TopTop
Begin typing your search above and press return to search.

യാത്ര ചെയ്യുമ്പോള്‍ സ്വവര്‍ഗാനുരാഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

യാത്ര ചെയ്യുമ്പോള്‍ സ്വവര്‍ഗാനുരാഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ലാന്‍സ് റിച്ചാര്‍ഡ്സന്‍ (സ്ലേറ്റ്)

കഴിഞ്ഞ വര്‍ഷം ഒരു പത്രത്തിനുവേണ്ടിയുള്ള അസൈന്മന്റിനിടെ ഞാന്‍ കെനിയയിലെ സംബുരു നാഷണല്‍ പാര്‍ക്കില്‍ ഒരു മസായി സ്ത്രീയുടെ അടുത്ത് ഇരിക്കുകയായിരുന്നു. ഞങ്ങള്‍ ഇവാസോ ഗിരോ നദിയുടെ കരയില്‍ നില്‍ക്കുന്ന ഒരു ആനയെ നോക്കുകയായിരുന്നു. എവര്‍ലിന്‍ എന്ന ഈ നൈറോബിക്കാരി എന്റെ വഴികാട്ടിയാണ്. ആഫ്രിക്കന്‍ സ്ത്രീകള്‍ സ്വയരക്ഷ നേടാന്‍ കരുത്തില്ലാത്തവരാണ് എന്ന ആരോപണത്തിന് ഒരു അപവാദം കൂടിയാണ് ഇവര്‍. ഗ്രാമത്തിലെ പീഡനങ്ങള്‍ നിറഞ്ഞ ഒരു ബഹുഭാര്യാ വിവാഹത്തില്‍ നിന്ന് രക്ഷപെട്ടുവന്ന ഇവര്‍ ആര്‍ക്കും അസൂയ തോന്നുന്ന രീതിയില്‍ ഒരു സര്‍ക്കാര്‍ ജോലി നേടി, സഹോദരനെ മെഡിക്കല്‍ സ്കൂളില്‍ ചേര്‍ത്തു, ഇപ്പോള്‍ എയിഡ്സ് തടയുന്നതിനെപ്പറ്റിയുള്ള സന്ദേശം ഗ്രാമങ്ങള്‍ തോറും എത്തിക്കുന്ന ഒരു പദ്ധതിയുടെ ഭാഗമാണ്. എനിക്കവരെ വളരെ ഇഷ്ടമായി. ഞങ്ങള്‍ സംസാരിച്ചിരിക്കെ പെട്ടെന്ന് അവര്‍ പ്രതീക്ഷിക്കാത്ത ഒരു ചോദ്യം ഉയര്‍ത്തി. “ഒരു ആണും ആണും പ്രേമിക്കുകയാണെങ്കില്‍ നിങ്ങള്‍ അവരെ വീട്ടില്‍ കയറ്റുമോ?”

ഞാന്‍ മരവിച്ചുപോയി. “കെനിയയില്‍ അത് തെറ്റാണ്. നൈറോബിയില്‍ നിങ്ങള്‍ക്ക് ക്ലബ്ബുകളും ലെസ്ബിയന്‍മാരെയും കാണാം.” അവര്‍ തുടര്‍ന്നു. “ഇതൊരു പുതിയ സംഗതിയാണെന്ന് തോന്നുന്നു. മുന്‍പൊന്നും കെനിയയില്‍ ഞങ്ങള്‍ ഇത്തരക്കാരെ കണ്ടിട്ടേയില്ല.”. “ഇത്തരക്കാര്‍” അവരുടെ പഴയ ഗ്രാമത്തില്‍ വന്നിരുന്നെങ്കില്‍ അവരെ അടിച്ചോടിക്കുമായിരുന്നു, അവര്‍ വിശദമാക്കി. ലെസ്ബിയനാണെന്ന് വെളിപ്പെടുത്തിയ ഒരു സഹപ്രവര്ത്തകയെ അംഗീകരിക്കാന്‍ അവര്‍ക്കുണ്ടായ ബുദ്ധിമുട്ടിനെപ്പറ്റിയും അവര്‍ പറഞ്ഞു. “എന്റെ മകള്‍ എന്നോട് ഇങ്ങനെ വല്ലതും പറഞ്ഞാല്‍ ഞാന്‍...” അവര്‍ ദീര്‍ഘശ്വാസമെടുത്ത് വേവലാതിയോടെ ചിരിച്ചു.
ഇത്തരം പ്രതികരണങ്ങള്‍ കേള്‍ക്കുന്ന ആദ്യത്തെയാളൊന്നുമല്ല ഞാന്‍. ഗാര്‍ഡിയന്റെ ആഫ്രിക്കന്‍ കറസ്പോണ്ടന്റ് ആയ ഡേവിഡ് സ്മിത്ത് പറയുന്നതും ആഫ്രിക്കയില്‍ നല്ല മനുഷ്യരെ സുഹൃത്തുക്കളായി കണ്ടെത്തിക്കഴിഞ്ഞാല്‍ എവിടെനിന്നെന്നില്ലാതെ പെട്ടെന്ന് ഒരു സ്വവര്‍ഗരതി മുന്‍വിധി അവരില്‍നിന്ന് വരുന്നത് കാണാം എന്നാണ്. എവര്‍ലിന്‍ ഒരു നല്ല സ്ത്രീയാണ്. എന്നാല്‍ പെട്ടെന്നുമുളച്ചുപൊന്തിയ ഈ വിരോധ വികാരത്തെ ഞാന്‍ എന്തുചെയ്യണം?

