാഹാരം നടത്തുന്ന രമയോട് സി പി എം സഹാനുഭൂതി കാട്ടണം - ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല.

രമയുടെ നിരാഹാരം യു ഡി എഫ് തിരക്കഥ അനുസരിച്ച് - പിണറായി വിജയന്‍

അന്വേഷണം വഴിമുട്ടിയത് യു ഡി എഫും സി പി എമ്മും ഒത്തുകളിച്ചത് കൊണ്ട് - ഡോ. ആസാദ്, ആര്‍ എം പി നേതാവ്


Next Story

Related Stories