TopTop
Begin typing your search above and press return to search.

ചായില്യം: ചില ആര്‍ത്തവേതര കാഴ്ചകള്‍

ചായില്യം: ചില ആര്‍ത്തവേതര കാഴ്ചകള്‍

വടക്കന്‍ കേരളത്തിലെ സ്ത്രീകള്‍ കെട്ടുന്ന ഒരേയൊരു തെയ്യമായ ദേവക്കൂത്ത് എന്ന മലയ സമുദായത്തിന്റെ അനുഷ്ഠാനത്തെ ആസ്പദമാക്കിയെടുത്ത ചായില്യം ഒരു പ്രതിരോധത്തിന്റെ പെണ്‍ശബ്ദമാണെന്ന് തെറ്റിദ്ധരിപ്പിച്ച് കീഴാള ജാതി സമൂഹമായ മലയ സമുദായത്തെ അപരിഷ്‌കൃതരാക്കി ചരിത്രവത്ക്കരിക്കുകയാണ് ചെയ്യുന്നത്. തെയ്യം സിനിമയാകുമ്പോള്‍ ഒരു കീഴാളജാതി സമൂഹവും ആധുനിക ഇടമായ സിനിമയില്‍ പ്രവേശിക്കുന്നു എന്നിരിക്കെ, ഇത്തരം പ്രാകൃതവത്ക്കരിക്കല്‍ ഒരു Oriental Gaze എന്നതിലുപരി ഒരു സവര്‍ണ Gaze-നെ തൃപ്തിപ്പെടുത്താനുള്ളവയാണ്.

വീട്ടുകാരെ വെറുപ്പിച്ച് മറ്റൊരു (വണ്ണാന്‍) ജാതിയില്‍പ്പെട്ട തെയ്യം കെട്ടുകാരനൊപ്പം ജീവിതമാരംഭിക്കുന്ന മലയ സമുദായത്തില്‍പ്പെട്ട ഗൗരിയുടെ ജീവിതത്തില്‍ ഭര്‍ത്താവിന്റെ മരണശേഷമുണ്ടാകുന്ന അപ്രതീക്ഷിത സന്ദര്‍ഭങ്ങളാണ് ചായില്യം. ഭര്‍തൃപിതാവിന്റെ നിര്‍ബന്ധത്താല്‍ പുറമ്പോക്കില്‍ നിന്നു ഭര്‍ത്താവിന്റെ വീട്ടിലേക്ക് താമസം മാറുകയാണ് ഗൗരിയും മകനും. ഒരുദിവസം, വീട്ടില്‍ വച്ച് തന്നെ കുറ്റപ്പെടുത്താന്‍ വന്ന സമുദായാംഗങ്ങളുടെ മുന്നില്‍ ഗൗരി ബോധം പോയവളെ പോലെ ഉറഞ്ഞു തുള്ളുകയും അവള്‍ക്ക് ആര്‍ത്തവണം നിന്നു എന്നു മനസിലാക്കുന്ന സമുദായാംഗങ്ങള്‍ അവളില്‍ ദേവി പ്രവേശിച്ചതായി ഉറപ്പിക്കുകയും തെയ്യക്കോലം കെട്ടാനായി അവളെ നിര്‍ബന്ധിക്കുകയും ചെയ്യുന്നു. തെയ്യം കെട്ടുന്നതോടു കൂടി തന്റെ സ്ത്രീത്വം നഷ്ടപ്പെടും എന്നു വിശ്വസിക്കുന്ന ഗൗരി, അതിനെ ചെറുത്തു നില്‍ക്കാന്‍ ശ്രമിക്കുകയും നിര്‍വാഹമില്ലാതെ ഒരു തവണ മാത്രം തെയ്യം കെട്ടാന്‍ വഴങ്ങുകയും ചെയ്യുന്നു. അതിനിടെ വൈദ്യന്‍ കൂടിയായ ഭര്‍തൃപിതാവിന്റെ ചികിത്സ ഫലം കാണുകയും ഗൗരിക്ക് വീണ്ടും ആര്‍ത്തവം ഉണ്ടാവുകയും തെയ്യം കെട്ടുന്നതിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ അവള്‍ മകനൊപ്പം സമുദായവും ആ ഗ്രാമവും വിട്ട് രക്ഷപെടുന്നിടത്താണ് ചായില്യം അവസാനിക്കുന്നത്.

