TopTop
Begin typing your search above and press return to search.

വയനാട്ടില്‍ കൈപ്പത്തി പൊള്ളിക്കാന്‍ കസ്തൂരി

വയനാട്ടില്‍ കൈപ്പത്തി പൊള്ളിക്കാന്‍ കസ്തൂരി

കെ.പി.എസ്.കല്ലേരി

ഏതെങ്കിലുമൊരു കോണ്‍ഗ്രസ് നേതാവ് തിരുവനന്തപുരത്തു നിന്ന് കൈപ്പത്തി ഉയര്‍ത്തിയാല്‍ വയനാട്ടുകാര്‍ ജയിപ്പിക്കും. അതാണ് വയനാട് മണ്ഡലത്തിന്റെ പ്രത്യേകത. നേരത്തെ കോഴിക്കോടിന്റേയും കണ്ണൂരിന്റേയും ഭാഗമായിരുന്ന മണ്ഡലം 2009ലാണ് പിറന്നതെങ്കിലും മണ്ഡലത്തിന്റെ പൊതുസ്വഭാവം യുഡിഎഫിന്റെ കൈപ്പത്തിക്കുള്ളില്‍ തന്നെ. അതുകൊണ്ടുതന്നെയാണ് കഴിഞ്ഞ തവണ യുഡിഎഫിന്റെ സാരഥി എം ഐ ഷാനവാസ് സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്തിന് (1,53, 439) വിജയിച്ചത്.

2009ല്‍ എല്‍ഡിഎഫിനുവേണ്ടി പോരിനിറങ്ങിയ റഹ്മത്തുള്ള ഇത്തവണ യുഡിഎഫ് പാളയത്തിലാണ്. പകരക്കാരനായെത്തിയത് സിപിഐയുടെ സത്യന്‍ മൊകേരി. പക്ഷെ ഇത്തവണ കാറ്റെങ്ങോട്ടാണെന്ന് ചോദിക്കുമ്പോള്‍ കണ്ണടച്ച് കോണ്‍ഗ്രസിനെന്നു പറയാന്‍ വയനാട്ടിലെ കോണ്‍ഗ്രസുകാര്‍പോലും തയ്യാറാവില്ല. ഒന്നര ലക്ഷത്തിന്റെ ഭൂരിപക്ഷത്തിന് കഴിഞ്ഞ തവണ ജയിച്ച അതേ സ്ഥാനാര്‍ഥി വീണ്ടുമൊരങ്കത്തിനു പുറപ്പെടുമ്പോള്‍ എന്തുകൊണ്ടാണ് കോണ്‍ഗ്രസുകാര്‍പ്പോലും അമിത ആത്മവിശ്വാസം പുലര്‍ത്താത്തത്? കൂടെ ഉണ്ടായിരുന്ന നേതാവ് മറുചേരിയില്‍ പോയിട്ടും വയനാടന്‍ മലനിരകളില്‍ ഇടതുപക്ഷത്തിന് എന്താണ് ഇത്രയും ആത്മവിശ്വാസം?


