TopTop
Begin typing your search above and press return to search.

ഒരിലകൂടി തളിര്‍ക്കുമോ? അതോ രണ്ടും കൊഴിയുമോ?

ഒരിലകൂടി തളിര്‍ക്കുമോ? അതോ രണ്ടും കൊഴിയുമോ?

സാജു കൊമ്പന്‍

കോട്ടയത്ത് കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയുടെ യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ പാര്‍ടി ചെയര്‍മാന്‍ ലോക്സഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് തങ്ങള്‍ കൈക്കൊണ്ട ഒരു സുചിന്തിതമായ തീരുമാനം മാധ്യമ പ്രവര്‍ത്തകരെ അറിയിക്കുകയുണ്ടായി. “വരുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എം രണ്ട് സീറ്റ് ആവിശ്യപ്പെടും. വിജയ സാധ്യതയുള്ള ഏത് സീറ്റും സ്വീകരിക്കും. ഇടുക്കിയോടാണ് തങ്ങള്‍ക്ക് കൂടുതല്‍ ഇഷ്ടം.” എന്തായാലും വലിയ തീയും പുകയുമില്ലാതെ പൂര്‍ത്തിയാക്കാമെന്ന് കരുതിയിരുന്ന ഐക്യ ജനാധിപത്യ മുന്നണിയുടെ സീറ്റ് വിഭജന ചര്‍ച്ചകളാണ് ഇതോടെ താളം തെറ്റിയത്. നേരത്തെ കേരള കോണ്‍ഗ്രസിന് രണ്ടാമതൊരു സീറ്റ് വേണ്ട എന്നു പറഞ്ഞ പി സി ജോര്‍ജും ഇടുക്കിയുമായുള്ള തങ്ങളുടെ ആത്മബന്ധത്തെക്കുറിച്ച് അനര്‍ഗളം വിശദീകരിക്കാന്‍ തുടങ്ങിയതോടെ പാളയത്തിലെ പട എന്ന കച്ചിത്തുരുമ്പും ഈ കാര്യത്തില്‍ കോണ്‍ഗ്രസിന് നഷ്ടമായി.

മുസ്ലീം ലീഗ് മൂന്നാമതൊരു സീറ്റ് ചോദിക്കാത്ത സാഹചര്യത്തില്‍ വടകര സീറ്റ് കൊടുത്ത് എസ് ജെ ഡിയെ ഒതുക്കി സീറ്റ് വിഭജന പ്രശ്നങ്ങള്‍ എളുപ്പത്തില്‍ പരിഹരിക്കാമെന്ന കോണ്‍ഗ്രസിന്‍റെ മോഹമാണ് പുതിയ സംഭവ വികാസങ്ങളിലൂടെ തകിടം മറിഞ്ഞത്. രമ്യമായി പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍ കേരളമൊന്നടങ്കമുള്ള യു ഡി എഫിന്‍റെ തിരഞ്ഞെടുപ്പ് പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കാന്‍ ഇത് മതിയാകും.


പശ്ചിമഘട്ടം പ്രഭവ കേന്ദ്രം

ഗാഡ്ഗില്‍-കസ്തൂരി രംഗന്‍ വിഷയത്തില്‍ മലയോര കര്‍ഷക ജനതയുടെ പ്രത്യേകിച്ചും ക്രിസ്ത്യന്‍ സമുദായത്തിന്റെയും മത മേലദ്ധ്യക്ഷന്‍മാരുടെയും അപ്രീതിക്ക് പാത്രമായ പി ടി തോമസ് ഇടുക്കിയില്‍ മത്സരിച്ചാല്‍ പരാജയപ്പെടുമെന്നാണ് കേരള കോണ്‍ഗ്രസിന്‍റെ വാദം. കര്‍ഷകരുടെ അതിജീവനത്തിന് വേണ്ടിയുള്ള സമരത്തെ പാറമടക്കാര്‍ക്കും വനംകൊള്ളക്കാര്‍ക്കും വേണ്ടിയുള്ള സമരമായിട്ടാണ് പി ടി തോമസ് ചിത്രീകരിച്ചത്. പശ്ചിമഘട്ട വിഷയം പ്രധാന ചര്‍ച്ചയാകുന്ന തിരഞ്ഞെടുപ്പില്‍ പി ടി തോമസ് സ്ഥാനാര്‍ത്തിയായാല്‍ അത് ഐക്യ ജാനാധിപത്യ മുന്നണിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുമെന്നും ഇടതു മുന്നണിക്ക് മേല്‍ക്കൈ നേടിക്കൊടുക്കുമെന്നും കേരള കോണ്‍ഗ്രസ് വാദിക്കുന്നു. മാത്രമല്ല ഇടുക്കി ബിഷപ്പിനെതിരെയും ചില വികാരിയച്ചന്‍മാര്‍ക്കെതിരെയും പി ടി തോമസ് നടത്തിയ പരമര്‍ശങ്ങള്‍ക്കെതിരെ കോണ്‍ഗ്രസിനുള്ളില്‍ തന്നെ വിയോജിപ്പുണ്ടെന്നതും കേരള കോണ്‍ഗ്രസിന്‍റെ നീക്കങ്ങള്‍ക്ക് കരുത്ത് പകരുന്നുണ്ട്.

