TopTop
Begin typing your search above and press return to search.

മമ്മൂട്ടിയെ ദൈവം രക്ഷിക്കട്ടെ

മമ്മൂട്ടിയെ ദൈവം രക്ഷിക്കട്ടെ


സഫിയആത്മീയതയും ഭോഗാസക്തിയും പ്രണയവും ആനന്ദകരമായ ഒരു കൊക്‍ടെയില്‍ പോലെ പ്രത്യക്ഷപ്പെടുന്ന കഥയാണ് സക്കറിയയുടെ പ്രെയിസ് ദി ലോര്‍ഡ്. എന്നാല്‍ തെറ്റായ മിശ്രണത്തിന്‍റെയും അരോചകമായ രുചികളുടെയും കൊക്‍ടെയില്‍ ആയി മാറുകയാണ് ഷിബു ഗംഗാധരന്‍ എന്ന നവാഗത സംവിധായകന്‍ ഒരുക്കിയ പ്രെയിസ് ദി ലോര്‍ഡ് എന്ന ചലച്ചിത്രം. ഈ സിനിമയോട് കൂടി മലയാളത്തില്‍ ഇനി സാഹിത്യം സിനിമയാക്കാന്‍ നിര്‍മ്മാതാക്കളും സംവിധായകരും ഭയപ്പെടും എന്ന് തീര്‍ച്ചയായിരിക്കുന്നു. കാരണം കഴിഞ്ഞ മാസമാണ് മമ്മൂട്ടി അഭിനയിച്ച ബാല്യകാലസഖിയും ബോക്സോഫീസില്‍ മൂക്കുകുത്തി വീഴുകയും നിരൂപക വിമര്‍ശനം എറ്റു വാങ്ങുകയും ചെയ്തത്. സാഹിത്യ നായക രൂപങ്ങളിലേക്ക് പരകായ പ്രവേശം ചെയ്യാനുള്ള മമ്മൂട്ടിയുടെ അസാധാരണമായ വൈഭവം ആണ് 2014ല്‍ ഇറങ്ങിയ ഈ രണ്ട് ചിത്രങ്ങളിലൂടെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്.മമ്മൂട്ടി: സാഹിത്യ സിനിമകളിലെ പ്രിയ നായകന്‍

തകഴി ശിവശങ്കരപ്പിള്ളയുടെ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന നോവലിനെ അടിസ്ഥാനമാക്കി കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്ത ചലച്ചിത്രത്തിലൂടെ 1971ല്‍ ആയിരുന്നു മമ്മൂട്ടിയുടെ ആദ്യ സിനിമാഭിനയം. തുടര്‍ന്ന് ചെറുകാടിന്‍റെ നോവലിനെ അടിസ്ഥാനമാക്കി എം ടി വാസുദേവന്‍ നായരുടെ സംവിധാനത്തില്‍ ജനശക്തി ഫിലിംസ് നിര്‍മ്മിച്ച ദേവലോകത്തില്‍ അഭിനയിച്ചെങ്കിലും അതിന്‍റെ ചിത്രീകരണം പാതി വഴിയില്‍ മുടങ്ങുകയായിരുന്നു. 1980ല്‍ എം ടി വാസുദേവന്‍ നായരുടെ തന്നെ വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടി അഭിനയിച്ചു. ഷെരീഫായിരുന്നു സംവിധായകന്‍. 1980കള്‍ മമ്മൂട്ടിയും സാഹിത്യ സിനിമകളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കപ്പെട്ട കാലമായിരുന്നു. ആള്‍ക്കൂട്ടത്തില്‍ തനിയെ, തൃഷ്ണ, ഇടനിലങ്ങള്‍ അങ്ങനെ പത്തോളം എം ടി ചിത്രങ്ങളില്‍ മമ്മൂട്ടി മികച്ച വേഷങ്ങള്‍ ചെയ്തു. പത്മരാജന്‍റെ തിങ്കളാഴ്ച നല്ല ദിവസം, അരപ്പട്ട കെട്ടിയ ഗ്രാമം, കരിയിലക്കാറ്റ് പോലെ തുടങ്ങിയ സിനിമകളിലും ഈ കാലത്ത് മമ്മൂട്ടി പ്രത്യക്ഷപ്പെട്ടു.1990കളില്‍ ആര്‍ട് സിനിമക്കാരോടൊപ്പമായിരുന്നു മമ്മൂട്ടിയുടെ സാഹിത്യ സിനിമകള്‍ അധികവും. 1990ല്‍ വൈക്കം മുഹമ്മദ് ബഷീറിന്‍റെ മതിലുകള്‍ ചലച്ചിത്രമാക്കിക്കൊണ്ട് അടൂര്‍ ഇതിന് തുടക്കം കുറിച്ചു. 1994ല്‍ സക്കറിയയുടെ ഭാസ്കര പട്ടേലരും എന്‍റെ ജീവിതവും എന്ന ചെറു നോവല്‍ അടൂര്‍ ചലച്ചിത്രമാക്കിയപ്പോള്‍ അതിലെ പട്ടേലരെ അവിസ്മരണീയ അനുഭവമാക്കി മാറ്റാന്‍ മമ്മൂട്ടിക്ക് കഴിഞ്ഞു. അതേ വര്‍ഷം തന്നെ സി വി ശ്രീരാമന്‍റെ പൊന്തന്‍മാട, ശീമ തമ്പുരാന്‍ എന്നീ കഥകള്‍ ടി വി ചന്ദ്രന്‍ പൊന്തന്‍മാട എന്ന പേരില്‍ ചലച്ചിത്രമാക്കിയപ്പോള്‍ മമ്മൂട്ടി എന്ന നടന്‍റെ അത്ഭുതകരമായ അഭിനയ തികവ് പ്രേക്ഷകര്‍ അനുഭവിച്ചു.പിന്നീട് ശ്യാമപ്രസാദിന്‍റെ ഒരേ കടല്‍ (സുനില്‍ ഗംഗോപാധ്യായ), രഞ്ജിത്തിന്‍റെ പാലേരി മാണിക്യം- ഒരു പാതിരാ കൊലപാതകത്തിന്‍റെ കഥ (ടി പി രാജീവന്‍), കേരള കഫെയിലെ ലാല്‍ ജോസ് സംവിധാനം ചെയ്ത പുറം കാഴ്ചകള്‍ (സി വി ശ്രീരാമന്‍) എന്നീ ചിത്രങ്ങളില്‍ മമ്മൂട്ടി നായകനായി.ബാല്യകാലസഖിയില്‍ സംഭവിച്ചത്