കേരളം തെരഞ്ഞടുപ്പിലേക്ക് നീങ്ങിത്തുടങ്ങിയപ്പോള്‍ മുതല്‍ വയനാട്ടിലെ യുഡിഎഫ് വോട്ടര്‍മാര്‍ പറഞ്ഞത് തങ്ങള്‍ക്ക് ഷാനവാസിനെ വേണ്ടന്നാണ്. സ്ഥാനാര്‍ഥി പ്രഖ്യാപനം വരെ അത് തുടര്‍ന്നു. ഹൈക്കമാന്‍ഡിന്റെയും സംസ്ഥാന കോണ്‍ഗ്രസിലെ നേതാക്കന്മാരുടെയും സഹായത്തോടെ ഷാനവാസ് സ്ഥാനാര്‍ഥിയായിട്ടും ആ പ്രതിഷേധം തുടരുന്നു. യുഡിഎഫ് കോട്ടകളില്‍ പോലും ഷാനവാസിനെതിരായ പോസ്റ്ററുകള്‍. മുസ്‌ലീം നാമധാരിയായിട്ടും ലീഗ് കേന്ദ്രങ്ങളില്‍ പരക്കെ പ്രതിഷേധം. (47ശതമാനമാണ് വയനാട്ടിലെ മുസ്‌ലീം വോട്ടുകള്‍) സ്ഥാനാര്‍ഥിക്കായി വിളിച്ചുകൂട്ടിയ കുടുംബയോഗങ്ങളിലും പോതുയോഗങ്ങളിലും ഷാനവാസിനെതിരെ ആക്രോശവും തെറിവിളിയും. എംപി ഫണ്ടിന്റെ വികസനത്തിനപ്പുറം ഷാനവാസ് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ മണ്ഡലത്തെ തിരിഞ്ഞുനോക്കിയില്ലന്നാണ് പ്രധാന ആക്ഷേപം. മഹാഭൂരിപക്ഷം വരുന്ന ദളിതരും ആദിവാസികളും ഒരു മാറ്റവുമില്ലാതെ തുടരുന്നു. അതിനപ്പുറത്ത് കേരളത്തില്‍ കസ്തൂരി രംഗന്‍ ഏറ്റവും കൂടുതല്‍ കത്തിയ വയനാട്ടില്‍ ആശ്വാസവാക്കു പറയാന്‍പോലും ഷാനവാസിനെ എങ്ങും കണ്ടില്ലെന്നും പ്രതിഷേധമുയര്‍ത്തുന്നവര്‍ പറയുന്നു. പാളയത്തിനുള്ളില്‍ തന്നെ ഇത്രയും വലിയ പട കലഹമുയര്‍ത്തുമ്പോള്‍ ജയിച്ചാലും ഷാനാവാസിന്റെ ഒന്നരലക്ഷം ഭൂരിപക്ഷം പറ്റെ ഇടിയുമെന്നാണ് പൊതുവിലയിരുത്തല്‍.

മണ്ഡലം രൂപീകരിക്കപ്പെട്ട ശേഷം നടന്ന 2009ലെ ആദ്യ തെരഞ്ഞെടുപ്പില്‍ എം.ഐ. ഷാനവാസ് നേടിയത് 1,53, 439 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷം. പോള്‍ചെയ്ത വോട്ടിന്‍റെ 49.86 ശതമാനമാണ് അത്. ഷാനവാസ് 4,10,703 വോട്ട് നേടിയപ്പോള്‍ ഇടതു സ്ഥാനാര്‍ഥി സിപിഐയിലെ റഹ്മത്തുള്ള 2,57,264 വോട്ട് നേടി. എന്‍.സി.പി സ്ഥാനാര്‍ഥിയായി അന്ന് വയനാട്ടില്‍ മത്സരിച്ച കെ. മുരളീധരന്‍ 99,663 വോട്ടും നേടി. ഇത്തവണ ഷാനവാസിനും സത്യന്‍ മൊകേരിക്കും പുറമേ ബിജെപി ആംആദ്മി, ബിഎസ്പി, എസ്ഡിപിഐ, ടിഎംസി, സിപിഐ എംഎല്‍, വെല്‍ഫയര്‍ പാര്‍ടി എന്നിവയുടെ സ്ഥാനാര്‍ഥികളുമുണ്ട്. അപരന്‍മാരും സ്വതന്ത്രന്‍മാരുമടക്കം മൊത്തം 15 സ്ഥാനാര്‍ഥികള്‍. ഇതില്‍ പിവി അന്‍വറെന്ന പശ്ചിമഘട്ട ജനസംരക്ഷണസമിതിയുടെ ബാനറിലുള്ള സ്ഥാനാര്‍ഥി കസ്തൂരി രംഗന്‍ വിഷയത്തിന്‍റെ ആനുകൂല്യം പറ്റി ചില്ലറവോട്ടുകള്‍ പിടിക്കുമെന്നും മണ്ഡലം സാക്ഷ്യപ്പെടുത്തുന്നു.


