Top

സി.പി.ഐ (മനുഷ്യാവകാശം) - കൊടി പ്രൈ. ലിമിറ്റഡ്

സി.പി.ഐ (മനുഷ്യാവകാശം) - കൊടി പ്രൈ. ലിമിറ്റഡ്
മനുഷ്യാവകാശ സംരക്ഷണത്തിനുളള ആംനെസ്റ്റി ഇന്റര്‍നാഷണലിന്‍റേത് ഉള്‍പ്പെടെ പ്രധാനപ്പെട്ട അവാര്‍ഡുകളെല്ലാം ഇത്തവണ കേരളക്കരയിലേക്ക് എത്തുമെന്ന് ഏറെക്കുറേ ഉറപ്പായിക്കഴിഞ്ഞു. അവാര്‍ഡ് നല്‍കുന്നത് പോളിറ്റ് ബ്യൂറോ അംഗത്തിനാണോ കണ്ണൂര്‍ കമ്മറ്റിക്കാണോ അതോ കണ്ണൂരുകാരായ ചില നേതാക്കള്‍ക്ക് വീതിച്ചു നല്‍കുകയാണോ എന്നേ ഇനി അറിയാനുളളു. ഇതിലും മഹാത്തായ മനുഷ്യാവകാശ പ്രവര്‍ത്തനം ലോകത്തിന്റെ ഒരു കോണിലും ഈയടുത്തകാലത്തൊന്നും നടന്നു കാണാന്‍ വഴിയില്ല. മനുഷ്യാവകാശ പ്രവര്‍ത്തനത്തില്‍ കണ്ണൂരില്‍ നിന്നുളള ചില നേതാക്കളുടെ അതി സൂക്ഷ്മ ജാഗ്രതയും ഇടപെടലും അറിഞ്ഞ് ആംനെസ്റ്റി ഇന്റര്‍നാഷണലുകാര്‍ കോരിത്തരിച്ചു പോയിക്കാണുമെന്ന് ഉറപ്പാണ്.


മംഗള പത്രം

അവാര്‍ഡിന് ഒപ്പം നല്‍കുന്ന മംഗള പത്രം ഏകദേശം ഇങ്ങനെയായിരിക്കും.


സമൂഹം വെറുപ്പോടെ കാണുന്ന കൊടുംകുറ്റവാളികള്‍ക്ക് പോലും മനുഷ്യാവകാശം ഉണ്ടെന്ന് തിരിച്ചറിഞ്ഞ് പാര്‍ട്ടി എം.എല്‍.എ മാരെ മണിക്കൂറുകള്‍ക്കുളളില്‍ സംഭവം നടന്ന ജയിലേക്ക് പറഞ്ഞു വിട്ടു. തൊട്ടടുത്ത ദിവസം തന്നെ പാര്‍ട്ടിയുടെ പരമോന്നതസമിതി അംഗവും സര്‍വ്വോപരി മുന്‍ ജയില്‍ മന്ത്രിയുമായിരുന്ന മഹാനുഭാവന്‍ തന്നെ നേരിട്ടു പോയി. മനുഷ്യാവകാശം ലംഘിച്ച കിരാതന്മാരായ ജയിലര്‍മാരെ രഹസ്യമായിട്ട് വിരട്ടുകയും പുറത്തു വന്ന്, മനുഷ്യാവകാശം ലംഘിച്ച സര്‍ക്കാരിനെ പരസ്യമായി വിരട്ടുകയും ചെയ്ത ജാഗ്രത അത്യപൂര്‍വ്വവമാണ്. ചെയ്യാത്ത തെറ്റിന് ഇന്ത്യന്‍ നീതിന്യായ കോടതികളുടെ പിഴവില്‍ ജയിലില്‍ കഴിയുന്ന കൊടി സുനി, കിര്‍മാണി മനോജ് തുടങ്ങിയ നിരപരാധികള്‍ നേരിടേണ്ടി വന്ന ഭരണകൂടമര്‍ദ്ദനം തടയാനും അത് തുറന്നു കാട്ടാനും തയ്യാറായി. ഇത്തരത്തില്‍ മനുഷ്യാവകാശ സംരക്ഷണത്തില്‍ അതീവ ജാഗ്രത പുലര്‍ത്തുക വഴി അത്യുന്നതമായ നീതിബോധവും ധാര്‍മ്മികതയും മനുഷ്യാവകാശങ്ങളോടുളള അചഞ്ചലമായ വിശ്വാസവുമാണ് ഇവര്‍ തെളിയിച്ചത്.
ഇത് ലോകത്തിനാകെ മാതൃകയാണെന്നും മംഗള പത്രത്തില്‍ ഉണ്ടാവുമെന്ന് ഉറപ്പാണ്. മനുഷ്യാവകാശ സംരക്ഷണ പ്രവര്‍ത്തനത്തില്‍ കണ്ണൂരില്‍ പാര്‍ട്ടിക്കു നേതൃത്വം നല്‍കുന്ന ജയരാജന്മാരുടെ പങ്ക് പ്രത്യേക പരാമര്‍ശമായിട്ടാവും ഉള്‍പ്പെടുത്തുകയെന്നും അറിയുന്നു.