ഭൂകമ്പം കോട്ടയത്തേക്കും വ്യാപിക്കുമെന്ന പരോക്ഷ ഭിക്ഷണി
മറുഭാഗത്ത് താന്‍ തന്നെയായിയിരിക്കും സ്ഥാനാര്‍ഥി എന്ന ഉറപ്പിച്ച മട്ടിലാണ് പി ടി തോമസിന്‍റെ പ്രവര്‍ത്തനങ്ങള്‍. പശ്ചിമ ഘട്ട വിഷയത്തില്‍ താന്‍ യു പി എ ഗവണ്‍മെന്‍റ് കൈകൊണ്ട നിലപാടിന്‍റെ കൂടെയാണ് നിലകൊണ്ടതെന്നും അതില്‍ കര്‍ഷക വിരുദ്ധമായിട്ട് ഒന്നുമില്ല എന്ന നിലപാടിലാണ് പി ടി തോമസ്. മാത്രമല്ല നിലവില്‍ കോണ്‍ഗ്രസ് വിജയിച്ച ഒരു മണ്ഡലം ഘടക കക്ഷി ചോദിക്കുന്നത് മര്യാദയല്ല എന്നു പി ടി തോമസ് വാദിക്കുന്നു. ഇടുക്കി സീറ്റിന് വേണ്ടി കേരള കോണ്‍ഗ്രസ് ബലം പിടിച്ചാല്‍ അത് കോട്ടയം സീറ്റിന്‍റെ വിജയ സാധ്യതയെയും ബാധിക്കും എന്ന പരോക്ഷമായ ഭീഷണിയും പി ടി തോമസ് മുഴക്കുന്നുണ്ട്. സിറ്റിംഗ് എം പിക്ക് പിന്നില്‍ ഒറ്റക്കെട്ടായി നില്‍ക്കുകയാണ് ഇടുക്കി ഡിസിസിയും.


മാണിക്ക് ജോസ് കെ മാണിയുടെ നിലനില്‍പ്പിന്‍റെ പ്രശ്നം
കേരള കോണ്‍ഗ്രസിനെ സംബബന്ധിച്ചിടത്തോളം സാധാരണ സീറ്റ് തര്‍ക്കം എന്നതിലുപരി ഇത് അവരുടെ അടിത്തറയിളക്കുന്ന പ്രശ്നമാണ്. കാരണം ഇതിന്‍റെ പ്രഭവ കേന്ദ്രം പശ്ചിമ ഘട്ടം ആണെന്നുള്ളത് തന്നെ. മാത്രമല്ല എല്‍ ഡി എഫിലായിരുന്ന കാലത്ത് ജോസഫ് ഗ്രൂപ് പ്രതിനിധിയായി ഫ്രാന്‍സിസ് ജോര്‍ജ് തുടര്‍ച്ചയായി മത്സരിക്കുകയും വിജയിക്കുകയും ചെയ്തിട്ടുള്ള മണ്ഡലമാണ് ഇടുക്കി. മാണിഗ്രൂപ്പുമായി ലയിച്ചതിന് ശേഷം തങ്ങളെ രണ്ടാം തരക്കാരായി കാണുന്നു എന്ന പഴയ ജോസഫ് ഗ്രൂപ് നേതാക്കളുടെ ചിന്ത ബലപ്പെടാനും ഇടുക്കി സീറ്റ് വിഷയം കാരണമാകും. മാണിയെ സംബന്ധിച്ചിടത്തോളം ഇത് മകന്‍ ജോസ് കെ മാണിയുടെ രാഷ്ട്രീയമായ നിലനില്‍പ്പിന്‍റെ പ്രശ്നമാണ്. കോണ്‍ഗ്രസിനെ പിണക്കിക്കൊണ്ടു കോട്ടയം വിജയിക്കാന്‍ സാധിക്കില്ല എന്നു മാണിക്ക് നന്നായി അറിയാം. ഏത് സമയവും പിളര്‍ന്ന് മാറാന്‍ ഓങ്ങി നില്‍ക്കുന്ന നേതാക്കളുടെ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസില്‍ കോണ്‍ഗ്രസിന്‍റെ ഉറച്ച പിന്തുണയുണ്ടെങ്കില്‍ മാത്രമേ തന്‍റെ പകരക്കാരനായി മകനെ വാഴിക്കാന്‍ സാധിക്കുകയുള്ളൂ. അതേ സമയം പാര്‍ടിക്കുള്ളിലെ വിള്ളലുകള്‍ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്ന സമയത്ത് വലുതാവാതെയും നോക്കണം. അതുകൊണ്ടു തന്നെ എന്ത് ചാണക്യ തന്ത്രമായിരിക്കും മാണി പയറ്റുക എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