പാളയത്തില്‍ നിന്നു തന്നെ ഉയരുന്ന പടയുടെ പേടിക്കൊപ്പം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനോടുള്ള മലയോര കര്‍ഷകരുടെ പ്രതികരണമാണ് യുഡിഎഫ് കേന്ദ്രങ്ങളെ ആശങ്കയിലാഴ്ത്തുന്നത്. കേന്ദ്രമന്ത്രിസഭയിലെ രണ്ടാമന്‍ സാക്ഷാല്‍ എ.കെ.ആന്റണി പര്യടനത്തിന് വന്നിട്ടുപോലും വലിയൊരു ജനക്കൂട്ടത്തെ സംഘടിപ്പിക്കാനാവാത്തത് മണ്ഡലത്തിലെ കോണ്‍ഗ്രസുകാരെ വല്ലാതെ പേടിയിലാഴ്ത്തിയിട്ടുണ്ട്. കസ്തൂരിയുടെ കാര്യത്തില്‍ സംസ്ഥാനത്തെ യുഡിഎഫ് സര്‍ക്കാരും കേന്ദ്രത്തില്‍ നിന്നെത്തിയ ആന്റണിയും വലിയ വലിയ ഉറപ്പുകളൊക്കെ നല്‍കിയിട്ടുണ്ടെങ്കിലും അതിലൊന്നും മലയോര ജനത വല്ലാതങ്ങ് സംതൃപ്തരായിട്ടില്ല. അതുകൊണ്ടുതന്നെ കസ്തൂരി പ്രശ്‌നം മണ്ഡലത്തെ എത്രമാത്രം ബാധിച്ചിട്ടുണ്ട് എതിന്റെ ശരിയായ ചിത്രമായിരിക്കും തെരഞ്ഞെടുപ്പ് ഫലം കേരളത്തോടും വിശേഷിച്ച് വയനാടിനോടും പറയുക. തിരുവമ്പാടി, മാനന്തവാടി, ബത്തേരി, കല്‍പ്പറ്റ നിയമസഭാ മണ്ഡലങ്ങളിലെ ഭൂരിഭാഗം പ്രദേശങ്ങളും കസ്തൂരിരംഗന്‍ കമ്മറ്റി റിപ്പോര്‍ട്ടിന്റെ പരിധിയില്‍ വരുന്ന സ്ഥലങ്ങളാണ്.

വയനാട്ടുകാര്‍ക്ക് പരിചയ സമ്പന്നനായ സ്ഥാനാര്‍ഥിയാണ് എല്‍ഡിഎഫിന്റെ സത്യന്‍ മൊകേരി. സംഘടനയുടെ കാര്‍ഷിക മേഖലയിലെ ഇടപെടലും സംഘടനാ പ്രവര്‍ത്തനങ്ങളുമെല്ലാം വര്‍ഷങ്ങളായി ഏറ്റെടുത്തു നടത്തുന്ന സത്യന്‍ മൊകേരിക്ക് കസ്തൂരിവിഷയത്തില്‍ വ്യക്തമായ കാര്‍ഷക നിലപാടുകള്‍ പറയാന്‍ കഴിയുന്നുണ്ട്. സിപിഐ ദേശീയ കൗസില്‍ അംഗമായ സത്യന്‍ മൊകേരി മൂന്നു തവണ നാദാപുരം മണ്ഡലത്തില്‍ നിന്ന് ജയിച്ച് നിയമസഭാ സമാജികനായിട്ടുണ്ട്.