ഏറെ പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരുന്ന സിനിമയായിരുന്നു പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്ത ബാല്യകാലസഖി. എന്നാല്‍ മജീദിന്‍റെ പല പ്രായത്തിലുള്ള കഥാപാത്രങ്ങളെ എടുത്തണിയാനുള്ള ആര്‍ത്തിയും ചലചിത്ര വ്യാഖ്യാനത്തില്‍ മമ്മൂട്ടിയുടെ താര ശരീരത്തിന് അനുഗുണമായി കഥയെ മാറ്റിപ്പണിഞ്ഞതും ചലച്ചിത്രത്തിന്‍റെ ആസ്വാദനത്തെ പ്രതികൂലമായി ബാധിക്കുകയായിരുന്നു. മജീദിന്‍റെ ബാല്യകാലത്തിന് പകരം അത് മധ്യവയസ് കാലത്തെ ആഖ്യാനമായി മാറി. അക്ഷരങ്ങള്‍ കൂട്ടി വായിക്കാന്‍ പഠിച്ച ഓരോ മലയാളിയുടെയും ഗൃഹാതുരതയായ ബഷീറിന്‍റെ ബാല്യകാല സഖിയുടെ ഒരു ഫാന്‍സി ഡ്രെസ്സായി സിനിമ മാറിപ്പോയന്നായിരുന്നു പ്രേക്ഷകരുടെ പരാതി. എഴുതപ്പെട്ട കഥയോട് പുലര്‍ത്തേണ്ട ഉത്തരവാദിത്തം സംവിധായകന്‍ കാണിച്ചില്ല എന്നതായിരുന്നു ബാല്യകാല സഖിയ്ക്കെതിരെ ഉയര്‍ന്ന ഏറ്റവും വലിയ വിമര്‍ശനം. അതിന് സംവിധായകന്‍റെ ഭാവനാ ശൂന്യത മാത്രമല്ല മമ്മൂട്ടിയുടെ താര ഭാരവും കാരണമായിട്ടുണ്ട്.പ്രെയിസ് ദി ലോര്‍ഡ്

