UPDATES

കേരളം

കുലംകുത്തികള്‍ക്ക് കുമാരന്‍ കുട്ടി മതിയോ?

കെ.പി.എസ്
 
പോര്‍വിളികള്‍ക്ക് പേരു കേട്ട നാടാണ് കടത്തനാട്. 101 കളരിക്കാശാനായ അരിങ്ങോടരെ തച്ചോളി ഒതേനന്‍ വെട്ടിവീഴ്ത്തിയ മണ്ണ്. അങ്കം തുടങ്ങുന്നതിനും മാസങ്ങള്‍ക്ക് മുമ്പേ പോര്‍വിളികള്‍ അവിടെ പതിവാണ്. ഇത്തവണ ലോകസഭാ തെരഞ്ഞെടുപ്പിലേക്ക് നാടുണരുമ്പഴേക്കും കടത്തനാടിന്റെ വടകര മണ്ണില്‍ പോര്‍വിളികള്‍ നടന്നിരുന്നു. തുടക്കത്തില്‍ അത് യുഡിഎഫിലായിരുന്നു. ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയായിരുന്ന വടകരയില്‍ കഴിഞ്ഞ തവണ ചരിത്രം തിരുത്തിയ മുല്ലപ്പള്ളി രാമചന്ദ്രനെ തലങ്ങും വിലങ്ങും നിന്ന് സ്വന്തം മുന്നണി തന്നെ വെട്ടാന്‍ ശ്രമിച്ചതായിരുന്നു ആദ്യ വേട്ട. വീരേന്ദ്രകുമാറിന്റെ കയ്യിലുള്ള മാതൃഭൂമി പത്രത്തേയും ചാനലിനേയും പേടിച്ച് സോഷ്യലിസ്റ്റ് ജനതയ്ക്ക് മണ്ഡലം നല്‍കണമെന്നു പറഞ്ഞായിരുന്നു പാളയത്തിലെ പട. ഒടുക്കം ഭീഷണി മുഴക്കി, കരഞ്ഞ് കാലുപിടിച്ച് ആന്റണിയുടേയും സുധീരന്റേയും സഹായത്തോടെ മുല്ലപ്പള്ളിതന്നെ യുഡിഎഫിന്റെ അങ്കച്ചേകോനായി. 
 
അപ്പഴേക്കും ഇടതുമുന്നണിക്കുള്ളില്‍ ചുരികയിളകി. ഏതുവിധേനയും മണ്ഡലം തിരിച്ചുപിടിച്ച് കടത്താനാടന്‍ കോട്ടയിലെ വിള്ളലുകള്‍ എന്നന്നേക്കുമായി അടക്കണമെന്ന് പ്രഖ്യാപിച്ച് സിപിഎമ്മും ഇടതുമുന്നണിയും കച്ചമുറക്കുമ്പോള്‍ കയ്യില്‍ കിട്ടിയ സ്ഥാനാര്‍ഥി മുല്ലപ്പള്ളിയിലെ അരിങ്ങോടറോട് ഏറ്റുമുട്ടാന്‍ പോരെന്നായി. എന്‍.എം ഷംസീറെന്ന യുവ പോരാളിക്കെതിരെ തലങ്ങും വിലങ്ങും, എന്തിന് അനന്തപുരിയിലെ സംസ്ഥാനകമ്മറ്റിയില്‍ വരെ പുകിലുണ്ടാക്കി നോക്കി. പക്ഷെ അതൊന്നും മുഖവിലക്കെടുക്കാതെ സിപിഎം ലിസ്റ്റ് പുറത്തുവിട്ടപ്പോള്‍ സ്ഥാനാര്‍ഥി ഷംസീര്‍തന്നെ. അതോടെ അവിടത്തെ പുകയും തീയുമെല്ലാം അടങ്ങി. 
 