ദിവ്യത്വം സ്ഥാപിക്കാന്‍ വേണ്ടി ആര്‍ത്തവം നിന്നു എന്ന് പ്രഖ്യാപിക്കേണ്ടി വരുന്ന അമൃതാനന്ദമയിയും തെയ്യം കെട്ടാതിരിക്കാന്‍ ആര്‍ത്തവത്തെ കൂട്ടു പിടിക്കേണ്ടി വരുന്ന സംവിധായകനായ മനോജ് കാനയും സ്ത്രീ ചുവപ്പിനെ അശുദ്ധിയായി, പോരായ്മയായി തന്നെയാണ് സ്ഥാപിക്കുന്നത്. Hues of Read എന്ന തലക്കെട്ടോടെ ഇറങ്ങിയ ചായില്യം സവര്‍ണ (മധ്യ) വര്‍ഗ പുരുഷന്‍ ഇടതുവത്ക്കരിച്ച ചുവപ്പാണ് കാണിക്കുന്നത്. ആര്‍ത്തവത്തിന്റെ പെണ്‍ചുവപ്പല്ല അവിടെയുള്ളത്. പെണ്‍പ്രതിരോധം എന്ന ഉടായിപ്പിന്റെ മറവില്‍ ഒരു സമുദായത്തെ മുഴുവന്‍ അരാഷ്ട്രീയവത്ക്കരിക്കുകയാണ് ചായില്യം ചെയ്യുന്നത്. ദൈവത്തിന്റെ / തെയ്യത്തിന്റെ / അനുഷ്ഠാനത്തിന്റെ മരണത്തിലുടെയാണ് ആധുനിക മതേതര ബോധം ഉണ്ടാകേണ്ടത് എന്ന ലളിതമായ പുരോഗമന യുക്തിയാണ് ഇത്തരം പ്രതിരോധങ്ങള്‍ വിഭാവനം ചെയ്യുന്നത്.

തെയ്യം കെട്ടുന്ന വണ്ണാന്‍ / മലയ സമുദായങ്ങളെ അന്ധവിശ്വാസം നിറഞ്ഞ ഒരു അപരിഷ്‌കൃത ജനസമൂഹമായിട്ടാണ് ചായില്യം കാണിക്കുന്നത്. ഒന്നുരണ്ടു തവണ ഉറഞ്ഞു തുള്ളുമ്പോഴേക്കും സ്ത്രീയ ദൈവമാക്കി മാറ്റുന്ന, യുക്തിയോടെ ചിന്തിക്കാന്‍ കഴിവില്ലാത്ത, കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ പറ്റാത്ത പ്രാകൃത സമുദായമാണിവര്‍ എന്ന് സിനിമ സ്ഥാപിക്കുന്നു. മലയ സമുദായത്തിന്റെ ദേവക്കൂത്ത് എന്ന തെയ്യത്തിന്റെ ചരിത്രത്തെയും ഐതിഹ്യത്തേയും അനുഷ്ഠാനപരതയേയും ചായില്യം കണ്ണടച്ച് ഇരുട്ടിലാക്കുകയാണ്.


ദേവക്കൂത്ത്

തെക്കുംപാട്ടിലെ പൂന്തോട്ടത്തിന്റെ ഭംഗിയില്‍ മതിമറന്ന്, വഴിതെറ്റി പോകുന്ന അപ്‌സരസ്, നാരദന്റെ സഹായത്തോടെ സ്വര്‍ഗത്തിലേക്ക് തിരിച്ചു പോകുന്നതുവരെയുള്ള ഐതീഹ്യ സന്ദര്‍ഭമാണ് ദേവക്കൂത്തിനാധാരം. മലയ സമുദായത്തില്‍ ഈ തെയ്യം കെട്ടാന്‍ രണ്ടവകാശികളാണുള്ളത്. ഒന്നാം അവകാശികളായ ഇടക്കേപുറത്തെ വടക്കന്‍കുരുവര്‍ ദേവക്കൂത്ത് കെട്ടുമ്പോള്‍, രണ്ടാനവകാശികളായ മൂത്ത ചെറുകുന്നന്മാര്‍ നാരദനെ കെട്ടുന്നു. ആവശ്യാനുസരണം ദേവക്കൂത്തും രണ്ടാനവകാശികള്‍ കെട്ടാറുണ്ട്. രണ്ടുവര്‍ഷം കൂടുമ്പോഴാണ് ദേവക്കൂത്ത് സാധാരണയായി നടത്തുന്നത്. എന്തായാലും ചായില്യത്തില്‍ ഉള്ളതു പോലെ ഒരു സുപ്രഭാതത്തില്‍ ഉറഞ്ഞു തുള്ളിയതു കൊണ്ടു മാത്രം ഒരു സ്ത്രീയെ കോലം കെട്ടിക്കുന്ന സമുദായ തെയ്യമല്ല ദേവക്കൂത്ത്.

