TopTop
Begin typing your search above and press return to search.

ഈജിപ്റ്റിന്റെ പ്രസിഡന്‍റാവാന്‍ തയ്യാറെടുത്ത് അബ്ദെല്‍ ഫത്തേ എല്‍ സിസി

ഈജിപ്റ്റിന്റെ പ്രസിഡന്‍റാവാന്‍ തയ്യാറെടുത്ത് അബ്ദെല്‍ ഫത്തേ എല്‍ സിസി

അബിഗേയ്ല്‍ ഹോസലോഹര് (വാഷിംഗ്ടണ്‍ പോസ്റ്റ്)

മൂന്നു വര്ഷം മുന്‍പ് അബ്ദെല്‍ ഫത്തേ എല്‍ സിസി എന്നാല്‍ ഈജിപ്റ്റിലെ അധികമാരും അറിയാത്ത ഒരു ഉയര്‍ന്ന മിലിട്ടറി ഒഫീസര്‍ മാത്രമായിരുന്നു. കഴിഞ്ഞ ബുധനാഴ്ച ഫീല്‍ഡ് മാര്‍ഷല്‍ സിസി താന്‍ പ്രസിഡന്‍റാകാന്‍ മത്സരിക്കുമെന്നും ഉറപ്പായും വിജയിക്കുമെന്നും പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ മുഖം ഇപ്പോള്‍ ബില്‍ബോര്‍ഡുകളിലും ചോക്കലേറ്റ് കവറുകളിലും കാണാം.

“സ്റ്റേറ്റ് അതിന്റെ പദവിയും അധികാരവും തിരിച്ചുപിടിക്കേണ്ടിയിരിക്കുന്നു.” ദേശീയടെലിവിഷനോട് അദ്ദേഹം പറഞ്ഞു. “ഈജിപ്റ്റിനെ തിരിച്ചുപിടിക്കലാണ് ഞങ്ങളുടെ ലക്‌ഷ്യം.”

അമ്പത്തൊന്‍പതുകാരനായ സിസി ഒരു സിവിലിയനായാണ്‌ മത്സരിക്കുക. എന്നാല്‍ ഈ ഇലക്ഷന്‍ ഈജിപ്റ്റിന്റെ ഇസ്ലാമിസ്റ്റ് ഭരണപരീക്ഷണങ്ങളുടെ തോല്‍വി പൂര്‍ത്തീകരിക്കും. അറുപത്തിരണ്ടു വര്ഷം നീണ്ടുനിന്ന ഏകാധിപതിഭരണത്തിനുശേഷം രാജ്യം ഭരിക്കുന്ന ആറാമത്തെ പട്ടാളക്കാരനായിരിക്കും സിസി.

സിസിയുടെ നേതൃത്വത്തിലാണ് ആദ്യമായി ജനാധിപത്യസമ്പ്രദായത്തില്‍ അധികാരത്തില്‍ വന്ന മൊഹമ്മദ്‌ മോര്‍സിയെ കഴിഞ്ഞ ജൂലൈയില്‍ അട്ടിമറിച്ചത്. സിസിക്ക് വോട്ടര്‍മാരുടെ പിന്തുണ നേടാനായാല്‍ അയാള്‍ക്ക് കൂടുതല്‍ അധികാരമുണ്ടാകും. എന്നാല്‍ അയാളുടെ പ്രധാന ഉദ്ദേശം അമേരിക്കയ്ക്ക് പ്രതിരോധം സൃഷ്ടിക്കുക എന്നതാണ്. ദീര്‍ഘകാലസുഹൃത്തായ ഈജിപ്റ്റുമായുള്ള ബന്ധം നിലനിറുത്താനും എന്നാല്‍ ജനാധിപത്യത്തില്‍ നിന്നുള്ള ചുവടുമാറ്റത്തെ അംഗീകരിക്കുന്നരീതിയില്‍ പെരുമാറാതിരിക്കാനുമാണ് അമേരിക്ക ശ്രദ്ധിച്ചുവരുന്നത്.
ഇതിനുമുന്‍പ് വന്ന പട്ടാളനേതാക്കളായ ഹോസ്നി മുബാറക്, അന്‍വര്‍ സാദത്ത്‌ എന്നിവരില്‍ നിന്ന് വ്യത്യസ്തനായി സിസി ഒരിക്കലും ഇസ്രായേലുമായി യുദ്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ല. അത് സിസിക്ക് അഭിമാനവും മേല്‍ക്കൈയും നല്‍കുന്ന ഒരു കാര്യമാണ്. രാജ്യത്തിന്റെ സാംസ്കാരികസ്വത്വത്തോട് ചേര്‍ന്നുപോകുന്ന നിലപാടുകളാണ് സിസി എടുത്തിട്ടുള്ളത്‌. 52ല്‍ രാജഭരണത്തെ അട്ടിമറിച്ച പട്ടാളമേധാവി ഗമാല്‍ അബ്ദെല്‍ നാസറിനോടാണ് പലരും സിസിയെ ഉപമിക്കുന്നത്.