സി.പി.ഐ (മനുഷ്യാവകാശം)

കൊടി സുനിക്കു വേണ്ടി കൊടിയേരി ഒഴുക്കിയ കണ്ണീര്‍ കണ്ടതോടെ ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ പാര്‍ട്ടിക്കു പങ്കില്ലെന്ന് അരിയാഹാരം കഴിക്കുന്ന സര്‍വ്വ മലയാളിക്കും ബോധ്യമായി. കൊലയാളി സംഘത്തിന് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും പൂര്‍ണ ബോധ്യമായി. സി.ബി.ഐ അന്വഷണത്തെ എതിര്‍ക്കുന്നത് എന്തിനെന്നും മനസിലായി. പാര്‍ട്ടിയുമായി ബന്ധമുണ്ടോ ഇല്ലയോ എന്നതല്ല വിഷയം ജയിലില്‍ മനുഷ്യാവകാശ ലംഘനം നടന്നു എന്നതാണ്. ഇടയ്ക്കിടെ ചിലരെ വെട്ടുകയും ബോംബ് എറിയുകയും മറ്റു ചിലരെ തട്ടുകയും ഒക്കെ ചെയ്യുമെങ്കിലും കണ്ണൂരിലെ ചില നേതാക്കള്‍ മനുഷ്യാവകാശ സംരക്ഷണത്തില്‍ വിട്ടുവീഴ്ചയില്ലാത്തവരാണ്. പി.ജയരാജന്‍ മുതല്‍ കുഞ്ഞനന്തന്‍ വരെയുളള സഖാക്കളുടെ ചരിത്രം പരിശോധിച്ചാല്‍ ഇതു വ്യക്തമാകും. ഇവരുടെ ഒന്നാം നമ്പര്‍ ശത്രുവായ ഒരു തൊണ്ണൂറുകാരനെ കമ്മറ്റിയിലിരുത്തി നാലു ചുറ്റും നിന്ന് തെറി പറയുമെങ്കിലും ഇതുവരെ അങ്ങേരുടെ ദേഹത്ത് കൈവച്ചിട്ടില്ലെന്നത് ഓര്‍ക്കണം. ഇവരുടെ മനുഷ്യാവകാശ സംരക്ഷണത്തിന് ഇതിലും വലിയ തെളിവു വേറേ വേണോ.
കൊലപാതകം അടക്കം വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് കേരളത്തിലെ ജയിലുകളില്‍ പാര്‍ട്ടിയുടെ വേറെയും പ്രവര്‍ത്തകര്‍ കിടപ്പുണ്ട്. അവരുടെ കാര്യത്തിലൊന്നും ഇല്ലാത്ത ഉത്കണ്ഠയും ആശങ്കയും കൊടിയുടെയും കിര്‍മാണിയുടെയും കാര്യത്തിലെന്തെന്ന് ചോദിക്കരുത്. പെറ്റ തളളമാര്‍ക്ക് പോലും തോന്നാത്ത വേവാണ് ഇവരുടെ ദേഹം നൊന്തപ്പോള്‍ കണ്ണൂരിലെ ചില നേതാക്കള്‍ക്ക് ഉണ്ടായത്. അതാണ് യഥാര്‍ത്ഥ മുനുഷ്യ സ്‌നേഹം. വിചാരണക്കാലത്ത് കോഴിക്കോട് ജയിലില്‍ വാണരുളിയ പോലെ ഫേസ്ബുക്കില്‍ കയറാനും ഇടയ്ക്ക് വിളിച്ച് സൊളളാനും ത്രീജി കണക്ഷനുളള സ്മാര്‍ട്ട് ഫോണും ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവും ശരീര പുഷ്ടിക്കായി ആട്ടിറച്ചിയും വലിക്കാന്‍ കഞ്ചാവും സിഗരറ്റും നല്‍കണമെന്നു കൂടി ആവശ്യപ്പെടാമായിരുന്നു മനുഷ്യാവകാശ സഖാവേ. അവരെയെല്ലാവരേയും ഒറ്റ സെല്ലില്‍ തന്നെ കിടത്തണമെന്നും ആവശ്യപ്പെടാമായിരുന്നു. അടുത്ത സെല്ലില്‍ പോകാന്‍ തയ്യാറാവാഞ്ഞ പ്രതികളോട് സര്‍ ദയവായി അങ്ങ് അടുത്ത സെല്ലില്‍ പോയി ആസനസ്ഥനാവൂ എന്നു പറയുന്നതിനു പകരം അനുസരണകേട് കാട്ടിയ കൊലപാതകികളെ ബലം പ്രയോഗിച്ച് അടുത്ത സെല്ലിലേക്ക് തളളിവിട്ടതില്‍ പരം വലിയൊരു മനുഷ്യാവകാശ ലംഘനമുണ്ടോ ?


