TopTop

ദേശീയതയും ചാര പ്രവര്‍ത്തനവും

ദേശീയതയും ചാര പ്രവര്‍ത്തനവും
ടീം അഴിമുഖം

സര്‍ സിറില്‍ റാഡ്ക്ലിഫ് മേശപ്പുറത്ത് നിവര്‍ത്തിയിട്ട ഭൂപടത്തില്‍ രാജ്യാതിര്‍ത്തികള വേര്‍തിരിച്ച് കോറിയിട്ട വരകള്‍ വര്‍ഷങ്ങള്‍ക്കിപ്പുറം കണ്ണീരുണങ്ങാത്ത പ്രദേശമായി മാറുമെന്ന് അന്ന് ചിന്തിച്ചിരിക്കില്ല. യഥാര്‍ത്ഥ ഭൂപ്രദേശത്ത് എത്തിയപ്പോള്‍ കടലാസിലെ ഈ മഷിപ്പാടിന് മാത്രം അഞ്ച് കിലോമീറ്റ വരെ വീതിയുണ്ടായി. ഗ്രാമങ്ങളുടെ നടുവിലൂടെ, കൃഷിയിടങ്ങളെ രണ്ടാക്കി, വീടുകള്‍ക്ക് അകത്ത് കൂടിയാണ് വര കടന്ന് പോയത്.

എരിഞ്ഞ് നിന്നിരുന്ന വര്‍ഗീയാഗ്നിക്ക് മേല്‍ ഈ വരകള്‍ എണ്ണയായി. വരകള്‍ സൃഷ്ടിച്ച ആശയക്കുഴപ്പവും വര്‍ഗീയതയും കൂട്ടുപിണഞ്ഞ ഇന്ത്യാ-പാക് ബന്ധത്തില്‍ അധികം ചര്‍ച്ചചെയ്യപ്പെടാത്ത ഒരു കറുത്ത അധ്യായത്തിലെ ഏറ്റവും പ്രശസ്തനായ മുഖമായിരിക്കും സരബ്ജിത് സിംഗ്.

മദ്യലഹരിയില്‍ സരബ്ജിത്ത് അതിര്‍ത്തി കടന്നതാണെന്ന ഇന്ത്യയുടെ വാദവും ബോംബ് സ്‌ഫോടനത്തിന് എത്തിയ ഇന്ത്യന്‍ ചാരനാണെന്ന പാകിസ്ഥാന്റെ മറുവാദവും തല്‍ക്കാലം നമുക്ക് മാറ്റിനിര്‍ത്താം. അയല്‍രാജ്യത്തെ വിവരങ്ങള്‍ ശേഖരിക്കാനും നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കുമായി രണ്ട് രാജ്യത്തേയും സുരക്ഷാ എജന്‍സികള്‍ ചെറുപ്പക്കാരെ അതിര്‍ത്തികടത്തി വിടാറുണ്ട് എന്നത് പകല്‍പോലെ സത്യം. സുരക്ഷാ ഏജന്‍സികള്‍ കൊടുക്കുന്ന തുച്ഛമായ വരുമാന് വേണ്ടിയാണ് ജീവനും കൈയില്‍പിടിച്ച് ഇവരുടെ യാത്ര. അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന് നിന്ന് അപ്പുറവും ഇപ്പുറവും കടന്ന് പോയ ആളുകള്‍ ഇന്ത്യയിലേയും പാകിസ്ഥാനിലേയും തടവറയില്‍ കഴിയുന്നുണ്ട്. ഇവരെക്കുറിച്ച് സ്വന്തം വീട്ടില്‍പോലും ചര്‍ച്ചചെയ്യാന്‍ കുടുംബാംഗങ്ങള്‍ക്ക് ഭയമാണ്.

