TopTop
Begin typing your search above and press return to search.

ധാർമികതയുടെ ആ അളവുകോൽ ഇപ്പോൾ എവിടെ ഉമ്മൻ ചാണ്ടീ?

ധാർമികതയുടെ ആ അളവുകോൽ ഇപ്പോൾ എവിടെ ഉമ്മൻ ചാണ്ടീ?

സാജു കൊമ്പന്‍


കടകംപള്ളി-കളമശ്ശേരി ഭൂമി തട്ടിപ്പ് കേസ് സി ബി ഐക്ക് വിടണം എന്ന ഹൈക്കോടതിയുടെ ഉത്തരവോടെ കേരള രാഷ്ട്രീയത്തില്‍ ദീര്‍ഘ കാലത്തേക്ക് സ്വാധീനം ചെലുത്താവുന്ന മറ്റൊരു കേസ് കൂടി ഉദയം ചെയ്തിരിക്കുകയാണ്. ഇടമലയാര്‍, പാമോയില്‍, ലാവ്ലിന്‍ കേസുകള്‍ എങ്ങനെയാണോ ബാലകൃഷ്ണപിള്ള, കരുണാകരന്‍, പിണറായി വിജയന്‍ എന്നിവരുടെ രാഷ്ട്രീയ ജീവിതത്തെ അനിശ്ചിതത്വത്തിലാക്കിയത് അത് പോലെ തന്നെ ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തെയും തകിടം മറിക്കാനുള്ള ശക്തി ഈ കേസിനും അതിന്‍റെ പശ്ചാത്തലത്തില്‍ ഹൈക്കോടതി നടത്തിയ പരമര്‍ശങ്ങള്‍ക്കും ഉണ്ട്. എന്നാല്‍ അത് എത്ര വേഗത്തില്‍ എത്ര മാരകമായി സംഭവിക്കും എന്ന കാര്യത്തില്‍ മാത്രമാണ് അല്പം സംശയം ബാക്കി നില്‍ക്കുന്നത്. കാരണം അഴിമതിയുടെ കാര്യത്തിലും പൊതുജീവിതത്തില്‍ പാലിക്കേണ്ട ധാര്‍മ്മിക മര്യാദകളുടെ കാര്യത്തിലും കേരളത്തിലെ രാഷ്ട്രീയം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കൊണ്ട് കാര്യമായ പരിവര്‍ത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. സംഭവിച്ചിരിക്കുന്നു.


സോളാര്‍ കേസ് ചൂട് പിടിച്ചകാലത്ത് ജോസ് തെറ്റയിലുമായി ബന്ധപ്പെട്ട ലൈംഗികാരോപണ കേസുമായി ബന്ധപ്പെട്ട് തെറ്റയില്‍ രാജി വെക്കണോ എന്ന പത്രക്കാരുടെ ചോദ്യത്തിന് ധാര്‍മ്മികതയുടെ അതിര്‍വരമ്പുകള്‍ തീരുമാനിക്കേണ്ടത് അവരവര്‍ തന്നെയാണ് എന്നാണ് ഉമ്മന്‍ ചാണ്ടി പറഞ്ഞത്. പുറത്ത് കോണ്‍ഗ്രസ് നേതൃത്വം തെറ്റയിലിന്‍റെ രാജിക്ക് വേണ്ടി മുറവിളി കൂട്ടിക്കൊണ്ടിരിക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ ഒഴിഞ്ഞു മാറല്‍. തന്‍റെ ഓഫീസുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ വന്നപ്പോഴും അതില്‍ തന്‍റെ പങ്കാളിത്തം നിഷേധിക്കുകയും ഓഫീസിന്‍റെ മേധാവി എന്ന നിലയില്‍ പ്രകടിപ്പിക്കേണ്ടിയിരുന്ന ഉത്തരവാദിത്തത്തില്‍ നിന്നും ഒളിച്ചോടുകയും ചെയ്യുകയായിരുന്ന മുഖ്യമന്ത്രിക്ക് ഇതില്‍ കൂടുതലൊന്നും പറയാന്‍ കഴിയുമായിരുന്നില്ല. ഒടുവില്‍ ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചപ്പോഴും അതിന്‍റെ പരിധിയില്‍ തന്‍റെ ഓഫീസ് ഉള്‍പ്പെടില്ല എന്ന് അര്‍ഥശങ്കയ്ക്കിടയില്ലാതെ പറഞ്ഞു വെയ്ക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.


ഇപ്പോള്‍ തന്‍റെ ഗണ്‍മേനായിരുന്ന സലീം രാജുള്‍പ്പെട്ട കേസില്‍ പരാതിക്കാരുടെ പരോക്ഷമായ ആരോപണത്തിന് വിധേയമാകുകയും ഹൈക്കോടതിയുടെ നേരിട്ടുള്ള വിമര്‍ശനത്തിന് വിധേയമാകുകയും ചെയ്ത മുഖ്യമന്ത്രി പക്ഷേ തന്‍റെ ധാര്‍മ്മികതയുടെ അതിര്‍ വരമ്പ് എവിടെയാണെന്ന് വ്യക്തമാക്കാന്‍ തയ്യാറായിട്ടില്ല. കോടതി ഉത്തരവുണ്ടായ ഉടനെ നടത്തിയ പത്ര സമ്മേളനത്തില്‍ താന്‍ ജനകീയ കോടതിയുടെ വിധിക്കാണ് കാത്തു നില്‍ക്കുന്നതെന്ന് പറഞ്ഞു വെക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. മാത്രമല്ല തന്‍റെ വാക്കുകള്‍ കേള്‍ക്കാന്‍ കോടതി തയ്യാറായില്ല എന്ന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാദവും അദ്ദേഹം ഉയര്‍ത്തുകയുണ്ടായി. സത്യത്തില്‍ അഡ്വകേറ്റ് ജനറല്‍ കോടതിയില്‍ ഹാജരാകുന്നതും വാദിക്കുന്നതും ഗവണ്‍മെന്‍റിനും അതിന്‍റെ നാഥനായ മുഖ്യമന്ത്രിക്കും വേണ്ടിയാണ് എന്ന് അറിയാത്തവരല്ല ആരും.