മാത്രമല്ല, തെയ്യം കെട്ടുന്ന സ്ത്രീയെ സഹതാപത്തോടെയാണ് സിനിമ നോക്കിക്കാണുന്നത്. തെയ്യം കെട്ടുന്നതോടു കടി അവള്‍ ദൈവമായി മാറുകും സാധാരണ സ്ത്രീയുടെ ജീവിതം പിന്നെ അവള്‍ക്ക് സാധ്യമല്ലെന്നും അതിന് അവളെ സമുദായം അനുവദിക്കില്ലെന്നുമുള്ള തെറ്റിദ്ധാരണയും സിനിമ ഉണ്ടാക്കുന്നു.

15 വര്‍ഷത്തോളം ദേവക്കൂത്ത് തെയ്യം കെട്ടിയ, എന്നാല്‍ ഇപ്പോള്‍ ആരോഗ്യ പ്രശ്‌നങ്ങളാല്‍ അത് നിര്‍ത്തേണ്ടി വന്ന ലക്ഷ്മിയമ്മ എന്ന 67-കാരിക്ക് ദേവക്കൂത്ത കെട്ടിയതു കൊണ്ടു മാത്രം സ്വാതന്ത്ര്യം കൂടിയിട്ടോ കുറഞ്ഞിട്ടോ ഇല്ല എന്നവര്‍ പറയുന്നു. തെയ്യം കെട്ടുന്നതിനു മുമ്പ് മിഡ്‌വൈഫ് ആയും അതിനു ശേഷം നിരവധി സ്‌കൂളുകളിലും നഴ്‌സറികളിലും ഹെല്‍പ്പറായും ജോലി ചെയ്ത ലക്ഷ്മിയമ്മ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ഇപ്പോള്‍ ഇളയ മകളുടെ വീട്ടില്‍ കൊച്ചുമക്കളുടേയും ഭര്‍ത്താവിന്റെയും കൂടെ, വീട്ടുജോലികള്‍ ചെയ്ത് കേരളത്തിലെ മറ്റേതൊരു മധ്യവര്‍ഗ സ്ത്രീയുടെ സ്വാതന്ത്ര്യ്യത്തോടെ ജീവിക്കുന്നു. തെയ്യം കെട്ടുമ്പോള്‍ എടുക്കേണ്ട വൃതത്തെക്കുറിച്ചും ആര്‍ത്തവം ഉണ്ടായാല്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളെ കുറിച്ചും ചോദിച്ചപ്പോള്‍ അവര്‍ തന്ന സമുദായത്തിന്റെ ചിത്രം ചായില്യത്തില്‍ കാണിച്ചതു പോലുള്ള ശ്വാസം മുട്ടിക്കുന്ന, ഇടംവം തിരിയാന്‍ വിടാത്ത അടഞ്ഞ സമുദായത്തിന്റേതല്ല. 41 ദിവസത്തെ വ്രതം അവര്‍ സ്വന്തം വീട്ടില്‍ ദൈനംദിന ജോലികളുടെ ഇടയില്‍ ചെയ്യുന്ന ഒന്നായിരുന്നു. രാവിലുത്തെ ചടങ്ങുകള്‍ക്ക് ശേഷം അവര്‍ അവരുടെ ദിനചര്യകളിലേക്ക് കടക്കുന്ന. ചായില്യത്തിലെ ഗൗരിയെ പോലെ സമുദായം അവരെ ഏകാന്തവാസം അടിച്ചേല്‍പ്പിച്ചിട്ടില്ല.