തിരഞ്ഞെടുപ്പ് തീയ്യതി തീരുമാനിക്കപ്പെട്ടിട്ടില്ല. എങ്കിലും മത്സരിക്കാനായി തന്റെ സൈനിക മേധാവി സ്ഥാനവും പ്രതിരോധമന്ത്രിസ്ഥാനവും രാജിവച്ചിരിക്കുകയാണ് സിസി.

ഇടതുപക്ഷത്തില്‍ നിന്നുള്ള ഹംദീന്‍ സബാഹി മാത്രമാണ് മത്സരിക്കുമെന്ന് പറഞ്ഞിട്ടുള്ള മറ്റൊരാള്‍.

അമേരിക്കയുമായുള്ള ബന്ധത്തെ അനുകൂലിക്കുന്നയാളാണ് സിസിയെന്നും കഴിഞ്ഞ വേനലിലെ അട്ടിമറിക്കാലത്ത് അമേരിക്കയില്‍ നിന്ന് പിന്തുണ ലഭിക്കാഞ്ഞതാണ് സിസിയെ ചൊടിപ്പിച്ചതെന്നും അദ്ദേഹത്തെ അടുത്തറിയുന്നവര്‍ പറയുന്നു.
അതിവേഗമാണ് രാഷ്ട്രീയഅധികാരത്തിലേയ്ക്കുള്ള സിസിയുടെ വളര്‍ച്ച സംഭവിച്ചത്. ജൂലൈയിലെ അട്ടിമറി വരെ അങ്ങനെയൊരു ചിന്ത അദ്ദേഹത്തിനുണ്ടായിരുന്നില്ല എന്നാണ് സഹപ്രവര്‍ത്തകര്‍ പറയുനത്. എന്നാല്‍ ഉയര്‍ന്നുവരുന്ന ജനപ്രിയതയും ഈഗോയും സിസിയുടെ നോട്ടം അധികാരത്തിലെത്തിച്ചുവെന്ന് കരുതുന്നവരുമുണ്ട്‌.

ക്രൂരനും സ്ഥാനമോഹിയുമായ ഒരാളാണ് സിസിയെന്നാണ് സിസിയെ നേരിട്ടുപരിചയമുള്ള ഒരു വിദേശനയതന്ത്രവിദഗ്ധന്‍ പറഞ്ഞത്.

സിസിയുടെ പിന്തുണയോടെ അട്ടിമറിക്കുശേഷം അധികാരത്തില്‍ വന്ന ഗവണ്‍മെന്‍റ് കഴിഞ്ഞ രണ്ടു ദശാബ്ദത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ രാഷ്ട്രീയപ്രതിസന്ധികളിലൂടെയാണ് കടന്നുപോയത്. 2012ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച മുസ്ലിം ബ്രദര്‍ഹുഡിനെ തീവ്രവാദസംഘടനയായി പ്രഖ്യാപിക്കുകയും മോര്‍സിയെയും മറ്റു മുന്‍ നേതാക്കളെയും ജയിലിലടയ്ക്കുകയും ചെയ്തു.