മമ്മൂട്ടിയുടെ വിജയിച്ച സാഹിത്യ സിനിമകള്‍ നല്‍കിയ ആത്മവിശ്വാസമാകാം സക്കറിയയുടെ കഥ ചലച്ചിത്രമാക്കാന്‍ തീരുമാനിച്ചപ്പോള്‍ പാലാക്കാരന്‍ ജോയിയായി മമ്മൂട്ടിയെ അഭിനയിപ്പിക്കാന്‍ ഷിബു ഗംഗാധരന്‍ എന്ന നവാഗതനെ പ്രേരിപ്പിച്ചത്. എന്നാല്‍ അതൊരു തെറ്റായ തീരുമാനമാണ് എന്ന് പറയാനും പറ്റില്ല. മധ്യ തിരുവിതാംകൂര്‍ കൃസ്ത്യന്‍ കഥാപാത്രമായി മമ്മൂട്ടി പ്രത്യക്ഷപ്പെട്ട സിനിമകളെല്ലാം പ്രേക്ഷക ശ്രദ്ധ നേടിയവയായിരുന്നു (കോട്ടയം കുഞ്ഞച്ചന്‍, ഒരു മരവത്തൂര്‍ കനവ്). മമ്മൂട്ടിക്ക് എളുപ്പത്തില്‍ കയറിപ്പറ്റാന്‍ സാധിക്കുമായിരുന്ന ജോയിയുടെ കഥാപാത്രത്തെ ഒരു വിഢിവേഷമായി അവതരിപ്പിക്കുകയാണ് സംവിധായകന്‍. അപ്പനപ്പൂപ്പന്‍മാര്‍ സാമ്പാധിച്ച സ്വത്ത് വകകള്‍ സംരക്ഷിച്ച് ഉമ്മറത്തെ ചാരുകസേരയില്‍ അലസമായി സമയം തള്ളി നീക്കി, ഭാര്യ നല്‍കുന്ന റേഷന്‍ പെഗ് കഴിച്ച്, പകല്‍ വെട്ടത്തില്‍ ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കാത്തതില്‍ വ്യഥപൂണ്ട് കഴിയുന്ന ജോയിയുടെ ഒറ്റയാന്‍ ജീവിതത്തെ സാമാന്യം വിശദമായി തന്നെ സംവിധായ്കാന്‍ അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍ കാമുകി കാമുകന്‍മാര്‍ എന്ന അജ്ഞാത ജീവികളെ അറിയാത്ത ജോയിയുടെ പുറം ലോകവുമായുള്ള അപരിചിതത്വത്തെ വിശ്വാസ യോഗ്യമായി അവതരിപ്പിക്കാന്‍ സംവിധായകന് സാധിക്കുന്നില്ല. അതുകൊണ്ടു തന്നെ കാമുകി കാമുകന്മാരെക്കുറിച്ചുള്ള അയാളുടെ വിവരണങ്ങള്‍ കൃത്രിമമായ ഒന്നായിട്ടാണ് പ്രേക്ഷകന് അനുഭവപ്പെടുന്നതായിരുന്നു.കാരിക്കേച്ചര്‍ സ്വഭാവമുള്ള കഥയുടെ ആക്ഷേപ ഹാസ്യ ശരീരത്തില്‍ പൂര്‍ണ്ണമായി ഇഴുകിച്ചേരാന്‍ മമ്മൂട്ടിക്ക് സാധിക്കുന്നില്ല എന്നതാണ് പ്രെയിസ് ദി ലോര്‍ഡിന്റെയും പരാജയം. മമ്മൂട്ടി ഇപ്പോള്‍ അണിഞ്ഞിരിക്കുന്ന താര വേഷത്തിന്‍റെ ഭാരം തന്നെയാണ് അതിന് ഒരു പരിധിവരെ കാരണമാകുന്നത്. എല്ലാം അറിയുന്ന എല്ലാറ്റിനും പരിഹാരം പുരുഷ ഗുണങ്ങളുടെ ആള്‍രൂപമായ മമ്മൂട്ടിയുടെ പൂര്‍വ കഥാപാത്രങ്ങളുടെ നിഴലില്‍ നിന്ന് ജോയിക്കു രക്ഷപ്പെടാന്‍ സാധിക്കുന്നില്ല. അതുകൊണ്ടാണ് മമ്മൂട്ടിയുടെ പേടിയും, ഇറുകിയ വേഷമിട്ട് പ്രത്യക്ഷപ്പെടുന്ന കാമുകി കഥാപാത്രത്തിന് നേരെ തൊടുക്കുന്ന സ്ത്രീ വിഷയീ ഭാവവും ഒന്നും പ്രേക്ഷകന് ദഹിക്കാത്തത്.ഡെല്‍ഹിയെയും പാലയെയും വിരുദ്ധ ദിശയില്‍ നിര്‍ത്തി പ്രണയത്തെയും കുടുംബത്തെയും ആത്മീയ ശോഷണത്തെയും അളക്കാന്‍ ശ്രമിച്ച പ്രെയിസ് ദി ലോര്‍ഡ് അങ്ങനെ മമ്മൂട്ടിയുടെ മറ്റൊരു പരാജയപ്പെട്ട പരീക്ഷണ ചിത്രമായി മാറി. താന്‍ വേഷമിടാന്‍ പോകുന്ന കഥാപാത്രങ്ങളെകുറിച്ച് വിവേകപൂര്‍ണ്ണമായ ആലോചന പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ച നിരവധി കഥാപാത്രങ്ങളെ സംഭാവന ചെയ്ത ഈ മഹാ നടന്നില്‍ നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ദൈവം മമ്മൂട്ടിയെ രക്ഷിക്കട്ടെ. പ്രെയിസ് ദി ലോര്‍ഡ്!Next Story

Related Stories