ആര്‍ത്തവം മരുന്നു കൊണ്ട് നീട്ടിവയ്ക്കാന്‍ പറ്റുന്നതുകൊണ്ട് അതും ഒരു പ്രശ്‌നമല്ലെന്ന് അവര്‍ പറയുന്നു. ആര്‍ത്തവം ആയതുകൊണ്ട് രക്ഷപെടുന്ന മനോജ് കാനയുടെ നായികയാണോ അതോ ആര്‍ത്തവം ആധുനിക ശാസ്ത്ര നിര്‍മിതികളാല്‍ മാറ്റിവച്ച് പാരമ്പര്യമായി കൈമാറിവന്ന അനുഷ്ഠാനം നടത്തുന്ന സ്ത്രീകളാണോ പ്രതിരോധത്തിന്റെ പെണ്‍ശബ്ദം എന്നത് ആലോചിക്കേണ്ട ഒന്നാണ്. ആണത്തത്തിന്റെ അധികാര ചിഹ്‌നമായ ദൈവസങ്കല്‍പ്പത്തില്‍ ഒരു സ്ത്രീ പ്രവേശിക്കുമ്പോള്‍ ഉണ്ടാകുന്ന ബഹുസ്വരങ്ങള്‍ പ്രധാന്യമര്‍ഹിക്കുന്നു. ഇത്തരം തിരിച്ചു പോയുള്ള തിരിച്ചെടുക്കലുകളും തിരിച്ചുവരവുകളും ആധുനികതയുടെ ഏകമുഖത്തെ സംഘര്‍ഷത്തിലാക്കുന്നു. ദേശരാഷ്ട്ര ആധുനികതയ്‌ക്കെതിരെ സാമുദായിക ആധുനികതകളുടെ സാധ്യതകളും നീതികളുമാണ് ഇത്തരം ഇടങ്ങള്‍ തുറന്നുവയ്ക്കുന്നത്. ഇവയെ ഇല്ലാതാക്കി ഹൈന്ദവവത്ക്കരിക്കുന്നുണ്ട് ചായില്യം. അമ്മ ദൈവങ്ങളുടെ തെയ്യ പരിസരത്തെ ആള്‍ദൈവങ്ങളുടെ ആത്മീയ കച്ചവട യുക്തിയോടെയാണ് സിനിമ സമീപിക്കുന്നത്. രണ്ടു പരിസരങ്ങളും അവ ഉണ്ടാക്കുന്ന ഭക്തി പോലെ തന്നെ വ്യത്യസ്ത മാനങ്ങള്‍ ഉള്ളതാണ്. തെയ്യം മാര്‍ക്കറ്റിനു പുറത്താണെന്ന് ഇതിനര്‍ഥമില്ല. എങ്കില്‍ പോലും മലയന്‍ / വണ്ണാന്‍ തുടങ്ങിയ ജാതിക്കൂട്ടായ്മകള്‍ തെയ്യത്തിന്റെ പരിസരത്തെ ബഹുസ്വരമായ

സംഘര്‍ഷത്തിന്റേതാക്കുന്നുണ്ട്.

ദേവക്കൂത്ത് എന്ന അനുഷ്ഠന കഥ സ്ത്രീ സ്വാതന്ത്ര്യത്തിനെതിരാണെന്ന് തെറ്റിദ്ധരിപ്പിക്കുക വഴി സ്ത്രീകളെ സ്വതന്ത്രരായി കാണാന്‍ പറ്റാത്ത, അതിനു താത്പര്യമില്ലാത്ത ആധുനികരല്ലാത്ത പുരുഷ മേധാവികളുടെ ഇടങ്ങളാകുന്നു വണ്ണാന്‍ / മലയ ജാതി സമൂഹങ്ങള്‍ എന്ന് ചായില്യം പറഞ്ഞുവയ്ക്കുന്നു. ജയരാജ് സംവിധാനം ചെയ്ത കളിയാട്ടം മറ്റൊരു ഉദാഹരണമാണ്. വസൂരി കല വന്ന് വികൃതമായ മുഖം കാരണം അപകര്‍ഷതാബോധം കൊണ്ട് വിങ്ങുന്ന കണ്ണന്‍ പെരുമലയന്‍ ഒരു ജാതി സമൂഹത്തിന്റെ തന്നെ പ്രതിനിധിയായിത്തീരുകയാണ്. ഒഥല്ലോയെ മലയാളീകരിക്കാന്‍ ജയരാജ് കീഴാള ജാതിസമൂഹങ്ങളുടെ തെയ്യപരിസരം ഉപയോഗിച്ചു എന്നത് യാദൃശ്ചികമാകാന്‍ ഇടയില്ല. സംശയാലുവും ഭാര്യയെ കൊല്ലുന്നവനുമായ കണ്ണന്‍, ദുഷ്ടനും പാരവയ്ക്കുന്നവനുമായ പനിയന്‍, പട്ടു മോഷ്ടിക്കുന്ന ചീര്‍മ, ഇങ്ങനെ കുറ്റവാളികളുടെ ലോകം തന്നെയാണ് ജയരാജ് വിഭാവനം ചെയ്യുന്ന മലയ സമുദായം. ചായില്യം എന്ന, ജനപങ്കാളിത്തത്തോടെ നിര്‍മിച്ച സിനിമ പല രീതിയില്‍ ഇതിന്റെ തുടര്‍ച്ച തന്നെയാണ്.