എന്നാല്‍ സിസിയുടെ ആ സ്വഭാവം തന്നെയാണ് പല ഈജിപ്റ്റ്കാരെയും ആകര്‍ഷിക്കുന്നതും. വര്‍ഷങ്ങള്‍ നീണ്ട പ്രശ്നങ്ങള്‍ക്കൊടുവില്‍ ശക്തനായ ഒരു നേതാവിനെയാണ് അവര്‍ പ്രതീക്ഷിക്കുന്നത്. സമ്പദ് വ്യവസ്ഥ ഭദ്രമാക്കുമെന്നും ഗവണ്‍മെന്‍റ് വിരുദ്ധസമരങ്ങളെ അമര്‍ച്ച ചെയ്യുമെന്നും അക്രമസമരങ്ങള്‍ കുറയുമെന്നും നിയമം പുനസ്ഥാപിക്കപ്പെടുമെന്നുമാണ് കരുതപ്പെടുന്നത്.

ശക്തനായ ഒരു നേതാവുണ്ടാകേണ്ടതിന്റെ പ്രാധാന്യം ആളുകള്‍ ഇപ്പോള്‍ മനസിലാക്കുന്നുണ്ട്‌. സര്‍ക്കാര്‍ പത്രമായ അല്‍-അഹ്രത്തിന്റെ റിപ്പോര്‍ട്ടറായ അയ്മാന്‍ ഫാറൂക്ക് പറയുന്നു.
മുബാറക്കിനെതിരെ കലാപം നടത്തുകയും അറബ് വസന്തകാലത്ത് അയാളെ അധികാരത്തില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്ത ജനതയെ സിസിക്ക് തൃപ്തിപ്പെടുത്താനാകുമോ എന്നത് മാത്രമാണ് ചോദ്യം.

വാഷിംഗ്ടണ്‍ പോസ്റ്റിനുനല്‍കിയ ഒരു അഭിമുഖത്തില്‍ സിസി പറയുന്നത് മുപ്പതുമില്യന്‍ ജനങ്ങള്‍ അയാളെ അനുകൂലിച്ചുകൊണ്ട് പ്രകടനങ്ങളുമായി തെരുവിലിറങ്ങിയെന്നാണ്, രാജ്യജനസംഖ്യയുടെ മുപ്പത്തഞ്ചുശതമാനം വരും അത്. പ്രസിഡണ്ടായി താന്‍ മത്സരിക്കുക എന്ന രാജ്യതാല്‍പ്പര്യം കണ്ടില്ലെന്നുവയ്ക്കാന്‍ കഴിഞ്ഞില്ല എന്നൊക്കെയാണ് സിസി പറയുന്നത്.

സിസിയുടെ സ്വകാര്യജീവിതത്തെപ്പറ്റിയോ പോളിസികളെപ്പറ്റിയോ ഈജിപ്റ്റിന്റെ ഭാവിയെപ്പറ്റിയുള്ള ആലോചനകളെപ്പറ്റിയോ അധികമൊന്നും ആര്‍ക്കും അറിയില്ല. അയാളുടെ പൊതുചടങ്ങുകളെല്ലാം കൃത്യമായി ചിട്ടപ്പെടുത്തിയവയാണ്. വളരെ അപൂര്‍വമായി മാത്രമേ സിസി ഇന്റര്‍വ്യൂകള്‍ നല്‍കാറുള്ളൂ. വളരെ ചെറുപ്പക്കാരനായ ഒരു ജനറല്‍ ആയിരുന്നപ്പോള്‍ തന്നെ മറ്റുരാജ്യങ്ങളിലെ ഉന്നതഉദ്യോഗസ്ഥരുമായി ഇടപെടുന്നതില്‍ സിസി താല്‍പ്പര്യം കാണിച്ചിരുന്നു. മുബാറക്കിന്റെ പതനത്തിന്റെ സമയത്ത് അന്ന് ഉയര്‍ന്നുവന്നിരുന്ന രാഷ്ട്രീയപ്പാര്ട്ടിയായ മുസ്ലിം ബ്രദര്‍ഹുഡുമായി താന്‍തന്നെ ചര്‍ച്ചകള്‍ നടത്തണമെന്ന് സിസി തീരുമാനിക്കുകയായിരുന്നു.