കണ്ണൂരെ ചില പാര്‍ട്ടി നേതാക്കള്‍ക്കു വേണ്ടിയും അവരുടെ സ്വന്തക്കാരായ മുതലാളിമാര്‍ക്ക് വേണ്ടിയും ക്വൊട്ടേഷന്‍ പലതും നടത്തി ശീലമുളളവരാണെങ്കിലും കൊടുത്തല്ലാതെ അധികം കൊണ്ടുളള ശീലം ഇവരില്‍ ആര്‍ക്കുമില്ല. നേരാം വണ്ണം നാലു കിട്ടിയതോടെ സുനിയടക്കം പലരും നേതാക്കളെ ചീത്ത വിളിക്കാന്‍ തുടങ്ങിയെന്നും കേള്‍ക്കുന്നത് ശരിയാവാന്‍ വഴിയില്ല. കുഞ്ഞനന്തനെ മാത്രം രക്ഷപെടുത്താനാണെങ്കില്‍ വേറെ വക്കീലിനെ വച്ച് ഞങ്ങള്‍ കേസു വാദിച്ചോളാമെന്നും, പറയേണ്ടത് കോടതിയില്‍ പറഞ്ഞോളാമെന്നും സുനിയെ പോലെ ഒരു അടിയുറച്ച പാര്‍ട്ടിക്കാരന്‍ പറയാന്‍ വഴിയില്ല. പണം വാങ്ങിയാണ് ക്വൊട്ടേഷന്‍ എടുത്തിരുന്നതെങ്കിലും കേസാക്കാതെ ഇതുവരെ കാത്ത പാര്‍ട്ടിയോട് എന്തായാലും കൊടിക്ക് കൂറു കാണാതിരിക്കുമോ അതോ ഇനിയുളള കാലം ചിലപ്പോള്‍ അകത്തു കിടക്കേണ്ടി വരുമെന്ന് കേട്ടതോടെ കൂറു പോയികാണുമോ - കണ്ടറിയണം.


പിന്നില്‍ക്കുത്ത്

കൊടി സുനിയും കിര്‍മാണി മനോജും നേരിട്ട ഭരണകൂട ഭീകരതയ്ക്ക് എതിരെ മാത്രമല്ല 'അടിയോരുടെ പെരുമാള്‍' വര്‍ഗീസ് നേരിട്ട പോലീസ് പീഡനത്തിന് എതിരെയും പാര്‍ട്ടി പ്രതികരിച്ചിട്ടുണ്ടെന്ന് പിണറായി സഖാവ്. സി.പിയുടെ പട്ടാളം വി. എസിനെ ലോക്കപ്പിലിട്ട് മര്‍ദ്ദിച്ചതിനു സമാനമാണ് ടി.പി കേസിലെ കൊലയാളികള്‍ക്ക് ഏറ്റ മര്‍ദ്ദനമെന്ന് പറയാതിരുന്നത് മഹാഭാഗ്യം.


Next Story

Related Stories