TopTop
Begin typing your search above and press return to search.

ഒരു ഇത്ത(ദ്ദ) കാലത്തിന്റെ ഓര്‍മയ്ക്ക്

ഒരു ഇത്ത(ദ്ദ) കാലത്തിന്റെ ഓര്‍മയ്ക്ക്

"എന്നെക്കുറിച്ചൊരു കഥ എഴുതിക്കൂടേ നിനക്ക്?" ഒരു കോഴിക്കോടന്‍ യാത്രയില്‍, എഫ് എമ്മില്‍ നിന്ന് ഒഴുകി വന്ന 'ശ്യാമ സുന്ദര പുഷ്പമേ' കേട്ട് ഊതനിറമാര്‍ന്ന ആകാശക്കാഴ്ചയിലേക്ക് വെറുതെ നോക്കിയിരിക്കുകയായിരുന്ന ഞാന്‍ തൊട്ടടുത്ത സീറ്റില്‍നിന്നുയര്‍ന്ന ആ ശബ്ദം കേട്ട് ഒന്നമ്പരന്നു. ഇത്തയായിരുന്നു അത്. ജ്യേഷ്ഠന്റെ ഭാര്യ.

"കഥയോ? ഞാനെന്ത് എഴുതാനാണ് എന്റിത്താ" എന്ന് മനസ്സില്‍ പറഞ്ഞു. പിന്നെ ചിരിയോടെ ചോദിച്ചു. "അല്ല ഇത്താ, നിങ്ങളെക്കുറിച്ച് ഞാനെന്താ എഴുതുക? അത്രക്കൊന്നും എഴുതാന്‍ എനിക്കറിയില്ലല്ലോ?"

സാധാരണ ഗതിയില്‍ ആ മറുപടികൊണ്ടുതന്നെ ചോദ്യങ്ങള്‍ തീരേണ്ടതായിരുന്നു. എന്നാല്‍, അതവിടെ നിന്നില്ല. മറവി കൊണ്ട് ഞാന്‍ കഴുകിക്കളഞ്ഞ ഒരു കാലത്തിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോവുന്ന വിധത്തില്‍ ഇത്ത സംസാരം തുടര്‍ന്നു.

"പണ്ട് കാക്കു മരിച്ചപ്പോള്‍ ഞാന്‍ 'ഇദ്ദ'യിരുന്നില്ലേ. അന്ന് എന്റെ മുറിയിലിരുന്ന് വീട്ടുകാരെക്കുറിച്ചും എന്നെക്കുറിച്ചുമെല്ലാം കഥയെഴുത്തുകാരിയായ നിന്റെ കൂട്ടുകാരിക്ക് എഴുതിയിരുന്നില്ലേ? അതു പോലൊക്കെ എഴുതിയാല്‍ മതി"

ഇപ്രാവശ്യം ഞാന്‍ ശരിക്കും ഞെട്ടി!

"ആ കത്തുകള്‍ ഞാനെത്ര തവണ വായിച്ചൂന്നറിയ്വോ നിനക്ക്. നീ അതൊക്കെ എഴുതി എന്നല്ലാതെ പോസ്റ്റ് ചെയ്തിരുന്നില്ലല്ലോ. ഒക്കെ കിടക്കയുടെ അടിയില്‍ കൊണ്ടു വെച്ച് നീ പോയില്ലേ. നിന്നോട് ഞാനിതുവരെ പറയാത്ത ഒരു കാര്യം പറയട്ടെ, നാല്‍പ്പതു ദിവസത്തെ മൌലൂദും പ്രാര്‍ഥനയുമെല്ലാം കഴിഞ്ഞ് എല്ലാരും പോയപ്പോള്‍ നീയും പോയല്ലോ. നാലു മാസവും പത്തു ദിവസവും ഞാനവിടെ തന്നെ ഇരിപ്പായിരുന്നു. ഇദ്ദ ഇരുന്ന ആ നാലുചുമരുകള്‍ക്കുള്ളില്‍ എനിക്ക് ഭ്രാന്തു പിടിക്കാന്‍ തുടങ്ങിയിരുന്നു. എത്ര പ്രാര്‍ഥിച്ചിട്ടും മനസിനു സമാധാനം കിട്ടിയില്ല. മരിച്ചു പോകാന്‍ ആഗ്രഹം തോന്നി ഒരു ദിവസം. അന്നാണ് അതെന്റെ കയ്യില്‍ വന്നു പെട്ടത്. നിന്റെ കത്തുകള്‍. മടുപ്പ് തോന്നുമ്പോഴെല്ലാം ഞാനാ കത്തുകള്‍ എടുത്ത് വായിച്ചു നോക്കി. അതെനിക്ക് അന്ന് വലിയ സമാധാനമായിരുന്നു. വീട്ടില്‍ പോയ ശേഷം നീയെനിക്ക് ഒരു കത്തയച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോയിരുന്നു. എനിക്കും അയക്കായിരുന്നില്ലേ ഒരു കത്ത്?"