മുന്‍പുണ്ടായ ഏത് പ്രമുഖ ഈജിപ്ഷ്യന്‍ പട്ടാളമേധാവികളെക്കാളും മിടുക്കനാണ് അയാള്‍, വിദേശനയതന്ത്രജ്ഞന്‍ പറയുന്നു.

പതിനഞ്ചാം വയസില്‍ പട്ടാളത്തില്‍ ചേര്‍ന്നയാളാണ് സിസി. ഈജിപ്ഷ്യന്‍ മിലിട്ടറി അക്കാദമിയില്‍ നിന്ന് 77ലാണ് ഡിഗ്രി നേടിയത്. വളരെ വേഗം പദവികളിലൂടെ ഉയര്‍ന്നുവന്നയാളാണ് സിസി. 2006ല്‍ അമേരിക്കയിലെ ആര്‍മി വാര്‍ കോളേജില്‍ ഒരു വര്ഷം ചെലവഴിക്കാനും സിസി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഒടുവില്‍ ആംഡ് ഫോര്‍സസിന്റെ പരമാധികാരിസ്ഥാനത്തെത്തിയ ഏറ്റവും പ്രായം കുറഞ്ഞയാളായി സിസി മാറി. ഈ സംഘടനയാണ് മുബാറക്കിനെ അട്ടിമറിച്ചശേഷം താല്‍ക്കാലികമായി അധികാരത്തിലെത്തിയത്.

പല മുബാറക്ക്‌ അനുകൂലികളായ ഉയര്‍ന്ന ഉദ്യോഗസ്ഥരെയും പിന്തള്ളി മോര്‍സിയാണ് 2012ല്‍ സിസിയെ പ്രതിരോധമന്ത്രിയാക്കിയത്. തനിക്കു ഒരു സമാന മനസ്ഥിതിയുള്ള മന്ത്രിയെ കിട്ടിയെന്നായിരുന്നു ഇസ്ലാമിസ്റ്റ് പ്രസിഡന്‍റായ മോര്‍സിയുടെ തോന്നല്. അമേരിക്കയിലെ ആര്‍മി വാര്‍ കോളേജില്‍ വെച്ച് മിഡില്‍ ഈസ്റ്റ് ഡെമോക്രസികളില്‍ ഇസ്ലാമിനുള്ള പങ്കിനെപ്പറ്റി അനുകൂലിച്ച് എഴുതിയിരുന്നു.

എന്നാല്‍ സിസി ഒരു പ്രായോഗികവാദിയായിരുന്നു.

സിസിയുടെ ഭാര്യ ആദ്യമായി ഒരു പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഒരു മുഴുനീള അബായയ്ക്ക് പകരം വെറുമൊരു ശിരോവസ്ത്രം മാത്രമാണ് ധരിച്ചത്. താന്‍ ഒരു യാഥാസ്ഥിതികമുസ്ലിമല്ല എന്ന് സ്ഥാപിക്കല്‍ ആയിരുന്നു അത്. സിസിയുടെ സെക്കുലര്‍ അനുകൂലികളെയും കൂടി തൃപ്തിപ്പെടുത്തുന്ന ഒരു നടപടിയായിരുന്നു ഇത്.
പ്രതിരോധ മന്ത്രാലയത്തിന്‍റെ ജീവചരിത്രരേഖയില്‍ സിസി സേവിച്ച മിലിട്ടറി പദവികളെപ്പറ്റിയും പഠിച്ച കോഴ്സുകളെ പറ്റിയും ലഭിച്ച മെഡലുകളെപ്പറ്റിയും മാത്രമെ പറയുന്നുള്ളൂ എന്നത് ശ്രദ്ധേയമാണ്. സിസി ഒരു അച്ഛനാണെന്നും അദ്ദേഹത്തിന്റെ ഹോബികള്‍ സ്പോര്‍ട്സും വായനയും ആണെന്നും പറയുന്നു.

സിസിയോടു അടുത്തുനില്‍ക്കുന്ന ഒരു ഓഫീസര്‍ പറഞ്ഞത് അദ്ദേഹം പ്രതിരോധ മന്ത്രാലയത്തിന്‍റെ വിശാലമായ കാമ്പസില്‍ കൂടി സൈക്കിളില്‍ യാത്രചെയ്യാറുണ്ടെന്നാണ്.

