TopTop
Begin typing your search above and press return to search.

കുഞ്ഞാലിയെ മറക്കാമോ കേരളം?

കുഞ്ഞാലിയെ മറക്കാമോ കേരളം?
"നാം ചെന്നെത്തുന്ന സമുദ്രങ്ങളെല്ലാം നമുക്കു സ്വന്തം" എന്ന ധാര്‍ഷ്ട്യത്തോടെ എത്തിയ വെള്ളക്കാരായിരുന്നല്ലോ പോര്‍ച്ചുഗീസുകാര്‍. 1498-ല്‍ ഗാമയിലൂടെ ആദ്യ കാല്‍പ്പാടുകള്‍ വച്ച പറങ്കികള്‍ അടുത്ത പത്തു വര്‍ഷം കൊണ്ട് നമ്മുടെ കടലിന്റെ അധിപരായെന്ന് ചരിത്രം പറയുന്നു. കര്‍ത്താസ്സ് എന്ന സമ്മതപത്രം വാങ്ങിയിരുന്നവര്‍ക്കു മാത്രമേ കപ്പലോടിക്കാന്‍ പോര്‍ച്ചുഗീസുകാര്‍ അനുവാദം നല്‍കിയിരുന്നുള്ളൂ. അപ്പോള്‍ പിന്നെ കടല്‍ മാര്‍ഗമുള്ള കച്ചവടവും അവരുടെ അധീനതയിലായിരിക്കുമല്ലോ. ഇങ്ങനെയൊക്കെയായിട്ടും പോര്‍ച്ചുഗീസുകാര്‍ക്ക് കോഴിക്കോടിനെ അധികകാലം അടക്കിവാണ ശക്തിയാകാന്‍ കഴിഞ്ഞില്ല. അതിനു പിന്നില്‍ കര്‍ത്താസ്സുകളെ അംഗീകരിക്കാന്‍ കൂട്ടാക്കാത്ത ഒരു മരക്കാര്‍ കുടുംബത്തിന്റെ അധികമാരും കേള്‍ക്കാത്ത ചില ചെയ്തികളുമുണ്ട്.


പൊന്നാനിക്കാരായ മരക്കാര്‍ കുടുംബത്തിലെ നാലു തലമുറക്കാര്‍ ഏതാണ്ട് നൂറുവര്‍ഷത്തോളം പോര്‍ച്ചുഗീസുകാരോട് പൊരുതി. സാമൂതിരിയുടെ സമുദ്ര സേനാധിപരായിരുന്ന ഇവര്‍ കോഴിക്കോടിന്റെ രക്ഷയ്ക്കായി ഗുജറാത്തിന്റെയും തമിഴ്‌നാടിന്റെയും തീരങ്ങള്‍ വരെ പടനയിച്ചു. സ്വന്തം കോട്ടയായ കോട്ടക്കലിലും മലബാറിലെ മറ്റിടങ്ങളിലും നിര്‍മിച്ച വേഗമേറിയ ചെറുതോണികളില്‍ അതീവ തന്ത്രശാലികളായ മരക്കാര്‍ കൂറ്റന്‍ കപ്പലുകളെ വെല്ലുവിളിച്ചു. 1523-ല്‍ 200 കപ്പലുകളടങ്ങിയ ഒരു മരക്കാര്‍ സമുദ്രസേന കോഴിക്കോടിനുണ്ടായിരുന്നുവെന്ന് എം.ജി.എസ് നാരായണന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പോര്‍ച്ചുഗീസുകാര്‍ ഏര്‍പ്പെടുത്തിയ കര്‍ത്താസ്സുകളെ അവഗണിച്ച് എട്ടു കപ്പലുകളില്‍ മരക്കാര്‍ കപ്പിത്താന്‍ കുട്ട്യാലി കുരുമുളകുമായി ചെങ്കടലിലെത്തി വ്യാപാരം നടത്തി.
1524-ല്‍ പൊന്നാനി ആക്രമിച്ച പറങ്കികളെ അതേ വര്‍ഷം തന്നെ കണ്ണൂര്‍ തീരങ്ങളില്‍ കുട്ട്യാലി മരക്കാര്‍ തുരത്തി. 1528-ല്‍ സാമൂതിരിയുടെ സമുദ്ര സേനയെ തുടച്ചു നീക്കാനുള്ള ഒരു കൂട്ടായ ശ്രമം നടന്നു. കുട്ട്യാലി തടവിലാക്കപ്പെട്ടു. അദ്ദേഹത്തിന്റെ പുത്രനും പിന്‍ഗാമിയുമായ കുഞ്ഞാലി രണ്ടാമന്‍ തിരിച്ചടിച്ചു. സിലോണ്‍ തീരം വരെ പോര്‍ച്ചുഗീസ് കപ്പലുകളെ പിന്‍തുടരുന്ന കുഞ്ഞാലി അവിടെ കോട്ടയില്‍ താവളമടിച്ച് അടുത്ത ഏഴുവര്‍ഷക്കാലം പൊരുതി. വാമ്പന്‍മാരായ പോര്‍ച്ചുഗീസ് സമുദ്രാധിപരുടെ പക്കല്‍ നിന്നും ഒരു വര്‍ഷം 50-ല്‍ പരം കപ്പലുകള്‍ കുഞ്ഞാലി പിടിച്ചടക്കിയതായി പോര്‍ച്ചുഗീസ് ചരിത്രകാരാര്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.


