TopTop
Begin typing your search above and press return to search.

നെഹ്രുവിനെ വെല്ലുവിളിച്ച കാസര്‍ഗോട് ഇത്തവണ എന്തു സംഭവിക്കും?

നെഹ്രുവിനെ വെല്ലുവിളിച്ച കാസര്‍ഗോട് ഇത്തവണ എന്തു സംഭവിക്കും?

കെ.പി.എസ്.കല്ലേരി


രാജ്യത്ത് ഏത് മണ്ഡലത്തില്‍ മത്സരിച്ചാലും ഞാന്‍ ജയിക്കും. രാജ്യം മുഴുവന്‍ എന്നെ സ്നേഹിക്കുന്നുണ്ട്. എന്റെ ജനപിന്തുണയെ നിങ്ങള്‍ ചെറുതാക്കി കാണിക്കുന്നുവോ....പാര്‍ലമെന്റില്‍ നടന്ന ഒരു ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷത്തിന്റെ കടന്നാക്രമണത്തിനെതിരെ പ്രധാനമന്ത്രി സാക്ഷാല്‍ ജവഹര്‍ലാല്‍ നെഹ്രുവിന്റെ രോഷപ്രകടനം. എ.കെ.ജിയാണ് രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ്. നെഹ്രുവിന്റെ ആത്മപ്രശംസ എകെജിക്ക് പിടിച്ചില്ല. പിന്നീടൊരു വെല്ലുവിളായിയായിരുന്നു. അങ്ങയ്ക്ക് ഉണ്ടെന്ന് പറയുന്ന ജനപിന്തുണ ഞാന്‍ അംഗീകരിക്കുന്നു. പക്ഷെ അത് തെളിയിക്കപ്പെടണം. എന്റെ കാസര്‍ഗോട് മണ്ഡലത്തില്‍ വന്ന് മത്സരിക്കാന്‍ അങ്ങയ്ക്ക് ധൈര്യമുണ്ടോ. ഉണ്ടെങ്കില്‍ അങ്ങ് പിന്നെ പാര്‍ലമെന്റ് കാണില്ല. ഇങ്ങനെയൊരു വെല്ലുവിളി അതിനുശേഷം ഇന്ത്യന്‍ പാര്‍ലമെന്റിലുണ്ടായിട്ടുണ്ടോയെന്ന് സംശയം. പാര്‍ലമെന്റിന്റേയും കാസര്‍ഗോട് മണ്ഡലത്തിന്റേയും ചരിത്രത്തിന്റെ ഭാഗമാണ് ആ വെല്ലുവിളി.


മൂന്നു തവണ കാസര്‍ഗോടിനെ പ്രതിനിധീകരിച്ച എകെജിക്ക് ശേഷം ഇപ്പോള്‍ മണ്ഡലത്തിലുള്ളത് അദ്ദേഹത്തിന്റെ മകളുടെ ഭര്‍ത്താവും സിപിഎം കേന്ദ്ര കമ്മറ്റി അംഗവുമായ പി.കരുണാകരനാണ്. മൂന്നാം വട്ടമാണ് കരുണാകരന്‍ മത്സരത്തിനിറങ്ങുന്നത്. കഴിഞ്ഞ കാലങ്ങളിലെല്ലാം വിജയം പുഷ്പം പോലെയായിരുന്നു. പക്ഷെ ഇത്തവണ തിരിഞ്ഞ് കുത്തുമോയെന്ന് ഇടതുപക്ഷം പോലും സംശയിക്കുന്നു. അത് കരുണാകരന്‍ എംപിയുടെ ജനപ്രീതിയുടെ കുറവു കൊണ്ടല്ല. മറിച്ച് കഴിഞ്ഞകാലങ്ങളിലേതിനേക്കാള്‍ കോണ്‍ഗ്രസും ലീഗും ഇവിടെ കരുത്താര്‍ജിച്ചിരിക്കുന്നു. മണ്ഡലത്തില്‍ ജനിച്ചവനെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്ന കോഴിക്കോടുകാരനും യൂത്ത് നേതാവുമായി ടി.സിദ്ദിഖാണ് മത്സരരംഗത്തുള്ളത്. സിദ്ധിഖിനായി വത്സല ഗുരു സാക്ഷാല്‍ ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റും ചെന്നിത്തലാദികളും ഇതിനകം കാസര്‍ഗോടിന്റെ മണ്ണിലൂടെ പലവുരു നടന്നുകഴിഞ്ഞു. നാളെ ഐക്യ ജനാധിപത്യ മുന്നണിയുടെ സ്റ്റാര്‍ ക്യാമ്പൈനര്‍ എ കെ ആന്‍റണിയുടെ രഥവും കാസര്‍ഗോട് നിന്ന് ഉരുണ്ട് തുടങ്ങും. കഴിഞ്ഞവര്‍ഷത്തെ കണ്ണൂര്‍, വടകര, കോഴിക്കോട് സിറ്റിംഗ് മണ്ഡലങ്ങളേക്കാളും പ്രതീക്ഷയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കാസര്‍ഗോടിന്റെ കാര്യത്തിലുള്ളത്.


അതുപോലെ ബിജെപിയും കേരളത്തില്‍ ഏക പ്രതീക്ഷ വെച്ചിരിക്കുന്ന മണ്ഡലവും കാസര്‍ഗോട് തന്നെ. ബിജെപിയുടെ കരുത്തനായ നേതാവ് കെ സുരേന്ദ്രനാണ് സ്ഥാനാര്‍ഥി. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ നടക്കുതിനു മുന്‍പുതന്നെ ബി ജെ പി ദേശീയ നേതൃത്വം ഇവിടെ സുരേന്ദ്രന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയതാണ്. മണ്ഡലം പതിവിലേറെ വര്‍ഗീയമായി വിഭജിക്കപ്പെട്ടതും കോണ്‍ഗ്രസും ലീഗും ശക്തിയാര്‍ജിച്ചതുമെല്ലാമാണ് ഇടത് വിജയത്തിന് ഇവിടെ ഇപ്പോഴുള്ള ഭീഷണി.