 
ഇടത്തേയും വലത്തേയും കാര്യങ്ങളിങ്ങനെ തീര്‍ന്നപ്പോള്‍ ജനം മൂക്കത്ത് വിരല്‍ വെച്ചുപോയത് ചന്ദ്രശേഖരന്റെ ചോരയ്ക്കു പകരം വീട്ടാനിറങ്ങിയ ആര്‍എംപിയുടെ സ്ഥാനാര്‍ഥിയുടെ പേര് കേട്ടപ്പോഴാണ്. സാക്ഷാല്‍ അഡ്വ.കുമാരന്‍കുട്ടി. പാര്‍ട്ടി സംസ്ഥാന കമ്മറ്റി ചേര്‍ന്ന് കോഴിക്കോട്ട് സ്ഥാനാര്‍ഥിയുടെ പേര് പ്രഖ്യാപിച്ചപ്പോള്‍ തന്നെ പത്രപ്രവര്‍ത്തകരില്‍ ചിലര്‍ ഇങ്ങനെ ഒരു ചോദ്യം ചോദിച്ചു. കുലംകുത്തികള്‍ക്ക് കുമാരന്‍കുട്ടി മതിയോ? കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകന്‍ ഉയര്‍ത്തിയ ചോദ്യം ഇപ്പോള്‍ മണ്ഡലത്തിലുടനീളം പാര്‍ട്ടി പ്രവര്‍ത്തകരോട് ജനം ചോദിക്കുന്നു. ഇതുമതിയോ? ഒന്നുകില്‍ രമ, അല്ലെങ്കില്‍ വേണു, എം.ആര്‍ കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍… അങ്ങനെ ആരെങ്കിലും പോരായിരുന്നോയെന്നാണ് ആര്‍.എം.പിയുടെ വോട്ടര്‍മാര്‍ ഉന്നയിക്കുന്ന സംശയം. കുമാരന്‍കുട്ടി ഏതെങ്കിലും പെണ്‍വാണിഭക്കേസില്‍ പ്രതിയാവുകയോ തട്ടിപ്പുകേസില്‍ ഉള്‍പ്പെടുകയോ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങുകയോ ചെയ്തതുകൊണ്ടല്ല അദ്ദഹം പോരെന്ന് പറയാന്‍ ഒഞ്ചിയംകാര്‍ ന്യായം കാണുന്നത്. മറിച്ച് ചന്ദ്രശേഖരനെന്ന പോരാളിയുടെ ഊര്‍ജം അതേ അളവില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒഞ്ചിയത്തുനിന്നുള്ള ഒരാളെ കണ്ടെത്തണമായിരുന്നു. അത്രമാത്രം.
 
അങ്ങനെ നോക്കുമ്പോള്‍ അവരുടെ ന്യായം ശരിയാണ്. സിപിഎം വിട്ട് ആര്‍എംപി ഉണ്ടാക്കിയ ശേഷം 2009-ല്‍ മുല്ലപ്പള്ളിക്കും അഡ്വ.പി. സതീദേവിക്കുമെതിരേ ചന്ദ്രശേഖരന്‍ സ്ഥാനാര്‍ഥിയായിരുന്നു. 2009ല്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിനുമുമ്പ് പലതവണ യുഡിഎഫ് നേതാക്കള്‍ ചന്ദ്രശേഖരനെ യുഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥിയാക്കാന്‍ ശ്രമിച്ചു. പലവട്ടം ചര്‍ച്ചകള്‍ നടന്നു. എല്‍ഡിഎഫിന്റെ കടത്തനാടന്‍ കോട്ടയില്‍ മത്സരിക്കുന്നത് വെറുതയാണെന്ന് ബോധ്യമുള്ളതിനാല്‍ സാക്ഷാല്‍ മുല്ലപ്പള്ളിയും ചന്ദ്രശേഖരനെ നിര്‍ബന്ധിച്ചു. പക്ഷെ ചന്ദ്രശേഖരന്റേത് ഉറച്ച നിലപാടായിരുന്നു. ഞങ്ങള്‍ സിപിഎം വിട്ടത് യുഡിഎഫാകാനല്ല. അങ്ങനെയെങ്കില്‍ അവിടെതന്നെ നില്‍ക്കുകയായിരുന്നു നല്ലത്. ഇടതുപക്ഷത്തിന്റെ വിശേഷിച്ച് സിപിഎമ്മിന്റെ വലതുവല്‍ക്കരണത്തിനെതിരെയാണ് ഞങ്ങളുടെ പോരാട്ടം. അതുകൊണ്ട് ആര്‍എംപിയുടെ സ്ഥാനാര്‍ഥിയായി ഞാന്‍ തന്നെ മത്സരിക്കും. പറഞ്ഞപോലെ ചന്ദ്രശേഖരന്‍ പോരാടി. ചന്ദ്രശേഖരന്‍ ഒറ്റയ്ക്ക് പിടിച്ചത് ഇരുപത്തി ഒന്നായിരം വോട്ട്. ചന്ദ്രശേഖരന് കിട്ടിയ വോട്ടും ഒഞ്ചിയത്തെ സിപിഎം പിളര്‍ച്ചയുടെ പേരില്‍ വലത്തോട്ടേക്കൊഴുകിയ വോട്ടുകളും ചേര്‍ന്ന് ഇടതുപക്ഷത്തിന്റെ അടിത്തറ ഇളക്കി. അങ്ങനെയാണ് അരലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കഴിഞ്ഞ തവണ മുല്ലപ്പള്ളി കടത്തനാടന്‍ കോട്ട പിടിച്ചത്. 
 