വലിയ കപ്പലുകളുള്ള പോര്‍ച്ച്ഗീസ് പടയോട് ഒരു തുടര്‍യുദ്ധം ചെയ്യുന്നത് വിഫലമാണെന്ന് മനസിലാക്കിയ കുഞ്ഞാലി ഒരു പുതിയ തന്ത്രം ആവിഷ്‌കരിച്ചു. തന്റെ ചെറുതോണികളില്‍ വന്‍ കപ്പലുകളെ ആക്രമിച്ച് കടലിടുക്കകളിലേയും നദികളിലേയും സുരക്ഷിത താവളങ്ങളിലേക്ക് കടന്നു കളഞ്ഞു. ഇതുവഴി കുഞ്ഞാലി മരക്കാര്‍ ഗറില്ലാ രീതിയിലുള്ള പോരാട്ടങ്ങളെ ആദ്യമായി കടലിലേക്കെത്തിച്ചു. India and the Indian Ocean എന്ന പുസ്തകത്തില്‍ കെ.എം പണിക്കര്‍ ഒരു സംഭവം വിവരിക്കുന്നുണ്ട്. 1538-ല്‍ സാമൂതിരിയുടെ ക്ഷണപ്രകാരം സുലൈമാന്‍ പാഷയുടെ നേതൃത്വത്തില്‍ വലിയ ഒരു തുര്‍ക്കി കപ്പല്‍പ്പട കോഴിക്കോട്ടേക്കു തിരിച്ചു. അതിനെ എതിര്‍ക്കാനായി പോര്‍ച്ചുഗീസുകാര്‍ക്ക് കുഞ്ഞാലിയുടെ നിരന്തര ശല്യം കാരണം സാധിക്കാതെ വന്നു. ഏതാണ്ട് ഒരു വര്‍ഷത്തോളം മുമ്പു തന്നെ പടിഞ്ഞാറേ കോഴിക്കോട് മുതല്‍ കിഴക്ക് നാഗപട്ടണം വരെയുള്ള പോര്‍ച്ചുഗീസ് കപ്പലുകളെ കുഞ്ഞാലി ആക്രമിച്ചു കൊണ്ടിരുന്നു. വളരെ പണിപ്പെട്ട് പോര്‍ച്ചുഗീസുകാര്‍ കുഞ്ഞാലിയെ കുറച്ചു സമയത്തേക്കെങ്കിലും ഒതുക്കി സുലൈമന്‍ാ പാഷയെ നേരിടാനായി കോഴിക്കോട്ടേക്കു തിരിച്ചു. പക്ഷേ പാഷ യുദ്ധം ചെയ്യാതെ തിരിച്ചു തുര്‍ക്കിയിലേക്ക് പോയത്രെ.
പാഷ പോയിക്കഴിഞ്ഞിട്ടും കുഞ്ഞാലി പടിഞ്ഞാറും കിഴക്കും തീരങ്ങളില്‍ നിരന്തരം ശല്യക്കാരനായി പോര്‍ച്ചുഗീസ് ആധിപത്യത്തെ തടഞ്ഞു. ഏതാണ്ട് 1558 വരെ ഇങ്ങനെ തുടര്‍ന്നു. ആ വര്‍ഷം ലൂയി ഡെമെല്ലോ കണ്ണൂര്‍ തീരത്ത് കുഞ്ഞാലിയുമായി ഒരു സമുദ്രയുദ്ധം നടത്തി. ഘോരയുദ്ധത്തില്‍ കുഞ്ഞാലിയുടെ 13 കപ്പലുകളില്‍ ഒരെണ്ണം മുങ്ങുകയും മൂന്നെണ്ണം പിടിക്കപ്പെടുകയും ചെയ്തു. ലൂയി ഡെമെല്ലോ അതുവരെയുണ്ടായിരുന്ന രീതി മാറ്റി. തന്റെ 30 കപ്പലുകളെ ചെറിയ ഗ്രൂപ്പുകളായി തിരിച്ചു. ഓരോ ഗ്രൂപ്പും ഓരോ നദിയുടെ അഴിമുഖത്ത് കാവല്‍ കിടന്നു. കടലില്‍ കുടുങ്ങിയ മരക്കാര്‍പ്പടയെ രക്ഷപെടാന്‍ അനുവദിക്കാതെ ലൂയി കീഴ്‌പ്പെടുത്തി. അവരുടെ രക്ഷയ്ക്കായി നദിയില്‍ നിന്നെത്തിയ തോണികള്‍ അഴിമുഖത്തും പിടിക്കപ്പെട്ടു. മരക്കാരുടെ ഗറില്ലാ യുദ്ധത്തിന് ഈ ഉപരോധം ഒരടിയായി. ലൂയിലെ പോര്‍ച്ചുഗലിലേക്ക് തിരിച്ചു വിളിച്ചില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ കോഴിക്കോടന്‍ കപ്പല്‍പ്പട നിശേഷം നശിപ്പിക്കപ്പെടുമായിരുന്നു.