രക്തസാക്ഷി പരിവേഷവുമായി ഫ്രാന്‍സിസ് ജോര്‍ജ്
അതേ സമയം ഈ തിരഞ്ഞെടുപ്പ് ഏറ്റവും നിര്‍ണ്ണായകമാവുന്ന മറ്റൊരു നേതാവ് ഫ്രാന്‍സിസ് ജോര്‍ജാണ്. വളരെക്കാലമായി പി ജെ ജോസഫിന്‍റെ നിഴലായി കേരള കോണ്‍ഗ്രസില്‍ ഉറച്ച് നില്‍ക്കുകയാണ് അദ്ദേഹം. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലൂടെ അധികാര കേന്ദ്രത്തിന്‍റെ ഭാഗമായില്ലെങ്കില്‍ പാര്‍ടിയിലെ രണ്ടാം നേതാവാകാനുള്ള മത്സരത്തില്‍ തന്‍റെ ഗ്ലാമര്‍ കുറഞ്ഞു പോകുമെന്ന് അദ്ദേഹത്തിന് നന്നായിട്ടറിയാം. പശ്ചിമഘട്ടത്തിലെ കര്‍ഷക ജനതയ്ക്ക് വേണ്ടി രക്തസാക്ഷിയാകാന്‍ താന്‍ തയ്യാറാണെന്നമട്ടിലാണ് അദ്ദേഹം നില്‍ക്കുന്നത്. ഇപ്പോള്‍ പിളര്‍ന്നുമാറിയാല്‍ പണ്ട് പി സി തോമസ് മാണി ഗ്രൂപ്പില്‍ നിന്ന് പിളര്‍ന്നു പോയതിനെക്കാള്‍ രാഷ്ട്രീയമായ സ്വീകാര്യതയും ഫ്രാന്‍സിസ് ജോര്‍ജിന് കിട്ടിയേക്കാം. പരിസ്ഥിതി ദുര്‍ബലമേഖലകളായി പ്രഖ്യാപിക്കപ്പെട്ടിടത്തെല്ലാം ബ്രാഞ്ചുകളുള്ള ഒരു ബ്രാക്കറ്റ് പാര്‍ടിയെ തീര്‍ച്ചയായും അദ്ദേഹത്തിന് സൃഷ്ടിക്കാന്‍ പറ്റും. രാഷ്ട്രീയ ഗോസിപ്പുകാര്‍ എഴുതുന്നത് പോലെ ഒരു ഇടതു സ്വതന്ത്രന്‍ എന്ന പരിവേഷം എടുത്തണിയാനും ചിലപ്പോള്‍ അദ്ദേഹം തയ്യാറായേക്കും.


യു ഡി എഫിന് ഇന്നത്തെ ചര്‍ച്ച നിര്‍ണ്ണായകം
ഇന്ന് കേരള കോണ്‍ഗ്രസുമായും സോഷ്യലിസ്റ്റ് ജനതയുമായും കോണ്‍ഗ്രസ് നടത്തുന്ന ചര്‍ച്ച ഐക്യ ജനാധിപത്യ മുന്നണിയുടെ രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാണ്. പശ്ചിമഘട്ടം എന്ന ദുര്‍ഭൂതത്തെ തിരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കാന്‍ പറ്റില്ലെങ്കിലും കേരള കോണ്‍ഗ്രസ് കൂടെയുള്ളത് അതൊന്ന് മയപ്പെടുത്താന്‍ സഹായിക്കും എന്ന വാദത്തിന് ശക്തി കിട്ടുകയാണെങ്കില്‍ ഇടുക്കിയെ ബലികൊടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറായേക്കും. പക്ഷേ അപ്പോഴും മൂന്നാമത്തെ സീറ്റെന്ന ഒളിപ്പിച്ച് വെച്ച കഠാരയുമായി മുസ്ലിം ലീഗ് നില്‍ക്കുന്നുണ്ട് എന്ന യഥാര്‍ഥ്യം കോണ്‍ഗ്രസിന് മുന്‍പിലുണ്ട്. കൂടുതല്‍ നേതാക്കളും പ്രവര്‍ത്തകരും വീരന്‍ ജനതയില്‍നിന്നു രാജി വെച്ച് മാതൃസംഘടനയിലേക്ക് പോകാന്‍ തയാറാവുന്നു എന്ന വിമത ജനത നേതാവ് കൃഷ്ണന്‍കുട്ടിയുടെ ഭീഷണിയെ പ്രതിരോധിക്കാന്‍ വീരേന്ദ്രകുമാറിനും ഒരു സീറ്റ് കിട്ടിയേ മതിയാകൂ. അങ്ങനെയാകുമ്പോള്‍ മൂന്ന് സീറ്റ് കയ്യാല പുറത്തു വച്ചിട്ടുവേണം ഐക്യ ജനാധിപത്യ മുന്നണിക്ക് സീറ്റ് വിഭജനം പൂര്‍ത്തിയാക്കാന്‍.


Next Story

Related Stories