വാസ്തവുമായി പുലബന്ധം പോലുമില്ലാത്ത വിവരം വിറ്റ് കാശാക്കുന്ന മറ്റൊരു കൂട്ടരുമുണ്ട്, അതിര്‍ത്തി കടന്ന് വരുന്ന ലഹരി വില്‍പനക്കാര്‍, കള്ളക്കടത്ത് നടത്തുന്നവര്‍...എന്നിങ്ങനെ പോകുന്നു ഇവരുടെ പട്ടിക. ഇന്ത്യാ-പാക് ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ സാധിക്കുന്ന വിവരങ്ങളും ഇവര്‍ കൈമാറാറുണ്ട് എന്നത് മറ്റൊരു കാര്യം. വളരെ ചുരുക്കമായി മാത്രമാണ് ഇപ്രകാരം സംഭവിക്കുന്നത്.

ശാസ്ത്രീയമായ ചട്ടക്കൂട് നിര്‍മ്മിച്ച് രഹസ്യാന്വേഷണരംഗത്തെ അടിമുടി മാറ്റിപണിഞ്ഞത് ബ്രിട്ടീഷുകാരായിരുന്നു. തെക്കേ ഏഷ്യയെ കൈപ്പിടിയില്‍ മുറുക്കിപിടിക്കാന്‍ പത്തൊമ്പതാം നൂറ്റാണ്ടിലാണ് ബ്രിട്ടീഷുകാര്‍ രഹസ്യനേഷണത്തിന് പുതിയ മുഖം നല്‍കിയത്. മധ്യ ഏഷ്യക്ക് വേണ്ടി റഷ്യയും ബ്രിട്ടീഷ് സാമ്രാജ്യവും തമ്മില്‍ നടന്ന ഗ്രേറ്റ് ഗെയിംംകാലത്ത് ഇങ്ങനെയൊക്കെയെുള്ള ചാരപ്രവര്‍ത്തനം അനിവാര്യമായിരുന്നു. ടെന്നീസ് ബോളിന്റെ ചിത്രം ഒപ്പിയെടുക്കാന്‍ സാധിക്കുന്ന സാറ്റലൈറ്റുകളും പൈലറ്റില്ലാതെ മണിക്കൂറോളം പറന്ന് നടക്കാന്‍ കഴിയുന്ന യു.എ.വികളുടേയും ഈ ഇരുപത്തൊന്നോന്നാം നൂറ്റാണ്ടില്‍ അതിര്‍ത്തിക്കപ്പുറത്തേക്കുള്ള ഒളിഞ്ഞ്‌ നോട്ടത്തിന് മനുഷ്യജീവിയിയെ ഉപയോഗിക്കേണ്ടതുണ്ടോ ?

ദേശതാല്‍പര്യങ്ങളെന്ന പേരില്‍ തീവ്രവാദം ഉപയോഗിച്ചത്തിന്‍റെ ഫലം ചോരപ്പൂഴയാണെന്ന് വീണ്ടും വീണ്ടും തെളിയിച്ച സ്ഥലമാണ് നമ്മുടേത്. ഇനിയും ഇതാവര്‍ത്തിക്കാനാണ് ഉദ്ദേശമെങ്കില്‍ ഫലം മറ്റൊന്നാകില്ല. വിഷം വമിക്കുന്ന പേരാട്ടം അവസാനിപ്പിച്ച് ഇന്ത്യയും പാകിസ്ഥാനും പക്വതയുള്ള രാജ്യങ്ങളായി മാറണം. ടി.വി.ചാനലുകളിലെ ഒമ്പത് മണി ചര്‍ച്ചയില്‍ പരസ്പരം ചെളിവാരിയെറിയുന്നത് ഒന്നിനും പരിഹാരമാകില്ല. രാജ്യത്തിന്റെ ഉള്ളിലേക്ക് നോക്കി പട്ടിണിയും നിരക്ഷരതയും തുടച്ച് നീക്കാനുള്ള ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ സമയം ചെലവഴിക്കുകയാണ് വേണ്ടത്.

Next Story

Related Stories