ലൂയിയുടെ തിരിച്ചു പോക്ക് കുഞ്ഞാലി ആഘോഷിച്ചു. തന്റെ ഒരു കപ്പിത്താനെ 40 കപ്പലുകളുമായി കിഴക്കന്‍ തീരത്തെ പുന്നക്കായലിലേക്കയച്ച് അവിടെയുള്ള പോര്‍ച്ചുഗീസ് താവളം പിടിച്ചടക്കി. 1553-ല്‍ നടന്ന ഈ അധിനിവേശത്തെ നേരിടാന്‍ പോര്‍ച്ചുഗീസുകാര്‍ക്ക് കൊച്ചിയില്‍ നിന്നും പ്രത്യേക സേനയെ കൊണ്ടുവരേണ്ടി വന്നു.


1564-ല്‍ മലബാര്‍ തീരം വീണ്ടും യുദ്ധമുഖരിതമായി. മരക്കാര്‍പ്പട കണ്ണൂര്‍ തുറമുഖത്ത് നങ്കൂരമടിച്ച അനേകം പോര്‍ച്ചുഗീസ് കപ്പലുകള്‍ നശിപ്പിച്ചു. അവരെ നേരിടാന്‍ ഗോവയില്‍ നിന്നയച്ച പോര്‍ച്ചുഗീസ് കപ്പല്‍പ്പടയെ ഭട്കല്‍ തീരത്ത് വച്ച് തുരത്തി. കുഞ്ഞാലിയുടെ നിരന്തരമായ പ്രകോപനങ്ങളില്‍ സഹികെട്ട പോര്‍ച്ചുഗീസ് വൈസ്‌റോയി 1569-ല്‍ വീണ്ടും ഒരു വലിയ കപ്പല്‍പ്പട സജ്ജമാക്കി. 36 കപ്പലുകളുടെ വ്യൂഹത്തെ നയിച്ചത് അനുഭവസമ്പന്നനായ ഡോം മാര്‍ത്തിനോ-ഡ-മിരാന്‍ഡായെന്ന കപ്പിത്താനായിരുന്നു. കുഞ്ഞാലിയുടെ ഗറില്ലാ തന്ത്രങ്ങളില്‍ പ്രകോപിതനായ മിരാന്‍ഡാ തനിക്കുതകാത്ത സാഹചര്യങ്ങളില്‍ യുദ്ധം ചെയ്യാന്‍ നിശ്ചയിച്ചു. അതില്‍ കുഞ്ഞാലി ജയിക്കുക മാത്രമല്ല, മിരാന്‍ഡയെ മാരകമായി മുറിവേല്‍പ്പിക്കുകയും ചെയ്തു. മുറിവുകളോടെ കൊച്ചിയിലേക്ക് കൊണ്ടുപോയ മിരാന്‍ഡ അവിടെവച്ച് മരിച്ചു.