ഈ തിരഞ്ഞെടുപ്പില്‍ വയനാടിനെ സംബന്ധിച്ച് പ്രസക്തമായ ചില സാഹചര്യങ്ങളും സംജാതമായിട്ടുണ്ട്. അതില്‍ പ്രധാനം വയനാടിന്‍റെ മലമടക്കുകളില്‍ ഉണ്ടെന്ന് പറയപ്പെടുന്ന മാവോയിസ്റ്റ് സാന്നിധ്യമാണ്. പശ്ചിമഘട്ടം സംരക്ഷിക്കപ്പെടണം എന്ന് ശക്തമായി ആവശ്യപ്പെടുന്ന ഈ തീവ്ര കമ്യൂണിസ്റ്റ് വിഭാഗത്തിന് ഏതെങ്കിലും തരത്തില്‍ ആദിവാസി മേഖലകളില്‍ സ്വാധീനം ചെലുത്താന്‍ സാധിക്കുമോ? ഭരണകൂടം വളരെ ഗൌരവത്തോടെയാണ് ഈ വിഷയത്തെ കാണുന്നത്. അതുപോലെ തന്നെ മുത്തങ്ങ ഭൂസമരത്തിലൂടെ ശ്രദ്ധാകേന്ദ്രമായ സി കെ ജാനുവും അവര്‍ നേതൃത്വം നല്‍കുന്ന ആദിവാസി പ്രസ്ഥാനവും എന്ത് നിലപാടെടുക്കുന്നു എന്നതും പ്രധാനമാണ്. സമര ഭൂമികയില്‍ നിന്നും പാര്‍ലമെന്‍റ് രാഷ്ട്രീയത്തിലെ സമ്മര്‍ദ ഗ്രൂപ്പ് എന്ന നിലയിലേക്കുള്ള ജാനുവിന്‍റെയും കൂട്ടാളികളുടെയും ചുവടുമാറ്റം ആ പ്രസ്ഥാനത്തിന്‍റെ നിലനില്‍പ്പിനെത്തന്നെ അപകടത്തിലാക്കിയിരിക്കുന്നു എന്നാണ് കഴിഞ്ഞകാല തിരഞ്ഞെടുപ്പ് അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്. രണ്ടു മുന്നണികളും പ്രകടമായ പരിസ്ഥിതിവിരുദ്ധ നിലപാടുകള്‍ കൈക്കൊണ്ടിട്ടുള്ള സാഹചര്യത്തില്‍ വയനാട്ടിലെ പരിസ്ഥിതി പ്രവര്‍ത്തകരും ഗാഡ്ഗില്‍ റിപ്പോര്‍ട് നടപ്പിലാക്കണം എന്നു വാദിക്കുന്നവരും ആര്‍ക്ക് വോട്ട് ചെയ്യുമെന്നുള്ളതാണ്. ഇതൊന്നും തന്നെ തിരഞ്ഞെടുപ്പ് ഫലത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തില്ലെങ്കിലും വയനാടിന്‍റെ സാമൂഹ്യാന്തരീക്ഷത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ടതാണ്.

അടിയൊഴുക്കുകള്‍: പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലെ ചില പ്രദേശങ്ങളില്‍ ഇപ്പൊഴും നിലനില്‍ക്കുന്ന കോണ്‍ഗ്രസ്-ലീഗ് പിണക്കങ്ങള്‍ നേരിട്ട് ബാധിക്കുന്നത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം ഐ ഷാനവാസ് ആയിരിക്കും. അതുകൊണ്ട് തന്നെയാണ് പാര്‍ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ ആരായാലും പുറത്തേക്ക് പോകേണ്ടി വരും എന്ന ഭീഷണിയുടെ സ്വരം കഴിഞ്ഞ ദിവസം വി എം സുധീരന്‍റേതായി മലപ്പുറത്ത് നിന്ന് കേട്ടത്. ഷാനവാസിന്‍റെ വിജയത്തിനെ സ്വാധീനിക്കാവുന്ന മറ്റൊരു നീക്കം ഉമ്മന്‍ ചാണ്ടി മാനന്തവാടി ബിഷപ്പുമായി നടത്തിയ കൂടിക്കാഴ്ചയാണ്.


Next Story

Related Stories