കൂടാതെ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതാവ് അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ ആം ആദ്മി പാര്‍ടി ബാനറില്‍ മത്സരിക്കുന്നത് ഇരു മുന്നണികള്‍ക്കും തലവേദനയാണ്. എന്‍ഡോ സള്‍ഫാന്‍ ഇരകളുടെയും ആ പ്രശ്നത്തോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചിട്ടുള്ള പൊതുസമൂഹത്തില്‍ നിന്നും കൂടാതെ ആപ് തരംഗത്തില്‍ ആകൃഷ്ടരായവരുടെയും വോട്ട് അമ്പലത്തറ കുഞ്ഞിക്കണ്ണന് അനുകൂലമായി വീഴുമെന്നത് ഇടതിന്റെ മുന്‍കാല ആത്മ വിശ്വാസത്തെ ചെറുതല്ലാത്ത വിധം ബാധിച്ചിട്ടുണ്ട്. കൂടാതെ പാരിസ്ഥികവും ജനകീയവുമായ ഒരു വിഷയം തിരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരാന്‍ കഴിഞ്ഞു എന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ കാസര്‍ഗോഡിന്‍റെ ചരിത്ര പ്രാധാന്യം.


കേരളത്തില്‍ ഇടതുപക്ഷത്ത് ഉറച്ച് നില്‍ക്കുന്ന ചുരുക്കം ചില മണ്ഡലങ്ങളിലൊന്നാണ് കാസര്‍ഗോട്. കൊച്ചുകേരളത്തിന്റെ വടക്കേ അറ്റത്ത് ഇടതിന്റെ ഉരുക്കുകോട്ടയെന്ന് വേണമെങ്കില്‍ മണ്ഡലത്തെ ചുരുക്കി വിളിക്കാം. കഴിഞ്ഞ തവണ മഹിളാകോഗ്രസ് നേതാവ് ഷാനി മോള്‍ ഉസ്മാന് വെച്ചു നീട്ടിയെങ്കിലും അവര്‍ സ്വീകരിക്കാതിരുന്ന മണ്ഡലത്തില്‍ പിന്നീടെത്തിയത് കൊല്ലംകാരി ഷാഹിദ കമാല്‍. രണ്ടാം വട്ടം മത്സരത്തിനിറങ്ങിയ പി.കരുണാകരന് അവര്‍ ഒരു എതിരാളിയേ ആയിരുന്നില്ല.


1957ല്‍ മണ്ഡലമുണ്ടായ ശേഷം മൂന്നു തവണ തുടര്‍ച്ചയായി മണ്ഡലത്തെ പ്രതിനിധീകരിച്ചത് അവരുടെ കണ്ണിലുണ്ണിയും കേരളത്തിലെ പാവങ്ങളുടെ പടത്തലവനുമായി അറിയപ്പെട്ട എ.കെ.ഗോപാലന്‍. എതിരാളികള്‍ക്കുപോലും കുറ്റം പറയാനില്ലാതിരുന്ന എ.കെ.ജിയുടെ സാന്നിധ്യമാണ് പിന്നീടിങ്ങോട്ട് കമ്യൂണിസ്റ്റുകാര്‍ക്ക് കാസര്‍ഗോടിനെ വളക്കൂറുള്ള മണ്ണാക്കിയത്.


71ലാണ് മണ്ഡലം ഇടതുപക്ഷത്തെ ഞെട്ടിച്ച് ഇപ്പോള്‍ ഇടത്തുള്ള രാമചന്ദ്രന്‍ കടപ്പള്ളിയുടെ കൈകളിലെത്തിയത്. അന്ന് യുവ കേസരിയായിരു കടന്നപ്പള്ളി പരാജയപ്പെടുത്തിയത് സിപിഎമ്മിലെ കരുത്തനായ ഇ.കെ.നായനാരെ. പിന്നീടൊരിക്കലും നായനാര്‍ അതുവഴി പോയിട്ടില്ലെന്നതും കാസര്‍ഗോടിന്റെ മറ്റൊരു ചരിത്രം. രണ്ടുവട്ടം മണ്ഡലം കടന്നപ്പള്ളി കൈക്കുള്ളിലാക്കിയെങ്കിലും 80ല്‍ രാമണ്ണറായി അത് വീണ്ടും കമ്യൂണിസ്റ്റ് പക്ഷത്ത് എത്തിച്ചു. പക്ഷെ 84ല്‍ വീണ്ടും ഐ.രാമറായി മണ്ഡലത്തെ തിരിച്ച് കോഗ്രസിന്റെ കൈകളിലെത്തിച്ചു.


89ല്‍ മണ്ഡലം കോഗ്രസില്‍ നിന്ന് തിരിച്ച് പിടിച്ചശേഷം ഇടതുപക്ഷത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. രണ്ടു തവണ രാമണ്ണറായി, മൂന്നുതവണ ടി.ഗോവിന്ദന്‍, 2004മുതല്‍ പി.കരുണാകരന്‍ ഇങ്ങനെ തുടരുന്നു ഇടത് വിജയത്തിന്റെ നാള്‍വഴികള്‍.


2009ലെ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ പി. കരുണാകരന്‍ 64,427 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. കരുണാകരന് ലഭിച്ച വോട്ട് 3,85,522. കോഗ്രസിലെ ഷാഹിദ കമാല്‍ 3,21,095 വോട്ടാണ് നേടിയത്.


Next Story

Related Stories