സമാനമായ മുന്‍ സാഹചര്യങ്ങളില്‍ കെ കരുണാകരനും, കെ പി വിശ്വനാഥനും, രാമചന്ദ്രന്‍ മാസ്റ്ററുമൊക്കെ പ്രതികൂലമായ കോടതി പരാമര്‍ശം ഉണ്ടായ ഉടന്‍ തന്നെ രാജി വച്ചവരാണ്. ഇവരില്‍ ആദ്യത്തെ നേതാവിനെ രാജി വെപ്പിക്കുന്നതില്‍ പ്രവര്‍ത്തിച്ചതും മറ്റ് രണ്ടു പേരില്‍ നിന്ന് രാജി ആവശ്യപ്പെട്ടതും ഉമ്മന്‍ ചാണ്ടി തന്നെയാണ് എന്നതാണു കൌതുകകരമായ കാര്യം.


കോടതി വിധിക്കെതിരെ അപ്പീല്‍ പോകില്ലെന്ന് പറഞ്ഞ രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി തന്നെ ഇത് സംബന്ധിച്ച് വിശദീകരിക്കുമെന്ന് പറഞ്ഞ വി എം സുധീരനും ഉത്തരവിലെ പാരാമര്‍ശങ്ങള്‍ ചുമന്നുകൊണ്ട് മുഖ്യമന്ത്രിക്ക് തുടരാന്‍ സാധിക്കില്ല എന്ന പി സി ജോര്‍ജിന്‍റെ പരാമര്‍ശവും തുറന്നിടുന്നത് കോണ്‍ഗ്രസിലും ഐക്യജാനാധിപത്യ മുന്നണിയിലും പുതിയ യുദ്ധമുഖങ്ങളാണ്. പൊതു തിരഞ്ഞെടുപ്പിന്‍റെ വക്കില്‍ പ്രസ്താവനകള്‍ താത്ക്കാലം അതിര് വിടാതെ നില്‍ക്കുമെങ്കിലും പുതിയ സ്ഥിതി വിശേഷങ്ങളുമായി ബന്ധപ്പെട്ട് ഇടത് ജനാധിപത്യ മുന്നണി ഉയര്‍ത്തുന്ന പ്രചരണ കോലാഹലങ്ങള്‍ക്ക് മുന്‍പില്‍ ഏറെയൊന്നും പിടിച്ച് നില്ക്കാന്‍ കോണ്‍ഗ്രസിനോ യു ഡി എഫിനോ സാധിക്കുമെന്ന് തോന്നുന്നില്ല.


താത്ക്കാലികമായി രക്ഷപ്പെടാന്‍ ഉത്തരവിലെ മുഖ്യമന്ത്രിക്കെതിരായുള്ള പരാമര്‍ശങ്ങള്‍ നീക്കിക്കിട്ടാനുള്ള നിയമ സാധ്യതയെക്കുറിച്ച് ഗവണ്‍മെന്‍റ് അന്വേഷിച്ച് തുടങ്ങിയെന്നും പുതിയ സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട് തന്‍റെ ഭാഗം വ്യക്തമാക്കിക്കൊണ്ട് ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡിന് വിശദീകരണം കൊടുത്തു എന്നുമാണ് ഏറ്റവും പുതിയ വാര്‍ത്ത. അതോടൊപ്പം ഉത്തരവിലെ സി ബി ഐ അന്വേഷണത്തെ സ്വാഗതം ചെയ്യുകയും എന്നാല്‍ വിവാദ വിഷയങ്ങളിലേക്ക് കടക്കാതിരിക്കുകയും ചെയ്യുക എന്ന തന്ത്രമായിരിക്കും യു ഡി എഫ് പയറ്റുക എന്ന വ്യക്തമായ സൂചന തിരുവനന്തപുരത്തെ പത്ര സമ്മേളനത്തിലൂടെ എ കെ ആന്റണിയും നല്കി കഴിഞ്ഞു.


എന്തായാലും ഹൈക്കോടതി ഉത്തരവോടെ രാഷ്ട്രീയത്തിലും പൊതു ജീവിതത്തിലും പാലിക്കേണ്ട ധാര്‍മ്മികതയെ കേന്ദ്ര സ്ഥാനത്ത് പ്രതിഷ്ടിച്ചുകൊണ്ടുള്ള ചര്‍ച്ചയ്ക്കായിരിക്കും ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ഇനിയുള്ള ദിവസങ്ങള്‍ സാക്ഷ്യം വഹിക്കുക. അത് ഉമ്മന്‍ ചാണ്ടിയെ മാത്രമല്ല ഐക്യ ജനാധിപത്യ മുന്നണിയുടെ ആരോപണ വിധേയരായ ചില സ്ഥാനാര്‍ഥികളെയും നേരിട്ട് ബാധിക്കും എന്നുള്ളതാണ് യു ഡി എഫിനെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നം. അത് പ്രചരണ രംഗത്ത് അല്പം പിറകിലായിരുന്ന ഇടത് മുന്നണിക്ക് മേല്‍ക്കൈ നേടിക്കൊടുക്കുമെന്നും വിലയിരുത്തപ്പെടുന്നു.


Next Story

Related Stories