അനേകം വര്‍ഷങ്ങള്‍ക്കുശേഷം ഇങ്ങിനെ ഒരു ചോദ്യം എന്നെ കാത്തിരിക്കുന്നുണ്ടാവുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. എന്തു പറയണമെന്നറിയാതായപ്പോള്‍ ഞാനവരുടെ കൈത്തണ്ടയില്‍ മുറുകെ പിടിച്ചു.

എന്തു കൊണ്ടാണ് ഞാന്‍ ഇത്തയുടെ ഇദ്ദക്കാലം തീരുന്നതുവരെ കൂട്ടിരിക്കാതിരുന്നത്? കൂട്ടുകാര്‍ക്ക് കത്തുകള്‍ എഴുതുമ്പോള്‍ അവരെക്കുറിച്ചു എന്തേ ഞാനന്നു മറന്നു പോയി? ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞ് അവര്‍ പറയുമ്പോളല്ലാതെ ഞാനതിനെ കുറിച്ചു ഓര്‍ത്തു പോലുമില്ലല്ലോ? ഉത്തരമില്ലാത്ത ഒരു പാടു ചോദ്യങ്ങള്‍ എന്റെ മനസിനെ പൊള്ളിച്ചു. ജീവിതത്തെക്കുറിച്ചു അത്രക്കങ്ങോട്ട് ആലോചിക്കാനുള്ള വിവരമൊന്നും അന്നത്തെ പെണ്‍കുട്ടിക്ക് ഉണ്ടായിരുന്നില്ലല്ലോ എന്നെല്ലാം മനസ്സില്‍ മിണ്ടിയും തര്‍ക്കിച്ചും നോക്കിയിട്ടും ആ നീറ്റലിനു ഒരു കുറവും ഉണ്ടായില്ല.

വിവാഹത്തിന്റെ ആദ്യ നാളുകളിലാണ് ഇത്തയെ ഞാനാദ്യം കാണുന്നത്. എന്തോ മറന്നുവെച്ചത് പോലെ ഒരു തോന്നലായിരുന്നു എപ്പോഴും. എപ്പോഴം ഒരു സങ്കടം. പരിചയമില്ലാത്ത ആളുകള്‍. ചുറ്റുപാടുകള്‍. ആദ്യ ദിവസം കാറിറങ്ങി സങ്കടപ്പെട്ടു നിന്ന എന്നെ മനോഹരമായി പുഞ്ചിരിച്ചുകൊണ്ട് കൈപിടിച്ച് അകത്തേക്ക് കൊണ്ടുപോയത് അവരായിരുന്നു. ഒരിക്കല്‍ പോലും കണ്ടിട്ടില്ലെങ്കിലും ആദ്യ നോട്ടത്തില്‍ത്തന്നെ ചിലരോട് ഒരടുപ്പം തോന്നും എന്നറിഞ്ഞത് അന്നായിരുന്നു. ഒരു പുഞ്ചിരിക്ക് മനസ്സിന്റെ ആകുലതകളെയെല്ലാം മായ്ക്കാനാവും എന്ന് തിരിച്ചറിഞ്ഞതും അന്നായിരുന്നു.