 
ഇത്തവണ കഥയാകെ മാറി. തെരഞ്ഞെടുപ്പിന് ശേഷം 2012 മേയ് നാലിന് ചന്ദ്രശേഖരന്‍ രക്തസാക്ഷിയായി. സംസ്ഥാനം മുഴുവന്‍ ചന്ദ്രശേഖരന്റെ ശരീരത്തില്‍ വീണ 51 വെട്ടില്‍ വിലപിച്ചു. ആരോപണ ശരങ്ങളെല്ലാം സിപിഎമ്മിനു മുകളില്‍ വന്നുപതിച്ചു. രണ്ടുവര്‍ഷത്തിനുള്ളില്‍ തന്നെ കേസിന് കോടതി തീര്‍പ്പു കല്‍പിച്ചു. സിപിഎമ്മിന്റെ മൂന്ന് നേതാക്കളടക്കം 11പേരാണ് ശിക്ഷിക്കപ്പെട്ടത്. അതിനുശേഷം ആര്‍എംപി കൂടുതല്‍ കരുത്തുമായി തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോഴാണ് ഒഞ്ചിയത്തിനും വടകരയ്ക്കും പുറത്തുനിന്നൊരു കുമാരന്‍ കുട്ടിയെ ഇറക്കിയിരിക്കുന്നത്. ചന്ദ്രശേഖരന്‍ കേസില്‍ മാറാട് കോടതിയില്‍ ഹാജരായ അസി.പബ്ലിക് പ്രോസിക്യൂട്ടറും ഇടതുപക്ഷ ഏകോപനസമിതി നേതാവുമെന്നതിനപുറത്ത് ചന്ദ്രശേഖരനുമായിട്ടുപോലും വ്യക്തിബന്ധമുള്ള ആളല്ല കുമാരന്‍കുട്ടിയെന്നാണ് അവരുടെ പ്രവര്‍ത്തകര്‍ തന്നെ പറയുന്നത്. അപ്പോ പിന്നെ പണ്ട് ചന്ദ്രശേഖരന്‍ നേടിയ 21,000 വോട്ടുപോലും കിട്ടിനിടയില്ലാത്തൊരു സ്ഥാനാര്‍ഥിയെ എന്തിനാണ് കുലംകുത്തികള്‍ വടകര നിര്‍ത്തിയത്. പഴയെ കുലത്തെ സഹായിക്കാനോ, മുല്ലപ്പള്ളിക്ക് കരുത്തേകാനോ? അങ്ങനെ ചെയ്യുന്നവരല്ല ചന്ദ്രശേഖരന്റെ ചോരവീണ മണ്ണ് നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്ന ഒഞ്ചിയത്തുകാരെന്ന് ജനത്തിനറിയാമെങ്കിലും പിന്നെ പിഴച്ചതെവിടെയാണ്!
 
വടകര-തിരിഞ്ഞുനോട്ടം
1957ല്‍ പ്രജാസോഷ്യലിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി കെ.ബി.മേനോന്‍ ജയിച്ചതു മുതല്‍ പിന്നീടിങ്ങോട്ട് രണ്ടു തവണയൊഴിച്ചാല്‍ മണ്ഡലം എന്നും ഇടതുപക്ഷത്തായിരുന്നു. 62ല്‍ എ.വി.രാഘവന്‍ സ്വതന്ത്രനായും 67ല്‍ എ.ശ്രീധരന്‍ സോഷ്യലിസ്റ്റായും ജയിച്ചു. 71മുതല്‍ 96വരെ കരുത്തനായ കെ.പി ഉണ്ണികൃഷ്ണന്റെ കൈക്കുള്ളിലായിരുന്നു മണ്ഡലം. ഇതില്‍ ആദ്യ രണ്ടുതവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആയതൊഴിച്ചാല്‍ പിന്നീടെല്ലാം ഇടതു പക്ഷത്തായിരുന്നു ഉണ്ണികൃഷ്ണന്‍. 96ലാണ് മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥികള്‍ വരുന്നത്. ഉണ്ണികൃഷ്ണന്‍ വീണ്ടും കോണ്‍ഗ്രസിലേക്ക് മടങ്ങിയപ്പോള്‍ ഒ.ഭരതന്‍ ഇടതുപക്ഷത്തിന്റെ സിപിഎം സ്ഥാനാര്‍ഥിയായെത്തി. ഇടക്കു വെച്ച് ഭരതന്‍ മരിച്ചപ്പോള്‍ 98ല്‍ പ്രഫ.എ.കെ.പ്രേമജം ഇടത് സാരഥിയായി. 99ലും പ്രേമജം തന്നെ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2004ലാണ് അഡ്വ.പി.സതീദേവി സ്ഥാനാര്‍ഥിയാവുന്നതും ജയിക്കുന്നതും. പക്ഷെ 2009-ലെ തെരഞ്ഞെടുപ്പ് വടകരയുടെ ഇടത് അടിത്തറയെല്ലാം ഇളക്കിയിട്ടു. ചരിത്ര വിജയം… ചരിത്ര വിജയം എന്നു പലവിജയങ്ങളെക്കുറിച്ചും നമ്മള്‍പറയാറുണ്ടെങ്കിലും 2009ലെ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ യഥാര്‍ത്ഥ ചരിത്ര വിജയം ഏതെന്ന് ചോദിച്ചാല്‍ അത് വടകരമണ്ഡലത്തിലെ മുല്ലപ്പള്ളി രാമചന്ദ്രന്റെ വിജയം തന്നെയായിരുന്നു. 
 

 

ടീം അഴിമുഖം

ടീം അഴിമുഖം

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