ഇവിടെ തെയ്യം മാത്രമല്ല, അത് കെട്ടുന്ന ജാതിസമൂഹങ്ങളുടെ മ്യൂസിയം പീസ് ആകുന്നുണ്ട്. ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയിലെ ഡെവിള്‍ ഡാന്‍സ് ചെയ്യുന്ന ഡെവിള്‍സ് ആകുന്നു അവര്‍. ടി. മുരളീധരന്‍ തന്റെ Shakespearing the Orient (Western Gaze & the Technology of Otherness in Jayaraj's films, 202) എന്ന ലേഖനത്തില്‍ കളിയാട്ടം, കണ്ണകി മുതലായ സിനിമകളെ ആസ്പദമാക്കി പറയുന്നത്, ഇത്തരം സിനിമകള്‍ കേരളമെന്ന പ്രദേശത്തെ ചലനമില്ലാത്തതും നിഗൂഡവുമായ ഒന്നായി കാണുക വഴി കേരളത്തിന്റെ ചരിത്രപരമായ വികാസം ഒരു Oriental Gaze-നു വേണ്ടി ഇല്ലാതാക്കുന്നു എന്നാണ്. എന്നാല്‍ കേരളത്തെ കാഴ്ചവസ്തുവാക്കുന്നതിനുപരി ഇത്തരം സിനിമകള്‍ കേരളത്തിലെ കീഴാള ജാതി സമുദായങ്ങളെയാണ് കാഴ്ചവസ്തുക്കളാക്കുന്നത്. അവരില്‍ നിന്നും ചരിത്രം അടര്‍ത്തിയെടുത്ത് ഒരു സവര്‍ണ വീക്ഷണത്തിന് സൗകര്യാര്‍ഥം, അവര്‍ക്ക് നിഗൂഡമായ, പുരോഗതിയില്ലാത്ത ഒരു ചരിത്രം നിര്‍മിച്ചു കൊടുക്കുകയാണ്.

കീഴാള ജാതി സമൂഹങ്ങള്‍ (Others) അപരിഷ്‌കൃതരാണെന്ന് വരുത്തിത്തീര്‍ത്ത് സ്വന്തം (സവര്‍ണ), പുരോഗമിച്ച അധികാര കര്‍തൃത്വം സ്ഥാപിക്കുകയാണ് ഈ സിനിമകള്‍. എം.ടി, പത്മരാജന്‍ മുതലായവര്‍, ഓരത്ത് നിര്‍ത്തിയ കീഴാള ജാതി കര്‍തൃത്വങ്ങളെ കേന്ദ്ര കഥാപാത്രങ്ങളയി മാറ്റുമ്പോഴും ഒരു അപരിഷ്‌കൃത സമുദായത്തിന്റെ നായകന്‍ / നായിക പ്രതിനിധികളാണവര്‍ എന്ന് ഉറപ്പ് വരുത്തുകയും ചെയ്യുന്നു. അന്താരാഷ്ട്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുന്ന ഈ സിനിമകള്‍ തങ്ങളെ Other ആക്കിയ പാശ്ചാത്യ നോട്ട (Oriental Gaze)ത്തിന് 'യഥാര്‍ഥ' Other-നെ പ്രദര്‍ശിപ്പിച്ച് 'സ്വന്ത'ത്തെ തിരിച്ചു പിടിക്കുകയും സ്ഥാപിക്കുകയും ചെയ്യുന്നു. കേരളത്തിലെ ആധുനികരായി സ്വയം അവരോധിച്ച് മറ്റുള്ള അപരിഷ്‌കൃതര്‍ക്ക് ചരിത്രമുണ്ടാക്കിക്കൊടുക്കുക എന്ന കൊളോണിയല്‍ ഉത്തരവാദിത്തമാണ് ഇത്തരം സിനിമകളായിത്തീരുന്നത്.


Next Story

Related Stories