എല്ലാവരും ഇത്ത എന്നു വിളിച്ചിരുന്ന അവര്‍ക്ക് എന്നെക്കാളും പതിനഞ്ചു വയസെങ്കിലും കൂടുതല്‍ കാണും. വെളുത്തു മെലിഞ്ഞ അവരെ കണ്ടാല്‍ സാരിയുടുത്ത ഒരു പെണ്‍കുട്ടി എന്നേ തോന്നു. മൂന്ന് ആണ്‍മക്കളായിരുന്നു അവര്‍ക്ക്. ആദ്യമൊക്കെ ആ വീട്ടിലെ കുട്ടികളായിരുന്നു എനിക്കു കൂട്ട്. പിന്നീട് സ്കൂള്‍ തുറന്ന് കുട്ടികളെല്ലാം തിരക്കിലായപ്പോഴാണ് ഞാന്‍ ഇത്തയുമായി അടുത്തത്. കാക്കു എന്നു വിളിക്കുന്ന ജ്യേഷ്ഠന്‍ കോയമ്പത്തൂരിലെ മരമില്ലില്‍നിന്ന് ഇടക്കേ വരൂ.

അന്നുവരെ ജീവിച്ച സാഹചര്യങ്ങളില്‍നിന്നും വ്യത്യാസമുള്ള അന്തരീക്ഷമായിരുന്നു അവിടെ. സിനിമ കണ്ടും പുസ്തകം വായിച്ചും കൂട്ടുകാരികളോടൊപ്പം ആഘോഷമായി നടന്നിരുന്ന കാലത്ത് പ്രായമായവരില്‍നിന്ന് പറഞ്ഞുകേട്ട തരം ഒരു ജീവിതം. ഇരുപതു വര്‍ഷം പിറകോട്ടു നടന്ന അവസ്ഥയായിരുന്നു അത്. സിനിമ, ടി.വി എന്നൊന്നും ആ വീട്ടില്‍ പറയാന്‍ പോലും ആര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല. മാതൃഭൂമി പത്രം മാത്രമായിരുന്നു പുറംലോകവുമായി ബന്ധിപ്പിച്ചിരുന്ന ഏകകണ്ണി. അതും ആണുങ്ങളെല്ലാം വായിച്ചുകഴിഞ്ഞു രാത്രിയാവുന്നതിനിടക്കെപ്പോഴെങ്കിലുമേ കിട്ടൂ. സ്ത്രീകള്‍ക്ക് വീടിന്റെ മുന്‍ഭാഗത്തേക്ക് പ്രവേശനമേ ഇല്ലായിരുന്നു. ചാരുകസേരയില്‍ ഇരിക്കുന്ന ഉപ്പക്കു ചുറ്റും കറങ്ങുന്ന ആണ്‍മക്കള്‍. രാവിലെ ആരൊക്കെ എവിടെ പോകണം എന്തൊക്കെ ചെയ്യണം എന്ന നിര്‍ദേശങ്ങള്‍ കേട്ട് പുറത്തേക്കു പോവുന്ന പുരുഷന്മാരൊന്നും സ്ത്രീകളോട് എവിടെ പോവുന്നുവെന്നോ എപ്പോള്‍ തിരിച്ചുവരുമെന്നോ പറയാറില്ലായിരുന്നു. ഉപ്പ പറഞ്ഞതനുസരിക്കാതെ ദൂരദേശത്തുപോയി ബിസിനസ് മാനേജ്മെന്റ് പഠിച്ച ഭര്‍ത്താവ് അപ്പോഴേക്കും ജോലി സ്ഥലത്തേക്ക് തിരിച്ചു പോയിരുന്നു. നിക്കാഹ് കഴിഞ്ഞ നാളുകളില്‍ എനിക്കയച്ചിരുന്ന ഒറ്റവരി കത്തുകളിലൊന്നും എന്നെ കാത്തിരിക്കുന്നത് ഇങ്ങനെ ഒരു ജീവിതമാണെന്ന് ഒരു സൂചന പോലും ഉണ്ടായിരുന്നുമില്ല.