ഇതിനുശേഷം കുഞ്ഞാലി തുറന്ന ആക്രമണ ശൈലി സ്വീകരിച്ചു. വടക്ക് ദിയു വരെയെത്തി ഡയസ് കാര്‍ബലിന്റേയും ഡ മെന്‍സസിന്റെയും കപ്പല്‍പ്പടയെ കീഴടക്കി.കാര്‍ബലിനെ വധിക്കുകയും ഡ മെന്‍സസിനെ ബന്ദിയാക്കുകയും ചെയ്തു. ഏതാണ്ട് നൂറു വര്‍ഷക്കാലം നിരുപാധികം തുടര്‍ന്ന വീരചരിതം 1595-ല്‍ കുഞ്ഞാലി മൂന്നാമന്റെ ചരമത്തോടെ അവസാനിച്ചു. ആയിരം സമുദ്രസംഘട്ടനങ്ങളുടെ വീരനായകരെ നമ്മള്‍ സ്മരിക്കുന്നതെങ്ങനെ?


മുംബൈയിലെ കൊളാബയില്‍ അപ്രസക്തമായ ഒരു നാവിക സ്ഥാപനത്തിന് ഐ.എന്‍.എസ് കുഞ്ഞാലി എന്ന് പേരു നല്‍കിയിരിക്കുന്നു. ടിപ്പു പടനയിച്ച ചാവക്കാട് പാത പിന്നീട് നാഷണല്‍ ഹൈവേ ആയപ്പോള്‍ അതിനരികില്‍ കുഞ്ഞാലിക്കായി ഒരു സ്മാരകം ഉണ്ടായി. വടകരയില്‍ പയ്യോളിക്കടുത്ത് ഇരിങ്ങലില്‍ മരക്കാര്‍ ഭവനമെന്ന മറ്റൊരു സ്മാരകവും. ഈ രണ്ടു സ്മാരകങ്ങളിലും കൂടി എത്തുന്ന സന്ദര്‍ശകര്‍ ഗാമയിറങ്ങിയ കാപ്പാടെത്തുന്ന സംഖ്യയുടെ ഒരംശം മാത്രം. ഇരിങ്ങലില്‍ കുഞ്ഞാലി മലബാറിന്റെ രക്ഷയ്ക്കായി കാവലിരുന്ന കൂറ്റന്‍ പാറ റെയില്‍പ്പാത നിര്‍മാണത്തിനു വേണ്ടി ഇടിച്ചു തകര്‍ത്തു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചരിത്രത്തിലെ വീരനായകരായ ഇന്ത്യക്കാര്‍ക്ക് സ്വന്തം നാട് നല്‍കിയ അംഗീകാരം ഇതൊക്കെയാണ്.


കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം കാത്തിരിക്കുമ്പോഴാണ് ഈ കുറിപ്പ് തയാറാക്കുന്നത്. ഈ വിമാനത്താവളത്തിന് കുഞ്ഞാലി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഒരുത്തമ പേരാകുമെന്നാണ് പ്രത്യാശ. ആധുനികകാല കര്‍ത്താസ്സുകളുമായി ഇവിടെ നിന്ന് കടലിനക്കരേയ്ക്കു പറക്കുന്ന അനേകായിരങ്ങളുടെ പ്രത്യാശകള്‍ പോലെ. ചുമ്മാ വെറുതെ ഒരു പ്രത്യാശ.


Next Story

Related Stories