വനിതാ ജനാധിപത്യപ്രവര്‍ത്തകരുടെ മേല്‍ മിലിട്ടറിയുടെ കന്യകാത്വപരിശോധനകളെ പിന്തുണച്ചതോടെയാണ് 2011ല്‍ സിസി ശ്രദ്ധയാകര്‍ഷിക്കുന്നത്.

സമ്പദ് വ്യവസ്ഥയെപ്പറ്റിയുള്ള തന്റെ പദ്ധതികള്‍ സിസി അധികമൊന്നും പറഞ്ഞിട്ടില്ല. ഇതാവും പ്രശ്നബാധിതമായ തന്റെ രാജ്യത്തെ രക്ഷിക്കാന്‍ സിസി എടുക്കുന്ന തീരുമാനങ്ങളില്‍ ഏറ്റവും പ്രധാനമാവുക എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. പോളിസിയില്‍ ഉള്ള അറിവുകുറവ് മിലിട്ടറി മനുഷ്യനായതുകൊണ്ടുള്ള ശക്തി കൊണ്ട് മറികടക്കാം എന്നാണ് സിസി അനുകൂലികള്‍ വാദിക്കുന്നത്.

ഈജിപ്റ്റിന്‍റെ സുരക്ഷ ഉറപ്പുവരുത്തുന്നതോടെ മികച്ച പ്രതിരോധനടപടികള്‍ സ്വീകരിക്കാന്‍ കഴിയുമെന്നും അതോടെ രാജ്യത്തുണ്ടാകുന്ന സമാധാനവും സ്ഥിരതയും വികസനം കൊണ്ടുവരുമെന്നും കരുതുന്നവരുണ്ട്.

സുരക്ഷാനടപടികള്‍ സുസ്ഥിരമായാലുടന്‍ മുതല്‍മുടക്കുകളും എത്തിതുടങ്ങുമെന്നാണ് ഫോറിന്‍ ട്രേഡ്, ഇന്‍ഡസ്ട്രി ആന്‍ഡ്‌ ഇന്‍വസ്റ്റ്മെന്റ് മന്ത്രിയായ മൌനിര്‍ ഫക്രി അബ്ദല്‍ നൂര്‍ പറയുന്നത്.

പേര്‍ഷ്യന്‍ ഗള്‍ഫിലെ മറ്റുസമ്പന്നരാജ്യങ്ങളില്‍ നിന്ന് സാമ്പത്തികസഹായം തേടുന്നതില്‍ സിസി വിജയിച്ചിട്ടുണ്ട്. അട്ടിമറിക്ക് ശേഷം കോടിക്കണക്കിന് ഡോളറുകള്‍ ഈജിപ്റ്റില്‍ മുതല്‍മുടക്കാന്‍ സൌദിഅറേബ്യ, യു എ ഇ, കുവൈറ്റ് മുതലായ രാജ്യങ്ങള്‍ തയാറാണ്.

എന്നാല്‍ പോളിസിയില്‍ മാറ്റങ്ങള്‍ ഒന്നുമുണ്ടായില്ലെങ്കില്‍ ഈ സഹായം തുടരില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. സിസിയുടെ മനസ്സില്‍ എന്താണുള്ളത് എന്ന് വ്യക്തമല്ല.

സിസിയുടെ മുഖമുള്ള ബില്‍ബോര്‍ഡുകള്‍ ഹൈവേകളിലും പാലങ്ങളിലും ടോള്‍ ബൂത്തുകളിലും കാണാം. ടിവിയില്‍ അവതാരകര്‍ സിസിയുടെ ധൈര്യത്തെയും ബുദ്ധിയും ഒക്കെ പുകഴ്ത്തന്നുണ്ട്. സര്‍ക്കാര്‍ റേഡിയോയില്‍ സ്ഥിരമായി മിലിട്ടറി അനുകൂലഗാനമായ “ബ്ലെസ് യുവര്‍ ഹാന്‍ഡ്സ്” തുടര്‍ച്ചയായി പാടിക്കൊണ്ടേയിരിക്കുന്നു.


Next Story

Related Stories