എല്ലാവരും മയക്കത്തിലേക്ക് വീണുപോവുന്ന ഉച്ചസമയങ്ങളില്‍ എന്നെയും വിളിച്ചു തൊടിയിലൂടെ ചുറ്റിനടക്കാന്‍ അവര്‍ക്കിഷ്ടമായിരുന്നു. പതിമൂന്നാം വയസില്‍ വിവാഹിതയായതും കല്യാണ ദിവസം ആണ്‍വീടുകളിലെയും പെണ്‍വീടുകളിലേയും പാട്ടുകാര്‍ തമ്മിലുള്ള മത്സരം മുറുകിയപ്പോള്‍ പാതിരയായിട്ടും വീട്ടുപടിക്കല്‍ കാത്തു നിന്നു കാലുകഴച്ച കല്യാണപ്പെണ്ണിനെ കൈപിടിച്ചു കയറ്റാന്‍ എല്ലാവരും മറന്നു പോയതും അവസാനം വീട്ടിലെ ജോലിക്കാരിലൊരാള്‍ വന്ന് കൈപിടിച്ചു കയറ്റിയതുമെല്ലാം എനിക്കു പറഞ്ഞു തന്നത് അങ്ങനെ ഞങ്ങള്‍ മാത്രമുള്ള ഒരുച്ച നേരത്തായിരുന്നു.

ജീവിതത്തില്‍ തിയറ്ററില്‍ പോയി ആകെ രണ്ടു സിനിമ മാത്രമാണ് കണ്ടിട്ടുള്ളത് എന്നു പറഞ്ഞിരുന്ന അവര്‍ "ക്യാ ഖൂബ് ലഗ്ത്തീ ഹോ ബഡി സുന്ദറ് ദിഖ്ത്തീ ഹോ" എന്ന് മനോഹരമായി ചൂളമടിക്കുന്നത് കേട്ട് ഞാനത്ഭുതപെട്ടുപോയിട്ടുണ്ട്. "ഓ, അതോ, നിന്റെ പുതിയാപ്പിളയുടെ റൂമില്‍നിന്ന് കേട്ട പാട്ടാണ്" എന്നൊരു ചിരിയായിരുന്നു അതിനുള്ള ഉത്തരം. പൂത്തുനില്‍ക്കുന്ന ശീമക്കൊന്നയുടെ കമ്പ് പൊട്ടിച്ചെടുത്ത് ഞാന്‍ ചൂണ്ടിക്കാണിക്കുന്ന മാങ്ങ എറിഞ്ഞുവീഴ്ത്തി തന്നും കയറു പൊട്ടി കിണറ്റില്‍ വീണ ബക്കറ്റെടുക്കാന്‍ ആരെയെങ്കിലും വിളിച്ചു കൊണ്ടുവരാമെന്ന് പറഞ്ഞു ജോലിക്കാരി പാടത്തേക്കിറങ്ങിയ സമയത്ത് ആരെങ്കിലും വരുന്നുണ്ടോ എന്നു നോക്കൂ എന്നും പറഞ്ഞു കിണറ്റിലേക്കിറക്കി വെച്ച ഏണിയിലൂടെ താഴെ ഇറങ്ങി ബക്കറ്റുമായി കയറിവന്നും അവരെന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടേ ഇരുന്നു. ആറു ആണ്‍കുട്ടികളുടെ ഒരേ ഒരനിയത്തിയായതുകൊണ്ടാണ് ഈ ഇത്ത ഇങ്ങനെയായി പോയതെന്ന് ഭര്‍ത്താവ് അവരെ കളിയാക്കുമായിരുന്നു.

കളിച്ചും ചിരിച്ചും ദിവസങ്ങള്‍ നീങ്ങുന്നതിനിടയിലാണ് കടുത്ത പനിയും മഞ്ഞപ്പിത്തവുമായി കോയമ്പത്തൂരില്‍ നിന്ന് ഇത്തയുടെ ഭര്‍ത്താവ് തിരിച്ചെത്തിയത്. അതൊരു മരണത്തിനുള്ള മുന്‍ ഒരുക്കമാണെന്ന് ആരും വിചാരിച്ചിരുന്നില്ല. മൂന്നു ദിവസത്തെ ആശുപത്രിവാസത്തിനൊടുവില്‍ അദ്ദേഹം മരണക്കയത്തിലേക്ക് ആണ്ടുപോയ ദിവസം തളര്‍ന്നു വീണ അവരെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ പകച്ചുപോയി ഞാന്‍.