ഞാന്‍ ഒരു നിമിഷം ആന മണ്ണില്‍ കുത്തിമറിയുന്നത് നോക്കി മിണ്ടാതെയിരുന്നു. സൂക്ഷിച്ചുമറുപടി പറയേണ്ടതുണ്ട് എന്നെനിക്ക് മനസിലായിരുന്നു. ഹോമോസെക്ഷ്വാലിറ്റി കെനിയയില്‍ നിയമവിരുദ്ധമാണ്. എന്നാല്‍ എന്റെ പേടി വേറൊന്നായിരുന്നു. ഞങ്ങളുടെ യാത്ര ഇനിയും നാലുദിവസം കൂടിയുണ്ട്. ആ നാലുദിവസം എങ്ങനെയാവും എന്നത് ഈ മറുപടിയെ ആശ്രയിച്ചിരിക്കും. എന്നാല്‍ അവരുടെ കമന്റ് അങ്ങനെ വെറുതെ വിടാനും എനിക്ക് കഴിഞ്ഞില്ല. എല്ലാക്കാലത്തും സ്വവര്‍ഗാനുരാഗികള്‍ ഉണ്ടായിരുന്നുവെന്നും അവരുടെ മുന്‍വിധിയില്‍ പിശകുണ്ടെന്നും ഞാന്‍ പറഞ്ഞു. “നിങ്ങള്‍ അങ്ങനെയാണോ?” അവര്‍ പെട്ടെന്ന് ചോദിച്ചു. ഞാന്‍ മറുപടി പറഞ്ഞില്ല. അപ്പോള്‍ അവര്‍ ചോദ്യമാവര്‍ത്തിച്ചു. തൃപ്തികരമായ ഒരു ഉത്തരം കിട്ടുന്നതുവരെ അവര്‍ ചോദ്യം തുടരുമെന്നു അവരുടെ ശബ്ദത്തില്‍ നിന്ന് മനസിലായി.

അല്ല, ഞാന്‍ പറഞ്ഞു.
ഇതാദ്യമായല്ല യാത്രയ്ക്കിടെ ഞാന്‍ നുണ പറയുന്നത്. ഒമാനില്‍ വെച്ചും വനുവത്തുവില്‍ വെച്ചും നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, അലാസ്കയില്‍ വെച്ചും ഞാന്‍ നുണ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതൊരു ശരിയായ സ്വഭാവമാണോ? സോച്ചി ഒളിമ്പിക്സില്‍ വെച്ച് യു എന്‍ സെക്രട്ടറി ബാന്‍ കി മൂണ്‍ പറഞ്ഞത് ഓര്‍ക്കുക. “എല്‍ ജി ബി റ്റി വ്യക്തികള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ തടയാനായി നാമെല്ലാവരും ഒരുമിച്ച് ശബ്ദമുയര്‍ത്തേണ്ടതുണ്ട്.”

അതൊരു ദൃഢമായ ശബ്ദമാണ്. എന്നാല്‍ ലോകത്തിന്റെ ഓരോ മുക്കിലും മൂലയിലും ചെന്ന് നമ്മുടെ സ്വത്വം വെളിപ്പെടുത്തേണ്ടതുണ്ടോ? പകുതി സത്യങ്ങള്‍ ഒളിച്ചുവയ്ക്കുന്നതില്‍ തെറ്റുണ്ടോ? ഇതൊരു വിവാദചോദ്യമാണ്. ലോകത്തില്‍ പലയിടത്തും ഹോട്ടല്‍ ക്ലാര്‍ക്ക്മാരോട് തങ്ങളുടെ പങ്കാളികളെപ്പറ്റി നുണപറയേണ്ടി വരുന്നവരുണ്ട്‌. പൊതുസ്ഥലങ്ങളില്‍ വെച്ച് സ്നേഹപ്രകടനങ്ങള്‍ നടത്താന്‍ കഴിയാത്തവരുണ്ട്‌.