ഖബറടക്കം കഴിഞ്ഞു വന്നവര്‍ക്കെല്ലാം ചായ കൊടുത്തും രാത്രി മൌലൂദിനു വരുന്ന ആളുകള്‍ക്ക് ഉണ്ടാക്കേണ്ട ഭക്ഷണത്തെകുറിച്ചു പറഞ്ഞും എല്ലാവരും തിരക്കിലായിരുന്നു. മറയിലിരുത്തേണ്ടേ, സ്വര്‍ണമെല്ലാം അഴിപ്പിക്കേണ്ടേ എന്നെല്ലാം ചോദിച്ചു ബഹളം വെച്ചു നടക്കുന്ന അമ്മായിമാരെ കടന്ന് ഞാനവരുടെ മുറിയിലേക്കൊന്ന് എത്തിനോക്കി. സ്വന്തം ഉമ്മയുടെ കയ്യില്‍ മുറുകെ പിടിച്ചു തല താഴ്ത്തിയിരിക്കുന്ന ആ രൂപം കണ്ട് എനിക്കു തല ചുറ്റുന്നതുപോലെ തോന്നി. ഭര്‍ത്താവ് മരിച്ചാല്‍ മറയില്‍ ഇരിക്കുക എന്ന നാലുമാസവും പത്തു ദിവസമുള്ള ഇദ്ദ കാലത്തെക്കുറിച്ചു ഞാന്‍ അന്നൊന്നും ബോധവതിയായിരുന്നില്ല. അടുപ്പമുള്ള ആരേയും ആ പത്തൊന്‍പതു വയസ്സില്‍ അങ്ങിനെ കണ്ടിട്ടില്ലായിരുന്നു.

ആദ്യ ദിവസങ്ങളിലെല്ലാം അവരുടെ ഉമ്മയും ഉണ്ടായിരുന്നു വീട്ടില്‍. പിന്നെ ഇദ്ദ ഇരിക്കുന്ന അവരെ കാണാന്‍ വരുന്ന ബന്ധുക്കളുടെ ബഹളവും. അതു കൊണ്ട് എനിക്കു അടുത്തു ചെല്ലാനോ സംസാരിക്കാനോ സാധിച്ചിരുന്നില്ല. വീണ്ടും ഒറ്റപ്പെടലിലേക്ക് വീണുപോയിരുന്നു ഞാന്‍. പകല്‍ സമയങ്ങളില്‍ പോലും ഇരുട്ടു വീണു കിടക്കുന്ന ആ വീടിന്റെ അകത്തളങ്ങള്‍ പേടിപ്പെടുത്തുന്ന ഒരു നിശബ്ദതയിലേക്ക് കൂപ്പ് കുത്തിയിരുന്നു.

നാല്‍പ്പതാം ദിവസം വരാമെന്നു പറഞ്ഞു ഇത്തയുടെ ഉമ്മയും തിരിച്ചു പോയപ്പോള്‍ ചാരിയിട്ട ആ വാതില്‍പാളികള്‍ക്കപ്പുറം തേങ്ങലായി അവര്‍ മാത്രം ബാക്കിയായി. എങ്ങനെ അഭിമുഖീകരിക്കും എന്തു പറയുമെന്നൊക്കെ ഓര്‍ത്ത് ആ മുറിയിലേക്ക് ചെല്ലാന്‍ ആദ്യമൊന്നും എനിക്കു ധൈര്യമുണ്ടായിരുന്നില്ല. വാതില്‍പ്പടി വരെ പോയും തിരിച്ചുനടന്നും ഒടുവില്‍ ധൈര്യം സംഭരിച്ച് അവര്‍ക്കുള്ള ഭക്ഷണവുമായി ഞാന്‍ ചെല്ലുമ്പോള്‍ ചുരുണ്ടുകൂടി കിടക്കുകയായിരുന്നു അവര്‍. ഞാന്‍ ചോദിച്ച ചോദ്യങ്ങളൊന്നും അവര്‍ കേള്‍ക്കുന്നേ ഇല്ലെന്നു തോന്നി. നിശബ്ദതയില്‍ പൂണ്ടുപോയ അവര്‍ ഇനി ഒരിക്കലും സംസാരിക്കില്ലേ എന്നു ഞാന്‍ പേടിച്ചു പോയി.

ദൂരദര്‍ശനില്‍ കണ്ട ശാന്തിയുടേയും സ്വാഭിമാന്റേയും കഥ പറഞ്ഞുകൊടുത്തും വീട്ടില്‍ നിന്നു കൊണ്ടുവന്ന അഗ്നിസാക്ഷിയും കലാകൌമുദിയില്‍ വന്ന 'നഷ്ടപ്പെട്ട നീലാംബരിയും' വായിച്ചു കൊടുത്തും നിര്‍ത്താതെ സംസാരിച്ചുകൊണ്ടേ ഇരുന്നു ഞാന്‍. ഇടക്ക് അവര്‍ മയക്കത്തിലാണെന്നു തോന്നിയ സമയങ്ങളില്‍ മനസിന്റെ കലക്കങ്ങളെല്ലാം കടലാസില്‍ പകര്‍ത്തി കഥാകാരിയായ കൂട്ടുകാരിയുടെ അഡ്രസ് എഴുതിയ കവറിലിട്ട് ചിലതൊക്കെ പോസ്റ് ചെയ്തും പോസ്റു ചെയ്യാത്തവ അവരുടെ ബെഡ്ഡിനിടയില്‍ വെച്ചും ദിവസങ്ങള്‍ കൊഴിഞ്ഞു വീണു.

നാല്‍പ്പതാം ദിവസം വന്നപ്പോള്‍ വീണ്ടും വീട്ടില്‍ ആളുകളുടെ ബഹളമായി. അടുത്ത ദിവസം ഇത്തയെ കാണാന്‍ വന്ന ഉമ്മയുടെ കൂടെ ഞാന്‍ എന്റെ വീട്ടിലേക്ക് തിരിച്ചു പോന്നു. അമ്മയാവാന്‍ പോകുന്നു എന്ന പരിഭ്രമത്തിലും സന്തോഷത്തിലുമായ ഞാന്‍ ഉടനെയൊന്നും അങ്ങോട്ട് തിരിച്ചുപോയതുമില്ല. പിന്നീട് ഞാനവിടെ ചെല്ലുമ്പോള്‍ അവരുടെ ഇദ്ദ കാലം തീരാറായിരുന്നു. വീണ്ടും കണ്ടപ്പോള്‍, നാലു ചുവരുകള്‍ക്കുള്ളില്‍ പുറത്തിറങ്ങാനാവാതെ ശ്വാസം മുട്ടിയപ്പോള്‍ പലപ്പോഴും നിന്നെ ഓര്‍ത്തിരുന്നു എന്നെല്ലാം പറഞ്ഞപ്പോള്‍, അവര്‍ക്കു പുറത്തിറങ്ങാമല്ലോ എന്ന ആശ്വാസത്തിലായിരുന്നു ഞാന്‍.

നാലു ചുവരുകള്‍ക്കുള്ളില്‍ പുറത്തിറങ്ങാനാവാതെ, ഒരു മനുഷ്യജീവി ഇവിടെയുണ്ടെന്ന് ഇടക്കെല്ലാം എല്ലാവരും മറന്നുപോയിരുന്ന ദിവസങ്ങള്‍ എന്ന്‍ ഇത്ത പറയുന്ന വേദനക്കാലവും, നീന്തിക്കടന്ന് മക്കളുമൊത്ത് ഇപ്പോള്‍ സന്തോഷത്തോടെ ജീവിക്കുന്ന അവര്‍, പിന്നീട് ഒന്നു മൂളുന്നതു പോലും ഞാന്‍ കണ്ടിട്ടില്ല.


Next Story

Related Stories