പരിഹാരം പലപ്പോഴും വളരെ ലളിതമാണ്. ഇവിടെയൊന്നും പോകരുത്. കെനിയയും മാലിയും ലെബനോനും ബാര്‍ബടോസും സ്വവര്‍ഗരതി നിയമവിരുദ്ധമായുള്ള മറ്റ് എഴുപത്തിയോന്പത് രാജ്യങ്ങളും മറന്നുകളയുക. ഇങ്ങനെയൊരു തീരുമാനമെടുത്താല്‍ നിങ്ങള്‍ക്ക് നുണ പറയേണ്ടി വരില്ല. എന്നാല്‍ നിങ്ങള്‍ കാണാതെ വിടുന്നത് നാല്‍പ്പതോളം ശതമാനം ലോക സംസ്കാരവും പ്രകൃതിയുമായിരിക്കും.
ഇത്തരം ബോയ്‌കോട്ട് ചെയ്യല്‍ ശരിയാണോ എന്ന ചോദ്യവുമുണ്ട്. “കോടിക്കണക്കിന് നിഷ്ക്കളങ്കരായ മനുഷ്യര്‍ ക്രൂശിക്കപ്പെടാന്‍ കാരണം ഇത്തരം ബോയ്ക്കോട്ടുകളാണ്.” സെര്‍ഗി ഗുരിയെവ് പറയുന്നു. ശരിയാണ്. ബോയ്കോട്ട് ശരിയായ ഒരു ഉപകരണമല്ല. എല്ലാവരെയും ഒരേപോലെ കുറ്റക്കാരാക്കി കാണുന്ന ഒരു രീതിയാണത്. മാത്രമല്ല തങ്ങളുടെ തെറ്റിധാരണകള്‍ മാറ്റാനുള്ള അവസരം ആളുകള്‍ക്ക് നിഷേധിക്കുകയുമാണ് അപ്പോള്‍ ചെയ്യുന്നത്. ഒരു ഓസ്ട്രേലിയന്‍ കര്‍ഷകന്‍ പറഞ്ഞതോര്‍ക്കുന്നു, “സ്വവര്‍ഗാനുരാഗിയാണെന്ന് തുറന്നുസമ്മതിക്കുന്ന ഒരാളെ അയാള്‍ ആദ്യമായി കാണുകയാണെന്ന്.” ഞാന്‍ ഒരു നല്ല മനുഷ്യനാണെന്നും അയാള്‍ പറഞ്ഞു. സ്വവര്‍ഗാനുരാഗികള്‍ ഭീകരസത്വങ്ങളാണെന്ന ധാരണ തിരുത്താന്‍ ഞാന്‍ അയാളെ സഹായിച്ചു.

എന്നാല്‍ ആളുകള്‍ അക്രമാസക്തരാകാറുണ്ട് എന്നതും മറക്കാനാകില്ല. ഇന്ത്യയില്‍ സ്വവര്‍ഗരതി വീണ്ടും ക്രിമിനല്‍ കുറ്റമാക്കിമാറ്റിയിട്ടുണ്ട്. ഗാംബിയയുടെ പ്രസിഡണ്ട് സ്വവര്‍ഗാനുരാഗികളെ കൃമികള്‍ എന്നാണ് വിളിച്ചത്. മലേറിയ പരത്തുന്ന കൊതുകുകളോടെന്ന പോലെ ക്രൂരമായി അവരോടു പെരുമാറണം എന്നാണ് അദ്ദേഹത്തിന്റെ അനുശാസനം. ലോകത്താകമാനം ശാരീരിക പീഡനങ്ങള്‍ കൂടിവരുന്നുമുണ്ട്. നൈജീരിയയിലും മറ്റും സമൂഹത്തെ ശുദ്ധിയാക്കുന്നതിന്റെ ഭാഗമായി സ്വവര്‍ഗഭോഗികളായ പുരുഷന്മാരെ ആണിയടിച്ച വടികള്‍ കൊണ്ട് ആക്രമിക്കുകയുണ്ടായി. സ്വന്തം സ്വത്വം മറച്ചുവയ്ക്കേണ്ടിവരുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്, എന്നാല്‍ അതിനുവേണ്ടി രക്തസാക്ഷിയാവുന്നത് അസഹനീയം തന്നെ.
എന്നാല്‍ ഇത് രണ്ടുമല്ലാത്ത ഒരു വഴിയുണ്ട്. ഉത്തരങ്ങളില്‍ വ്യക്തതയുണ്ടാകാതിരിക്കുക എന്നതാണ് അത്. ആളുകള്‍ക്ക് ഒറ്റ രാത്രികൊണ്ട്‌ തങ്ങളുടെ വിശ്വാസങ്ങളെ മാറ്റിച്ചിന്തിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. അതുകൊണ്ടു യാത്രയ്ക്കിടെ നുണ പറയണം എന്ന് തോന്നിയാല്‍ പറയുക. സ്വയരക്ഷക്ക് വേണ്ടി നുണ പറയുന്നത് ഒരിക്കലും ഭീരുത്വമല്ല.

കെനിയയിലെ എവര്‍ലിനോട് ഞാന്‍ എന്റെ സംഭാഷണം ഒരാഴ്ച തുടര്‍ന്നു. എന്നാല്‍ അവസാനം എന്നെ അവര്‍ അത്ഭുതപ്പെടുത്തി. ഞങ്ങള്‍ ആനകളെയും സിംഹങ്ങളെയും കാണല്‍ തുടര്‍ന്നു. ഒടുവില്‍ അവസാനദിവസം അവര്‍ പറഞ്ഞു, “ആഫ്രിക്കയില്‍ ഞങ്ങള്‍ക്ക് ഒരുപാട് ദൂരം മുന്നോട്ടുപോകേണ്ടതുണ്ട്. അത് കഷ്ടമാണ്”.

Lance Richardson is a writer based in New York.


Next Story

Related Stories